Tuesday 18 May 2021 04:12 PM IST

സ്പോർട്സിൽ നിന്ന് ആർട്ട്സിലേക്ക്! ജാവയിലെ ‘അമ്മ’ തനി കോട്ടയംകാരി വീട്ടമ്മ

V.G. Nakul

Sub- Editor

sminu-sijo-2

‘ഓപ്പറേഷൻ ജാവ’യിൽ ബാലു വർഗീസ് അവതരിപ്പിച്ച ആന്റണി ജോർജിന്റെ അമ്മച്ചിയെ സിനിമ കണ്ടവരാരും മറക്കില്ല. ഒരു സാധാരണ മലയാളി വീട്ടമ്മയുടെ ഭാവങ്ങൾ അതേപടി ഉൾക്കൊണ്ടായിരുന്നു സ്മിനു സിജോയുടെ പ്രകടനം. ‘കെട്ട്യോളാണെന്റെ മാലാഖ’യിൽ സ്ലീവാച്ചന്റെ പെങ്ങളായി ഈ അഭിനയ വഴക്കം സ്മിനുവിൽ പ്രേക്ഷകർ മുൻപും കണ്ടിട്ടുള്ളതാണ്. സ്പോർട്സിൽ നിന്നാണ് സ്മിനു അഭിനയത്തിലേക്കെത്തിയിരിക്കുന്നത്. മുൻ കേരള ജൂനിയർ ഹാൻഡ് ബോള്‍ താരമാണ് ഈ ചങ്ങനാശേരിക്കാരി. തിയറ്ററിലും തുടർന്ന് ഒ.ടി.ടിയിലും ‘ജാവയുടെ ഓപ്പറേഷൻ’ സക്സസ് ആയി പ്രദർശനം തുടരുമ്പോൾ ഹാൻഡ് ബോൾ വിട്ട് സിനിമയിലെത്തിയ കഥ സ്മിനു വനിത ഓൺലൈനിൽ പങ്കുവയ്ക്കുന്നു. സംസാരത്തിലൂടന്നീളം ‘ജാവ’യിലെ ‘തഗ് പറയുന്ന അമ്മച്ചി’യുടെ അതേ സ്റ്റൈലിൽ ചിരിയും തമാശയും നിറയ്ക്കുന്നുണ്ടായിരുന്നു സ്മിനു.

‘‘സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ ടീമിൽ അംഗമായിരുന്നു. ജാവലിൻ ത്രോയിലും ഷോട്ട് പുട്ടിലുമൊക്കെ പങ്കെടുത്തിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ജമ്മു കാശ്മീരിൽ നടന്ന മത്സരത്തിലും തുടർന്ന് പഞ്ചാബ്, ഭിലായ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പോയി. നാലു വർഷം ടീമിൽ ഉണ്ടായിരുന്നു. സിനിമയിൽ എത്തിയത് തീർത്തും അവിചാരിതമായാണ്. കൂട്ടുകാരി ഷാന്റി ഒപ്പിച്ച പണി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സ്കൂൾ ബസി’ൽ ഒരു വേഷത്തിന് പറ്റിയ ആളെ ചിത്രത്തിന്റെ സഹസംവിധായകനായ ആന്റണി സോണി അന്വേഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെയും സുഹൃത്തായ ഷാന്റി എന്റെ ഫോട്ടോ ഫെയ്സ്ബുക്കിൽ നിന്നെടുത്ത് കാണിക്കുകയായിരുന്നു. സംഭവം അറിഞ്ഞപ്പോൾ ഞാൻ പേടിച്ചു, പോകില്ലെന്നു തീർത്തു പറഞ്ഞു. എനിക്ക് മൈക്ക് കണ്ടാൽ പോലും ദേഹം വിറയ്ക്കും. ഒടുവിൽ അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാനും ഭർത്താവും കൂടി റോഷൻ സാറിനെ കാണാൻ പോയി. അദ്ദഹം ഓക്കെ പറഞ്ഞപ്പോൾ ഒരു ധൈര്യത്തിന് പോയങ്ങ് അഭിനയിച്ചു’’. – സ്മിനു പറയുന്നു.

sminu-sijo-3

ശ്രീനിവാസന്റെ കുടുംബസുഹൃത്ത്

ഞാൻ സാധാരണ വീട്ടമ്മയാണ്. ചങ്ങനാശേരിയാണ് നാട്. ഭർത്താവ് സിജോയ്ക്ക് ബിസിനസ്സാണ്. രണ്ട് മക്കൾ. മൂത്തയാൾ സിബിൻ ഡിഗ്രി കഴിഞ്ഞു. മോള് സാന്ദ്ര പഠിക്കുന്നു. സ്കൂൾ ബസ് കഴിഞ്ഞ് ‘ഞാൻ പ്രകാശന്‍’ൽ ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ചു. ശ്രീനിയേട്ടൻ എന്റെ അങ്കിളിന്റെ സുഹൃത്താണ്. ഞങ്ങളുടെ കുടുംബ സുഹൃത്തും. ശ്രീനിയേട്ടന്റെ ഭാര്യ വിമല ആന്റിയുമായും വലിയ കൂട്ടാണ്. ശ്രീനിയേട്ടൻ പറഞ്ഞിട്ടാണ് ‘ഞാൻ പ്രകാശന്‍’ലേക്ക് വിളിച്ചത്. പക്ഷേ, കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് ‘കെട്ട്യോളാണെന്റെ മാലാഖ’യിലൂടെയാണ്. അതില്‍ എന്റെ മോളും അഭിനയിച്ചിട്ടുണ്ട്: എന്റെ മകളായിത്തന്നെ. അതിനു ശേഷം കുറേ അവസരങ്ങൾ വന്നു. ഇനി റിലീസാകാനും കുറേ സിനിമകളുണ്ട്. ‘മധുരം’, ‘മെമ്പർ രമേശൻ’, ‘ഭ്രമം’ എന്നിവയാണ് അടുത്തിടെ അഭിനയിച്ചത്. ‘ഭ്രമ’ത്തിൽ ലോട്ടറിക്കച്ചവടക്കാരിയുടെ റോൾ. ‘മെമ്പർ രമേശ’നിൽ അർജുൻ അശോകന്റെ അമ്മ വേഷവും. വലിയ പ്രതീക്ഷയുള്ള റോളാണത്. ഓരോ സിനിമ കഴിയുന്തോറും അഭിനയത്തോടുള്ള പേടി മാറി വരുന്നു. പേടിയുണ്ടെങ്കിലും പുറത്ത് കാണിക്കാറില്ല.

sminu-sijo-4

സ്പോർട്സ് വിട്ട കഥ

‘കെട്ട്യോളാണെന്റെ മാലാഖ’യിലേതു പോലെ എന്റെ വീട്ടിലും മൂന്ന് പെണ്ണും ഒരാണുമാണ്. ഞാനാണ് മൂത്തത്. പപ്പായ്ക്ക് അടുപ്പിച്ച് ഒന്നുരണ്ട് ഹാർട്ട് അറ്റാക്കുകൾ വന്നു. അതുകൊണ്ട് എന്റെ കല്യാണം നേരത്തേ കഴിഞ്ഞു. കല്യാണം കഴിഞ്ഞ് ഏറെക്കഴിയും മുമ്പേ പപ്പ പോയി. അതിനു ശേഷം സ്പോർട്സ് വിട്ട്, കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞു. ‘ഒറ്റക്കൊമ്പന്‍’ സംവിധാനം ചെയ്യുന്ന മാത്യൂസ് തോമസ് വഴിയാണ് ‘കെട്ട്യോളാണെന്റെ മാലാഖ’യിലേക്കെത്തിയത്. അവർ കാസ്റ്റ് ചെയ്ത് അറിയിച്ചതാണ്. അദ്ദേഹം വഴിയാണ് ‘ജാവ’യിലും വിളിച്ചത്. രണ്ടു പടത്തിലും മാത്യൂസ് പിന്നണിയിൽ സജീവമായിരുന്നു. ‘ജാവ’യിലെ റോള്‍ ശ്രദ്ധിക്കപ്പെട്ടതില്‍ വലിയ സന്തോഷം.

ചക്ക വീണ് മുയല് ചത്തു

പണ്ട് പള്ളിയിലെ ഒരു പരിപാടിയിൽ അങ്കിൾ നിർബന്ധിച്ചപ്പോൾ സ്റ്റേജിൽ കയറിയിട്ടുണ്ടെന്നല്ലാതെ ആദ്യം അഭിനയിക്കുന്നത് സിനിമയിലാണ്. ‘ചക്ക വീണ് മുയല് ചത്തു’ എന്നും പറയാം. ഭർത്താവിന്റെയും മക്കളുടെയും പിന്തുണയാണ് എന്റെ ബലം. ഞാനൊരിക്കലും സ്വപ്നം കാണാത്ത ഇടത്താണ് എത്തി നിൽക്കുന്നത്. തമാശയ്ക്ക് പറഞ്ഞാൽ, മരിക്കുമ്പോൾ ആരെങ്കിലും എന്റെ പടം വച്ച പോസ്റ്റർ ഏതെങ്കിലും പോസ്റ്റിൽ ഒട്ടിക്കും എന്നു മാത്രം കരുതിയ ഞാനാ...ആ എന്റെ ഫോട്ടോ സിനിമാ പോസ്റ്ററിൽ കാണുമ്പോ ഞെട്ടാതിരിക്കുന്നതെങ്ങനെ. എന്റെ അഭിനയം കണ്ട് എന്നെ അറിയാവുന്നവരൊക്കെ പറയുന്നത്, ചേച്ചി അഭിനയിക്കുന്നില്ലല്ലോ എന്നാണ്. സിനിമയിൽ കാണുന്ന അതേ രീതിയിലാണ് ഞാൻ ജീവിതത്തിലും സംസാരിക്കുന്നതൊക്കെ. എനിക്ക് പാവം കളിക്കാനാണ് പാട്....

sminu-sijo-1