ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസിലെ പെൺപുലി മഹുവ മൊയിത്ര. വിജയ ലഹരിയിൽ മതിമറക്കേണ്ടെന്ന സന്ദേശം പകർന്ന എട്ടു മിനിറ്റ് പ്രസംഗത്തിലൂടെ പാശ്ചാത്യ മാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുകയാണ് ഈ 44 വയസുകാരി. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയും പാരമ്പര്യത്തിലൂടെയും മറ്റും നേതാവായി മാറിയതല്ല ഈ സുന്ദരി. അമേരിക്കയിലെ എണ്ണം പറഞ്ഞ ജോലി ഉപേക്ഷിച്ച് നാടിന്റെ വികസനത്തിൽ പങ്കാളിയാകാൻ എത്തിയതാണ് മൊയിത്ര. ആദ്യ പ്രസംഗം കൊണ്ടുതന്നെ രാജ്യത്തെ ജനാധിപത്യവിശ്വാസികളുടെ മനസ്സില്‍ ഇടംപിടിച്ച മഹുവ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറുന്നത് പ്രതീക്ഷയോടെയാണ് ലോകം കേട്ടിരുന്നത്.

ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹുവ പാർലമെന്റിലെത്തുന്നത്. അസമിലും കൊല്‍ക്കത്തയിലുമായിരുന്ന ബാല്യം. പതിനഞ്ചാം വയസ്സിലാണ് അമേരിക്കയില്ലേക്ക് ചേക്കേറുന്നത്. അവിടെ മസാച്ചുസെറ്റ്സിലെ മൗണ്ട് ഹോളിയോക് കോളജിൽ ഇക്കണോമിക്സും മാത്സുമായിരുന്നു വിഷയം. പഠനത്തിന് ശേഷം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി ജോലിയിൽ പ്രവേശിച്ചു.

ലണ്ടനിൽ ജെപി മോർഗനിൽ വൈസ് പ്രസിഡന്റ് പദവിയിൽ ജോലി നോക്കവേയാണ് നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം കലശലായത്. നാടിന്റെ വികസത്തിൽ പങ്കാളിയാകണം എന്നതായിരുന്നു ലക്ഷ്യം. അതിനു പിന്നിലുമൊരു കഥയുണ്ട്. കോളജിലെ സഹപാഠികൾ പത്തു വർഷത്തിനു ശേഷം റീയൂണിയൻ നടത്തിയപ്പോഴാണ് അവർ ആ സത്യം തിരിച്ചറിഞ്ഞത്, എല്ലാവരും ബാങ്കിങ് മേഖലയിൽ തന്നെയാണ് ജോലി നോക്കുന്നത്. അന്ന് അവർ പ്രഖ്യാപിച്ചു, 20ാം വർഷത്തെ കൂട്ടായ്മയ്ക്കെത്തുമ്പോൾ താൻ മറ്റൊരു മേഖലയിലാകും പ്രവർത്തിക്കുകയെന്ന്.

അംബാനിക്കു മാത്രമല്ല, വീടിന്റെ ടെറസിൽ നിങ്ങൾക്കും മരങ്ങൾ നടാം; ഡിസൈനർ ബിലേ മേനോന്റെ ടിപ്സ്; വിഡിയോ



2008 ൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. അക്കാലത്ത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തയെന്ന പേര് സമ്പാദിച്ചു. പശ്ചിമ ബംഗാളിൽ യൂത്ത് കോൺഗ്രസിന്റെ ചുമതലയാണ് രാഹുൽ ഏൽപ്പിച്ചത്. ഇടതുപക്ഷവുമായി കോൺഗ്രസിന്റെ നീക്കുപോക്ക് മഹുവയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതാണ് പാർട്ടി വിടാനുള്ള കാര്യവും. 2010ൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേക്കേറുകയും ചെയ്തു. 2016-ല്‍ ബംഗാളിലെ കരിമ്പൂരില്‍ നിന്ന് നിയമസഭാംഗമായി.
ടെലിവിഷനിലെ തീപ്പൊരി
അർണാബ് ഗോസ്വാമിക്കു മുന്നിൽ ഒരുമാതിരി രാഷ്ട്രീയക്കാർക്കൊന്നും പിടിച്ചു നിൽക്കാൻ കഴിയില്ല. അവിടെയും മഹുവ സ്കോർ ചെയ്തു, അൽപം വളഞ്ഞ വഴിയിൽ കൂടി ആണെങ്കിലും. ചർച്ചയിൽ പങ്കെടുക്കാനെത്തിയ മഹുവയ്ക്ക് അർണബ് തുടർച്ചയായി സംസാരിക്കാൻ അവസരം നിഷേധിച്ചപ്പോൾ നിയന്ത്രണം വിട്ട അവർ നടുവിൽ ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ഡെറിക് ഒ’ബ്രിയൻ, സുധീപ് ബന്ദോപാധ്യായ, സൗഗത റോയി തുടങ്ങിയവർക്കൊപ്പം മാധ്യമങ്ങളിൽ തൃണമൂലിന്റെ ശബ്ദമാണ് ഈ സുന്ദരി.

വിവാദങ്ങൾക്കും പ്രിയപ്പെട്ടവളാണ് മഹുവ. സില്‍ചാര്‍ വിമാനത്താവളത്തില്‍ പോലീസുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മഹുവ ഒരു പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത് വലിയ വിവാദമായി. അപ്പോഴും ആരെയും കൂസാതെ മഹുവ പിടിച്ചു നിന്നു. അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തിറക്കിയതിനെ കുറിച്ചുള്ള സാഹചര്യം വിലയിരുത്തുന്നതിനായി എത്തിയ എട്ടംഗ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു മഹുവയും. സില്‍ചാര്‍ വിമാനത്താവളത്തില്‍ ഇവരെ പോലീസുദ്യോഗസ്ഥര്‍ തടഞ്ഞത് കൈയ്യാങ്കളിയില്‍ എത്തുകയായിരുന്നു.
ഫാഷനിലും താരം
വസ്ത്രധാരണത്തെക്കുറിച്ചു കാര്യമായി ശ്രദ്ധിക്കാത്ത വനിത രാഷ്ട്രീയ പ്രവർത്തകർക്കിടയിലും വ്യത്യസ്തയാണ് മഹുവ മൊയിത്ര. പൊതുപ്രവർത്തനത്തിന് സാരിയാണ് വേഷം. ബംഗാളിലും ജാർഖണ്ഡിലും നെയ്തെടുക്കുന്ന കൈത്തറിയാണ് ഇഷ്ടവേണം. സ്വകാര്യ യാത്രകളിൽ ഫാഷൻ വസ്ത്രങ്ങൾ ധരിക്കാൻ മടിക്കാറില്ല. ഇന്ത്യൻ ഡിസൈനർമാരായ രാഹുൽ മിശ്ര, അനാമിക ഖന്ന തുടങ്ങിയവരും രാജ്യാന്തര ഫാഷൻ ബ്രാൻഡുകളായ മൊഷിനോയും ബർബെറിയും പ്രിയപ്പെട്ടവയാണ്. വസ്ത്രങ്ങളുടെ കാര്യത്തിൽ ചില്ലറ വിട്ടുവീഴ്ചകൾക്ക് തയാറാണെങ്കിലും ലൂയി വ്യൂട്ടൺ ബാഗുകൾ മാത്രമാണ് ഉപയോഗിക്കുക. ന്യൂയോർക്കാണ് ഇഷ്ടം ഷോപ്പിങ് കേന്ദ്രം.