Wednesday 07 August 2019 02:37 PM IST

പ്രസവിച്ച് 90 തികയും മുമ്പ് സുഖമില്ലാത്ത എന്റെ കുഞ്ഞിനേയും കൊണ്ട് അഭിനയിക്കാന്‍ പോയിട്ടുണ്ട്; സീമ ജി.നായർ

Roopa Thayabji

Sub Editor

seema

വർഷങ്ങൾക്കു മുമ്പാണ്. മുണ്ടക്കയത്തെ ചെറിയ സ്റ്റേഷനറി കടയിലേക്കു സാധനങ്ങളെടുക്കാൻ പുറത്തുപോകുമ്പോൾ പാവാടക്കാരിയായ ഇളയ മകളെയാണ് ആ അച്ഛൻ കടയിലിരുത്തുക. അരപ്പാവാടയുടെ അടിവശം മടക്കിത്തയ്ച്ച തയ്യൽ കുറച്ച് ഇളക്കിയിട്ട്, പണപ്പെട്ടിയിൽ നിന്ന് അടിച്ചുമാറ്റുന്ന ചില്ലറത്തുട്ടുകൾ അവൾ അകത്തേക്ക് തിരുകി വയ്ക്കും. ആ കുഞ്ഞുമോഷണം അടുത്ത കടയിലെ ജോയിച്ചായനും ചാണ്ടിച്ചായനുമൊക്കെ കാണും. അവർ കാര്യം പറയുമെങ്കിലും ഇങ്ങനെ അടിച്ചുമാറ്റുന്ന ചില്ലറ കൊണ്ടാണ് മകൾ പാവപ്പെട്ടവരെ സഹായിക്കുന്നതെന്ന് അറിയാമായിരുന്ന അച്ഛൻ ആ കള്ളത്തരം ഒരിക്കലും കണ്ടുപിടിച്ചതേയില്ല.

അടിച്ചുമാറ്റുന്ന ചില്ലറത്തുട്ടുകൾ കൊണ്ട് പാവപ്പെട്ടവരെ സഹായിച്ച ആ മകളുടെ പേര് സീമ ജി. നായർ എന്നാണ്. നാടകത്തിൽ തുടങ്ങി, സീരിയൽ വസന്തം വിരിഞ്ഞ കാലം തൊട്ട് ടെലിവിഷനിലും പിന്നീട് സിനിമയിലും ചുവടുറപ്പിച്ച് അഭിനയരംഗത്ത് 33 വർഷം പിന്നിട്ട അതുല്യ കലാകാരി. ജീവിതത്തിന്റെ ഓരോ ഏടിലും കരുണയുടെ തൂവൽ കരുതിവച്ച സീമയുടെ ജീവിതം അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് സീരിയൽ താരമായ ശരണ്യ ശശിയുടെ കാൻസർ ചികിത്സയ്ക്ക് സഹായം അഭ്യർഥിച്ച് സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ്. ജീവിതം നൽകിയ ഗ്ലിസറിൻ നനവില്ലാത്ത കണ്ണീരോർമകളെ സ്നേഹം ചാലിച്ച ചിരിയിലൊളിപ്പിച്ച് സീമ സംസാരിച്ചതു മുഴുവൻ കരുണയെ കുറിച്ചാണ്.

∙ ഈ കരുതൽ പണ്ടുതൊട്ടേ ഉണ്ടോ ?

പണ്ടുമുതലേ എല്ലാ കാര്യത്തിലും ആക്ടീവായിരുന്നു. എന്റെ കൂടെ സ്കൂളിൽ പഠിച്ച മേബിൾ ശരണ്യയുടെ വിഡിയോ വൈറലായതിനു പിന്നാലെ മെസേജ് അയച്ചു, ‘കുട്ടിക്കാലം തൊട്ടേ ചെയ്തിരുന്ന കാര്യങ്ങളാണ് നീ ഇപ്പോഴും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ സഹായമനസ്സ് കാണുമ്പോൾ ഞങ്ങൾക്കാർക്കും അത്ഭുതമില്ല.’

തീരെ ചെറിയ കുട്ടിയായിരുന്നപ്പോഴത്തെ ഓർമയാണ്. മഴക്കാലത്ത് താഴ്ന്ന സ്ഥലങ്ങളിലൊക്കെ വെള്ളം കയറുമ്പോൾ എന്റെ സ്കൂളിലും ദുരിതാശ്വാസ ക്യാംപ് തുറക്കും. ക്യാംപിലേക്ക് അരിയും സാധനങ്ങളുമെത്തിക്കാൻ ഞാനായിരുന്നു മുന്നിൽ. വർഷങ്ങൾക്ക് മുമ്പ് ‘വനിത’യിൽ ‘മേക് എ വിഷി’ന്റെ പിന്നണിക്കാരി ബിന്ദു നായരെ കുറിച്ച് ലേഖനം വന്നിരുന്നു. അവരുടെ നമ്പർ സംഘടിപ്പിച്ച് ഞാൻ വിളിച്ചു, കേരളത്തിൽ ഇത് നടപ്പാക്കുന്നുണ്ടെങ്കിൽ ഞാൻ സംഘാടകയാകാം എന്നു പറഞ്ഞു. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ഒരു ആഗ്രഹമാണ് സാധിച്ചു കൊടുക്കുന്നത്.

ബാർബി ഡോൾ മുതൽ ഫോണും ലാപ്ടോപ്പും വിമാനയാത്രയും താരങ്ങളെ കാണണമെന്നുമൊക്കെ പറഞ്ഞവരുണ്ട്. തൃപ്പൂണിത്തുറയിലെ കൃപ എന്ന കൊച്ചുകുട്ടിക്ക് ട്യൂമർ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച പോയതാണ്. അവളുടെ ആഗ്രഹം നടൻ ദിലീപിനെ കാണണമെന്നായിരുന്നു. അവളെ ആലുവയിലെ വീട്ടിൽ കൊണ്ടുചെന്നപ്പോൾ ഉടുപ്പും മിഠായികളുമൊക്കെയായി ദിലീപ് കാത്തിരിപ്പുണ്ടായിരുന്നു. പാലിയേറ്റീവ് കെയറിന്റെ പരിപാടിയിൽ വച്ച് ഒരച്ഛൻ പറഞ്ഞു, മകളുടെ വിവാഹം നടന്നുകാണണം. അദ്ദേഹം മരിക്കും മുമ്പ് കഷ്ടപ്പെട്ടാണെങ്കിലും ആ ആഗ്രഹം സാധിച്ചുകൊടുത്തു. ആ മകളുടെ കുഞ്ഞിനെ ആദ്യം കൈയിലേക്ക് വാങ്ങിയതും പേരിട്ടതും ഞാനാണ്.

∙ അമ്മയുടെ കലാപാരമ്പര്യമാണോ കിട്ടിയത് ?

അമ്മയുടെ അച്ഛൻ ആലപ്പി ലംബോധര ഭാഗവതർ വലിയ പാട്ടുകാരനായിരുന്നു. മുത്തച്ഛന്റെ കലാപാരമ്പര്യത്തിന്റെ ചുവടുപിടിച്ച് അമ്മ 13 വയസ്സിൽ തന്നെ നാടകത്തിലേക്കെത്തി.

അമച്വർ നാടകത്തിലൂടെയാണ് അമ്മയുടെ തുടക്കം. എനിക്ക് ഓർമ വച്ച കാലത്ത് അമ്മ പ്രശസ്തയായ നാടകനടി ‘ചേർത്തല സുമതി’യാണ്. അച്ഛൻ എം.ജി. ഗോപിനാഥൻ പിള്ള കരുനാഗപ്പള്ളിക്കാരനാണ്. ഇരുവരും വിവാഹശേഷം മുണ്ടക്കയത്ത് താമസം തുടങ്ങി.

മുണ്ടക്കയം സെന്റ് ജോസഫ്സ് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പഠിക്കാൻ കുറച്ച് മോശമായിരുന്നു. പക്ഷേ, കലാമത്സരങ്ങളിലൊക്കെ എപ്പഴും സമ്മാനം കിട്ടും. അക്കാലത്തൊക്കെ നാടകത്തിൽ പാട്ടുപാടി അഭിനയിക്കുന്ന ശൈലിയല്ലേ, അമ്മ നന്നായി പാടി അഭിനയിക്കും. ഒന്നാം ക്ലാസിൽ വച്ചാണ് ഞാൻ ആദ്യമായി പാട്ടുപാടാൻ സ്റ്റേജിൽ കയറിയത്. കുണുക്കിട്ട കോഴി കുളക്കോഴി, മല്ലീസായകാ, ദ്വാരകേ ദ്വാരകേ, കിളിയേ കിളിയേ, ഗോപുരമുകളിൽ, പ്രിയസഖി ഗംഗേ ഒക്കെയായിരുന്നു അക്കാലത്തെ സ്ഥിരം നമ്പറുകൾ. ഒരുപാട് സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്.

അങ്ങനെയിരിക്കെ സ്കൂൾ നാടകത്തിൽ ഡോക്ടറുടെ റോൾ ചെയ്യാൻ വിളിച്ചു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണത്. റിഹേഴ്സൽ തുടങ്ങിയപ്പോഴേ ഞാൻ ചിരി തുടങ്ങി. കൂടെയുള്ളവർ സീരിയസായി ഡയലോഗ് പറയുന്നത് എനിക്കെന്തോ തമാശയായാണ് തോന്നിയത്. ആ ചിരി കാരണം റിഹേഴ്സൽ കുളമായതോടെ തട്ടിൽ കയറും മുമ്പേ ഞാൻ നാടകത്തിൽ നിന്ന് ഔട്ടായി. പത്താം ക്ലാസ് കഴിഞ്ഞ് തൃപ്പൂണിത്തുറ ആർഎൽവി സംഗീതകോളജിൽ ചേർന്നു, മെയിൻ വയലിനും സബ് വോക്കലുമായിരുന്നു. പാട്ടു ടീച്ചറാകാനായിരുന്നു എന്റെ ആഗ്രഹം.

s1

∙ പിന്നെയെങ്ങനെ നാടകത്തിലെത്തി ?

ആർഎൽവിയിൽ പഠിക്കുമ്പോൾ ആദ്യവർഷത്തെ ഓണം വെക്കേഷന്റെ സമയത്താണ് അതു സംഭവിച്ചത്. ഞങ്ങളുടെ പഠിത്തം തൃപ്പൂണിത്തുറയിലായതിനാൽ മുണ്ടയത്തെ വീടു വിറ്റ് കൊച്ചി, എളമക്കരയിലേക്ക് താമസം മാറിയിരുന്നു. കൊച്ചിൻ സംഘമിത്രയുടെ പുതിയ നാടകത്തിന് നായികയെ തേടുന്ന കാലമാണ്. അവരുടെ നാടക ക്യാംപ് ഞങ്ങളുടെ വീടിനടുത്തും. ‘ഏപ്രിൽ 18’ സിനിമ റിലീസായ സമയമാണ്, അതിലെ ശോഭനയെ പോലെ ഒരു പെൺകുട്ടിയെയാണ് അവർ അന്വേഷിച്ചു കൊണ്ടിരുന്നത്. കുറേ അലഞ്ഞിട്ടും നായികയെ കിട്ടാതായപ്പോൾ ആരോ എന്റെ കാര്യം പറഞ്ഞു. അങ്ങനെ സംഘമിത്രയുടെ ഉടമ സതീഷേട്ടനും നടനായ നാഗേന്ദ്രൻ ചേട്ടനും കൂടി വീട്ടിലേക്ക് വന്നു. ഞാനപ്പോൾ സൈക്കിൾ ചവിട്ടാൻ പോയിരിക്കുകയാണ്.

അഭിനയിക്കാൻ അറിയില്ല, ഡയലോഗൊന്നും കാണാപ്പാഠം പഠിക്കാൻ ഒട്ടും പറ്റില്ല എന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. വെക്കേഷന്റെ പത്തുദിവസം മാത്രം വന്നാൽ മതി, അപ്പോഴേക്കും മറ്റൊരു നടിയെ തപ്പിയെടുക്കാം എന്നു പറഞ്ഞ് അവർ നിർബന്ധിച്ചു. ചരിത്രനാടകത്തിലെ പോലെ ഡയലോഗൊന്നും പറയാൻ പറ്റില്ലെന്ന് ആദ്യമേ തന്നെ പറഞ്ഞു. സാധാരണ സംസാരിക്കുന്ന പോലെ പറഞ്ഞാൽ മതിയെന്നായി അവർ. അവസാനം പത്തു ദിവസത്തേക്ക് ‘കന്യാകുമാരിയിൽ ഒരു കടങ്കഥ’ എന്ന നാടകത്തിലെ സുഷിമോളായി. പെൺമക്കളെ നാടകത്തിലേക്ക് വിടാൻ അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. നാടകം കഴിഞ്ഞ് വെളുപ്പിന് വന്നിറങ്ങുമ്പോൾ ആളുകളൊക്കെ നോക്കിയിരുന്നത് മറ്റൊരു കണ്ണോടെയാണ്. ആ അപമാനം അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഞാൻ നാടകത്തിൽ അഭിനയിക്കാൻ സമ്മതിച്ചു എന്നറിഞ്ഞ് അമ്മ വലിയ കരച്ചിലായിരുന്നു. പക്ഷേ, പത്തുദിവസത്തേക്കായതിനാൽ സമ്മതിച്ചു.

ആ നാടകത്തിലെ കോട്ടയം സ്ലാങ്ങിലുള്ള എന്റെ വർത്തമാനം ഹിറ്റായി. നാടകത്തിനു വൻ ഡിമാൻഡ്. ഒരു നാടകത്തിന് 75 രൂപയാണ് അന്നു പ്രതിഫലം, നാലു നാടകം വരെ കളിക്കാൻ തുടങ്ങിയതോടെ ഒരു ദിവസം 300 രൂപ പ്രതിഫലം കിട്ടും. അന്നുവരെ അച്ഛന്റെ കടയിലെ ചില്ലറത്തുട്ടുകൾ അടിച്ചുമാറ്റി നടന്ന എനിക്ക് അതൊക്കെ സ്വപ്നതുല്യമായിരുന്നു. സ്റ്റേജിൽ കിട്ടിയ കൈയടിയും വലിയ ത്രില്ലായി. തൊട്ടടുത്ത വർഷം അമ്മ കൂടി എന്റെ നാടകസംഘത്തിൽ ചേർന്നു.

∙ അമ്മയ്ക്കൊപ്പം വേദിയിൽ ?

‘ഇനിയും ഒരു കഥ പറയാം’ എന്ന നാടകത്തിൽ ഞങ്ങൾ അമ്മയും മകളുമായി തന്നെയാണ് അഭിനയിച്ചത്. സെന്റിമെൻസ് സീനിൽ ഗ്ലിസറിനില്ലാതെ അമ്മ ചങ്കുപൊട്ടി കരയുന്നത് കണ്ട് ഞാനും നിർത്താതെ കരയുമായിരുന്നു. അമ്മ നന്നായി കോമഡിയും ചെയ്യും. ‘ആയിരം സൂര്യഗായത്രികൾ’ എന്ന നാടകത്തിലെ ഭ്രാന്തിയുടെ റോളിലൂടെ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് അമ്മ വീട്ടിലേക്ക് കൊണ്ടുവന്നു.

ഒരിക്കൽ ഓച്ചിറയിലെ ഒരു നാടകത്തിനിടെ ബാത്റൂമിൽ പോയിവന്ന അമ്മയ്ക്ക് നെഞ്ചിൽ എന്തോ അസ്വസ്ഥത. നോക്കുമ്പോൾ മാറിടം ആപ്പിൾ പോലെ ഇരിക്കുന്നു. ചേച്ചിയാണ് അമ്മയെയും കൊണ്ട് ആശുപത്രിയിൽ പോയത്. ടെസ്റ്റ് ചെയ്തപ്പോൾ കാൻസറിന്റെ സെക്കൻഡ് സ്റ്റേജ് ഏതാണ്ട് പിന്നിടുന്നു, ഉടൻ സർജറി നടത്താതെ രക്ഷയില്ല. തിരുവനന്തപുരത്ത് ആർസിസിയിൽ വച്ച് സർജറി നടത്തി മാറിടം റിമൂവ് ചെയ്തു. നാടകത്തിലെ അമ്മയുടെ റോളിലേക്ക് സൗദാമിനി എന്ന നടി വന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പോകുന്ന ദിവസം എനിക്ക് കൊല്ലത്താണ് നാടകം. നാടകവണ്ടി കാത്തുനിൽക്കുന്നത് കൊല്ലം ബസ് സ്റ്റാൻഡിനടുത്തുള്ള വേളാങ്കണ്ണി പള്ളിയുടെ മുന്നിലാണ്. ഞാൻ കയറി നോക്കുമ്പോൾ സൗദാമിനി ചേച്ചി വണ്ടിയിലില്ല. ചേർത്തലയിൽ കാത്തുനിന്ന ചേച്ചിയെ പിക്ക് ചെയ്യാൻ ഡ്രൈവർ മറന്നുപോയതാണ്. വിളിച്ചുപറയാൻ അന്നു മൊബൈൽ ഫോണൊന്നും ഇല്ലല്ലോ.

രണ്ടു നാടകമുണ്ട് അന്ന്. ആദ്യസ്റ്റേജ് തുടങ്ങാൻ മണിക്കൂറുകളേ ബാക്കിയുള്ളൂ. എന്തുചെയ്യുമെന്ന് കുഴങ്ങിനിൽക്കുമ്പോൾ ഒരു ശബ്ദം, ‘ഞാൻ കയറാം സ്റ്റേജിൽ...’ തുന്നിക്കൂട്ടിയ നെഞ്ചിലേക്ക് കുറേ ട്യൂബുകളും ബാൻഡേജുമൊക്കെ പിടിപ്പിച്ചു നിൽക്കുന്ന അമ്മയാണത് പറഞ്ഞത്. ‘ഈ സ്റ്റേജിൽ വീണുമരിച്ചാലും വേണ്ടില്ല, നാടകം മുടങ്ങുന്നത് സഹിക്കാൻ പറ്റില്ല.’ ആ വാക്കുകേട്ട് ഞാൻ സമ്മതം നൽകി. സ്റ്റേജിൽ വച്ച് കൈവീശി ഡയലോഗ് പറയുന്നതിനിടെ മുറിവിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങി അമ്മയുടെ ബ്ലൗസും സാരിയും നനയുന്നത് കണ്ട് കരയാതിരിക്കാൻ ഞാൻ പാടുപെട്ടു. പിന്നീട് അമ്മയ്ക്ക് നാടകം ചെയ്യാൻ കഴിഞ്ഞില്ല. അർബുദം മൂന്നാം സ്റ്റേജിലേക്ക് കടന്ന് എല്ലുകളെ ബാധിച്ച് കുറച്ച് കഷ്ടപ്പെട്ടാണ് അമ്മ മരിച്ചത്. അമ്മ മരിക്കുന്നതിനു കുറച്ചു മാസഹ്ങൾക്ക് മുമ്പ് ‘ആശ്ചര്യചൂഢാമണി’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു.

s2

∙ മകളുടെ വിവാഹം അമ്മയുടെ ടെൻഷനായിരുന്നോ ?

ഒരു ഓണക്കാലത്താണ് അച്ഛൻ മരിച്ചത്. മഞ്ഞപ്പിത്തം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ അച്ഛൻ പോയി. അച്ഛന്റെ ബോഡി വീട്ടിൽ കിടത്തിയതിനു പിന്നാലെ നാടകവണ്ടിയെത്തി. അമ്മയും ഞാനും വിഷമം മനസ്സിലൊതുക്കി നാടകത്തിനു പുറപ്പെട്ടു. അതങ്ങനെയാണ്, മരിച്ചുവീണെന്നു പറഞ്ഞാലും നാടകം മാറ്റിവയ്ക്കാൻ പറ്റില്ല. നാടകക്കാരി എന്ന പേരു കിട്ടിയതു കൊണ്ട് എന്റെ വിവാഹം നടക്കാതിരിക്കുമോ എന്നൊക്കെ അമ്മയ്ക്ക് ടെൻഷനുണ്ടായിരുന്നു.

വളരെ കാലമായി പരിചയമുണ്ടായിരുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ വിഷമഘട്ടം വന്നപ്പോൾ സ്വയം തയാറായി ഞാനദ്ദേഹത്തിന്റെ ഭാര്യയായതാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. അപ്പോഴും ഞാൻ നാടകങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. മോന് ജനിച്ചപ്പോൾ തന്നെ ഹാർട്ടിന് കുഴപ്പമുണ്ടായിരുന്നു. കുറച്ചു നാളിനകം വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് മോനെയും കൊണ്ട് ഞാൻ വീട്ടിലേക്ക് പോന്നു.

∙ മലയാള സീരിയലിന്റെ തലതൊട്ടമ്മയാണ് ?

ആദ്യനാടകത്തിൽ അഭിനയിക്കുന്ന കാലത്തു തന്നെയാണ് ആദ്യമായി ദൂരദർശനിലെ ഒരു സീരിയലിലേക്കു വിളിക്കുന്നത്. ‘ചേറപ്പായി കഥകളി’ലെ കോമഡി റോൾ വലിയ ഹിറ്റായി. പിന്നീട് മാനസി, കാലനും കണ്ടകശ്ശനി, ഉദ്യോഗസ്ഥ, മരുഭൂമിയിൽ പൂക്കാലം... സീരിയലുകളുടെ പൂക്കാലം തന്നെയായിരുന്നു അത്. 300സീരിയലുകൾ വരെ എണ്ണി, ഷോർട്ഫിലിമുകളുടെ എണ്ണം അതിലേറെ വരും.

പ്രസവിച്ച് 28 ദിവസം തികയും മുമ്പ് അമ്മ നാടകത്തിനു പോയിട്ടുണ്ട്. സ്റ്റേജിന്റെ താഴെ തൊട്ടിൽ കെട്ടി എന്നെ കിടത്തും. അമ്മയുടെ സീൻ കഴിഞ്ഞുള്ള ഗ്യാപ്പിൽ ഓടിവന്ന് അടുത്തിരിക്കും. മോനുണ്ടായി 90 ദിവസം തികയും മുമ്പാണ് ഞാൻ ‘മാനസി’ സീരിയൽ ചെയ്തത്. ചെന്നൈയിൽ ഷൂട്ടിങ് നടക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആർട്ടിസ്റ്റുകൾക്ക് താമസം, താഴെ നിലയിൽ ഷൂട്ടിങ്. അവിടെ ലിഫ്റ്റില്ല. കുഞ്ഞിന് ഹാർട്ടിന് കുഴപ്പമുള്ളതു കൊണ്ട് അലർജിയൊന്നും വരാൻ പറ്റില്ല. താഴെ ഷൂട്ടിങ് നടക്കുമ്പോൾ മുകളിൽ മോന്റെ കരച്ചിൽ കേൾക്കാം. ഷോട്ട് കഴിഞ്ഞ് ഞാൻ ഓടി മുകളിൽ പോയി കുഞ്ഞിനെ എടുക്കും. ‘ഗോകുലം’ സീരിയലിന്റെ ഷൂട്ടിങ് കാക്കനാട്ടെ ഒരു തറവാട്ടു വീട്ടിലാണ്. വീടിന്റെ പിൻഭാഗത്തെ ഇറയത്ത് തൊട്ടിൽ കെട്ടി കുഞ്ഞിനെ കിടത്തി താഴെ പായ വിരിച്ചാണ് ഞാൻ കിടക്കുക. നാലാം വയസ്സിൽ സർജറി കഴിഞ്ഞ ശേഷമാണ് മോന്റെ അസുഖം മാറിയത്. മോന്റെ ഓപ്പറേഷൻ നടക്കുമ്പോൾ ‘സ്ത്രീ’ സീരിയലിൽ അഭിനയിക്കുകയാണ് ഞാൻ. ചെറായി ബീച്ചിലാണ് ലൊക്കേഷൻ. ഷൂട്ടിങ് സ്ഥലത്തുനിന്ന് അമൃത ആശുപത്രിയിലേക്ക് പാഞ്ഞെത്തുമ്പോൾ മൈക്കിലൂടെ അനൗൺസ്മെന്റ് കേൾക്കാം, ‘ആരോമലിന്റെ ബൈസ്റ്റാൻഡർ എത്രയും വേഗം ഐസിയുവിനു മുന്നിലെത്തുക’ എന്ന്.

∙ സിനിമയിലെത്താൻ പിന്നെയും വൈകി ?

1988ൽ തന്നെ ആദ്യ സിനിമയിൽ അഭിനിയിച്ചിരുന്നു, പത്മരാജൻ സാറിന്റെ ‘പറന്നു പറന്ന് പറന്ന്.’ നടൻ ജോസ് പ്രകാശ് സാർ അമ്മയുടെ കൂടെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്, പ്രേംപ്രകാശ് ചേച്ചിയുടെ കൂടെ ഒരുപാട് പരിപാടികളിൽ പാടിയിട്ടുമുണ്ട്. അങ്ങനെയാണ് ആ സിനിമയിൽ ചാൻസ് കിട്ടിയത്. പിന്നീട് ‘നേരം പുലരുമ്പോൾ.’ അതിനു ശേഷം അഭിനയിച്ച ‘അടുത്തടുത്തടുത്തി’ൽ ഞാൻ മോഹൻലാലിന്റെ ഭാര്യയായിരുന്നു. ലാലേട്ടനു പോലും ഇപ്പോഴത് ഓർമയുണ്ടാകില്ല. അന്നെനിക്ക് പതിനെട്ടു വയസ്സേയുള്ളൂ.

വർഷങ്ങൾക്കു ശേഷമാണ് പിന്നെ സിനിമയിലേക്ക് വിളി വന്നത്, ‘കാബൂളിവാല’യിലേക്ക്. പക്ഷേ, ആരോ പറ്റിക്കുകയാണെന്നോർത്ത് ആ സിനിമ ചെയ്യാൻ കൂട്ടാക്കിയതേയില്ല. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് ‘ക്രോണിക് ബാച്ചിലർ’ വന്നു. രണ്ടു സീനേ ഉള്ളെങ്കിലും വളരെ പ്രാധാന്യമുള്ള റോളാണെന്നു പറഞ്ഞ് സിദ്ദിഖ് സാർ വിളിക്കുകയായിരുന്നു. അതിലഭിനയിക്കാൻ ചെന്നപ്പോഴാണ് ‘കാബൂളിവാല’യിലേക്ക് വിളിച്ചത് സത്യമാണ് എന്നദ്ദേഹം പറഞ്ഞത്.

∙ മലയാളത്തിലെ ‘അമ്മയില്ലാ’ കാലത്തും ശക്തമായ അമ്മവേഷങ്ങൾ ചെയ്തു ?

‘അപ്പോത്തിക്കരി’യിലാണ് എന്റെ അമ്മറോളുകളുടെ ജൈത്രയാത്ര തുടങ്ങുന്നത്. ബോഡി ഗാർഡ്, 1983, കുഞ്ഞിരാമായണം, ഹാപ്പി ജേർണി, അലമാര, സ്ട്രീറ്റ്ലൈറ്റ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, അതിന്റെ തമിഴ് റീമേക്കായ അജിത് ഫ്രം അറുപ്പുകോട്ടെ, ഒരു യെമണ്ടൻ പ്രേമകഥ... തമിഴിൽ ‘ഭൈരവ’യിലെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ചേരൻ സാറിന്റെ അമ്മയായി തമിഴിൽ ‘തിരുമണം’ ചെയ്തു. ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലെ ഊമയുടെ റോൾ മറക്കാനാകില്ല. സലീം കുമാറേട്ടന്റെ കൂടെ ഡയലോഗ് പറഞ്ഞുപോലും പിടിച്ചുനിൽക്കാൻ പറ്റില്ല. പക്ഷേ, അത്രയും അലമ്പുള്ള ഭാര്യയുടെ റോൾ ഊമയായിട്ടു കൂടി അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റി. എന്റെ ശബ്ദത്തിന് സ്വവേ തന്നെ ഒരു ഇടർച്ചയുണ്ട്. അതുകൊണ്ട് ഇമോഷണൽ സീനിൽ

ഇടർച്ചയൊന്നും ബുദ്ധിമുട്ടി ഇടേണ്ട കാര്യമില്ല. അടുത്തിടെ ട്രോൾ കണ്ടു, റാണി മുഖർജിയും ഞാനും ഒരേ സൗണ്ട് ബോക്സും കൊണ്ടാണ് നടക്കുന്നതെന്ന്.

∙ കുടുംബത്തിന്റെ കരുതലിനെ കുറിച്ച് ?

എന്റെ മോൻ ആരോമൽ ബിബിഎ കഴിഞ്ഞ് ഐഇഎൽടിഎസിനു പഠിക്കുന്നു. ചേച്ചി രേണുക ഗിരിജൻ പാട്ടുകാരിയും പാട്ടു ടീച്ചറുമാണ്. സംഗീതസംവിധായകൻ ദീപക് ദേവിന്റെ ഭാര്യ സ്മിത, രേണുക ചേച്ചിയുടെ മകളാണ്. ചേട്ടൻ എം.ജി. അനിൽ സംഗീത സംവിധായകനായി.

ഫോട്ടോ: ഷിജിൻ സോൾ ബ്രദേഴ്സ്