കൊല്ലം സുധി എല്ലാവരെയും ഒരുപാടു ചിരിപ്പിച്ചു. എന്നിട്ടു സ്വയം കരഞ്ഞു. ഒരു ദിവസം എ ല്ലാവരെയും കരയിച്ച് ജീവിതത്തിൽ നിന്നു കടന്നുകളഞ്ഞു. കൊല്ലം വാളത്തുംഗൽ ബോയ്സ് സ്കൂളിൽ നിന്നാണ് ആ ചിരി തുടങ്ങിയത്. കോട്ടയം പൊങ്ങന്താനത്തെ വാടകവീട്ടുമുറ്റത്ത് ആ ചിരി നിലച്ചു.
ഉത്സവപറമ്പുകളിലും ആർട്സ് ക്ലബുകളിലും തുടങ്ങി ചാനലുകളിലൂടെ സിനിമയിലെത്തിയ കലാകാരനായിരുന്നു കൊല്ലം സുധി. അനുകരണ കലയിൽ തന്റേതായ ഇടം സുധി കണ്ടെത്തി. സുധിയുെട കഥാപാത്രങ്ങൾക്ക്, പ്രത്യേകിച്ചു സ്ത്രീകഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയായിരുന്നു.
‘പരിപാടികൾ ഹിറ്റാണെങ്കിലും ജീവിതം ഫ്ലോപ്പായിപ്പോയി’ തന്നെക്കുറിച്ച് സുധി പറഞ്ഞ ഈ ഡയലോഗാണ് ഇന്നു സുഹൃത്തുക്കളെ ഏറെ വേദനിപ്പിക്കുന്നത്. സുധിയുടെ സുഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുകയാണ് ഇവിടെ.
ടയർ ലോറിയിലെ ആ യാത്ര മറക്കുന്നതെങ്ങനെ?– അസീസ് നെടുമങ്ങാട്
കൊല്ലം സുധി എനിക്ക് സുധിയണ്ണനായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തേ മിമിക്രിയിൽ താൽപര്യമുണ്ടായിരുന്ന ഞാൻ ആരാധനയോടെ കണ്ടിരുന്ന രണ്ടുപേരായിരുന്നു സുരാജ് അണ്ണനും സുധിയണ്ണനും. സുധിയണ്ണൻ മിമിക്രി കലാകാരൻ മാത്രമായിരുന്നില്ല. പരിപാടികൾ എഴുതുകയും സംവിധാനം ചെയ്യുകയും െചയ്യും.
ഒരു വെളുപ്പാൻകാലത്തു മൂന്നുമണിക്കാണു സുധിയണ്ണനെ ആദ്യമായി കാണുന്നത്. ഞാനന്നു സ്കൂളിൽ പഠിക്കുന്നു. തിരുവനന്തപുരത്ത് മാഗ്‌നറ്റ് എന്ന മിമിക്രി സംഘത്തിൽ പ്രവർത്തിക്കുന്നുമുണ്ട്. അവിടെ മിമിക്രി സംവിധാനം ചെയ്യാൻ വന്നതാണ് സുധിയണ്ണൻ. ആദ്യം കണ്ടപ്പോൾ തന്നെ യാതൊരു മുൻപരിചയവുമില്ലാത്ത എന്നെ കെട്ടിപ്പിടിച്ചു. അന്നു തുടങ്ങിയ ബന്ധമാണു ഞങ്ങളുടേത്.
കൊല്ലത്താണു വീടെങ്കിലും തിരുവനന്തപുരമായിരുന്നു സുധിയണ്ണന്റെ തട്ടകം. പല ട്രൂപ്പുകളിലായി അമ്പലപ്പറമ്പുകളിൽ ഉറക്കം നിന്നു കളിച്ചതിനുശേഷമാണു ഞങ്ങൾക്കു ചാനൽ പരിപാടികൾ കിട്ടിത്തുടങ്ങിയത്. ഈ സമയത്തു കുറച്ചുകാലം ഞാൻ ഗൾഫിലായിരുന്നു. പിന്നീട് തിരിച്ചുവരുമ്പോൾ അണ്ണൻ തിരുവനന്തപുരത്തു മലയിൻകീഴായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ആദ്യഭാര്യയും കുഞ്ഞും അവിടെയായിരുന്നു. ഞാൻ പിന്നെ ഗൾഫിലേക്കു തിരിച്ചു പോയില്ല. ഇവിടെ പഴയ മിമിക്രി ട്രൂപ്പിൽ േചർന്നു. അന്നു ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ സുധിയണ്ണന്റെ വീട്ടിലായിരുന്നു താമസം. സുധിയണ്ണന്റെ ജീവിതത്തിലെ നിർണ്ണായകമായ പല സംഭവങ്ങൾക്കും ഞാൻ സാക്ഷിയായിട്ടുണ്ട്. അത് എനിക്കും വലിയ വിഷമമുണ്ടാക്കിയ കാര്യങ്ങളാണ്.
അന്ന് പലപ്പോഴും കടുത്ത സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. എനിക്കു മറക്കാൻ കഴിയാത്ത ഒരു അനുഭവമുണ്ട്. എറണാകുളത്തു വച്ച് ഒരു ചാനലിന്റെ മിമിക്രി മത്സരം നടക്കുന്നു. എനിക്കും സുധിയണ്ണനും ക്ഷണമുണ്ട്. ഞങ്ങളന്നു തിരുവനന്തപുരത്താണ്. എറണാകുളത്തു പോകാനുള്ള പൈസയില്ല. സിറ്റിയിൽ വരുമ്പോൾ സുഹൃത്തുക്കളെ ആരെയെങ്കിലും കാണും, അവരിൽ നിന്നു പൈസ കടം വാങ്ങി പോകാം എന്നായിരുന്നു ധാരണ. പക്ഷേ, ആരെയും കിട്ടിയില്ല. അങ്ങനെ നിൽക്കുമ്പോഴാണ് ഒരു ചരക്കുലോറി കാണുന്നത്. പഴയ ടയറുമായി പോകുന്ന ലോറി എറണാകുളത്തേക്കാണ്. ൈഡ്രവർക്ക് സുധിയണ്ണനെ എവിടെയോ കണ്ട പരിചയം. അയാൾ പറഞ്ഞു. ‘നിങ്ങളെ കൊണ്ടുപോകണമെന്നുണ്ട്. പക്ഷേ, വണ്ടിയിൽ രണ്ടുപേർ അധികമുണ്ട്.’ ‘ഞങ്ങളു ടയറിന്റെ മുകളിൽ ഇരുന്നോളാം. ഈ കുഞ്ഞിനെ ലോറിയുെട ക്യാബിനിൽ ഒന്ന് ഇരുത്തിയാൽ മതി.’ അന്നു കുഞ്ഞ് കൂടെയുണ്ട്. അങ്ങനെ ടയറു കൾക്കിടയി ൽ ഇരുന്നു ഞങ്ങൾ എറണാകുളം വരെ യാത്ര ചെയ്തു. ആ പരിപാടിയിൽ ഞങ്ങൾക്കായിരുന്നു ഒന്നാം സ്ഥാനം.
ഇതുപോലെ എത്രയോ യാത്രകൾ. സുധിയണ്ണൻ സ്റ്റേജിൽ കയറുമ്പോൾ കുഞ്ഞിനെ നോക്കാനുള്ള ചുമതല ഞങ്ങളിൽ ആരെങ്കിലും ഏറ്റെടുക്കും. പരിപാടിക്കു വേണ്ടിയുള്ള പ്രോപ്പർട്ടികൾക്ക് ഇടയ്ക്കാണ് അവന്റെ ഉറക്കം. ഈ ദുരിതജീവിതമൊക്കെ കഴിഞ്ഞാണു ഞങ്ങൾ ഇ പ്പോൾ നാലാൾ അറിയുന്ന കലാകാരന്മാരായത്. വിധി പക്ഷേ, സുധിയണ്ണന് നല്ലൊരു ജീവിതം കൊടുത്തില്ല.
മരിച്ചുകിടക്കുന്ന സുധിയണ്ണനെ ഞാൻ കണ്ടില്ല. അതു സഹിക്കാനുള്ള കരുത്ത് എനിക്കില്ല. പള്ളിയിൽ പോയി. പിന്നെ, വീട്ടിൽ വന്ന് ഭാര്യയെയും മക്കളെയും കണ്ടു.
വി. ആർ. ജ്യോതിഷ്
വര അരുൺ ഗോപി
2023ൽ പ്രസിദ്ധീകരിച്ച ലേഖനം