Monday 24 July 2023 04:50 PM IST

‘‘ആ അവതാരക, എന്നെ ഇന്റർവ്യൂ ചെയ്താൽ ആദ്യം ചോദിക്കുക ‘ബോഡിഷെയിമിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?’ എന്നാവും...’’ ഹണി റോസ്

Vijeesh Gopinath

Senior Sub Editor

honey-rose-about-body-shaming-family-cover ഹണി റോസ് അമ്മ റോസ്‌ലി അച്ഛൻ വർക്കി എന്നിവർക്കൊപ്പം

ഇതു ഹണി റോസിന്റെ സമയമാണ്. ഒരുപിടി നല്ല കഥാപാത്രങ്ങളും ഒരുപാട് ഇവന്റുകളുമായി ആൾക്കൂട്ടത്തിനിടയിൽ കയ്യടി നേടുകയാണ് ഹണി റോസ്. എന്നാൽ, സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾക്കു താഴെയുള്ള കമന്റുകള്‍ പലപ്പോഴും ക്രൂരമാണെന്ന് ഹണി റോസ് പറയുന്നു. അതിനെക്കാൾ മോശമായിരുന്നു ഒരു ചാനലിലൂടെ അവതാരക ചെയ്തത്. ഹണിറോസ് മുന്നിലൂടെ നടന്നു പോയാൽ എന്തു തോന്നും എന്നായിരുന്നു ആ അവതാരകയുടെ ചോദ്യം. താൻ നേരിടുന്ന ബോഡിഷെയിമിങ്ങിനെക്കുറിച്ച് ഹണിറോസ് പ്രതികരിക്കുന്നു.

‘‘എന്നെ അതിശയപ്പെടുത്തിയത് ഒരു പെൺകുട്ടിയാണ് അതു ചോദിച്ചതെന്നാണ്. മുന്നിൽ ഉത്തരം പറയാനിരിക്കുന്ന രണ്ടു പേരും എന്റെ സഹപ്രവർത്തകരാണ്. അവർ ആ ചോദ്യത്തിലെ അപകടം മനസ്സിലാക്കി വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിയാൻ നോക്കുന്നുണ്ട്. പക്ഷേ, ആ പെൺകുട്ടി അങ്ങനെയല്ല എന്നു വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ ആംഗ്യത്തിലൂടെയും ചിരിയിലൂടെയും ഒക്കെ നടത്തുന്നു. എന്ത് ആഹ്ളാദമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്?

തമാശ അതല്ല. അതേ അവതാരക ഇനി എന്നെങ്കിലും എന്നെ ഇന്റർവ്യു ചെയ്യുകയാണെന്ന് കരുതുക. അവരുടെ ആദ്യ ചോദ്യം ബോഡിഷെയ്മിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നാവും.

എന്തിനാണ് ഒരാളുടെ ശരീരഭാഗത്തെ കുറിച്ച് അനാവശ്യമായി കമന്റ് പറയുന്നത്? നമ്മുടെ ശരീരം ദൈവം സ‍ൃഷ്ടിച്ചുവിടുന്നതല്ലേ? ഇത്തരം പരിഹാസങ്ങളിലൂടെ എന്ത് ആനന്ദം ആണാവോ ലഭിക്കുന്നത്... മറ്റൊരു ചാനലിലെ കോമഡി പരിപാടിയിലും ശരീരത്തെ പരിഹസിക്കുന്നതു കേട്ടു. ഒരുമിച്ചു ജോലി ചെയ്യുന്നവരാണ് ഒപ്പമുള്ള ഒരു പെണ്‍കുട്ടിയെ കുറിച്ച് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ശരീരഭാരത്തെ കളിയാക്കുന്നത്. അത് കേട്ട് അലറി ചിരിക്കുന്നത്. അത് ഭയങ്കര ഷോക്കിങ് ആ‌യി.

honey-rose-about-body-shaming ഹണി റോസ്; ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

എന്താണ് സംശയം. അടുത്ത കാലത്ത് സോഷ്യൽമീഡിയ അറ്റാക്ക് ഇത്രയും നേരിട്ട മറ്റാരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല. പല കമന്റുകളും ആദ്യമൊക്കെ കാണുമ്പോൾ വിഷമം തോന്നിയിരുന്നു. വലിയ സങ്കടകരമാണ്. തുടക്കസമയത്ത് വീട്ടിലുള്ളവർക്ക് ഇതൊക്കെ വായിക്കുമ്പോൾ വലിയ വിഷമമായിരുന്നും. എനിക്കും വളരെ ബുദ്ധമുട്ടായിരുന്നു. പിന്നെ കുറേക്കാലം കേട്ടുകേട്ട് അത് വലിയ സംഭവമല്ലാതെയായി. നമ്മുടെ ജീവിതത്തിൽ വലിയൊരു തിരിച്ചടിയുണ്ടായാൽ ആദ്യം ഒരു ഞെട്ടലുണ്ടാവും. പിന്നീടത് ശീലമായി മാറും. നമ്മളെ അത് ബാധിക്കാതെ ആവും. അതാണ് ഇപ്പോഴത്തെ അവസ്ഥ.

ഇപ്പോൾ ഇതിനെ കുറിച്ച് ആലോചിക്കാറില്ല. വെറുതെ എന്തിനാണ് നമ്മുടെ മനസിനെ തളർത്തികളയുന്നത്. അങ്ങനെ ഡിപ്രഷൻ ആവുന്നതിനേക്കാൾ നല്ലത് അതിലേക്കൊന്നും ശ്രദ്ധകൊടുക്കാതെ വിട്ടുകളയുകയാണ്. മറ്റാർക്കുള്ളതിനേക്കാളും എനിക്ക് എന്നിൽ വലിയ വിശ്വാസമാണ്. ആ വിശ്വാസം മതി ഇതൊന്നും കണ്ടില്ലെന്ന് നടിക്കാം.’’

അഭിമുഖത്തിന്റെ പൂർണരൂപം ഓഗസ്റ്റ് ഒന്നാം ലക്കം വനിതയിൽ