Thursday 04 October 2018 11:01 AM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരുടെ മരണം കണ്ടു നിൽക്കാനേ അവർക്കായുള്ളൂ; ‘നീരാളിക്കഥ’ പോലെ മസനഗുഡി അപകടം

neerali-accidnt

മസനഗുഡിയിലെ വിനോദ സഞ്ചാരികള്‍ക്ക് സംഭവിച്ച അപകടം മോഹൻലാൽ ചിത്രം നീരാളിയുടെ നേർപതിപ്പെന്ന് പറയേണ്ടി വരും. കൊടുംവനത്തിൽ ചുരം പാതയില്‍ വച്ച് അപകടത്തിൽ പെടുന്ന വാഹനം ആരും അറിയാതെ പോകുന്നതാണ് സിനിമയുടെ പ്രമേയം. സഹയാത്രികനെ മരണം തട്ടിയെടുക്കുന്നത് നിസഹായനായി നോക്കി നിൽക്കുകയാണ് മോഹൻലാലിന്റെ കഥാപാത്രം. കൊടുംവനത്തിൽ ആരും രക്ഷിക്കാനില്ലാതെ കൊക്കയിൽ മരണത്തെ മുഖാമുഖം കാണുന്ന കഥാപാത്രത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടലാണ് സിനിമയുടെ കാതൽ.

മൊബൈൽ ഫോൺ സിഗ്നൽ ഇല്ലാത്ത സ്ഥലത്ത് വച്ചാണ് സിനിമയിൽ മോഹൻലാൽ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുന്നത്. മസനഗുഡി അപകടം നടക്കുന്ന സ്ഥലത്തും മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാ എന്നുള്ളത് വലിയ സമാനതയാണ്. അപകടം സംഭവിച്ച വാഹനം മണിക്കൂറുകളോളം കൊക്കയുടെ മുനമ്പിൽ തങ്ങിനിൽക്കുന്നതും സിനിമയിലുണ്ട്. മസനഗുഡിക്കു സമീപമുള്ള കല്ലട്ടിച്ചുരത്തിൽനിന്നു നിയന്ത്രണം വിട്ട വാഹനവും കൊക്കയിലേക്കു പതിച്ച് വനത്തിൽ ആരുമറിയാതെ 2 ദിവസം കിടന്നു. സഹതാരം സുരാജ് മരണത്തിനു കീഴടങ്ങുന്നതും സിനിമയിലെ ഹൃദയഭേദകമായ കാഴ്ചയാണ്. മസനഗുഡി അപകടവും ഇതിന്റെ മറ്റൊരുപതിപ്പാണ്. ഒടുവിൽ വനപാലകർ നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെടുക്കുന്നതും യാത്രക്കാരെ പുറത്തെത്തിക്കുന്നതുമാണു സിനിമയുടെ ക്ലൈമാക്സ്.

അപകടത്തിൽ ഗുരുതര പരുക്കേറ്റ കൂട്ടുകാർ ഇഞ്ചിഞ്ചായി മരിക്കുന്നതു നിസ്സഹായതയോടെ നേരിൽക്കാണേണ്ടി വന്നവരാണ് ചെന്നൈ സ്വദേശികളായ അരുണും രാമരാജേഷും. ഉറ്റസുഹൃത്തുക്കളുടെ ജീർണിച്ചുതുടങ്ങിയ മൃതദേഹങ്ങൾക്കൊപ്പം ഹിംസ്രജന്തുക്കളുള്ള കൊടുംവനത്തിൽ സഹായത്തിനാരുമില്ലാതെ അവർ രണ്ടു ദിവസം കഴിഞ്ഞു. 200 അടി താഴ്ചയിലേക്കു വീണ കാറിന്റെ വാതിൽ അപകടത്തിനിടെ തുറക്കാനാകാത്ത വിധം അടഞ്ഞു പോയിരുന്നു.

accident

ഗുരുതരപരുക്കേറ്റ ഇബ്രാഹിം, ജയകുമാർ, അമർനാഥ്, ജൂഡ്, രവിവർമ എന്നിവർ 2 ദിവസത്തിനുള്ളിൽ മരിച്ചു. ഓരോരുത്തരായി മരിക്കുന്നതു കണ്ടുനിൽക്കാനേ അരുണിനും രാമരാജേഷിനും കഴിഞ്ഞുള്ളൂ. അരുണിന്റെ നെറ്റിയിലുണ്ടായ ആഴമേറിയ മുറിവിലേക്കു മൃതദേഹങ്ങളിൽനിന്നുള്ള പുഴുക്കൾ എത്തി. രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ ഇവരുടെ ജീവനും അപകടത്തിലായേനെ. വാതിലുകൾ അടഞ്ഞനിലയിലായിരുന്ന കാർ വെട്ടിപ്പൊളിച്ച് ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്.