Saturday 26 December 2020 04:20 PM IST

എട്ടാം ക്ലാസിൽ വച്ച് ഒരു തീരുമാനമെടുത്തു, ഇനി സ്കൂളിൽ പോവുന്നില്ല; എഴുപതു ലക്ഷം രൂപയുടെ സ്കോളർഷിപ് വഴിത്തിരിവായ കഥ

Vijeesh Gopinath

Senior Sub Editor

mehhh445566

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വയനാട് മേപ്പാടി ജെയ്ഡൻ ഒരു തീരുമാനമെടുത്തു. ഇനി സ്കൂളിൽ പോവുന്നില്ല. കൂട്ടുകാരും അധ്യാപകരും ഞെട്ടി. ക്ലാസിൽ ഫസ്റ്റ് ഒന്നുമല്ലെങ്കിലും തെറ്റില്ലാെത പഠിക്കുന്ന കുട്ടി.

വീട്ടിൽ അമ്മ ബിനു മാത്യു ഹോമിയോ ഡോക്ടർ. അ ച്ഛൻ തോമസ് ബോസ് ബിസിനസ് ചെയ്യുന്നു. മോൻ ഇനി സ്കൂളിലേക്ക് പോകുന്നില്ലെന്നു കേട്ടു സത്യമാണോ? എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് രണ്ടുപേരും മടുത്തു. ഒരു വശത്ത് മകൻ എന്തായി തീരും എന്ന ആശങ്ക. മറുവശത്ത് അവന്റെ സ്വപ്നങ്ങൾക്ക് കരുത്തു നൽകാനുള്ള ശ്രമങ്ങൾ....

ഒടുവിൽ? ജെയ്‍ഡന്റെ മുഖത്ത് വിജയച്ചിരി വിരിഞ്ഞു.

ജെയ്ഡന്‍ എന്ന പതിനഞ്ചു വയസ്സുകാരൻ എഴുപതു ലക്ഷം രൂപയുടെ സ്കോളർഷിപ്പോടെ അമേരിക്കയിലെ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ (എംെഎടി)യിൽ റിസർച്ച് ചെയ്യുന്നു. ആർടിഫിഷ്യൽ ഇന്റലിജൻസിലാണ് ഗവേഷണം. ആപ്പിൾ ഉൾപ്പെടെയുള്ള പല വമ്പൻ കമ്പനികളുടെയും പ്രൊജക്ട് ചെയ്യുന്നു. കേരളാ പൊലീസിന്റെ സൈബർ ഡോം പദ്ധതിയുടെ പ്രായം കുറഞ്ഞ വൊളന്റിയറാണ്. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഒാടിക്കുന്നവരെ ആര്‍ടിഫിഷൽ ഇന്റലിജൻസ് വഴി കണ്ടെത്താനുള്ള ടെക്നോളജി കേരളാ പൊലീസിനു വേണ്ടി വികസിപ്പിക്കുന്നു...

‘‘സ്കൂളിലും കൂട്ടുകാർക്കും മാത്രമല്ല, അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കുമെല്ലാം പേടിയുണ്ടായിരുന്നു. പെട്ടെന്ന് സ്കൂൾ പഠനം നിർത്തിയിട്ട് ഞാനെന്തു ചെയ്യും എന്നാണ് പലരും ചോദിച്ചത്. പക്ഷേ, കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. സ്കോളർഷിപ് കിട്ടിയതാണ് ടേണിങ് പോയന്റ്. വിമർശിച്ചിരുന്നവർ പോലും അഭിനന്ദിച്ചു.’’ ജെയ്‍ഡൻ പറയുന്നു.  

കംപ്യൂട്ടർ ഇഷ്ടം

നഴ്സറി സ്കൂൾ കഴിഞ്ഞപ്പോഴേ ജെയ്ഡൻ കംപ്യൂട്ടറുമായി കൂട്ടുകൂടിയതാണ്. അപ്പൂപ്പൻ എം.െഎ മത്തായിയുടെ ലാപ്ടോപ്പിലായിരുന്നു കംപ്യൂട്ടർ ഭാഷയുടെ ആദ്യാക്ഷരം പഠിച്ചത്. അഞ്ചു വയസ്സിലേ വേർഡും എക്സലും പച്ചവെള്ളം പോലെ മനഃപാഠമാക്കി. മൂന്നാം ക്ലാസിലായപ്പോഴേക്കും വെബ് ഡിസൈനിങ്ങും ഫോട്ടോഷോപ്പും പ്രോഗ്രാമിങ് ലാംഗ്വേജും മനസ്സിലാക്കിയെന്ന് ജെയ്ഡൻ പറയുന്നു.

‘‘അപ്പൂപ്പന് ലാപ്ടോപ്പുണ്ടായിരുന്നു. അതെടുത്ത് തനിയെ ഒാരോ കാര്യങ്ങൾ ചെയ്യാന്‍ തുടങ്ങി. ഗെയിം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും കുട്ടിയായിരിക്കുമ്പോഴേ അതിനോടു വലിയ താൽപര്യം ഉണ്ടായിരുന്നില്ല.

ഒാരോ കാര്യങ്ങളായി തനിയെ പഠിക്കാൻ തുടങ്ങി. എല്ലാവരും ചെയ്യുന്നതു പോലെ പെയിന്റും നോട്ട്പാഡുമൊക്കെ പരീക്ഷിച്ചു. കുട്ടികൾക്കു കളിക്കാനുള്ള സാധനമല്ല കംപ്യൂട്ട ർ എന്നൊക്കെ പറഞ്ഞ് അച്ഛനുമമ്മയും എന്നെ നിരാശപ്പെടുത്തിയില്ല. മാത്രമല്ല, അടുത്തുള്ള കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്നെ ചേർത്തു. രണ്ടാം ക്ലാസിലെത്തിയപ്പോൾ പ്രോഗ്രാമി  ങ് ലാംഗ്വേജുകൾ പഠിച്ചു തുടങ്ങി

പിന്നെ, കംപ്യൂട്ടർ ഹോബി പോലെയായി. പുതിയ കാര്യങ്ങൾ സ്വയം പഠിച്ചെടുക്കാനായി കൂടുതൽ സമയം ഇരിക്കാൻ തുടങ്ങി. ഒാൺലൈൻ കോഴ്സുകൾ തിരഞ്ഞു തുടങ്ങി.

പക്ഷേ, ഒരു കുഴപ്പമുണ്ടായി. കംപ്യൂട്ടറിന്റെ മുന്നിൽ നിന്ന് എഴുന്നേൽക്കാൻ വൈകും. അതോെട സ്കൂളിലെത്താൻ വൈകി. മിക്ക ദിവസവും സ്കൂൾ ബസ് പോകും. പിന്നെ, അപ്പൂപ്പൻ കൊണ്ടുവിടും. അങ്ങനെ എട്ടാം ക്ലാസിലേക്ക് എത്തിയപ്പോഴേക്കും കംപ്യൂട്ടർ വേണോ സ്കൂൾ വേണോ എന്ന സംശയം എനിക്കു തന്നെ തോന്നി തുടങ്ങി. ഒടുവിൽ തീരുമാനിച്ചു– സ്കൂളിൽ നിന്നിറങ്ങാം.’’ ‍ജെയ്ഡന്‍.  

ഒറ്റയ്ക്ക് ഒരു സ്കൂൾ

SHFI0798

‘‘അത്രയ്ക്ക് വേണമായിരുന്നോ എന്ന് പലരും ചോദിച്ചിട്ടു ണ്ടാവില്ലേ?’’ ചിരി തുടർന്ന് ജെയ്‍ഡൻ പറഞ്ഞു തുടങ്ങി.

‘‘ഞാനിനി പഠിക്കാനേ പോകുന്നില്ലെന്നാണ് പലരും  കരുതിയത്. പക്ഷേ, സ്കൂളിൽ പോണില്ലെന്നേയുള്ളൂ. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപ്പൺ സ്കൂളിങിന്റെ ഭാഗമായി വീട്ടിൽ ഇരുന്ന് പഠിക്കാൻ തുടങ്ങി. ഹോംസ്കൂളിങ് തുടങ്ങിയതോടെ കംപ്യൂട്ടർ പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു.

ഒാൺലൈൻ വഴി സൗജന്യമായി ചെയ്യാൻ പറ്റുന്ന കോഴ്സുകൾ കൂടുതലായി കണ്ടെത്തി. എന്റെ അങ്കിൾ െഎടി മേഖലയിൽ ജോലി നോക്കുന്നുണ്ട്. അദ്ദേഹം ഫ്രീ കോഴ്സുകൾ കിട്ടുന്ന സൈറ്റുകൾ പരിചയപ്പെടുത്തി തന്നു. യുഡിമൈ, ഇഡിഎക്സ് പോലുള്ള സൈറ്റുകളിൽ നിന്ന് ജാവയും പൈത്തെൻ കോഡിങും എല്ലാം പഠിച്ചു.’’ ഒാൺലൈന്‍ പഠനത്തിന്റെ ആദ്യ മാസങ്ങളെ കുറിച്ച് ജെയ്ഡൻ പറയുന്നു.

പിന്നീടുള്ള തിരച്ചിലിൽ വാഷിങ്ടൺ സർവകലാശാലയിലെ സൈബർ സെക്യൂരിറ്റി കോഴ്സ് ഉയർന്ന ഗ്രേഡോടെ പൂർത്തീകരിച്ച ശേഷം ആർടിഫിഷൽ ഇന്റലിജൻലിസിലേക്ക് എത്തി. വരും കാലം ആർടിഫിഷൽ ഇന്റലിജൻസിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ജെയ്ഡൻ അതിൽ റിസർച്ച് തുടങ്ങി. കൂടുതൽ കോഴ്സുകളിലൂടെ സാങ്കേതികജ്‍‍ഞാനം നേടിക്കൊണ്ടിരുന്നു. ഒടുവിലാണ് കരിയറിനെ തന്നെ വഴിതിരിച്ചു വിട്ട സ്കോളർഷിപ് നേടുന്നത്.

‘‘ഒാൺലൈൻ കോഴ്സുകളില്‍ എന്നെ പഠിപ്പിച്ച ഇൻസ്ട്രക്ടർമാരാണ് സ്കോളർഷിപ്പിനായി റെക്കമെന്റ്  ചെയ്തത്. ടെസ്റ്റും ഇന്റർവ്യൂവും ഉണ്ടായിരുന്നു. എന്റെ സ്വപ്നത്തിന് ബലം കിട്ടിയത് ഈ സ്കോളർഷിപ് കിട്ടിയതോടെയാണ്.

ലൈവ് ആൻഡ് റിക്കോര്‍ഡ് ക്ലാസുകളും പഠനത്തിന്റെ ഭാഗമായി നടക്കുന്നു. രാത്രി പത്തു മുതൽ വെളുപ്പിനെ നാലു വ രെയാണ് ക്ലാസുകൾ. ഇന്ത്യയിൽ നിന്ന് ഞാന്‍ മാത്രമാണുള്ളത്. ആർടിഫിഷ്യൽ ഇന്റലിജൻസിനായും കാൻസർ ചികിത്സാ പഠനങ്ങൾക്കുമായി ലോകം മുഴുവൻ ഇൻവെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന കാലം. അതുകൊണ്ടു തന്നെ ഇതു രണ്ടും ചേർത്തുള്ള വിഷയമാണ് റിസർച്ചിനായി എടുത്തത്.

ആർടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച് കാൻസർ രോഗം ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്താനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. ഡിഎൻഎയിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ ആർടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് കണ്ടെത്താനാണ് ശ്രമിക്കുന്നത്.’’ ജെയ്ഡൻ അഭിമാനത്തോടെ പറയുന്നു.

Parents’ tips

‘‘കുട്ടികളുടെ ആഗ്രഹങ്ങളുടെ റിസ്ക് തിരിച്ചറിഞ്ഞ് അതേറ്റെടുക്കാനുള്ള ശ്രമം മാതാപിതാക്കളുടെ ഭാഗത്തു നിന്നുണ്ടാകണം എന്ന് ഞങ്ങൾക്കു തോന്നിയിട്ടുണ്ട്. പലപ്പോഴും കംപ്യൂട്ടറുമായി ഇവൻ രാത്രിയിലാണ് ഇരിക്കാറുള്ളത്. കൗമാരക്കാർക്ക് ഇങ്ങനെ കംപ്യൂട്ടർ കൊടുക്കണോ? ഇവൻ ഇന്റർനെറ്റ് ഉപയോഗിച്ച് എന്തൊക്കെയാകാം ചെയ്യുന്നത് എന്നൊക്കെ ഭയപ്പെട്ടാൽ കുട്ടിക്ക് അവന്റെ സ്വപ്നങ്ങൾക്കൊത്തു വളരാനുള്ള സാധ്യതയില്ലാതാകും. ആ റിസ്ക് ഞങ്ങൾ ഏറ്റെടുത്തു. പക്ഷേ, ഇന്റർനെറ്റ് ഉപയോഗിച്ച് എന്തൊക്കെ ചെയ്യുന്നു എന്ന കാര്യത്തിൽ നിരീക്ഷണവും ഉണ്ടായിരുന്നു.’’ തോമസ് ബോസും ബിനു മാത്യുവും പറയുന്നു.