Wednesday 29 August 2018 11:06 AM IST : By സ്വന്തം ലേഖകൻ

വെളുക്കാനുള്ള സോപ്പുണ്ടോ? ഫെയ്സ്ബുക്കിലൂടെ ‘സോപ്പിടില്ല’ ഈ സംരംഭക

soap_2

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അത് അമ്മയുടെ കൂടി പുനർജൻമമാണെന്ന് പറയാറുണ്ട്. അവിടെ അമ്മ പുതിയ വ്യക്തിയായി വീണ്ടും  പിറക്കുന്നു. ‘കന്യക ടാക്കീസ്’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ രഞ്ജിനി കൃഷ്ണന്റെ ജീവിതം പാടേ മാറിയത് ഗർഭകാലത്താണ്. അതിന് കാരണമായത്  സുഹൃത്തുക്കൾക്കിടയിൽ നടന്ന ഒരു ചർച്ചയും.

രഞ്ജിനി അംഗമായ പേരന്റിങ് ഗ്രൂപ്പിൽ നടന്ന ചർച്ചയിലാണ് പ്രതിദിനം ഉപയോഗിക്കുന്ന വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ വിഷയമായത്. കുഞ്ഞുങ്ങളെ  കുളിപ്പിക്കുന്ന ചില സോപ്പുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെക്കുറിച്ചായിരുന്നു പ്രധാന ആശങ്ക. ഒരു സോപ്പിന്റെ കവർ എടുത്തു നോക്കിയപ്പോൾ അറുപതോളം കെമിക്കൽസ് ഉപയോഗിക്കുന്നുവെന്ന് മനസ്സിലായി. ഇതൊന്നും ഉപയോഗിക്കാതെ എങ്ങനെ സോപ്പ് ഉണ്ടാക്കാം എന്ന അന്വേഷണമായിരുന്നു പിന്നെ. സ്വാഭാവിക ചേരുവകൾ പരാമാവധി ഉപയോഗിച്ച് സോപ്പ് ഉണ്ടാക്കാമെന്ന് മനസ്സിലാക്കി.

‘മോന് ആറു മാസം പ്രായമുള്ളപ്പോഴാണ് ഞാനാദ്യമായി നാചുറൽ സോപ്പുണ്ടാക്കാൻ ശ്രമിച്ചത്. ആദ്യ ശ്രമം പരാജയപ്പെട്ടു. കാരണം, അന്വേഷിച്ചപ്പോള്‍ ഒന്ന് മനസ്സിലായി, സോപ്പുണ്ടാക്കുമ്പോൾ അതിലെ ചേരുവകളുടെ അളവുകൾ കൃത്യമായിരിക്കണം. ഞാൻ കൈയളവിനും കണ്ണളവിനും അനുസരിച്ചാണ് ചെയ്തത്. പിന്നീട് അളവുകളെല്ലാം കൃത്യമായപ്പോൾ ശ്രമം  വിജയിച്ചു.’

soap_3

കൾചറൽ സ്‌റ്റഡീസിൽ പിഎച്ച്ഡി ചെയ്യുന്നുണ്ടായിരുന്നു ആ സമയത്ത്. മോന്റെ കാര്യങ്ങൾ നോക്കണം, ഒപ്പം പഠനത്തിന്റെ തിരക്കും. പഠനത്തിന്റെ സമ്മർദം കുറയ്ക്കുകയെന്ന ലക്ഷ്യവും രഞ്ജിനിയുടെ സോപ്പ് നിർമാണത്തിനുണ്ടായിരുന്നു.

സോപ്പുനിർമാണത്തെ ഒരിക്കലുമൊരു ബിസിനസ്സായി രഞ്ജിനി കണ്ടിട്ടില്ല. സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമായിരുന്നു തുടക്കത്തിൽ സോപ്പ് നിർമാണം. പിന്നീട് സുഹൃത്തുക്കൾക്കും നൽകാൻ തുടങ്ങി. ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായങ്ങൾ പറഞ്ഞതോടെ ‘ബോഡി ട്രീ’ എന്ന ആശയം രൂപപ്പെട്ടു. ഫെയ്സ്ബുക്കിൽ പേജ് തുടങ്ങിയതോടെ ആവശ്യക്കാരുടെ എണ്ണം വർധിച്ചു. പഠനശേഷം മികച്ച ജോലി ലഭിച്ചെങ്കിലും അത് വേണ്ടെന്നു വച്ച് തിരുവനന്തപുരത്തു തന്നെ നിൽക്കാൻ രഞ്ജിനി തീരുമാനിച്ചു.

സോപ്പിൽ കാപ്പിപൊടിയും കറുവാപട്ടയും

‘വെജിറ്റബിൾ ഓയിലും കാസ്റ്റിക് സോഡയും തമ്മിലുള്ള പ്രതിപ്രവർത്തനത്തിൽ  നിന്നാണ് സോപ്പ് ഉണ്ടാകുന്നത്. ഇ തൊ രു നിസ്സാര പ്രക്രിയയാണ്. ആവണക്കെണ്ണ ഉപയോഗിക്കുന്നുണ്ട്. സിന്തറ്റിക് പെർഫ്യൂമുകളോ സിന്തറ്റിക് ഓയിലോ ഉപയോ ഗിക്കുന്നില്ല. പകരം  നാചുറൽ കളറുകളും ഫ്ലേവറുകളുമാണ് ചേർക്കുന്നത്. സ്പൈസി ട്വിസ്റ്റ് എന്ന സോപ്പിൽ ഉപയോഗിച്ചിരിക്കുന്നത് കറുവാപ്പട്ടയും  കാപ്പിപ്പൊടിയും. ട്രാൻക്വിലിറ്റിയിൽ മഞ്ഞൾപ്പൊടി, ഹെർബൽ ഗാർഡനിൽ ആര്യവേപ്പില. ഇങ്ങനെ എല്ലാം പ്രകൃതിദത്തമായ ചേരുവകൾ.

നൂറ് ഗ്രാമാണ് സോപ്പിന്റെ അളവ്. ഓരോ സോപ്പിനും ഇരുന്നൂറ്  മുതലാണ് വില. വില കേൾക്കുമ്പോൾ ചിലരെങ്കിലും  നെറ്റി ചുളിക്കാറുണ്ട്. അനാവശ്യ കെമിക്കൽസും മായവും ചേർക്കാതെ സോപ്പ് നിർമിക്കാൻ ഇത്രയേറെ ചെലവുണ്ട്. 

സോപ്പിൽ ഉപയോഗിക്കുന്ന എസൻഷ്യൽ ഓയിലിന്റെ ഉയർന്ന വിലയാണ് സോപ്പിന്റെ വില കൂട്ടുന്നത്. ചേരുവകളിലൊന്നും കൃത്രിമം  കാണിക്കാറില്ല. ഉദാഹരണത്തിന്, കോക്കനട്ട് മിൽക് ഇൻ ഹണി എന്ന സോപ്പിൽ തേൻ ചേർക്കുന്നുണ്ട്. സാധാരണ നമുക്ക് കടകളിൽ കിട്ടുന്നതിൽ ഭൂരിഭാഗവും റബ്ബർ തോട്ടങ്ങളിൽ നിന്നെടുക്കുന്ന ഗുണമേൻമ  കുറഞ്ഞ തേനാണ്. അത് ഒഴിവാക്കി, കാട്ടിൽനിന്ന്  കിട്ടുന്ന തേൻ തന്നെ വാങ്ങുന്നു. ഗുണമേൻമയുടെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തുന്നത് നമ്മളെ വിശ്വസിക്കുന്നവരെ ചതിക്കുന്നതു പോലെയാണ്. 

നാചുറൽ സോപ്പിന് കേരളത്തിൽ ആവശ്യക്കാരേറെയുണ്ട്. പ്രത്യേകിച്ച്  ചെറിയ കുഞ്ഞുങ്ങളുള്ളവർ പ്രകൃതിദത്തമായ ഉൽപന്നങ്ങളോട്  മുഖം തിരിക്കാറില്ല. വെബ്സ്‌റ്റോറിലൂടെയാണ് ബോഡി ട്രീയുടെ മാർക്കറ്റിങ്. വിവാഹങ്ങൾക്കും  മറ്റും വരുന്ന അതിഥികൾക്കു സമ്മാനമായി കൊടുക്കാൻ പലരും സോപ്പ് ഓർഡർ ചെയ്യാറുണ്ട്. അങ്ങനെയുള്ള ഓർഡറുകള്‍ വരുമ്പോൾ സോപ്പിൽ മാറ്റമൊന്നും വരുത്താറില്ല. പാക്കിങ്ങിൽ മാത്രമേ വ്യത്യാസമുണ്ടാകൂ. സോപ്പിന്റെ കവറിൽ വരന്റെയും വധുവിന്റെയും ഫോട്ടോയും  പേരും പ്രിന്റ് ചെയ്യും.

soap

വരുമാനത്തെക്കാളുപരി, ജീവിതത്തിൽ മറ്റ് കാര്യങ്ങൾക്കായി ഒരുപാട് സമയം കിട്ടുന്നുവെന്നതാണ് ഏറ്റവും വലിയ ലാഭം. ഒരു ദിവസം ശരാശരി നാലു മണിക്കൂർ സമയം സോപ്പുനിർമാണത്തിനു മാറ്റി വയ്ക്കുന്നു. ഒരു ബാച്ച് സോപ്പിന്റെ നിർമാണം പൂർത്തിയാകാൻ ഒരു മാസം  സമയം വേണം. മാസത്തിൽ അഞ്ചോ ആറോ ദിവസങ്ങളിൽ എട്ടു മുതൽ പത്തു മണിക്കൂർ വരെ ചെലവഴിക്കേണ്ടി വരാറുണ്ട്. അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് സോപ്പുനിർമാണം. അൽപസമയത്തെ അശ്രദ്ധ പോലും അധ്വാനത്തെ പാഴാക്കി കളയും. രഞ്ജിനിക്കു പൂർണപിന്തുണയുമായി അമ്മ  ലക്ഷ്മിയും ഉ ണ്ട്. പായ്ക്കിങ്് പോലുള്ള കാര്യങ്ങളിൽ സഹായത്തിന് രണ്ടു പേരെ നിർത്തിയിട്ടുണ്ട്. സോപ്പ് നിർമാണം ഞാൻ തനിയെ തന്നെ ചെയ്യുന്നു.

രഞ്ജിനിയുടെ പ്രൊഡക്ടിനെക്കുറിച്ച് ആളുകൾക്ക് സംശയങ്ങൾ ഉണ്ടാകാറുണ്ട്. ഫെയ്സ്ബുക്കിൽ ഓരോ സംശയങ്ങൾക്കും മറുപടി കൊടുക്കുന്നുണ്ട്. ‘പലരും ചോദിക്കുന്ന ര ണ്ട് ചോദ്യങ്ങളുണ്ട്, വെളുക്കാനുള്ള സോപ്പുണ്ടോ, പ്രായം കുറയ്ക്കാനുള്ള സോപ്പുണ്ടോ. പക്ഷേ, അത്തരം  സോപ്പുകൾ ഉണ്ടാക്കാൻ താൽപര്യമില്ല. പ്രായവും നിറവും പ്രകൃതി നിയന്ത്രിക്കുന്ന കാര്യമാണ്.’

മാർക്കറ്റിൽ ലഭിക്കുന്ന ചില സോപ്പുകളിൽ അതിലെ ഗ്ലിസറിൻ നീക്കം  ചെയ്തതിന് ശേഷമുള്ള ചണ്ടിയാണ് സോപ്പായി വിപണിയിലെത്തിക്കുന്നത്. അങ്ങനെ നീക്കം ചെയ്യുന്ന ഗ്ലിസറിൻ മോയിസ്ചറൈസിങ് ക്രീമുകളിൽ ഉപയോഗിക്കുന്നു. എല്ലാ സോപ്പുകളും ഇങ്ങനെയാണെന്ന് ഇതിനർഥമില്ല. ഞാനുണ്ടാക്കുന്ന സോപ്പിൽ ഗ്ലിസറിൻ നീക്കം ചെയ്യുന്നില്ല. യാതൊരു വിധത്തിലുമുള്ള പെട്രോളിയം പ്രൊഡക്ടുകൾ ചേർക്കുന്നുമില്ല.’

‘കമ്പനികൾ ഒരു ബാച്ച് സോപ്പുണ്ടാക്കുമ്പോൾ അതിൽ 20,000 എണ്ണമെങ്കിലും ഉണ്ടാകും. പക്ഷേ, ഞാൻ ഒരു ബാച്ചിൽ നൂറെണ്ണത്തിൽ കൂടുതലൊന്നും ഉണ്ടാക്കാറില്ല. ഇതൊരു വലിയ ബിസിനസ്സായി മാറ്റാനുള്ള ഉദ്ദേശ്യം ഇല്ലാത്തതുകൊണ്ടാണ് ഇത്രയും കുറച്ച് സോപ്പുകൾ ഉണ്ടാക്കുന്നത്.’

soap_4

രഞ്ജിനിയുടെ ഭർത്താവ് കെ.ആർ മനോജ് ‘കന്യകാ ടാക്കീസ്’ എന്ന സിനിമയിലൂടെ മികച്ച പുതുമുഖസംവിധായകനുള്ള സംസ്ഥാന അവാർഡിന് അർഹനായിട്ടുണ്ട്. മകൻ നിരാമയ് യുകെജിയിൽ  പഠിക്കുന്നു. സോപ്പുനിർമാണത്തിനൊപ്പം തന്നെ, ഗവേഷണ പ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.