Monday 21 October 2019 04:09 PM IST

പിജി എടുത്തു, 65 കിലോയിലെത്തിയ ഭാരം താനേ കുറഞ്ഞു! പ്രയാഗയുടെ മേക്കോവിനു പിന്നിലെ സീക്രട്ട് ഇതാണ്

V.G. Nakul

Sub- Editor

p1

സിനിമയിൽ തിരക്കേറുമ്പോൾ യുവതാരങ്ങളിൽ പലരും പഠനത്തോട് ഗുഡ് ബൈ പറയുകയാണ് പതിവ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ സമയവും സാഹചര്യങ്ങളും അനുവദിക്കില്ല എന്നതാണ് കാരണം. കൈനിറയെ പണവും പേരും പെരുമയുമുള്ള പ്രഫഷനും ആരാധകരുമെല്ലാം ആകുമ്പോൾ പഠനം അവസാനിപ്പിക്കുന്ന നായികമാർക്കിടയിൽ പ്രയാഗ മാർട്ടിൻ വ്യത്യസ്തയാകുകയാണ്. മലയാളത്തിലും കന്നടയിൽ കൈനിറയെ പ്രൊജക്ടുകൾ ചെയ്തു തീർക്കുന്ന തിരക്കുകൾക്കിടിയലും സെന്റ് തെരേസാസ് കോളജിൽ റെഗുലർ വിദ്യാർഥിയായി പഠിച്ച് പിജി എടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം.


സിനിമയും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ സീക്രട്ട് ചോദിച്ചാൽ പ്രയാഗ പറയും, ‘സിനിമയ്ക്കു വേണ്ടി പഠനത്തിലും പഠനത്തിനു വേണ്ടി സിനിമയിലും ‘നോ’ വിട്ടുവീഴ്ച. ‘ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റി’ൽ പിജി സ്വന്തമാക്കി ബിരുദദാന ചടങ്ങിൽ മാതാപിതാക്കൾക്കൊപ്പം പങ്കെടുത്ത സന്തോഷം ‘വനിത ഓൺലൈനോട്’ സംസാരിക്കുമ്പോൾ പ്രയാഗ ലോകത്തോടു വിളിച്ചു പറയുകയാണ്, ഇതു ഞാൻ കണ്ട സ്വപ്നം...

ആ ചിത്രങ്ങളിൽ നിന്നു മറ്റൊരു വിശേഷം കൂടി ആരാധകർ കണ്ടെത്തി. മറ്റൊന്നുമല്ല, പ്രയാഗ കൂടുതൽ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു. പുത്തൻ മേക്കോവറിനെക്കുറിച്ചും പഠന വിശേഷങ്ങളെക്കുറിച്ചുമെല്ലാം വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രയാഗ പലപ്പോഴും ഒരു കോളജ് വിദ്യാർഥിനിയായി മാറി.

‘‘ഡിഗ്രിയും പി.ജിയും എറണാകുളം സെന്റ ്തെരേസാസ് കോളജിലായിരുന്നു. റെഗുലർ സ്റ്റുഡന്റായിരുന്നു. ഡിഗ്രി കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ആണെങ്കിലും പിജിക്ക് ‘ട്രാവൽ ആൻഡ് ടൂറിസം മാനേജുമെന്റ ്’ തിരഞ്ഞെടുക്കാൻ കാരണം എനിക്കു കുറച്ചു കൂടി താൽപര്യവും അനായാസവുമായ വിഷയമായതിനാലാണ്. അഭിനയത്തിന്റെ ഭാഗമായും അല്ലാതെയും ധാരാളം യാത്ര ചെയ്യുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ജോലിയും പഠനവും ഒന്നിച്ചു കൊണ്ടു പോകാൻ എളുപ്പമായിരുന്നു’’. – പ്രയാഗ പറഞ്ഞു തുടങ്ങി.

p4

പഠനത്തിനും അഭിനയത്തിനും ഒരേ പ്രായം

ഞാൻ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയതും കോളജിൽ ജോയിൻ ചെയ്തതും ഒരേ വർഷമാണ്. എന്നെ സംബന്ധിച്ച് സിനിമ കാരണം പഠനം നഷ്ടപ്പെടരുതെന്നും പഠനം കാരണം സിനിമ നഷ്ടപ്പെടരുതെന്നും നിർബന്ധമായിരുന്നു. അതിൽ വളരെ ശ്രദ്ധിച്ചിരുന്നു.

സിനിമയിൽ സജീവമാകുമ്പോൾ പഠനം ഒപ്പം കൊണ്ടു പോകുക കുറച്ചു പാടാണ്. എന്നെ സംബന്ധിച്ച്, ഞാൻ രണ്ടിനും തയാറായിരുന്നു. സിനിമ എന്റെ പാഷനാണ്. അതു പോലെ പഠനവും.

ഉറപ്പിച്ച തീരുമാനം

ഡിഗ്രി കഴിഞ്ഞപ്പോൾ അച്ഛനോടും അമ്മയോടും ഞാൻ അങ്ങോട്ടു പറയുകയായിരുന്നു, പഠിക്കാൻ പോകുന്നു എന്ന്. അതു വരെ പി.ജി ചെയ്യുന്ന കാര്യം ഞാൻ അവരോടു പോലും പറഞ്ഞിട്ടില്ല എന്നതാണ് കൗതുകം. അവർ കരുതിയത് ഡിഗ്രി കഴിഞ്ഞ് ഞാൻ സിനിമയിൽ ശ്രദ്ധിക്കും എന്നാണ്. പക്ഷേ പി.ജി ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. ആ റിസ്ക് എടുക്കാൻ ഞാൻ തയാറായിരുന്നു. സത്യത്തിൽ ബിരുദദാന ചടങ്ങിന്റെ ആ ഒറ്റദിവസത്തിനു വേണ്ടിയാണ് ഞാൻ രണ്ടു വർഷം മാസ്റ്റേഴ്സ് പഠിച്ചത്. സിനിമയിൽ ഒക്കെ മാത്രം കണ്ടിട്ടുള്ളതാണ് ആ ചടങ്ങ്. അത് സ്വന്തം ജീവിതത്തിൽ സ്വപ്നം യാഥാർത്ഥ്യമാകും പോലെ സംഭവിച്ചത് എങ്ങനെയാണ് വിവരിക്കുക എന്നറിയില്ല. ആ വേദിയിൽ തൊപ്പിയൊക്കെ വച്ച്, കോട്ടൊക്കെയിട്ട് നിന്നത് എന്റെ പേഴ്സണൽ ഗോൾ ആയിരുന്നു.

ലുക്കിൽ വന്ന മാറ്റം

ലുക്കില്‍ വന്ന മാറ്റത്തെക്കുറിച്ച് എല്ലാവരും പറയുന്നു. ജീവിതമായാലും സിനിമയായാലും ഇപ്പോ തുടങ്ങിയ ഒരു ഫീൽ ആണ് എനിക്ക്. ഇത്രയും വരെ എന്തായിരുന്നു എന്നത് വച്ച് ഇനി മുന്നോട്ട് പോകണ്ട. പുതിയ ഒരു തുടക്കമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനിയാണ് ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ എന്റെ 100 ശതമാനം സമർപ്പിച്ച് കരിയർ കെട്ടിപ്പടുക്കാൻ തുടങ്ങുന്നത്. ഇതു വരെ പഠനം കൂടി ഞാൻ ഒപ്പം ബാലൻസ് ചെയ്ത് കൊണ്ടു പോകുകയായിരുന്നല്ലോ.

p2

താനേ കുറഞ്ഞ ഭാരം

പി.ജി പഠനം ഒട്ടും അനായാസമായിരുന്നില്ല. മാനസികമായും ഏറെ സമ്മർദം അനുഭവിച്ചു. അതാകാം, എന്റെ ശരീര ഭാരം 65 കിലോ വരെ എത്തി. വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്നു പോയത്. ഇതിനിടെ നാലു സിനിമ ചെയ്തു. ഒപ്പം പഠനവും. എല്ലാം കൂടി നല്ല തിരക്കായിരുന്നു. ഒപ്പം പഠിച്ച എല്ലാ കുട്ടികളെയും പോലെ ഞാനും എല്ലാ അക്കാഡമിക് വർക്കുകളും കൃത്യമായി തീർത്താണ് മുന്നോട്ടു പോയത്. ഇപ്പോൾ കൂൾ ആയി. അപ്പോള്‍ തന്നെ വെയിറ്റ് താനേ കുറഞ്ഞു എന്നു വേണം പറയാൻ. അതിനൊപ്പം ഡയറ്റും എക്സർസൈസും ഉണ്ടായിരുന്നു’’.– പ്രയാഗ ആ രഹസ്യവും പങ്കുവച്ചു.