എന്റെ ‘ഓം ശാന്തി ഓശാന’ ഇറങ്ങിയ സമയം. അനിയത്തി ജിസ സിനിമ കണ്ട ശേഷം ആദ്യമായി ഞങ്ങൾ നേരിട്ട് കാണുന്ന അവസരം. ഇവളെന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കും എന്ന് പ്രതീക്ഷിച്ച് നിൽപ്പാണ് ഞാൻ. അവൾ അടുത്ത് വന്ന് ഒറ്റപ്പറച്ചിൽ. ‘എടാ പുല്ലേ... ഇതൊക്കെയായിരുന്നല്ലേ നിന്റെ മനസിൽ. നിനക്കിത് നേരത്തേ പറയാൻ വയ്യായിരുന്നോ. എങ്കിൽ ഞാനും പ്രേമിച്ചേ കെട്ടുവൊള്ളായിരുന്നു.’ അന്ന് തുടങ്ങിയ പരാതിയാണ്. അവൾ ഇപ്പോ കണ്ടാലും അതുതന്നെ പറയും. ’’
ജിസ: ഇവൻ പണ്ടേ പ്രേമലോലനാണല്ലോ. ഞങ്ങൾ രണ്ടാളും ഒരേ സ്കൂളിലായിരുന്നു. അവിടെ എന്റെ കൂടെ പഠിക്കുന്ന സുന്ദരി പെൺകുട്ടികളെയൊക്കെ നോട്ടമിടും. അവര് കാണാൻ ആയിട്ട് പുള്ളി ഷോ ഇടും. അത് അവര് കണ്ടോ, കണ്ടിട്ട് എന്തെങ്കിലും പറഞ്ഞോ എന്നൊക്കെ എന്നോടു ചോദിക്കും.
ജൂഡ്: ഇതാ കുഴപ്പം. ആവശ്യമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്നതിനു തന്നെയായിരുന്നു പണ്ടും ഇവളുമായി സ്റ്റണ്ട്. ചേട്ടൻ ലിജോ എന്നെക്കാൾ മൂന്നു വയസ്സ് മൂത്തത് ആണ്. ഇവൾ രണ്ട് വയസ്സിന് ഇളയതും. ഇവളുമായിട്ടായിരുന്നു എന്റെ വഴക്ക് മുഴുവൻ. പക്ഷേ, അപ്പൻ എനിക്ക് എന്തെങ്കിലും കാര്യത്തിന് അടി തരുമ്പോ അവൾ ഇടയ്ക്ക് കയറി എന്നെ രക്ഷിച്ചു കൊ ണ്ടുപോകുമായിരുന്നു.
ജിസ : വീട്ടിൽ അടിയാണെങ്കിലും സ്കൂളിൽ ഇവനെനിക്ക് കട്ട സപ്പോർട്ട് ആയിരുന്നു കേട്ടോ. ഒരിക്കൽ ക്ലാസിലെ വില്ലൻ എന്റെ ബോക്സ് അടിച്ചു മാറ്റി. ഞാൻ ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു. വീണ്ടും ചോദിക്കാൻ എനിക്ക് പേടിയായിരുന്നു. ഞാൻ കാര്യം ജൂഡിനെ അറിയിച്ചു.
മുതിർന്ന കുട്ടികൾക്ക് ചെറിയ കുട്ടികളുടെ ക്ലാസിൽ കയറാൻ അനുവാദമില്ല. അതുകൊണ്ട് ജൂഡ് ജനലിനരികിൽ വന്നു നിന്ന് അവനെ വിളിച്ചു. അവനോട് എന്തൊക്കെയോ പറഞ്ഞു. ഉടനടി അവൻ ബോക്സ് തിരിച്ചു തന്ന് സോറിയും പറഞ്ഞു. നീ എന്ത് വിദ്യയാണ് പ്രയോഗിച്ചത് എന്ന് ചോദിച്ചിട്ട് ഇവൻ പറഞ്ഞു തന്നില്ല.
ജൂഡ്: പ്രേമിക്കാൻ പറ്റാത്തതിന് ഇവളെന്നെ വെറുതെ കുറ്റം പറയുന്നതാണ് കേട്ടോ.. ജിസ ബി ടെക് ആണ്. കോളജിൽ പോകുക, പഠിക്കുക, വീട്ടിൽ വരിക വീണ്ടും പഠിക്കുക.. അവൾക്ക് അതേ പറ്റൂ.
പഠനം കഴിഞ്ഞ് ജോലിയായപ്പോൾ വിവാഹം ആലോചിച്ചു തുടങ്ങി. ഇവൾക്ക് ഇത്തിരി ഇഷ്ടമാകുന്ന കേസ് കണ്ടാൽ ഞാനും ചേട്ടനും കൂടെ രാവിലെ കാറും എടുത്ത് പയ്യന്റെ നാട്ടിലേക്ക് വിടും. കാര്യങ്ങൾ നേരിട്ട് അന്വേഷിക്കും.
മനോജിന്റെ ആലോചന വരുന്നത് ഒരു കല്യാണ ബ്രോക്കർ വഴിയാണ്. ഫോട്ടോ ഒന്നും ഇല്ലായിരുന്നു. ഞാനും ചേട്ടനും പോയി അന്വേഷിച്ചു. ഞങ്ങൾക്ക് ഓകെ ആയി. പക്ഷേ, ഫോട്ടോ കാണാത്തതു കൊണ്ട് ഇവൾക്ക് ലേശം ടെൻഷൻ ഉണ്ടായിരുന്നു. മനോജ് പെണ്ണ് കാണാൻ വന്നു. കൂട്ടുകാരെ ഒന്നും കൂട്ടാതെ ഒറ്റയ്ക്ക് ഉള്ള ആ വരവ് കണ്ടതും ഇവൾ വീ ണു എന്നു പറഞ്ഞാൽ മതിയല്ലോ’’
ജിസ : കല്യാണ സമയത്താണ് ഇവനും ചേട്ടനും എത്രമാത്രം എന്റെ മനസ്സ് അറിയാമെന്ന് എനിക്ക് മനസിലായത്. മനോജിന്റെ ആലോചന വരുന്നതിന് മുൻപ് ചില ആലോചനകൾ വീട്ടുകാർ ഉറപ്പിക്കാൻ ഒരുങ്ങിയിരുന്നു.
എനിക്ക് വേണ്ടെന്ന് പറയാൻ ധൈര്യം ഇല്ല. പക്ഷേ, ജൂഡും ചേട്ടനും എന്റെ മനസ്സ് അറിഞ്ഞതു പോലെ എന്നോട് വന്ന് ചോദിക്കും. ‘ഇത് നിനക്ക് ഇഷ്ടമില്ല അല്ലേ..’ എന്ന്.
ജൂഡ്: അവളുടെ മുഖം വായിച്ചാണ് ഞങ്ങൾ ഈ ഇഷ്ടക്കേട് മനസിലാക്കിയത്. അത് വീട്ടുകാർക്ക് പറഞ്ഞാൽ മനസിലാകണമെന്നില്ല. പ്രശ്നം ഞാനും ചേട്ടനും ഡിസ്കസ് ചെയ്ത് തീരുമാനത്തിലെത്തിയാൽ അത് വേണ്ടവിധം വീട്ടുകാരെ പറഞ്ഞ് മനസിലാക്കി, ആലോചന മുടക്കുന്ന ജോലി എന്റേതായിരുന്നു. അത് ഞാൻ ഭംഗിയായി ചെയ്തിരുന്നു.
കല്യാണം കഴിഞ്ഞ് ഇവളെ മനോജിന്റെ വീട്ടിൽ വിട്ടിട്ട് പോരുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. അവളില്ലാത്ത വീട് ആലോചിക്കാൻ പോലും പറ്റുന്നില്ല. എത്ര അടക്കിയിട്ടും അടങ്ങാതെ കണ്ണുനീർ ഒഴുകിക്കൊണ്ടേയിരുന്നു.
‘ഏത് ദുഷ്ടൻ ആണ് ഈ കല്യാണം എന്ന ബോറൻ ഏർപ്പാട് കണ്ട് പിടിച്ചത്’ എന്ന് അന്നേരം തോന്നി. പക്ഷേ, ഇന്ന് അതു തോന്നുന്നില്ല. കാരണം എന്റെ അളിയച്ചാര് ആള് സൂപ്പർ ആണ്.
If there is a rewind Button, I wish to rewind
– Jisa Joseph
ഒരിക്കൽ അപ്പൻ എനിക്ക് ഒരു ഉടുപ്പ് വാങ്ങിത്തന്നു. നല്ല ഭംഗിയുള്ള ഉടുപ്പായിരുന്നു. ഉടുപ്പ് ഗംഭീരം ആയിട്ടുണ്ടെന്ന് ജൂഡ് പറഞ്ഞു. ഞാൻ ഇത് ഒന്ന് ഇട്ട് നോക്കട്ടേ എന്നായി. അവനതും ഇട്ട് കണ്ണാടിയിൽ നോക്കി രസിക്കുമ്പോൾ എനിക്ക് ഒരു കുസൃതി തോന്നി.
‘ധൈര്യം ഉണ്ടെങ്കിൽ ഇതും ഇട്ട് നീ ജംക്‌ഷൻ വരെ പോയിട്ട് വാ..’ അവൻ നാണിച്ച് ഫ്രോക്ക് ഊരിക്കളയും എന്നാ ഞാൻ വിചാരിച്ചത്. പക്ഷേ, അവൻ അതും ഇട്ട് നേരെ ജംക്‌ഷനിലേക്കു വച്ചു പിടിച്ചു. ഞാൻ പിന്നാലെ ചെന്ന് പോകേണ്ടന്നു പറഞ്ഞിട്ട് പോലും കേട്ടില്ല..