Thursday 08 November 2018 05:35 PM IST : By സ്വന്തം ലേഖകൻ

ആദ്യം ലോകസുന്ദരി പിന്നീട് ബോളിവുഡിന്റെ താരറാണി; പ്രിയങ്ക ചോപ്രയുടെ ഒരു ‘അപൂർണ’ വിജയകഥ

priyanka

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘ഭാരത്’ സിനിമയിൽ പ്രിയങ്ക ചോപ്ര ഉണ്ടാകില്ല. പ്രിയങ്കയ്ക്കു പകരം കത്രീന കൈഫ് നായികയാകും. ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്ത ട്വിറ്ററിലൂടെ പുറത്തു വിട്ടത് സംവിധായകൻ സഫർ തന്നെയാണ്. ‘പ്രിയങ്ക പ്രത്യേക കാരണത്താൽ ചിത്രത്തിൽനിന്ന് പിൻമാറുന്നു’ എന്നായിരുന്നു സംവിധായകന്റെ ട്വീറ്റ്.’ സൽമാൻ ഖാൻ നായകനാകുന്ന ബിഗ്ബജറ്റ് ചിത്രത്തിലൂടെ പ്രിയങ്ക ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് കരുതിയിരുന്നവർ വിസ്മയിച്ചുപോയി. ഇത്ര വലിയ ചിത്രത്തിൽ നിന്ന് പിൻമാറിയതിനു പിന്നിലെ കാരണം അന്വേഷിച്ച ആരാധകർ വീണ്ടുമൊന്ന് ഞെട്ടി. ആ‘ പ്രത്യേക കാരണം’ ഇതാണ്, പ്രിയങ്ക വിവാഹിതയാകുന്നു. അമേരിക്കൻ പോപ് ഗായകനായ നിക് ജോനാസാണ് പ്രിയങ്കയുടെ പ്രണയ നായകൻ.

നിശബ്ദ പ്രണയം

കഴിഞ്ഞ ഒരു വർഷമായി കേൾക്കുന്നതാണ് പ്രിയങ്കയും നിക് ജോനാസും തമ്മിലുള്ള പ്രണയകഥകൾ. 2017ൽ ന്യൂയോർക്കിൽ നടന്ന ‘മെറ്റ് ഗല’ ഷോയിൽ കൈകോർത്തു പിടിച്ചെത്തിയ നിക്കും പ്രിയങ്കയും അന്നുതന്നെ നോട്ടപ്പുള്ളികളായതാണ്. പക്ഷേ, സംശയങ്ങൾ ഉയർന്നപ്പോഴെല്ലാം രണ്ടു പേരും കൂളായിരുന്നു. ‘‘റാൽഫ് ലോറൻ’ ഡിസൈൻ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചാണ് ഞങ്ങൾ രണ്ടാളും വേദിയില്‍ എത്തിയത്. അതുകൊണ്ടാണ് ഒരുമിച്ച് വരാൻ തീരുമാനിച്ചത്. ശരിക്കും രസകരമായ അനുഭവമായിരുന്നു അത്.’ എന്നാണ് അന്നു പ്രിയങ്ക പറഞ്ഞത്.

മാസങ്ങൾക്കു ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിക് നൽകിയ മറുപടി ഇങ്ങനെ, ‘ഒരു സുഹൃത്തു വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പിന്നീട് നല്ല കൂട്ടുകാരായി.’ ഇപ്പോഴിതാ, ഇരുപത്തിയഞ്ചുകാരനായ നിക്കും മുപ്പത്തിയാറുകാരിയായ പ്രിയങ്കയും പ്രണയത്തിലൂടെ വിവാഹത്തിലേക്ക് പാലമിട്ടിരിക്കുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. പ്രിയങ്കയും നിക്കും ഒരുമിച്ചുള്ള ഫോട്ടോകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ വിവാഹിതരാകാൻ പോകുന്നുവെന്നാണ് പുതിയ വാർത്ത. ഭാരതത്തിന്റെ അഭിമാനമായ മുൻ ലോകസുന്ദരി ആയിരക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് അമേരിക്കൻ പൗരനായ നിക്കിന്റെ സ്വന്തമാകുന്നത്. ഇനിയിപ്പോൾ പ്രിയങ്കയുടെ വീട്ടുകാരെ നേരിൽ കണ്ട് സംസാരിക്കാനായി നിക്കിന്റെ കുടുംബാംഗങ്ങൾ ഇന്ത്യയിലേക്കെത്തേണ്ട താമസമേയുള്ളൂ.

വിവാഹവാർത്തയെക്കുറിച്ച് മാധ്യമങ്ങളോട് ഒരുവാക്കു മിണ്ടാൻ പ്രിയങ്കയും നിക്കും ഒരിക്കലും തയാറായിരുന്നില്ല. പ്രിയങ്ക ഇപ്പോഴും തന്റെ മൗനം തുടരുകയാണെങ്കിലും നിക് ആ അടുപ്പത്തിന്റെ രഹസ്യസ്വഭാവം അവസാനിപ്പിച്ചെന്ന് വേണം കരുതാൻ. ‘താങ്കളും പ്രിയങ്കയും ഒരുമിച്ചുള്ള വിവാഹജീവിതത്തിന് ആശംസകൾ’ എന്ന് ആശംസിച്ച ആരാധകന് നന്ദി പറഞ്ഞ് ഈ ഇൻഡോ – അമേരിക്കൻ സസ്പെൻസ് പൊളിച്ച നിക് മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ, ‘എന്റേതു മാത്രമായി ഒരു കുടുംബം, അതാണ് ഇപ്പോഴത്തെ ലക്ഷ്യം.’

ഭാരതത്തിന്റെ ലോകസുന്ദരി

പ്രിയങ്കയുടെ ജീവിതത്തിലെ വളവുകളും തിരിവുകളുമെല്ലാം അപ്രതീക്ഷിതമായി സംഭവിച്ചവയാണ്. എയറോനോട്ടിക്കൽ എൻജിനിയറിങ് പഠിച്ച് പൈലറ്റാകാൻ ആഗ്രഹിച്ച പെൺകുട്ടി പക്ഷേ, നടന്നു കയറിയത് മോഡലിങ് ലോകത്തേക്ക്. 2000ൽ ലണ്ടനിൽ നടന്ന ലോകസുന്ദരി മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് പതിനെട്ടുകാരിയായ ജംഷഡ്പൂർ സ്വദേശിനി പ്രിയങ്ക. രാജ്യത്തിനായി ലോക കിരീടം ചൂടുന്ന അഞ്ചാമത്തെ സുന്ദരി. കിരീടനേട്ടത്തിനു പിന്നാലെ ബോളിവുഡിൽനിന്ന് കൈനിറയെ ഓഫറുകൾ.

എന്നാൽ, പ്രിയങ്കയുടെ അരങ്ങേറ്റത്തിലും ഉണ്ടായിരുന്നു, വമ്പൻ ട്വിസ്റ്റ്. തമിഴ് സൂപ്പർ താരം വിജയ്‌ നായകനായ ‘തമിഴനി’ലൂടെയാണ് സിനിമാലോകത്തേക്ക് കാലെടുത്തു വച്ചത്. പിന്നീട് ബോളിവുഡിലെ താരറാണിമാരുടെ പട്ടികയിലേക്കു നടന്നു കയറി. 2008ൽ പുറത്തിറങ്ങിയ ‘ഫാഷനി’ലൂടെ മികച്ച നടിക്കുള്ള നാഷനൽ അവാർഡും ഫിലിം ഫെയർ അവാർഡും സ്വന്തമാക്കി. 2016ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 2017ൽ ദാദാ സാഹിബ് ഫാൽക്കേ അവാർഡും പ്രിയങ്ക സ്വന്തമാക്കി. നേട്ടങ്ങൾ ഓരോന്നും കൈപ്പിടിയിലൊതുക്കുമ്പോൾ പ്രിയങ്കയുടെ പ്രതികരണം ഇങ്ങനെ, ‘ചെറുപ്പം മുതൽക്കേ എല്ലാക്കാര്യത്തിലും എന്റെ സഹോദരനു തുല്യമായി എന്നെ പരിഗണിച്ച അച്ഛനും അമ്മയ്ക്കും നന്ദി. എന്റെ ഓരോ നേട്ടങ്ങൾക്കുംപിന്നിലുള്ള കാരണം ആ പരിഗണനയാണ്.’

അമേരിക്കൻ ടെലിവിഷൻ സീരീസായ ‘ക്വാൺടികോ’യിൽ അഭിനയിച്ച പ്രിയങ്ക ഏറെ ജനപ്രീതി നേടി. പ്രിയങ്കയുടെ പ്രകടനത്തിലൂടെ ക്വാൺടികോ റേറ്റിങ്ങിൽ നമ്പർ വൺ ആയി. പിന്നീട് ഡ്വെയ്ൻ ജോൺസണൊപ്പം ‘ബേവാച്ച്’ എന്ന സിനിമയിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. മൗഗ്ലിയുടെയും കൂട്ടുകാരുടെയും കഥ പറഞ്ഞ ഹോളിവുഡ് ചിത്രം ‘ജംഗിൾ ബുക്കി’ൽ കാ എന്ന പാമ്പിന് ശബ്ദം നൽകിയത് പ്രിയങ്കയാണെന്നത് ഇപ്പോഴും പലർക്കുമറിയില്ല. ‘എ കിഡ് ലൈക് ജെയ്ക്’, ‘ഇസിന്റ് ഇറ്റ് റൊമാന്റിക്’ എന്നീ സിനിമകളാണ് പ്രിയങ്കയുടേതായി ഇനി ഹോളിവുഡിൽ റിലീസാകാനുള്ളത്.

ഗായികയായ നായിക

അഭിനയവും മോഡലിങ്ങും മാത്രമല്ല, സംഗീതവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് പ്രിയങ്ക. ആദ്യസിനിമയായ ‘ത മിഴ’ന്റെ ലൊക്കേഷനിൽ വച്ച് നടൻ വിജയ്‌യാണ് പ്രിയങ്ക മികച്ചൊരു ഗായികയാണെന്ന് കണ്ടെത്തിയത്. വിജയ്‌യുടെ നിർബന്ധത്തിനു വഴങ്ങിയാണ് സിനിമയിലെ ‘ഉള്ളത്തെ കിള്ളാതെ’ എന്ന പാട്ട് പാടിയത്. പ്രിയങ്കയും വിജയ്‌യും ചേർന്നുള്ള പാട്ട് തമിഴ്നാട്ടിൽ സൂപ്പർഹിറ്റായി. പിന്നീട് ബോളിവുഡിലും പിന്നണി ഗായികയായി. 2013ൽ അമേരിക്കൻ റാപ് ഗായകൻ പിറ്റ്ബുളുമൊത്ത് പ്രിയങ്ക പാടി അഭിനയിച്ച ‘എക്സോട്ടിക്’ എന്ന ആൽബം ലോകമെങ്ങും ഹിറ്റ്ചാർട്ടിൽ ഇടംനേടി. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ പത്രങ്ങളിൽ കോളം എഴുതിയിട്ടുമുണ്ട്, സാമൂഹികപ്രവർത്തക കൂടിയായ ഇന്ത്യയുടെ മുൻ ലോകസുന്ദരി.

മലയാളത്തിന്റെ പ്രിയങ്ക

ബോളിവുഡിന്റെ മാത്രമല്ല, മലയാളത്തിന്റെയും സ്വന്തമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ മുത്തശ്ശി മേരി ജോൺ മലയാളിയാണ്. കുമരകം സ്വദേശിയായ മേരിയുടെയും ബിഹാറുകാരനായ ഡോ. അക്വേറിയുടെയും മൂത്ത മകൾ മധു ചോപ്രയാണ് പ്രിയങ്കയുടെ അമ്മ. വിവാഹത്തിനു ശേഷം മേരി, ജ്യോൽസ്ന അക്വേറി എന്ന് പേരു മാറ്റി. സ്വാതന്ത്ര്യസമരസേനാനിയും ലോകസഭാംഗവും സാമൂഹ്യപ്രവർത്തകയുമായിരുന്ന അവർ തൊണ്ണൂറ്റിനാലാം വയസ്സിലാണ് ലോകത്തോട് യാത്ര പറഞ്ഞത്. മുത്തശ്ശിയുമായി വളരെയധികം അടുപ്പം സൂക്ഷിച്ചിരുന്ന പ്രിയങ്ക ലോകസുന്ദരി പട്ടം നേടിയതിനു ശേഷം നാട്ടിലെത്തുകയും അവരെ കാണുകയും ചെയ്തിരുന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് മേരി ജോൺ മരിച്ചപ്പോഴും പ്രിയങ്ക നാട്ടിലെത്തി. അന്യമതസ്ഥനെ വിവാഹം ചെയ്ത മേരിയുടെ സംസ്കാരം ജൻമനാടായ കുമരകം ആറ്റാമംഗലത്തെ ഇടവകപ്പള്ളിയിൽ നടത്താൻ അനുവദിക്കാതിരുന്നത് വിവാദമായിരുന്നു. ഇതിനെതിരെ പ്രിയങ്ക മാധ്യമങ്ങളിൽ പ്രതികരിച്ചതും ശ്രദ്ധേയമായി.

മുത്തശ്ശിയുടെ മരണത്തെ തുടർന്ന് പ്രിയങ്ക എഴുതി, ‘ആ കണ്ണുകളിലെ തിളക്കവും ചുണ്ടിലെ ചിരിയും എന്നുമെന്റെ ഓർമകളിലുണ്ടാകും. ഇനി സമാധാനമായി ഉറങ്ങൂ മുത്തശ്ശീ.’

അപ്രതീക്ഷിതം, എല്ലാം

വിവാദങ്ങൾക്കും പഞ്ഞമില്ലാത്ത കരിയറാണ് പ്രിയങ്കയുടേത്. ക്വാൺടികോ സീരീസിലെ എപ്പിസോഡുകളിലൊന്നിൽ പ്രിയങ്ക ഇന്ത്യക്കാരെ തീവ്രവാദികൾ എന്ന് ആക്ഷേപിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായിരുന്നു. ഷോയുടെ അണിയറപ്രവർത്തകർ മാപ്പ് പറഞ്ഞിട്ടും പ്രശ്നം അവസാനിച്ചില്ല. ബോളിവുഡ് സിനിമകളെക്കുറിച്ച് താരം നടത്തിയ കമന്റും നിരവധി പേരെ ചൊടിപ്പിച്ചു. ബോളിവുഡിൽ മേനിപ്രദർശനം നടത്താൻ മാത്രമുള്ളതാണ് നായികമാർ എന്ന പ്രിയങ്കയുടെ കമന്റിനു നേരെ വൻ സൈബർ ആക്രമണം ഉണ്ടായി. ഹോളിവുഡിൽ അവസരങ്ങൾ കിട്ടിയതിന്റെ അഹങ്കാരമാണ് പ്രിയങ്കയ്ക്കെന്ന് വിലയിരുത്തിയവരുമുണ്ട്. എങ്കിലും അഭിപ്രായം പിൻവലിക്കാനോ മാപ്പു പറയാനോ താരം തയാറായില്ല.

അച്ഛനും അമ്മയും ആർമിയിൽ ഡോക്ടർമാർ ആയതിനാൽ ചെറുപ്പം മുതൽക്കേ പല നാടുകളിലായിട്ടാണ് പ്രിയങ്ക ജീവിച്ചത്. പതിമൂന്നാം വയസ്സിൽ പഠനത്തിനായി അമേരിക്കയിലേക്ക്. അമേരിക്കയിലെ കൗമാരകാലഘട്ടത്തിൽ നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ധാരാളം പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. ‘കാലിലെ പാടുകളുടെ പേരിൽ പലരും എന്നെ കളിയാക്കിയിട്ടുണ്ട്. പക്ഷേ, ഇന്ന് അതേ കാലുകൾ ഉപയോഗിച്ച് പരസ്യം ചെയ്ത് കോടികൾ കൊയ്യുന്നത് 12 അന്താരാഷ്ട്ര ബ്രാൻഡുകളാണ്.’ 2016ൽ ടൈം മാഗസിൻ ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിലൊരാളായി പ്രിയങ്കയെ തിരഞ്ഞെടുത്തു.

പ്രിയങ്ക ചോപ്രയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. മോഡലിങ്, സിനിമ, സംഗീതം, ബോളിവുഡ്, ഹോളിവുഡ്, എഴുത്ത്, സാമൂഹ്യപ്രവർത്തനം, അവസാനമോ വിശ്രമമോ ഇല്ലാതെ തുടരുന്ന ജീവിതത്തിലെ ഓരോ അംശവും ആസ്വദിച്ച് പ്രിയങ്ക ഇന്നിൽ ജീവിക്കുന്നു. ‘മേരി കോമിലെ’യും ‘ബർഫി’യിലെയും പോലുള്ള വെല്ലുവിളി നിറ‍ഞ്ഞ കഥാപാത്രങ്ങളിലൂടെ സ്വയം പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ആദ്യ ഹോളിവുഡ് സിനിമ റിലീസായപ്പോൾ നൽകിയ അഭിമുഖത്തിൽ ഉയർന്നൊരു ചോദ്യം, ‘നിങ്ങളുടെ ജീവിതമൊരു പുസ്തകമാക്കിയാൽ അതിന്റെ പേരെന്താകും?’ ആലോചനകളൊന്നും കൂടാതെ, കണ്ണു ചിമ്മാനുള്ള നേരം പോലുമെടുക്കാതെ പ്രിയങ്കയുടെ മറുപടി, ‘അപൂർണം’.