Friday 05 April 2019 03:30 PM IST

കമ്മട്ടിപ്പാടത്തു നിന്നാണ് മുരുകനും മകളും വരുന്നത്! ലൂസിഫറിലെ ആ മാസ് സീനുകൾ ഈ അച്ഛന്റെയും മകളുടെയുമാണ്

V.G. Nakul

Sub- Editor

murugan-4

‘ലൂസിഫറി’ൽ, ലാലേട്ടൻ മാസിന്റെ വെടിക്കെട്ടു തീർത്ത രണ്ടു കിടിലോൽക്കിടിലം സീനുകൾ കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകർ മറക്കില്ല. കാടിനുള്ളിൽ വില്ലൻമാരെ അടിച്ചൊതുക്കുന്നതാണ് ഒന്ന്. മറ്റൊന്ന്, തന്റെ പിള്ളേരെ തൊടുന്ന പൊലീസുകാരന്റെ കഴുത്തില്‍ സ്റ്റീഫൻ കാലെടുത്തു വയ്ക്കുന്നതും. ഈ രണ്ടു സീനിലും ലാലേട്ടന്റെ മാസിനൊപ്പം നിന്നത് ഒരു അച്ഛനും മകളുമാണ്. ചെറു വേഷങ്ങളിലൂടെ വന്ന് ‘ലൂസിഫറി’ലൂടെ കൈയടി വാരുന്ന മുരുകൻ മാർട്ടിനും മകൾ ഹെലനുമാണിവർ. ചിത്രം തിയേറ്ററില്‍ വിജയ പ്രദർശനം തുടരുമ്പോൾ, മുരുകന്റെ മുത്തുവിനെയും ഹെലന്റെ റാഹേലിനെയും ജനം ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

സിനിമയെ വെല്ലുന്ന ജീവിതമാണ് മുരുകൻ മാർട്ടിന്റെത്. 12 – ാം വയസ്സിൽ മധുരയിൽ നിന്ന് കൊച്ചിയിലെത്തി, ബാലവേല ചെയ്ത് ജീവിതം തള്ളിനീക്കി, സിനിമയെ പ്രണയിച്ച്, തയ്യൽ പഠിച്ച്, ജൂനിയർ ആർട്ടിസ്റ്റും കോസ്റ്റ്യൂം അസിസ്റ്റന്റുമായി, ചെറു വേഷങ്ങളിലൂടെ ‘ലൂസിഫറി’ലെ മുത്തു വരെയുള്ള ജീവിതയാത്രയിൽ അയാൾ താണ്ടിയതത്രയും പൊള്ളുന്ന കനൽ പാതകളായിരുന്നു. മുരുകൻ ‘വനിത ഓൺലൈനു’മായി തന്റെ ജീവിതം പങ്കുവയ്ക്കുകയാണ്.

മധുരയിൽ നിന്ന് കമ്മട്ടിപ്പാടത്തേക്ക്

‘‘ഞാൻ തമിഴനാണ്, മധുര സ്വദേശി. 12 –ാം വയസ്സിലാണ് കേരളത്തിലെത്തിയത്. അതിനും വർഷങ്ങൾക്കു മുൻപേ എന്നെ നാട്ടിൽ നിർത്തി അമ്മ കൊച്ചിയിലേക്ക് പോന്നിരുന്നു. നാട്ടിൽ അമ്മ ജോലിക്കു നിന്ന വീട്ടുകാർ കേരളത്തിലേക്കു വന്നപ്പോൾ, എന്നെ അമ്മാവനെ ഏൽപ്പിച്ച്, അവരുടെ കൊച്ചിനെ നോക്കാൻ അമ്മയും ഒപ്പം പോരുകയായിരുന്നു. തീരെ ചെറിയ കുട്ടിയായിരുന്ന ഞാൻ മധുരയിൽ കുറേ അലഞ്ഞു’’. – മുരുകൻ കുട്ടിക്കാലത്തിലേക്കു തിരികെ നടന്നു തുടങ്ങി. ‘‘അമ്മ കൊച്ചിയിലെത്തി ഒരു വർഷം കഴിഞ്ഞപ്പോൾ, അമ്മാവൻ എന്നെ തിരക്കി കണ്ടു പിടിച്ച് അമ്മയുടെ അടുക്കലെത്തിച്ചു. പഴയ കമ്മട്ടിപ്പാടത്ത്, ഒരു വാടകവീട്ടിലായിരുന്നു ഞങ്ങളുടെ താമസം. ആ വീടൊക്കെ ഇപ്പോഴുമുണ്ട്. അമ്മയുടെ യഥാർത്ഥ പേര് പെരുമാളക്കയെന്നാണ്. കേരളത്തിൽ വന്ന ശേഷം, ജോലിക്കു പോകുന്ന വീടുകളിലുള്ളവർ അവർക്കെളുപ്പമുള്ള പോലെ പല പേരുകളും വിളിക്കാൻ തുടങ്ങി. എനിക്ക് ഒരു ചേച്ചിയും ചേട്ടനുമുണ്ട്. അച്ഛന്റെ പേര് ബാലു. ഞാൻ രണ്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. കുട്ടിക്കാലം മുതൽ ആക്രി പെറുക്കലും കാലി മേയ്ക്കലും തുടങ്ങി പല പണികളും ചെയ്തു’’.

murugan-5

പഠനം തീയറ്ററിൽ

നാട്ടില്‍ ഉത്സവങ്ങൾക്കൊക്കെ സിനിമ പ്രദർശിപ്പിക്കാറുണ്ട്. എം.ജി. ആറിനെക്കുറിച്ചൊക്കെ എല്ലാവരും പറയും. അങ്ങനെ, സിനിമയിലെത്തിയാൽ നല്ലത് ചെയ്യാൻ പറ്റുമെന്ന ഒരു തോന്നലുണ്ടായി. മധുര സിറ്റിയിൽ അലഞ്ഞു തിരിയുന്ന കാലത്ത് ഏലിയൻസിന്റെ പോസ്റ്റർ കണ്ടപ്പോൾ അതെന്താണെന്നറിയണം എന്നൊരു ആകാംക്ഷയുണ്ടായി. അങ്ങനെ, ഭക്ഷണം കഴിക്കാൻ യാചിച്ചു കിട്ടിയ പൈസ കൊണ്ടു സിനിമ കണ്ടു. അതോടെ സിനിമകാണൽ ഹരമായി. അതിനു ശേഷം തിയേറ്ററുകളായിരുന്നു എന്റെ പള്ളിക്കൂടം.

അന്നൊന്നും ഭിക്ഷയെടുക്കാൻ വേണ്ടി ഭിക്ഷയെടുത്തിട്ടില്ല. വിശക്കും. എന്തു ചെയ്യണമെന്നറിയില്ല. അപ്പോൾ ആരുടെയെങ്കിലും മുമ്പിൽ കൈ നീട്ടും. കുറച്ചു കഴിഞ്ഞപ്പോൾ അത് എനിക്കു പറ്റിയ പരിപാടിയല്ല എന്നു മനസ്സിലായി. ആരോടും യാചിക്കാനും അപേക്ഷിക്കാനുമൊന്നും വയ്യ. അങ്ങനെ ജോലിയന്വേഷിച്ചു തുടങ്ങി. ഞാൻ സമൂഹവുമായി സജീവമായി ബന്ധപ്പെട്ടു തുടങ്ങുന്നത് 20 വയസ്സിനു ശേഷമാണ്. അതു വരെ അധികം സുഹൃത്തുക്കളൊന്നുമില്ലാത്ത സ്വതന്ത്ര ജീവിതമായിരുന്നു.

murugan-3

കള്ളവണ്ടി കയറി ചെന്നൈയിൽ

എറണാകുളത്തു വന്ന്, രണ്ടു മൂന്നു വർഷം കഴിഞ്ഞ് ഒരു സംഭവമുണ്ടായി. മലയാളമൊക്കെ പഠിച്ച ശേഷമാണ്. ആരോ പറഞ്ഞു, ചെന്നൈയിൽ എ.വി.എം സ്റ്റുഡിയോയുടെ മുന്നിൽ പോയി നിന്നാൽ മതി നമ്മളെ അപ്പോ തന്നെ പിടിച്ചോണ്ടു പോയി നടനാക്കുമെന്ന്. അതു കേട്ട് ഞാൻ കള്ളവണ്ടി കയറി ചെന്നൈയ്ക്ക് പോയി. ഒരു ദിവസം മൊത്തം സ്റ്റുഡിയോയുടെ മുന്നിൽ നിന്നു. ആരും ശ്രദ്ധിച്ചില്ല. ഒടുവിൽ, വിശന്നു വലഞ്ഞ് വൈകുന്നേരത്തെ വണ്ടിയിൽ കയറി കൊച്ചിയിലേക്കു തന്നെ മടങ്ങി വന്നു. ചില വീടുകളില്‍ പണിക്കു നിക്കുമ്പോൾ അവർ പഠിപ്പിക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. ഞാൻ അമ്മയുടെ പിടിയിലൊതുങ്ങുമായിരുന്നില്ല. ആരു പറഞ്ഞാലും കേൾക്കില്ല. സ്വതന്ത്രനായിട്ടിങ്ങനെ നടക്കും. അതിനിടെയാണ് ഞാൻ ഗാന്ധിനഗറിലുള്ള ഒരച്ഛന്റെയടുക്കലെത്തുന്നത്. തെരുവു കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം. അച്ഛന്റെ സ്നേഹഭവനിൽ ചെന്ന ശേഷമാണ് ഞാൻ തയ്യൽ പഠിച്ചത്. പിന്നെ തോപ്പുംപടിയിലുള്ള ഒരു തയ്യൽ കടയിൽ ജോലി ചെയ്തു. അവർ കൂലി തരാതായപ്പോൾ തേവരയിലെ ഒരു കടയിലേക്കു മാറി. രണ്ടു മൂന്നു വർഷം അവിടെയുണ്ടായിരുന്നു.

murugan-2

കോസ്റ്റ്യൂം അസിസ്റ്റന്റും ജൂനിയർ ആർട്ടിസ്റ്റും

ജൂനിയർ ആർട്ടിസ്റ്റായാണ് സിനിമയിൽ തുടക്കം. ‘ഫ്രീഡം’ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് കോസ്റ്റ്യൂമർ മഹിയെ പരിചയപ്പെട്ടത്. അങ്ങനെ അദ്ദേഹത്തിന്റെ സഹായിയായി ചേർന്നു. സനിമ മാത്രമായിരുന്നു മനസ്സിൽ. ‘കിലുക്കം കിലുകിലുക്കം’ മുതൽ കുറേ സിനിമകളിൽ കോസ്റ്റ്യൂം അസിസ്റ്റന്റായി. അതോടെ സിനിമയിൽ ധാരാളം സൗഹൃദങ്ങളുണ്ടായി. ആദ്യമായി ഒരു നല്ല വേഷം കിട്ടുന്നത് ‘കെ.എൽ ടെൻ പത്തി’ലാണ്. ‘കലി’യിലെയും ‘അങ്കമാലി ഡയറീസി’ലെയുമൊക്കെ വേഷങ്ങൾ വന്നപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.

കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഞാൻ ആരോടും അവസരം ചോദിച്ചിട്ടില്ല. ആരെയും ബുദ്ധി മുട്ടിക്കണ്ട എന്നു തോന്നും. അവർക്ക് പലരോടും കമിറ്റ്മെൻസുണ്ട്. അതിനിടെ നമ്മൾ കൂടി ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ. ‘ലൂസിഫറി’ന്റെ തിരക്കഥാകൃത്ത് മുരളിച്ചേട്ടനും അസോസിയേറ്റ് വാവ കൊട്ടാരക്കരയുമൊക്കെ എന്റെ സുഹൃത്തുക്കളാണ്. അവസരം ചോദിച്ചില്ലെങ്കിലും ഭാഗ്യം പോലെ മുത്തു എന്ന കഥാപാത്രം എന്നെ തേടി വന്നു. പൃഥ്വിരാജ് സാർ ഉൾപ്പടെ, എന്നെ തിരിച്ചറിഞ്ഞു വിളിക്കുന്ന സംവിധായകർക്കൊപ്പം പ്രവർത്തിക്കാനായതും നേട്ടമാണ്.

murugan-1

മകളെ നോക്കി പഠിക്കാം

ചിത്രത്തിൽ റാഹേല്‍ എന്ന കഥാപാത്രമാണ് മോൾ ഹെലന്. അവൾ കൂടിയുള്ള ലാലേട്ടന്റെ മാസ് സീൻ എടുത്ത ശേഷം മോളെയും കൊണ്ട് ഞാൻ മാറി നിൽക്കുകയായിരുന്നു. നൂറോളം ജൂനിയർ ആർട്ടിസ്റ്റുകളും അന്നു സെറ്റിലുണ്ട്. അപ്പോൾ പൃഥ്വിരാജ് സാർ മൈക്കിലൂടെ, ‘മുരുകനെവിടെ’ എന്നു ചോദിച്ചു. ഞാൻ പെട്ടെന്ന് ഓടിച്ചെന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത്, ‘മുരുകാ ഞാനൊക്കെ ചെറുപ്പത്തിൽ അഭിനയം പഠിച്ചത് മമ്മൂട്ടിയെയും മോഹൻലാലിനെയും കണ്ടിട്ടാണ്. മുരുകന് അതിന്റെ ആവശ്യമില്ല. മോളെ നോക്കി പഠിച്ചാൽ മതി’ എന്നാണ്.

ഭാര്യ ആനി. കമ്മട്ടിപ്പാടത്തെ ശാന്തിഭവനിൽ നിന്നാണ് ഞാനവളെ കല്യാണം കഴിച്ചത്. അവളും എട്ടൊമ്പതു വയസ്സുള്ളപ്പോൾ ബാലവേലയ്ക്ക് തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ വന്നതാണ്. എന്റെ പരിചയത്തിലുള്ള ഒരു ചേച്ചി വഴി വന്ന ആലോചനയാണ്. ഹെലനാണ് മൂത്ത മകൾ. ഇപ്പോൾ ഏഴ് വയസ്സായി. രണ്ടാമത്തവൾ ഭാരതിയ്ക്ക് അഞ്ചും മൂന്നാമത്തവൻ ഏകലവ്യന് രണ്ടും വയസ്സായി.