Thursday 04 October 2018 04:53 PM IST

‘42 ദിവസം ആശുപത്രിക്കിടക്കയിൽ, അന്നൊന്നും ഒരു സംഘടനാ ഭാരവാഹിയും എന്നെ തിരിഞ്ഞു നോക്കിയില്ല’; ബാലചന്ദ്ര മേനോൻ

Vijeesh Gopinath

Senior Sub Editor

menon_1

‘ഗാപ്പ’ ആകെ ‘പെട്ടിരിക്കുകയാണ്.’ ഒരുപാടു നായികമാരെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടുവന്നു നിർത്തിയ ആളാണ്. അഭിനയത്തിന്റെ നിലത്തെഴുത്തു കളരിയിലെ ആശാനായിരുന്നു. ഇടഞ്ഞു നിൽക്കുന്നവരെ ‘ക്ഷ’ വരപ്പിച്ചിട്ടുണ്ട്... പക്ഷേ, ദേ, ഈ രണ്ടു കുസ‍ൃതികൾക്കുമുന്നിൽ കീഴടങ്ങാതെ തരമില്ല. മകന്റെ മകൾ അമേയയും മകളുടെ മകൾ തന്മയയും.

‘ഗാപ്പ’– അങ്ങനെയാണ് സിനിമാക്കാരുടെ ‘മേനോൻ ചേട്ടനെ’ രണ്ടു വയസ്സുള്ള ഈ പേരക്കുട്ടികൾ വിളിക്കുന്നത്. ‘ഗ്രാന്റ് പാ’ എന്ന വിളി അവരായിട്ട് ഒന്ന് എഡിറ്റ് ചെയ്തു ചുരുക്കിയതാണ് ‘ഗാപ്പ’. ഒടുവിൽ തോൽവി സമ്മതി ച്ച് ബാലചന്ദ്രമേനോന്‍ മൊബൈൽ കുട്ടികളെ ഏൽപ്പിക്കുന്നതോെട രംഗം ശാന്തമാകുന്നു.

‘‘കണ്ടില്ലേ, ഇതു തന്നെയാണ് സിനിമയിലും വന്ന മാറ്റം. പണ്ടൊക്കെ കുട്ടികളെ ഹലുവ തരാം ബിസ്കറ്റ് തരാം എന്നൊക്ക പറഞ്ഞു പ്രലോഭിപ്പിക്കാമായിരുന്നു. ഇതൊക്കെ പറഞ്ഞ് അവരുടെ വാശി മാറ്റാമായി രുന്നു. ഇന്നതു നടക്കില്ല. പകരം ഈ മൊബൈലങ്ങോട്ടു കൈയിലേക്കു വച്ചു കൊടുത്താൽ മതി.

ഈ മാറ്റം പ്രേക്ഷകരിലുമുണ്ട്. ‘ഏപ്രിൽ പതിെനട്ടോ’ ‘കാര്യം നിസ്സാര’മോ കണ്ടാസ്വദിച്ച തലമുറയല്ല ഇപ്പോൾ തിയറ്ററിലെത്തുന്നത്. കാലത്തിന്റെ ചുവരെഴുത്തുകൾ നമ്മൾ കാണണം. അതും തിരിച്ചറിഞ്ഞു മാറണം.

എന്റെ വീഴ്ചകൾ മനസ്സിലാക്കുന്ന ആളാണു ഞാൻ. എനിക്കു വന്ന ആ മാറ്റത്തിന്റെ സിനിമയാണ് ‘എന്നാലും ശരത്’. ഇതു വിദ്യാർഥികളുടെ കഥയാണ്. ക്യാംപസില്‍ അവരുടെ ലോകത്തു നടക്കുന്നതെല്ലാം ഇതിലുണ്ട്. ഈ സിനിമയുെട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പിച്ചു. തൊട്ടുമുൻപു സംവിധാനം ചെയ്ത സിനിമയുടെ മാർക്കറ്റിങ്ങിലെ പാളിച്ചകൾ ഇതിൽ ഉണ്ടാകില്ല.

‘ഇനിയും വേദനിപ്പിക്കരുത്, ഞാൻ ബാലുച്ചേട്ടന് പകരക്കാരനല്ല’; സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വേദനയോടെ ശബരീഷ്

കുട്ടികൾ മുറ്റത്ത് കുഞ്ഞു ശലഭങ്ങളായി പറന്നു നടക്കുകയാണ്. പിന്നാലെ ക്യാമറയുമായി ബാലചന്ദ്രമേനോന്‍റെ മകൻ അഖിൽ വിനായക്. അഖിലും ഭാര്യ നിത്യയും മകൾ അമേയയും ദുബായിലാണ്. അഖിൽ െഎടി രംഗത്തു ജോലി ചെയ്യുന്നു.

മകൾ ഭാവനയും ഭർത്താവ് ദീപുവും മകൾ തന്മയയും ന്യൂ ജഴ്സിയിൽ. ഇങ്ങനെ എല്ലാവരും ഒരുമിച്ചു വരുന്നതു ത ന്നെ അപൂർവം. സംസാരിക്കുമ്പോഴും ഏതോ മുത്തശ്ശൻ കഥാപാത്രത്തിന്റെ മുഖമായിരുന്നു ബാലചന്ദ്രമേനോന്...

_REE0445

വീട്ടിലെ മുത്തശ്ശൻ റോളിനെക്കുറിച്ചു പറയൂ?

എല്ലാവരെയും ഒരുമിച്ചു കണ്ടിങ്ങനെ കാറ്റു കൊണ്ടിരിക്കുന്നത് വലിയ രസം തന്നെയല്ലേ. പേരക്കുട്ടികളെയൊക്കെ വല്ലപ്പോഴുമാണ് അടുത്തു കിട്ടുന്നത്.

മക്കളുടെ കുട്ടിക്കാലം ആസ്വദിക്കാൻ എനിക്കു പറ്റിയിട്ടില്ല. ഒരു സിനിമയിൽ നിന്ന് അടുത്തതിലേക്കുള്ള യാത്രയിലായിരുന്നു അപ്പോഴെല്ലാം. എന്നാൽ, എത്ര തിരക്കാണെങ്കിലും എല്ലാ മെയ് 12 നും ഞാൻ വരദയ്ക്കൊപ്പം ഉണ്ടാകും. അന്നാണ് ഞങ്ങളുടെ വിവാഹ വാർഷികം. വരദയായിരുന്നു കുട്ടികളുടെ എല്ലാ കാര്യവും നോക്കി മുന്നോട്ടു കൊണ്ടുപോയത്.

ഇതുകൊണ്ടൊക്കെയാകാം ഈ നിമിഷങ്ങൾ ഞാൻ വല്ലാ തെ ആസ്വദിക്കുന്നുണ്ട്. ഈ വൈകുന്നേരം, നമ്മള‍്‍ ഇപ്പോൾ സംസാരിക്കുന്നത്, കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ അതേ പോ ലെ ആവർത്തിക്കാനാകില്ല. ലൈഫ് ഈസ് ജസ്റ്റ് വൺസ്.

പണമുണ്ടാക്കാനല്ല ഞാൻ സിനിമയിൽ വന്നത്. സമ്പാദിക്കുക എന്റെ ജോലിയുമല്ല. രണ്ടു മക്കളുടെയും കല്യാണം കഴിഞ്ഞു. പേരക്കുട്ടികളായി. കിട്ടിയ ആനുകൂല്യങ്ങളിൽ സം ത‍ൃപ്തിയോടെ ജീവിക്കുന്ന ആളാണു ‍ഞാൻ. അപ്പോൾ ദൈവത്തിനു നന്ദി പറയുകല്ലേ വേണ്ടത്.

ആഴ്ചയിൽ കാർ പാർട്സുകൾ കൊണ്ട് 50 ശസ്ത്രക്രിയ; തോറ്റ് പിന്മാറാന്‍ മനസ്സില്ലാതെ സൂപ്പർഹീറോ ഡോക്ടർ

പുതിയ സിനിമയിലും പുതുമുഖ നായിക. പുതു തലമുറയ്ക്കു വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?

ഇത്രയും പുതുമുഖ നായികമാരെ അവതരിപ്പിച്ചു എന്നൊരിടത്തും ഞാൻ ഊറ്റം കൊള്ളാറില്ല. എന്റെ സിനിമയിൽ അഭിനയിക്കാെനത്തുന്ന നായികമാരുടെ ജാതകം നല്ലതായിരുന്നു. ഒരു കഥാപാത്രത്തെ ഉണ്ടാക്കി അതിന് അനുയോജ്യരായ നായികമാർ വന്നു. അവരുടെ സമയം നല്ലതായതു കൊണ്ട് ര ക്ഷപ്പെട്ടു. അല്ലാതെ ഞാൻ കാരണം അവരു പ്രശസ്തയായി എന്നൊന്നും പറയാനില്ല. സിനിമയില്‍ അവതരിപ്പിച്ചതിന്‍റെ പേരില്‍ ഒരു മുറുക്കാൻകട ഉദ്ഘാടനം ചെയ്യുന്നതിനു പോ ലും അവരെ സമീപിച്ചിട്ടുമില്ല.

എന്നാൽ പുതുമുഖ നായികമാരെ തിരയുമ്പോൾ മുന്നിലെത്തുന്ന കുട്ടികൾക്ക് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ടൊരു കുട്ടി അഭിനയിക്കാനുണ്ടെന്നു പറഞ്ഞാൽ അതൊരു ‘വാർത്ത’ യായിരുന്നു. രക്ഷിതാക്കൾ സമ്മതിക്കുമോ എന്നാകും ആദ്യ ചോദ്യം. ‘സമ്മതിപ്പിക്കാൻ’ വലിയ പ്രയാസമുണ്ടായിരുന്നു.

‘അമ്മയാണേ സത്യം’ എന്ന സിനിമയിലേക്ക് ആനി െകാള്ളാം എന്നു തോന്നി. പക്ഷേ, എസ്എസ്എൽസി പരീക്ഷയായതു കൊണ്ട് അഭിനയിപ്പിക്കില്ല എന്നു രക്ഷിതാക്കൾ കട്ടായം പറഞ്ഞു. അവരോടു സംസാരിക്കാന്‍ ഞാൻ നേരെ പള്ളിയിലേക്കാണു പോയത്. ഒരു കല്യാണത്തിൽ പങ്കെടുക്കാൻ അവർ വരുന്നുണ്ടായിരുന്നു. അങ്ങനെ ക്ഷണിക്കാത്ത കല്യാണത്തിനു പോയാണ് അന്ന് ആ നായികയെ കൊണ്ടുവന്നത്.

ഇന്നങ്ങനെയല്ല. സമീപനത്തിൽ വലിയ മാറ്റം വന്നു. ഒറ്റയ്ക്കാണ് െപണ്‍കുട്ടികള്‍ കാണാൻ വരുന്നത്. ആത്മവിശ്വാസത്തോട സംസാരിക്കും. രക്ഷിതാക്കൾക്കു പകരം അവരെ കാ ര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനാണു പ്രയാസം.

നാൽപതു വർഷം മിന്നായം പോലെ കടന്നു പോയെന്നു തോന്നുന്നുണ്ടോ?

2018-03-13-PHOTO-00000529

ഇരുപത്തിരണ്ടാം വയസ്സിൽ സിനിമയിലേക്കെത്തിയതാണു ഞാൻ. നാൽപതു വർഷത്തിനുള്ളിൽ എത്രയോ കാഴ്ചകൾ കണ്ടു. ഒരു വെള്ളപേപ്പറായാണു ഇവിടെ വന്നത്. അതിന്റെ വെളുപ്പ് ഇപ്പോഴും അതുപോലെ തന്നെയാണോ? അല്ല.

ഈ യാത്രയ്ക്കിടയിൽ ഒരുപാടു മുഖങ്ങൾ കണ്ടു. പല രീതിയിലുള്ള അഹങ്കാരങ്ങൾ കണ്ടു. ‘കൺമുന്നിൽ നിന്നു ചിരിക്കും കാണാതെ വന്നു കഴുത്തു ഞെരിക്കും’ എന്നു പാടി യവരാണ് സിനിമാക്കാർ.

പുതിയ സിനിമ തുടങ്ങുന്നതിന് കുറച്ചുകാലം മുൻപ് ചെറുപ്പക്കാരനായ നമ്മുെട ഒരു നായകന്‍ എനിക്കരികിൽ വന്ന് ബഹുമാനപൂർവം പറഞ്ഞു, ‘ചേട്ടാ നമുക്ക് ഒരുമിച്ചൊരു സി നിമ ചെയ്യാം.’ എനിക്കതിൽ വലിയ വിശ്വാസം തോന്നിയില്ല. കുറച്ചു നാളുകള്‍ക്കു ശേഷം കൊച്ചിയിൽ വച്ച് വീണ്ടും കണ്ടപ്പോൾ ഞാൻ ചോദിച്ചു.‘‘ആർ യു സീരിയസ് എബൗട്ട് ഇറ്റ്.’’

‘ഒക്ടോബറിൽ ചെയ്യാം’ എന്നയാൾ ഉറപ്പിച്ചു പറഞ്ഞു. അതോടെ ഞാനും തീരുമാനിച്ചു. പക്ഷേ, കക്ഷിയെ പിന്നീടു വിളിച്ചപ്പോള്‍ ഒരനക്കവും ഇല്ല. ഫോൺ പോലും എടുക്കുന്നില്ല. എന്റെ ഭാവി നിശ്ചയിക്കുന്നത് ഇവിടുത്തെ താരങ്ങള ല്ല. താരങ്ങളുടെ ഡേറ്റ് കിട്ടാത്തതുകൊണ്ട് സിനിമ ചെയ്യാ നാകില്ലെന്നു പറയാനാകുമോ?

സിനിമ തന്നെ വേണമെന്നില്ലല്ലോ. ഷോർട്ട് ഫിലിമുകൾ ചെയ്യാമല്ലോ. ഞാൻ ഡോക്യുമെന്ററികൾ സംവിധാനം ചെ യ്തു. റോഡുകളുടെ ശോച്യാവസ്ഥ കാണിച്ച് റോ‍ഡ് ഞങ്ങളുടെ തറവാട് എന്ന ‍ഡോക്യുമെന്റെറി എടുത്തു. പട്ടിയും പൂ ച്ചയുമൊക്കെയാണ് അതിൽ ക്യാമറയ്ക്കു മുന്നിൽ നിന്നത്. അത്രയും ആസ്വദിച്ചാണ് അതു ചിത്രീകരിച്ചത്.

‘അടൂർഭാസിക്കെതിരെ പരാതി നൽകാൻ നീയാര്’; ‘മീ ടൂ...’ അനുഭവവുമായി കെപിഎസി ലളിത

സിനിമാ രംഗത്ത് ഇത്രയും അനുഭവങ്ങളുള്ള വ്യക്തി മലയാള സിനിമയിലെ പുതിയ സംഘടനകളെയും സംഭവങ്ങളെയും എങ്ങനെ കാണുന്നു?

സംഘടനകളെക്കുറിച്ചു വികാരം കൊള്ളാൻ ഞാനില്ല. ‘അമ്മ’ യുടെ ആദ്യകാല സെക്രട്ടറിയും സ്ഥാപകാംഗവുമാണ് ഞാൻ. അമ്മയിൽ നിന്ന് ഒരു രീതിയിലെ സേവനവും സൗജന്യവും ഈ നിമിഷം വരെ കൈപ്പറ്റിയിട്ടില്ല. കൈനീട്ടം വാങ്ങുന്നുമില്ല.

നാൽപത്തിരണ്ടു ദിവസം കൊച്ചിയിലെ ആശുപത്രിയിൽ കിടന്നപ്പോൾ, ജീവിതത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെ കടന്നു പോയ ആ കാലത്ത് ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കിയിട്ടില്ല. ചികിത്സ കഴിഞ്ഞ് ഒരു വർഷം ഹൈദരാബാദില്‍ വിശ്രമിച്ചപ്പോഴും ‘സുഹൃത്തേ, നിങ്ങൾ എ വിടെയാണെ’ന്നു ചോദിക്കാനും ആരേയും കണ്ടിട്ടില്ല.

പക്ഷേ, ആശുപത്രിക്കട്ടിലിനരികിലിരുന്ന് എന്റെ ആരോഗ്യത്തിനായി മൂന്നു നേരം നിസ്കരിച്ച ഒരു ഉമ്മയെ എനിക്കോർമയുണ്ട്. ഹൈദരാബാദിലേക്ക് വഴിപാടുകളും പ്രസാദങ്ങളുമൊക്കെ അയച്ചു തന്നവരും മായാതെ മനസ്സിലുണ്ട്. അതു കൊണ്ട് സംഘടനയിലല്ല േപ്രക്ഷകരിലാണ് എന്റെ വിശ്വാസം.

ഞാൻ പത്രപ്രവർത്തകനായിരുന്ന കാലം. മഞ്ഞിലാസ് എന്ന സിനിമാകമ്പനിയുടെ ഒാഫിസിൽ പോയി. ചുമരിൽ ഒരു വലിയ ഫോട്ടോ. അതിൽ മൂന്നു പേർ. പ്രൊഡ്യൂസര്‍ മഞ്ഞി ലാസ് ജോസഫ് വെള്ളയും വെള്ളയും ഇട്ട് കടപ്പുറത്തു കൂടി നടക്കുന്നു, തൊട്ടു പിന്നിൽ തൊപ്പി വച്ച് സംവിധായകന്‍ സേതുമാധവൻ സാർ. അതിനു പിന്നിൽ അന്നത്തെ സൂപ്പര്‍താരം സത്യൻ മാഷ്. ഇതായിരുന്നു ഒരു കാലത്തെ സിനിമയുടെ ഫോർമുല. നിർമാതാവ് മുന്നിൽ കാശുമായി പോകുന്നു. സം വിധായകൻ പിന്നാലെ ആശയവുമായി പോകുന്നു. നടൻ ആ കാര്യങ്ങൾ നടത്തി കൊടുക്കുന്നു.

ഇതെന്നു പോയോ അന്നു സിനിമ താഴേക്കു പോകാൻ തുടങ്ങി. ഇന്നു നടനാണു നേരെ മുന്നിൽ വന്നു നില്‍ക്കുന്നത്. പിന്നെ സംവിധായകന‍്‍. അതിനും പിന്നിൽ എന്തു ചെയ്യണ മെന്നറിയാതെ പാവം നിർമാതാവ്.

ഒൻപതു വർഷങ്ങൾക്കു മുൻപ് സിനിമ കാണാനായി തിരുവനന്തപുരം കൈരളി തിയറ്ററിൽ ഞാനും ഭാര്യയും പോയി. ആളില്ലാത്തതു കൊണ്ട് ഇന്നു ഷോ ഇല്ല എന്നു പറയുന്നതു കേട്ട് ഞെട്ടിപ്പോയി. എല്ലാ ദിവസവും തിയറ്ററിൽ ആൾക്കൂട്ടം കാണണം എന്നു പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണെന്നറിയാം. പക്ഷേ, ആളില്ലാതെ ഷോ മുടങ്ങിയത് ഷോക്കായിരുന്നു.

പുലി വരുന്നേ പുലി വരുന്നേ എന്നു പറഞ്ഞു പറഞ്ഞ് പുലി വന്നിട്ടും ആളുകൾ ഞെട്ടാതായി. ‘ഈ സിനിമ കണ്ടില്ലെങ്കില്‍ നിന്റെ അച്ഛൻ ഗോപാല പിള്ളയല്ല’ എന്ന മട്ടിലായിരുന്നില്ലേ ഒരു കാലത്ത് പരസ്യങ്ങള്‍. പരസ്യം ചെയ്തു ചെയ്ത് ആളെ പറ്റിച്ചു കഴിഞ്ഞപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പെയ്ഡ് റിവ്യൂ എഴുതി പിന്നെയും പറ്റിച്ചു തുടങ്ങി. ഒടുവിൽ ഞങ്ങളുടെ കാശിനു വിലയുണ്ടന്ന് പ്രേക്ഷകരും അങ്ങു തീരുമാനിച്ചു.

'ശബരിമലയില്‍ താല്പര്യമുള്ള സ്ത്രീകള്‍ക്ക് പോകാം, അല്ലാത്തവര്‍ പോകണ്ട; പക്ഷെ, കുഞ്ഞുമനസ്സില്‍ ആര്‍ത്തവം അശുദ്ധിയാണെന്ന ചിന്ത കുത്തിനിറയ്ക്കരുത്!'

ഫെയ്സ്ബുക്ക് ഫാൻസ് ഡിസ്‌ൈലക് അടിച്ചാൽ ഒരു സിനിമയെ തോൽപ്പിക്കാനാകുമോ?

ഇതൊക്കെ പണ്ടും ഇല്ലേ? അച്ചടിക്കു പകരം ഇന്നത് സോഷ്യ ൽ മീഡിയയിലേക്ക് കയറി എന്നല്ലേയുള്ളൂ. എംപി നാരായണ പിള്ള ‘തലേക്കെട്ടുകാരൻ കോമാളി’ എന്നെന്നെ വിളിച്ചു. ‘ഈ തലേക്കെട്ടുകാരനെ കിട്ടിയിരുന്നെങ്കിൽ മുഖമടിച്ചു ഞാൻ പരത്തിയേനെ’ എന്ന് പ്രമുഖനായ മറ്റൊരു നിരൂപകന്‍ പറഞ്ഞു. ഇതു പോലുള്ള ഹത്യകളിന്നും നടക്കുന്നു.

പാട്ട് ഡിസ്‌ലൈക്ക് ചെയ്തെന്നു വച്ച് പടം മോശമാണെന്നു പറയാനാകുമോ? പടം വരട്ടെ, നിങ്ങൾ ഇങ്ങനെ പറഞ്ഞാലേ ഞങ്ങൾക്കിഷ്ടമാകൂ എന്നു പറഞ്ഞാൽ ‘അതെന്തൊരിഷ്ടമാണ്’. തട്ടിപ്പല്ലേ അത്. എല്ലാം ശരിയെന്നു കരുതി ജീവിക്കുന്ന അണികളുടെ കുഴപ്പമാണത്. സിനിമയിൽ മാത്രമല്ലല്ലോ. രാ ഷ്ട്രീയത്തിലും അങ്ങനെ തന്നെയല്ലേ?

ഇനി ഞാൻ ഒരു ചോദ്യം ചോദിക്കാമെന്ന് മകൻ അഖിൽ. ‘അച്ഛൻ ഇരുപത്തിരണ്ടാം വയസ്സിൽ സിനിമയിലേക്കെത്തി. അപ്പോഴുള്ള ധൈര്യം എന്തായിരുന്നു?

ഊട്ടിയിൽ പോണം എന്നു മാത്രമേ അന്ന് ആഗ്രഹമുണ്ടായിരുന്നുള്ളൂ. അവിടെ എങ്ങനെയായിരിക്കും എന്ന ഒരാശങ്കയും ഉണ്ടായിരുന്നില്ല. ആ അറിവില്ലായ്മ എന്നെ നയിച്ചു.’

ഇനി വരദ ചോദിക്കൂ എന്നു ബാലചന്ദ്രമോനോൻ പറഞ്ഞപ്പോഴേക്കും ഇന്റർവ്യൂ തീർന്നെന്നു പറഞ്ഞ് വരദ എഴുന്നേറ്റു.

എങ്കിൽ ഒറ്റ ചോദ്യം കൂടി. അഖിൽ എന്നാണ് അച്ഛന്റെ സിനിമയിൽ അഭിനയിക്കുന്നത്?

അത‍ാണ് സസ്പെൻസ്. ‘എന്നാലും ശരതി’ല്‍ അതിനുള്ള ഉത്തരമുണ്ട്.

തൃശ്ശൂരിൽ മുറി ബുക്ക് ചെയ്തിട്ടും രാത്രി യാത്രയ്ക്കൊരുങ്ങി, അവസാന നിമിഷം തീരുമാനം മാറ്റി; ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കൂട്ടുകാരുടെ മരണം കണ്ടു നിൽക്കാനേ അവർക്കായുള്ളൂ; ‘നീരാളിക്കഥ’ പോലെ മസനഗുഡി അപകടം

പാനം ചെയ്യാൻ മനുഷ്യരക്തം, ഉറങ്ങുന്നത് ശവപ്പെട്ടിയിൽ, ദുരാത്മാക്കളുമായി ചങ്ങാത്തം; ആൻഡ്രിയ പറയുന്നു ‘ഡ്രാക്കുളയ്ക്ക് മരണമില്ല’