Thursday 18 January 2024 04:16 PM IST

‘സ്ക്രീനില്‍ അമ്മയാകാൻ ഒരു മടിയും തോന്നിയിട്ടില്ല; പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിക്കേണ്ട കാര്യമില്ല’; രേഖ പറയുന്നു

Rakhy Raz

Sub Editor

rekha6777ginter ഫോട്ടോ: ശ്യാം ബാബു

പ്രണയവും കുസൃതിയും നിറഞ്ഞ ‘ഏയ് ഓട്ടോയിലെ ആ ഗാനം എങ്ങനെ മറക്കും. കാലമെത്ര കഴിഞ്ഞാലും മീനുക്കുട്ടിയും സുധിയും  പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും മിഴിവോടെ മായാതെയുണ്ട്. മലയാളത്തിലും തമിഴിലും ഒരുപോലെ ഹിറ്റ് നായികയായിരുന്ന രേഖയുടെ മുഖത്തോട് ഇത്ര അടുപ്പം തോന്നാൻ ഗാനരംഗങ്ങൾ പ്രധാനകാരണമാണ്.

ഇളയരാജയുടെ മധുരസംഗീതത്തിൽ പിറന്ന ‘എന്ന സത്തം ഇന്ത നേരം’ എന്ന ഗാനം പോലെ എത്ര ഉദാഹരണങ്ങൾ. തമിഴിലെ ജനപ്രീതി കാരണം രേഖ തമിഴ് നടിയാണെന്നു കരുതുന്നവരും കുറവല്ല. ‘‘ആദ്യ സിനിമ തമിഴിലായിരുന്നു. സത്യരാജിനൊപ്പമുള്ള കടലോര കവിതൈകൾ. 

അതിനുശേഷമാണ് കമൽഹാസൻ നായകനായ ‘പുന്നകൈ മന്നനി’ൽ അ ഭിനയിക്കുന്നത്. പിന്നെ, താമസവും ചെന്നൈയിൽ ആണല്ലോ. അതൊക്കെയാകാം തമിഴ്നാട്ടുകാരിയാണെന്ന ധാരണ പലർക്കുമുണ്ടാകാൻ കാരണം. എന്റെ സ്വന്തം നാട് എറണാകുളം എരമല്ലൂരാണ്. ഇടയ്ക്ക് നാട്ടിൽ വന്നു ബന്ധുക്കളെയൊക്കെ കണ്ടുപോരും.’’- സിനിമയിൽ വീണ്ടും സജീവമായ രേഖയുടെ വിശേഷങ്ങൾക്കൊപ്പം.  

വിവാഹശേഷം പലരും അഭിനയം നിർത്തിയ കാലത്ത് ബ്രേക്കിനു ശേഷം കരിയറിൽ സജീവമായി അല്ലേ?  

വിവാഹത്തോടെ സിനിമ ചെയ്യുന്നതു നിർത്തണം എന്നില്ല. വിവാഹം കഴിയുന്നതോടെ ഉത്തരവാദിത്തങ്ങ ൾ കൂടും. അവ നിർവഹിക്കണം. ഭർത്താവ് ഹാരിസ് ഇംപോർട്ട് എക്സ്പോർട്ട് ബിസിനസ് ചെയ്യുന്നു.  മകൾ അഭി റെയ്ന ഹാരിസ് യുഎസിലാണ്. 

മകൾ കുട്ടിയായിരുന്നപ്പോൾ അവളുടെ കാര്യങ്ങ ൾ നോക്കണം. ഒപ്പം നിൽക്കണം. അതിനായി അഞ്ചാറു വർഷം ബ്രേക്ക് എടുത്തു. ആ സമയത്തൊരിക്ക ൽ രജനീകാന്ത് സാറിനെ കാണാൻ ഇടയായി. ഭർത്താവ് അദ്ദേഹത്തിന്റെ ആരാധകനാണ്. സംസാരത്തിനിടെ അദ്ദേഹം ഹാരിസിനോടു  പറഞ്ഞു ‘ഇ വർ നല്ല കാരക്ടർ ആർട്ടിസ്റ്റ് ആണ്.   ഇങ്ങനെ വെറുതേ ഇരുത്തരുത്. ഇപ്പോൾ കുട്ടിയുടെ കാര്യം നോക്കിയിരിക്കാമെന്നു തോന്നും, അവർ പഠിപ്പും ജോലിയുമായി പറന്നു പോകുമ്പോൾ ജീവിതം ശൂന്യമായ പോലെ തോന്നാം. അതിനനുവദിക്കരുത്’. രജനി സാറിന്റെ ആ വാചകങ്ങൾ ഏറെ പ്രചോദനം തന്നു. 

അന്ന് ഹാരിസ് എന്നോട് ചോദിച്ചു. ‘നിനക്ക് അഭിനയിക്കണോ?’  ഞാൻ അഭിനയം തുടരാൻ ആഗ്രഹമുണ്ടെന്നു മറുപടി പറഞ്ഞു. മകൾക്ക് അവളുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയുമെന്നുറപ്പായപ്പോൾ ഞാ ൻ കരിയറിലേക്ക് മടങ്ങി വന്നു.  

തുടക്കം രാധികയുടെ റാഡൻ കമ്പനിയുടെ തെലുങ്ക് സീരിയലിലായിരുന്നു. ‘മന്ദാരം’ എന്ന സീരിയൽ കൂ ടി ചെയ്ത ശേഷമാണു റോജാക്കൂട്ടം എന്ന സിനിമയി ൽ അഭിനയിക്കുന്നത്. റോജാക്കൂട്ടം മുതൽ ഇങ്ങോട്ടു തമിഴിലും മലയാളത്തിലുമായി  ധാരാളം നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവസരം കിട്ടി. 

ഗോപിക, നവ്യ, സംയുക്ത തുടങ്ങിയ കുട്ടികളുടെ കൂടെയൊക്കെ അഭിനയിച്ചു. വൈരം, നഗരം, പച്ചക്കുതിര, ഇൻ ഹരിഹർ നഗർ, ചിന്താമണിക്കൊലക്കേസ്, ഇവർ വിവാഹിതരായാൽ, ബാംഗ്ലൂർ ഡേയ്സ്  തുടങ്ങി ഒരുപാടു നല്ല സിനിമകൾ മലയാളം തന്നു. പണത്തെക്കാൾ എനിക്ക് പ്രധാനം നല്ല കഥാപാത്രങ്ങളാണ്. ധൃതിപിടിച്ച് ധാരാളം സിനിമ ചെയ്യാൻ ശ്രമിച്ചിട്ടില്ല. 

രണ്ടാം വരവിൽ അമ്മ കഥാപാത്രങ്ങളല്ലേ കൂടുതലും?

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിക്കേണ്ട കാര്യമില്ല.  നല്ല കഥാപാത്രങ്ങൾ ചെറിയ പ്രായത്തിലുള്ളവർക്കേ കിട്ടൂ എന്നില്ല. സുകുമാരിയമ്മ, മനോരമ തുടങ്ങിയവർ പ്രായമായ ശേഷം എത്ര നല്ല വേഷങ്ങൾ ചെയ്തു. അത്തരം കഥാപാത്രങ്ങൾ അഭിനയിക്കാനാണ് ആഗ്രഹം. ഭാഗ്യവശാൽ നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. ബാംഗ്ലൂർ ഡേയ്സിനു ശേഷം ഒരുപാടു പേർ വിളിച്ച് അഭിനന്ദിച്ചിരുന്നു.  

ഞാനൊരമ്മയായ ശേഷമാണു വീണ്ടും അഭിനയിക്കാനെത്തുന്നത്. അതുകൊണ്ട്  സ്ക്രീനിലും അമ്മയാകാൻ ഒരു മടിയും തോന്നിയില്ല.

ചെറിയ പ്രായത്തിൽ എനിക്ക് ഒരുപാടു നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ ഭാഗ്യമുണ്ടായി. നല്ല കഥാപാത്രങ്ങൾ കിട്ടുന്നതിൽ എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള നടീനടന്മാർ ഇന്നത്തെക്കാൾ ഭാഗ്യമുള്ളവരായിരുന്നു എന്നു തോന്നുന്നു. ഒരുപാടു നല്ല സംവിധായകർ ആ കാലത്ത് ഉണ്ടായി. നല്ല പാട്ടുകളും.

സിബി സാറിന്റെ ‘ദശരഥ’ത്തിലെ ആനി എന്ന ക ഥാപാത്രം എന്റെ ‘പേഴ്സണൽ ഫേവറിറ്റ്’ ആണ്. ‘റാംജി റാവു സ്പീക്കിങ്ങി’ലെ റാണി, ‘പാവം പാവം രാജകുമാര’നിലെ രാധിക, ‘ഏയ് ഓട്ടോ’യിലെ മീനുക്കുട്ടി, ‘ലാൽ സലാം’, ‘കിഴക്കുണരും പക്ഷി’ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടവയാണ്. അതൊക്കെ ടിവിയിൽ കാണുമ്പോൾ അതിയായ സന്തോഷം തോന്നും. ഇന്നത്തെ തലമുറയ്ക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രങ്ങളാണവ.  

നല്ല സ്ത്രീ കഥാപാത്രങ്ങൾ അത്രത്തോളം പുതുതലമുറയിലുള്ളവർക്കു കിട്ടുന്നില്ല എന്നാണു തോന്നുന്നത്. ഹൃദയത്തിൽ തൊടുന്ന ക ഥാപാത്രങ്ങളിലൂടെ രേഖ എന്ന ആർട്ടിസ്റ്റിനെ പ്രേക്ഷകരുടെ മനസ്സിൽ നിലനിർത്തുന്ന എല്ലാ ഗുരുതുല്യരായ സിനിമാപ്രവർത്തകർക്കും നന്ദി പറയാൻ  ഈ അവസരം ഉപയോഗിക്കുകയാണ്.

ഇടവേളകളിൽ എന്തു ചെയ്യാനാണ് ഇഷ്ടം ?

എന്നെ എൻഗേജ്ഡ് ആക്കി വയ്ക്കാനാണ് അഭിനയത്തിലേക്കു തിരികെ വന്നത്. ഭരതനാട്യവും പാട്ടും ഒന്നും പഠിച്ചിട്ടില്ലെങ്കിലും സദാ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കൊതിക്കുന്നൊരു മനസ്സാണ്. ‌അതേസമയം നല്ല ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവർക്കു  കൊടുക്കുക, നന്നായി സാരി ഉടുക്കുക, യാത്ര ചെയ്യുക,  ഫിറ്റ്നസ് സൂക്ഷിക്കുക ഒക്കെ ഇഷ്ടമുള്ള കാര്യങ്ങളാണ്. യോഗ, മെഡിറ്റേഷൻ, വ്യായാമം  ഇതൊക്കെ മുടങ്ങാതെ ചെയ്യും. ഭാരം സ്ഥിരമായി ചെക്ക് ചെയ്തു നിയന്ത്രിച്ചു നിർത്തും. സിനിമ ഉണ്ടെങ്കിലും ഇല്ലെങ്കിലും.

ഞാനൊരു യുട്യൂബർ കൂടിയാണ്. മകൾ  പഠിക്കാനായി പോയി. ഭർത്താവ് ബിസിനസ് തിരക്കിലും. ആ കാലത്തു വല്ലാത്ത ഒറ്റപ്പെടൽ തോന്നി. അപ്പോൾ ഒരു ക്യാമറ വാങ്ങി. കുറച്ച് കുക്കിങ്, എന്റെ സ്റ്റൈലിങ്, മേക്കപ്പ് ഒക്കെ പങ്കുവച്ചു  ‘രേഖാസ് ഡയറി’ എന്ന തമിഴ് യുട്യൂബ് ചാന ൽ തുടങ്ങി. ഇപ്പോഴും സമയം കിട്ടുമ്പോൾ വിഡിയോസ് ഇടും. ചെറിയ രീതിയിൽ തുടങ്ങി ഇപ്പോൾ നാനൂറ് വിഡിയോസിൽ എത്തി. അതിനുള്ള ഫുൾ സപ്പോർട്ടും പ്രേരണയും മകളായിരുന്നു.  

‘കുക്ക് വിത്ത് കോമാളി’ പോലുള്ള കുക്കിങ് പ്രോഗ്രാമുകളിൽ പങ്കെടുത്തു. അതൊക്കെ അധികം സംസാരിക്കാത്ത പ്രകൃതക്കാരിയായ എന്നെ ധാരാളം വർത്തമാനം  പറയുന്ന വ്യക്തിയാക്കി മാറ്റി. 

Tags:
  • Celebrity Interview
  • Movies