Thursday 04 October 2018 04:14 PM IST : By സ്വന്തം ലേഖകൻ

പാനം ചെയ്യാൻ മനുഷ്യരക്തം, ഉറങ്ങുന്നത് ശവപ്പെട്ടിയിൽ, ദുരാത്മാക്കളുമായി ചങ്ങാത്തം; ആൻഡ്രിയ പറയുന്നു ‘ഡ്രാക്കുളയ്ക്ക് മരണമില്ല’

dracula

ഞരമ്പുകളിൽ നിന്നും രക്തമൂറ്റിക്കുടിക്കുന്ന ഡ്രാക്കുള പ്രഭുവും രാത്രിയുടെ മൂന്നാം യാമത്തിൽ പ്രത്യക്ഷപ്പെടുന്ന യക്ഷിയുമൊക്കെ വെറും സങ്കൽപ്പങ്ങള്‍ മാത്രമാണോ? രക്തത്തെ ചൂടുപിടിപ്പിക്കുന്ന അത്തരം കഥകളെ കഥകളായി കാണാനാണ് എന്നും നമുക്കിഷ്ടം. ഓർക്കാനുള്ള ഭയം കൊണ്ടോ, യുക്തിയുടെ അതിപ്രസരം കൊണ്ടോ ഒക്കെയാകാം ഇത്തരം പ്രേത സങ്കൽപ്പങ്ങളെ ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി പുറത്തു കളയുന്നത്.

മിത്തുകളേയും ഐതിഹ്യങ്ങളേയും കണ്ണടച്ച് വിശ്വസിച്ചിരുന്ന ഒരു വിഭാഗത്തിനെ അങ്ങേയറ്റം ചൂഷണം കഥയായിരുന്നു ഡ്രാക്കുള പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഡ്രാക്കുള പ്രഭു. ട്രാൻസിൽവാനിയയിലെ ഡ്രാക്കുള കോട്ടയും കേട്ടു കേൾവിക്കഥകളും മാത്രമാണ് ആ അവിശ്വസനീയ കഥയ്ക്ക് നമുക്ക് മുന്നിലുള്ള തെളിവുകൾ. പക്ഷേ പുതുതലമുറ കേട്ട് മറന്ന് കളഞ്ഞ ഡ്രാക്കുളയും ഡ്രാക്കുള പ്രഭുവിന്റെ ചോരക്കൊതിയും വെറും കെട്ടുകഥയല്ലെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് റൊമാനിയക്കാരി ആൻഡ്രിയാസ് ബാത്തോറി.

പുസ്തകത്താളുകളിലെ ഡ്രാക്കുകളയെക്കാൾ പേടിപ്പെടുത്തുന്നതാണ് ആൻഡ്രിയയുടെ ജീവിതമെന്ന് കണ്ണും പൂട്ടി പറയാം. അത്രമേൽ ഭയങ്കരവും നിഗൂഢവുമാണ് ആ ജീവിത രീതികൾ. ചോരക്കൊതിയൻമാരായ വവ്വാലുകളും ഡ്രാക്കുളയും ദുരാത്മാക്കളുമൊന്നും എഴുത്തുകാരന്റെ കാട്ടിക്കൂട്ടലുകൾ അല്ല എന്നാണ് ആൻഡ്രിയയുടെ വാദം.

vampire

ഡ്രാക്കുളകളുടെ കോട്ടയായ കേന്ദ്ര ട്രാൻസിൽവാനിയയിലെ ബ്രാൻ കാസിലിലാണ് ആൻഡ്രിയ ഉറങ്ങുന്നതും ഉണരുന്നതും. കെട്ടുകഥകളിലെ ഡ്രാക്കുള മനുഷ്യരേയും ശത്രുക്കളേയും ആക്രമിച്ചാണ് രക്തം ഊറ്റിക്കുടിച്ചിരുന്നതെങ്കിൽ ആൻഡ്രിയയുടെ കഥ നേർവിഭിന്നമാണ്. കറുത്ത അരയന്നങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന (Black Swans) ഒരു കൂട്ടം അജ്ഞാത സംഘം അവരുടെ തന്നെ രക്തം തങ്ങളെപ്പോലുള്ള ചോരക്കൊതിയർക്കാരായി കാഴ്ചവയ്ക്കാറുണ്ടെന്ന് ആൻഡ്രിയ പറയുന്നു.

‘ചോരയ്ക്കായി ഞങ്ങൾ ആരേയും സമീപിക്കാറില്ല, ആക്രമിക്കാറില്ല. അവർ സ്വമേധയാ അവരുടെ രക്തം ഞങ്ങൾക്കായി കാത്തു വയ്ക്കുന്നു. അതും സൗജന്യമായി.ജീവന് ഭീഷണിയാകാത്ത തരത്തിലാണ് അത്തരക്കാർ ഞങ്ങൾക്കു വേണ്ടി രക്തം കൈമാറ്റം ചെയ്യുന്നത്. രക്തം പങ്കുവയ്ക്കുന്ന അവരുടെ ആരോഗ്യം ഞങ്ങളും പരിഗണിക്കാറുണ്ട്.’– ആൻഡ്രിയ പറയുന്നു.

‘ഞങ്ങൾ ആത്മാക്കളുമായും പ്രേത പിശാചുക്കളുമായി ആശയ വിനിമയം നടത്താറുണ്ട്. അങ്ങനെ വേണ്ടപ്പോഴൊക്കെ ശവപ്പെട്ടിയിൽ കയറി ധ്യാനനിരതരാകും. ഈ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് ഞങ്ങൾ ഈ ധ്യാനത്തിലൂടെ സഞ്ചരിക്കുന്നു.’–ജീവിതം പോലെ നിഗൂഢം ആൻഡ്രിയയുടെ വാക്കുകൾ.

dra-4

വാംപയറിസം എന്നത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച ഭ്രാന്തല്ലെന്ന് ആൻഡ്രിയ അടിവരയിടുന്നു. അതിനു പിന്നിലൊരു കാരണമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡ്രാക്കുള പരമ്പരയിലെ വ്ലാഡ് ദ് ഇംപേലർ എന്ന വ്ലാഡ് മൂന്നാമൻ ഡ്രാക്കുളയുടെ പിൻഗാമിയാണ് താനെന്നാണ് ആൻഡ്രിയയുടെ അവകാശവാദം.

‘ നാല് വർഷങ്ങൾക്കു മുമ്പ് പ്രഭു എന്റെ സ്വപ്നത്തിൽ വന്നു. ഒരു ഇരുണ്ട പേടകത്തിലായിരുന്നു അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. മകളേ...എന്ന് അഭിസംബോദന ചെയ്ത് എന്നോട് പറയുകയുണ്ടായി, എന്റെ അന്തരാവകാശി നീയാകുന്നു. ശേഷം ഞാൻ അദ്ദേഹം കൊല്ലപ്പെട്ട സ്ഥലത്തെത്തി അദ്ദേഹത്തിനായി പ്രാർത്ഥിച്ചു. തുടർന്ന് ഇവ്വിധം അരുൾ ചെയ്തു. ഇന്നു മുതൽ നിന്റെ ജീവിതം മാറുകയാണ്. എന്നന്നേക്കുമായി’– രക്തദാഹിയായ കഥ ആൻഡ്രിയ പറയുന്നത് ഇങ്ങനെ.

പുതുതലമുറയിൽ കുറേ വാംപയർ ഗ്രൂപ്പുകളുണ്ട്. അവരിൽ നിന്നെല്ലാം തങ്ങൾ അകലം പാലിക്കാറുണ്ട്. പിന്നെ ഞങ്ങളെ കുറ്റപ്പെടുത്തുവരും ഒറ്റപ്പെടുത്തുന്നവരും അസൂയാലുക്കളാണെന്നാണ് ആൻഡ്രിയ പറയുന്നത്. നിലവിൽ ഡ്രാക്കുളയുടെ പേരിൽ രൂപപ്പെട്ടിട്ടുള്ള ‘ഓർദോ ഡ്രാക്കുൾ കവൻ’ എന്ന സംഘത്തിന്റെ നേതാവാണ് ആൻഡ്രിയ. ആൻഡ്രിയയെപ്പോലെ അങ്ങനെ നൂറുകണക്കിന് രക്തദാഹികൾ അങ്ങനെ വേറെയും.

dra-3

എന്തായാലും രക്തം മരവിച്ചു പോകുന്ന ആൻഡ്രിയയും ഇന്ന് റൊമാനിയക്കാരുടെ പേടി സ്വപ്നങ്ങളിൽ ഒന്നാണ്. ഡ്രാക്കുളയെപ്പോലെ അവളും മനുഷ്യരെ ആക്രമിച്ച് രക്തം പാനം ചെയ്യില്ലെന്ന് ആര് കണ്ടു....

dra-1