ഏഴാമതും ട്യൂമർ ബാധിതയായി, തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിൽ കഴിയുന്ന നടി ശരണ്യ ശശിയുടെ നിലയിൽ ആശാവഹമായ പുരോഗതി. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ശരണ്യയെ വാർഡിലേക്കു മാറ്റി. കൈ–കാലുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഞരമ്പിനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. വലതു വശത്തെ കൈ–കാലുകൾ തളർന്ന അവസ്ഥയിലാണെങ്കിലും ഇപ്പോൾ, സ്പർശനം തിരിച്ചറിയുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണെന്നും എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇന്നലെ ശരണ്യയെ സന്ദർശിച്ച നടി സീമ.ജി.നായർ ‘വനിത ഓൺലൈനോ’ട് പറഞ്ഞു.
‘‘കയ്യും കാലും അനക്കാൻ പറ്റുന്നില്ലെങ്കിലും തൊടുമ്പോൾ അറിയുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണ്. അതുകൊണ്ടു തന്നെ ഫിസിയോ തെറാപ്പിയിലൂടെ അവളെ സാധാരണ നിലയിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ’’. – സീമയുടെ ശബ്ദത്തിൽ പ്രതീക്ഷ നിറയുന്നു.
‘‘എന്നെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ‘ചേച്ചീ, ഞാനിവിടെ കിടന്ന് മരിക്കുന്നത് സ്വപ്നം കാണുകയായിരുന്നു’ എന്നു പറഞ്ഞു. അതു കേട്ടപ്പോൾ വലിയ വേദന തോന്നി. ‘എനിക്കിതു കേൾക്കണ്ട, അങ്ങനെയൊന്നും സംഭവിക്കില്ല, ഞങ്ങളൊക്കെ ഒപ്പമുണ്ട്’ എന്നാശ്വസിപ്പിച്ചപ്പോൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടു മുകളിലേക്കു നോക്കി കിടന്നു’’.– പറഞ്ഞു തീർക്കും മുമ്പേ, സങ്കടത്താൽ സീമയുടെ വാക്കുകൾ മുറിഞ്ഞു.
‘നൈട്രജൻ കലർന്ന മഴവെള്ളം ലൈംഗിക ശേഷി കൂട്ടും’; ധാരണകളും തെറ്റിദ്ധാരണകളും; മറുപടി
അടുക്കളയിലെ മിനക്കെട്ട പണിക്ക് വിട; ഇനി മിക്സിയിൽ തേങ്ങ ചിരകാം ഈസിയായി
അമ്മയാണ് ഇപ്പോള്‍ ശരണ്യയോടൊപ്പം ആശുപത്രിയിലുള്ളത്. ഇന്നു വൈകുന്നേരത്തോടെ ഡോക്ടറർമാരിൽ നിന്നു വിശദമായ റിപ്പോർട്ട് കിട്ടും എന്നറിയുന്നു.
വലിയ സാമ്പത്തിത ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ശരണ്യയെ സഹായിക്കാൻ നിരവധി പേരാണ് ഇപ്പോൾ മുന്നോട്ടു വരുന്നത്. സാധാരണക്കാർ മുതൽ താരങ്ങൾ വരെ അക്കൂട്ടത്തിലുണ്ട്. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ ശരണ്യയെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി അംഗങ്ങൾക്ക് സന്ദേശമയച്ചിട്ടുണ്ട്. ‘ഫെഫ്ക’യിലെ വനിത വിങ്ങും ഒരു ചെറിയ സഹായം കണ്ടെത്തിക്കഴിഞ്ഞു.
അമ്മ മാത്രമാണ് ശരണ്യയോടൊപ്പമുള്ളത്. രോഗകാലത്ത് സുഹൃത്തുക്കളാണ് ഇവരുടെ സഹായത്തിനുണ്ടായിരുന്നത്. വാടക വീട്ടിലാണ് ശരണ്യയും അമ്മയും താമസം. ആറു വർഷത്തിനിടെ ചികിത്സയ്ക്കായി വൻ തുക ചെലവായി. അഭിനയത്തിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു ആശ്രയം. ശരണ്യയായിരുന്നു ആ കുടുംബത്തിന്റെ അത്താണി എന്നതിനാൽ അവര്‍ രോഗക്കിടക്കയിലായതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.
എപ്പോഴുമെന്ന പോലെ ഇത്തവണയും രോഗത്തെ തോൽപ്പിച്ച് ശരണ്യ ജീവിതത്തിലേക്കു മടങ്ങി വരുമെന്നു തന്നെയാണ് സുഹൃത്തുക്കളുടെയും ശരണ്യയെ സ്നേഹിക്കുന്നവരുടെയും പ്രതീക്ഷ.