Thursday 04 October 2018 10:20 AM IST : By സ്വന്തം ലേഖകൻ

‘ഇനിയും വേദനിപ്പിക്കരുത്, ഞാൻ ബാലുച്ചേട്ടന് പകരക്കാരനല്ല’; സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വേദനയോടെ ശബരീഷ്

bala-sabari

‘ജീവിതം എന്നത് ഇത്രയേ ഉള്ളു, പകരക്കാരൻ എപ്പോഴും റെഡിയാണ്...’ അനശ്വര കലാകാരൻ ബാലഭാസ്കറിന്റെ ഭൗതികദേഹം അഗ്നിയേറ്റുവാങ്ങിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു പോസ്റ്റിന്റെ തലവാചകമാണിത്. ബാലഭാസ്കർ ചെയ്യാമെന്നേറ്റിരുന്ന സംഗീത പരിപാടിക്ക് സംഘാടകർ പകരം ആളെ കണ്ടെത്തയതോടെയാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ കുത്തിപ്പൊങ്ങുന്നത്.

ബാലഭാസ്കറിന്റെ വിടവ് സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കേരളക്കര തിരിച്ചു വരുന്നതിനു മുന്നേ നിശ്ചയിച്ചുറപ്പിച്ച പരിപാടിക്ക് പുതിയ ആളെ പ്രതിഷ്ഠിച്ചതിലുള്ള പ്രതിഷേധമായിരുന്നു പോസ്റ്റിൽ നിറയെ. ബാലഭാസ്കറിനു പകരം വിഖ്യാത വയലിൻ കലാകാരൻ ശബരീഷ് പ്രഭാകറിനെയാണ് സംഘാടകർ പരിപാടിക്കായി സമീപിക്കുന്നത്.

സംഭവം പുറത്തായതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ സ്വരങ്ങൾ നിറഞ്ഞു. ‘നിങ്ങൾക്ക് ബാലഭാസ്കറിന് പകരക്കാരനാകാൻ ആകില്ല, ബാലഭാസ്കറിനോടുള്ള അവഗണനയാണിത്’ എന്നുള്ള തരത്തിലായിരുന്നു പോസ്റ്റുകൾ. ചിലർ സംഘാടകർക്കെതിരേയും തിരിഞ്ഞു. ബാലഭാസ്കറിനെ ഉൾപ്പെടുത്തിയുള്ള പരിപാടിയുടെ പഴയ പോസ്റ്ററും ശബരീഷിനെ ഉൾപ്പെടുത്തിയുള്ള പുതിയ പോസ്റ്ററും സഹിതമായിരുന്നു പ്രതിഷേധ സ്വരങ്ങൾ. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി ശബരീഷ് പ്രഭാകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

saba

സോഷ്യൽ മീഡിയയിൽ തനികിക്കെതിരെ പ്രചരിക്കുന്ന പോസ്റ്റുകളിൽ അങ്ങേയറ്റം വേദനയുണ്ടെന്ന് ശബരീഷ് പറയുന്നു. ‘എനിക്ക് ഒരിക്കലും ബാലുച്ചേട്ടന്റെ പകരക്കാരനാകാൻ കഴിയില്ല. കർണാടക സംഗീതജ്ഞൻ മാത്രമായ എനിക്ക് വയലിനിൽ ഇങ്ങനെയൊരു സാധ്യത തുറന്നിട്ട് തന്നത് ബാലുച്ചേട്ടനാണ്. അദ്ദേഹം ഇതിഹാസ കലാകാരനാണ്. എനിക്ക് സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്.’–ശബരീഷ് തുറന്നു പറയുന്നു.

‘ഈ പോസ്റ്റർ ഇന്നോ ഇന്നലെയോ നിർമ്മിച്ചതല്ല. ബാലച്ചേട്ടൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയേ അദ്ദേഹത്തിന്റെ കുടുംബം അറിഞ്ഞു കൊണ്ടാണ് ഞാൻ ഈ പരിപാടിക്ക് വരാമെന്നേറ്റത്. അന്നത്തെ സാഹചര്യം അതായിരുന്നു. ബാലു ചേട്ടൻ ഈ സാഹചര്യത്തിൽ ആശുപത്രിയിൽ കഴിയുമ്പോൾ അതേറ്റെടുക്കുക എന്നല്ലാതെ കലാകാരൻ എന്ന നിലയ്ക്ക് എനിക്ക് മറ്റ് മാർഗമില്ലായിന്നു.’

‘പിന്നെ ബാലു ചേട്ടൻ ചെയ്യാമെന്നേറ്റ പരിപാടിയുടെ ഉദ്ദേശ്യശുദ്ധി നിങ്ങൾ മനസിലാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി. എല്ലാത്തിനും ബാലുച്ചേട്ടന്റെ കുടുംബം സാക്ഷിയാണ്. ഞാൻ ഒരിക്കലും അദ്ദേഹത്തിന് പകരക്കാരനാകില്ല’– ശബരീഷ് ആവർത്തിക്കുന്നു.

ഒക്ടോബർ ഏഴിനാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തേയും കുടകിനേയും കൈപിടിച്ചുയർത്തുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.