Saturday 02 September 2023 12:06 PM IST

‘ലോകത്തെവിടെപ്പോയാലും തിരിച്ചു വീട്ടിലെത്തുമ്പോൾ എനിക്കാദ്യം വേണ്ടത് ആ മമ്മി സ്പെഷൽ’: ആർജെ മാത്തുക്കുട്ടി

Merly M. Eldho

Chief Sub Editor

rj-mathukkutty

ലോകത്തെവിടെ പോയാലും ഏതെല്ലാം വിഭവങ്ങൾ കഴിച്ചാലും ശരി, അമ്മയുടെ കൈകൊണ്ടു വിളമ്പിത്തരുന്ന വിഭവങ്ങൾക്ക്ഒരു പ്രത്യേക രുചിയുണ്ട്. സ്നേഹവും കരുതലും ചാലിച്ചു തരുന്ന ആ വിഭവങ്ങളെക്കുറിച്ചുള്ള രുചിയോർമകൾ പങ്കുവയ്ക്കുന്നു, മലയാളികൾക്കു പ്രിയങ്കരനായ അവതാരകനും സംവിധായകനുമായ ആർജെ മാത്തുക്കുട്ടി...

എനിക്കിഷ്ടം മമ്മിയുടെ മീൻകറി: മാത്തുക്കുട്ടി

ലോകത്തെവിടെപ്പോയാലും തിരിച്ചു വീട്ടിലെത്തുമ്പോൾ എനിക്കാദ്യം വേണ്ടതു മമ്മിയുണ്ടാക്കുന്ന മീൻകറിയും ചോറുമാണ്.’’ അവതാരകനും സംവിധായകനുമായ ആർജെ മാത്തുക്കുട്ടി നിറയെ കൊതിയോടെ അമ്മ ശോശാമ്മ മാത്യുവിന്റെ രുചിക്കൂട്ടുകളെക്കുറിച്ചു പറഞ്ഞു തുടങ്ങി. ‘‘പെരുമ്പാവൂരിലെ എന്റെ വീട്ടിലൊരു മീൻകുളമുണ്ട്. മമ്മി അതിൽ നിന്നു മീൻ പിടിച്ച് ഒരു സ്പെഷൽ കറിയുണ്ടാക്കും. എരിവും പുളിയുമെല്ലാം പാകത്തിനുള്ള മീൻകറി. നോര്‍ത്തിന്ത്യയിലും മറ്റും പോയി രാജ്മയും ഛനയും കഴിച്ചു മടുക്കുമ്പോൾ മനസ്സിലേക്കു മമ്മീടെ മീൻകറി ഓടിക്കയറി വരും.’’ അതുകൊണ്ടു തന്നെ നാട്ടിൽ കാലുകുത്തുമ്പോഴേ ആക്രാന്തം വരുമെന്നു മാത്തുക്കുട്ടി.

‘‘അതുപോലെ തന്നെ ഈസ്റ്ററിന്റെ സമയത്തു നാടൻ കള്ളു കൊണ്ടുള്ള കള്ളപ്പവും പാലു പിഴിഞ്ഞ നാടൻകോഴിക്കറിയും മമ്മി ഉണ്ടാക്കും. കള്ളപ്പത്തിന്റെ മുകളിലേക്ക് ചാറൊഴിച്ച്, അപ്പത്തിന്റെ ഓരോ കുഴിയിലും ചാറു നിറഞ്ഞു കുതിർന്ന ശേഷം അതു കഴിച്ചാലുള്ള രുചിയുണ്ടല്ലോ...’’ കൊതിയോടെ ഓര്‍ക്കുന്നു മാത്തുക്കുട്ടി. ‘‘എവിടെപ്പോയി എത്ര നല്ല ഭക്ഷണം കഴിച്ചാലും തോന്നും വീട്ടിലുണ്ടാക്കുന്ന കറി ആയിരുന്നു നല്ലതെന്ന്.’’

mathukkutty

>> മീൻകറി

1. മീൻ – ഒരു കിലോ

2. ഇഞ്ചി – ഒരു കഷണം

വെളുത്തുള്ളി – രണ്ടു കുടം

പച്ചമുളക് – എട്ട്

കറിവേപ്പില – രണ്ടു തണ്ട്

3. വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

4. ഉലുവ – അര ചെറിയ സ്പൂൺ

5. കശ്മീരി മുളകുപൊടി – നാലു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂണ്‍

6. വെള്ളം – ഒന്ന്–രണ്ട് കപ്പ്

ഉപ്പ് – പാകത്തിന്

7. കുടംപുളി – അഞ്ചു ചുള

പാകം െചയ്യുന്ന വിധം

∙ മീൻ കഴുകി വാരി വെള്ളം വാലാൻ വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ അരിഞ്ഞു വയ്ക്കുക.

∙ മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവ ചേർത്തു മൂപ്പിക്കണം.

∙ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ വാടി വരുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി ചൂടായി വരുമ്പോൾ ഒന്നോ രണ്ടോ കപ്പ് വെള്ളവും പാകത്തിനുപ്പും ചേർക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ കുടംപുളി ചേർത്തിളക്കണം. വീണ്ടും നന്നായി തിളയ്ക്കുമ്പോൾ മീൻ കഷണങ്ങൾ ഓരോന്നായി ചേർത്തു വീണ്ടും തിളപ്പിക്കുക.

∙ 10 മിനിറ്റ് തിളപ്പിച്ചു മീൻ വെന്തു ചാറു കുറുകി മീനിനൊപ്പം ചാറാകുമ്പോൾ തീ അണയ്ക്കുക.