Thursday 04 January 2024 12:30 PM IST : By സ്വന്തം ലേഖകൻ

‘അഭിനയം മാത്രമാണ് എന്റെ പാഷന്‍, ഇതെന്റെ അവസാന ഗാനം’; സംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്ന് സെലീന ഗോമസ്

selena-gooo34

സംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പോപ് ഗായിക സെലീന ഗോമസ്. ഒരു ആൽബം പുറത്തിറക്കാനൊരുങ്ങുകയാണെന്നും അത് തന്റെ അവസാന ഗാനമായിരിക്കുമെന്നും ഗായിക വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സെലീനയുടെ വെളിപ്പെടുത്തല്‍. പാട്ട് നിർത്തി ഇനി അഭിനയത്തിലേക്കും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കാനാണു പദ്ധതിയെന്നും ഗായിക കൂട്ടിച്ചേർത്തു. 

സെലീന ഗോമസിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. ഗായിക തമാശയ്ക്ക് പറയുന്നതാണെന്നാണ് ചിലരുടെ പ്രതികരണം. ഗായികയുടേത് വളരെ മികച്ച തീരുമാനമാണെന്നും സെലീനയ്ക്ക് അഭിനയത്തിൽ അസാമാന്യ കഴിവുണ്ടെന്നും ചിലർ കുറിച്ചു. സെലീനയുടെ പുതിയ ആൽബത്തിനായി കാത്തിരിക്കുകയാണെന്നും അത് എക്കാലത്തെയും മികച്ച പാട്ടുകളിലൊന്നായിരിക്കുമെന്നും ആരാധകര്‍ കുറിച്ചു. 

മുൻപും അഭിനയമോഹത്തെക്കുറിച്ച് സെലീന തുറന്നു പറഞ്ഞിട്ടുണ്ട്. മുഴുവൻ സമയ ഗായികയാകാൻ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും ഗായിക തുറന്നു പറഞ്ഞിരുന്നു. എല്ലായ്പ്പോഴും അഭിനയം മാത്രമാണ് തന്റെ പാഷനെന്നും സെലീന പറയുന്നു. 

Tags:
  • Movies