Tuesday 09 January 2024 10:06 AM IST : By സ്വന്തം ലേഖകൻ

മണവാട്ടിയായി അണിഞ്ഞൊരുങ്ങി എന്റെ രാജകുമാരി...മനോഹരനിമിഷങ്ങൾ: വിഡിയോ

jayaram

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകളും യുവനായകൻ കാളിദാസിന്റെ സഹോദരിയുമായ മാളവികയുടെ വിവാഹനിശ്ചയം അടുത്തിടെയായിരുന്നു. നവ്നീതാണ് ചക്കിയുടെ വരൻ.

ഇപ്പോഴിതാ, വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള ഒരു മനോഹര വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അണിഞ്ഞൊരുങ്ങിയ മാളവികയെ കാണുന്ന ജയറാമിന്റെ സന്തോഷം വിഡിയോയിൽ കാണാം.

‘‘ചക്കിയുടെ നിശ്ചയം എന്റെയും അശ്വതിയുടെയും എത്രയോ വർഷത്തെ സ്വപ്നമാണ്. കണ്ണന് ഞാൻ കുട്ടിക്കാലത്ത് കഥ പറഞ്ഞുകൊടുക്കും. അവന് ഇഷ്ടം ആനക്കഥയാണ്. ഞാൻ എപ്പോ ഷൂട്ടിങ് കഴിഞ്ഞു വന്നാലും രാത്രി എത്ര താമസിച്ചാലും ‘അപ്പാ ആനക്കഥ പറ അപ്പാ’ എന്ന് പറയും. ചക്കിക്ക് അശ്വതിയും ഞാനും പറഞ്ഞു കൊടുക്കുന്നത് സിൻഡ്രല്ലയുടെ കഥയാണ്. ഒരിക്കൽ ചക്കിക്ക് ഒരു രാജകുമാരൻ വരും. ഭയങ്കര സുന്ദരനായ ഒരു രാജകുമാരൻ ചക്കിയെ തേടി വെള്ള കുതിരവണ്ടിയിൽ വരും. അങ്ങനത്തെ കഥകളാണ് ഞങ്ങൾ പറഞ്ഞുകൊടുത്തിട്ടുള്ളത്. അങ്ങനെ ഒരു രാജകുമാരനെ തന്നെ ചക്കിക്ക് ഗുരുവായൂരപ്പൻ കൊണ്ട് കൊടുത്തു. 2024 മെയ് മാസം മൂന്നാം തീയതി ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ചിട്ട് വിവാഹം നടത്താനുള്ള ശക്തിയും ഭാഗ്യവും ഭഗവാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും എല്ലാ അനുഗ്രഹവും ഉണ്ടാകണം’’.– വിവാഹനിശ്ചയ ചടങ്ങില്‍ ജയറാം പറഞ്ഞു.

ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവിക തന്റെ പ്രണയം വെളിപ്പെടുത്തുന്നത്.