Tuesday 12 March 2024 12:09 PM IST : By സ്വന്തം ലേഖകൻ

‘ആടുജീവിതം’ അലംകൃത കാണുന്ന എന്റെ ആദ്യ സിനിമ: ഈ സിനിമ മകളെ അഭിമാനത്തോടെ കാണിക്കുമെന്നു പൃഥ്വിരാജ്

prithviraj

ഇതുവരെ തന്റെ ഒരു സിനിമയും മകൾ അലംകൃതയെ കാണിച്ചിട്ടില്ലെന്നും ആദ്യമായി മകളെ കാണിക്കുന്ന തന്റെ സിനിമ ആടുജീവിതം ആയിരിക്കുമെന്നും നടൻ പൃഥ്വിരാജ്.

‘ഞാൻ എന്റെ മകൾക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും. കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും ചോദിക്കാറുണ്ട് നിങ്ങൾ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്. അവൾക്ക് 9 വയസ്സേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോൾ അച്ഛൻ സ്ക്രീനിൽ എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോൾ അവൾക്കു മനസ്സിലാവും അവളുടെ അച്ഛൻ ഒരു ആക്റ്റർ ആണെന്നും, ഒരു ആക്റ്റർ എന്നാൽ എന്താണ് അർഥമെന്നും’. – ‘ആടുജീവിതം’ റിലീസിനോടനുബന്ധിച്ചു കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തില്‍ പൃഥ്വി പറഞ്ഞു.

ആടുജീവിതത്തിനായി ഡേറ്റ് നൽകുമ്പോൾ മകൾ ജനിച്ചിട്ടില്ല. മകളുടെ വളർച്ചയെല്ലാം ഈ സിനിമയ്ക്ക് ഒപ്പമായിരുന്നു. ഭാവിയിൽ സിനിമ എന്തെന്നു മനസ്സിലാക്കാൻ അവൾ കണ്ടിരിക്കേണ്ടത് ആടുജീവിതമാകണം എന്നാണ് ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.