Thursday 04 October 2018 09:58 AM IST : By സ്വന്തം ലേഖകൻ

ആഴ്ചയിൽ കാർ പാർട്സുകൾ കൊണ്ട് 50 ശസ്ത്രക്രിയ; തോറ്റ് പിന്മാറാന്‍ മനസ്സില്ലാതെ സൂപ്പർഹീറോ ഡോക്ടർ

dr-evan-atar-adaha

ദക്ഷിണ സുഡാനിലെ ബുഞ്ചിൽ സ്ഥിതി ചെയ്യുന്ന ഒരു ആശുപത്രി. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച നാടെന്ന് കുപ്രസിദ്ധി നേടിയ ദക്ഷിണ സുഡാനിൽ കഴിഞ്ഞ അഞ്ച് വര്‍ഷമായി ആക്രമണങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 100 മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ദക്ഷിണ സുഡാനില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. കൂട്ടക്കൊലയുടെയും ആഭ്യന്തര കലഹത്തിന്റെയും ഭീകരാക്രമണങ്ങളുടെയും കഥകളാണ് ഇവിടെയുളളവർക്ക് പറയാനുളളതും.

ബുഞ്ചിൽ ആയിരങ്ങൾക്ക് ആശ്വാസമായി ഒരു ആശുപത്രിയുണ്ട്. അവിടെ അവർക്ക് അത്താണിയായി ഒരു സൂപ്പർ ഹീറോ ഡോക്ടറും. ലോകം നെഞ്ചിലേറ്റിയ 52 കാരനായ ഡോ. ഇവാന്‍ അതര്‍ അദഹര്‍. ആഴ്ചയിൽ കുറഞ്ഞത് 50 ശസ്ത്രക്രിയകള്‍ എങ്കിലും ഇവിടെ നടക്കുന്നു. കത്രികയോ കത്തിയോ ആശുപത്രി ഉപകരണങ്ങളോ തുടങ്ങിയ യാതൊരു സൗകര്യങ്ങളുമില്ലാതെയാണ് ഈ ആശുപത്രി ഇവിടെ സ്ഥിതി ചെയ്യുന്നത്. ശസ്ത്രക്രിയ്ക്കുള്ള ഉപകരണങ്ങള്‍ പ്രദേശത്ത് ലഭിക്കില്ല. ഈ പ്രദേശത്തേക്ക് ഇത്തരം ഉപകരണങ്ങള്‍ എത്തിക്കാന്‍ സാധിക്കില്ല. യുദ്ധകലുഷിത മേഖലയാണിത്. തീവ്രവാദികളുടെ സങ്കേതമാണ് ബുഞ്ച്.  മരുന്നുകളും മറ്റും വളരെ ബുദ്ധിമുട്ടിയാണ് ആശുപത്രിയില്‍ എത്തിക്കുന്നത് തന്നെ.

അപകടരമായ അവസ്ഥയിലാണ് ഇവിടെ ശസ്ത്രക്രിയകൾ നടക്കുന്നത്. കാർ പാർട്സുകൾ ഉപയോഗിച്ച് ശരീരം കീറിമുറിച്ചാണ് ശസ്ത്രക്രിയ. സൂചിക്ക് പകരം പല സന്ദർഭങ്ങളിലും ചൂണ്ടകൊളുത്തു പോലും ഉപയോഗിക്കേണ്ടി വരുന്നതായി ഡോ. ഇവാൻ അതർ അദഹർ പറയുന്നു. രണ്ട് ലക്ഷത്തിലധികം ആളുകൾ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്.

ഏക്സ്റെ മെഷീനുകൾ ഇവിടെയില്ല. പേരിന് ഒരു ജനറേറ്റർ ഉണ്ടെങ്കിലും ഉപയോഗയോഗ്യമല്ല. അനസ്തേഷ്യ ലഭ്യമല്ലാത്തതിനാൽ കെറ്റാമിനാണ് ശസ്ത്രക്രിയയ്ക്കു മുൻപ് രോഗികൾക്ക് നൽകുന്നത്. മരുന്നും അത്യാധുനിക ഉപകരണങ്ങളും ലഭ്യമല്ലെങ്കിലും രോഗികളുടെ ജീവൻ രക്ഷിക്കുകയെന്ന മഹത്തകരമായ കർമ്മത്തിനു മുൻപിൽ വെല്ലുവിളികളെ പറ്റി ആലോചിക്കാറില്ലെന്ന് ഡോക്ടർ പറയുന്നു. ശസ്ത്രക്രിയയുടെ സമയങ്ങളില്‍ കാറുകളില്‍ നിന്നും സ്‌ക്രൂകള്‍ ഇളക്കി ഉപയോഗിക്കേണ്ടതായി വന്നിട്ടുണ്ട്. ചൂണ്ട കൊളുത്തുകൾ സൂചിക്ക് പകരമായി ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കായി രോഗിയുടെ ശരീരത്ത് കാറിന്റെ പ്ലേറ്റ് ഊരിയെടുത്ത്  പോലും ഉപയോഗിച്ചിട്ടുണ്ട്– ഡോ. ഇവാന്‍ അതര്‍ അദഹർ പറയുന്നു.

യുഎന്‍ റെഫ്യുജീ എജെന്‍സി നന്‍സെന്‍ അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയതും ഈ ചങ്കുറുപ്പിനായിരുന്നു. തോറ്റ് മാറാൻ താൻ തയ്യാറല്ലെന്ന് സ്വീഡനിൽ അവാർഡ് സ്വീകരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞത് ലോകം നെഞ്ചിലേറ്റി. 2011 മുതല്‍ സുഡാനിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണ് ഇത്തരത്തില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും കുറവിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

തന്റെ കുടുംബാംഗങ്ങളെ വർഷത്തിൽ മൂന്ന് തവണ മാത്രമാണ് ഡോക്ടർ കാണാൻ പോകുന്നത്. താമസവും ഭക്ഷണവും ആശുപത്രി പരിസരത്തുളള ടെന്‍റിൽ. അതിഭീകരമായ പല അവസ്ഥകളിലൂടെയും കടന്നു പോയി. എങ്കിലും ഒരിക്കലും പിൻമാറില്ലെന്നും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാലും ഇവിടെയുളള മനുഷ്യരെ തനിച്ചാക്കി എങ്ങോട്ടുമില്ലെന്നും ഡോക്ടർ പറയുന്നു.

കഴിഞ്ഞ വേനല്‍കാലത്ത് തോക്കുധാരികളായ ഒരു സംഘം ആശുപത്രിയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായതായും ഡോക്ടർ പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ ഒരു സംഘം യുവാക്കള്‍ പ്രശ്‌നം ഉണ്ടാക്കി. അവര്‍ ആശുപത്രിയില്‍ തോക്കുമായി എത്തി. അവരുമായി സമാധാന ചര്‍ച്ച നടത്തി. ആശുപത്രി തകര്‍ത്താല്‍ നിങ്ങളില്‍ ഒരാള്‍ക്ക് ഒരു  അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തില്‍ അവര്‍ പിന്‍വാങ്ങി. -ഡോക്ടര്‍ പറഞ്ഞു.  ആര് ആര് ചികിത്സ തേടി എത്തിയാലും താൻ മടക്കി അയക്കാറില്ല. ചെയ്തു കൊടുക്കും. മുഖം നോക്കാറില്ല.. ഉള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും മറ്റ് സൗകര്യങ്ങള്‍ കണ്ടെത്തിയും തങ്ങള്‍ പ്രവര്‍ത്തിക്കും. ഒരിക്കലും തോറ്റ് പിന്മാറാന്‍ താന്‍ ഒരുക്കമല്ലെന്നും ഡോക്ടര്‍ പറഞ്ഞു.

more...