Wednesday 01 August 2018 03:55 PM IST : By സ്വന്തം ലേഖകൻ

നെറ്റിപ്പട്ടം നൽകിയ അഴകുള്ള ജീവിതം; ഗായത്രി ദേവി സമ്പാദിക്കുന്നത് ആയിരങ്ങൾ...

make-mon2 ഗായത്രീ ദേവി, കോട്ടയം. നെറ്റിപ്പട്ട നിർമാണം. വയസ്സ്:35, മാസവരുമാനം: 25000 മുതൽ

വീടുകളിലും ഓഫിസുകളിലും മനോഹരമായ നെറ്റിപ്പട്ടം തൂക്കിയിട്ടിരിക്കുന്നതു കാണുമ്പോൾ തോന്നാറില്ലേ, അതിനു പിന്നിലെവിടെയോ ഒരു ഗജവീരൻ ഒളിഞ്ഞിരിപ്പുണ്ടെന്ന്. നെറ്റിപ്പട്ടം അലങ്കാരം മാത്രമല്ല, ജീവിതോപാധിയും കൂടിയാക്കാമെന്നു തെളിയിച്ച വനിതയാണ് കോട്ടയം തിരുനക്കര ശാസ്താനിലയത്തിലെ ഗായത്രി ദേവി. ‘‘ആനയ്ക്കുള്ള നെറ്റിപ്പട്ടങ്ങൾ ഞാൻ ചെയ്യുന്നില്ല. അതൊക്കെ ലക്ഷങ്ങൾ െചലവു വരുന്ന കാര്യമാണ്. വീടുകളിൽ അലങ്കാരത്തിന് തൂക്കുന്ന നെറ്റിപ്പട്ടങ്ങളാണ് ചെയ്യുന്നത്. വീടുകളിൽ നെറ്റിപ്പട്ടം തൂക്കിയിട്ടാൽ ഐശ്വര്യം വരും എന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ട് ഡിമാൻഡ് കൂടുതലുണ്ട്.

കുട്ടിക്കാലം തൊട്ട് ആർട്, ക്രാഫ്റ്റ് വർക്കുകളിൽ താൽപര്യമുണ്ടായിരുന്നു. ഒരിക്കൽ യാത്ര പോയപ്പോൾ കുറേപ്പേരിരുന്നു നെറ്റിപ്പട്ടം ഉണ്ടാക്കുന്നതു കണ്ടു. അതു കണ്ടപ്പോഴൊരു ആഗ്രഹം, വീട്ടിലൊരെണ്ണം തൂക്കിയിട്ടാൽ ഭംഗിയായിരിക്കില്ലേ? വാങ്ങാൻ നോക്കിയപ്പോൾ നല്ല വിലയുണ്ട്. കാശുകൊടുത്ത് വാങ്ങുന്നതെന്തിനാണ്, തന്നെയുണ്ടാക്കുന്നതല്ലേ കൂടുതൽ നല്ലത്. കോട്ടയത്ത് ഇതു ചെയ്യുന്നവരുണ്ടെന്നറിഞ്ഞ് അവിടെ ചെന്ന് കാര്യങ്ങൾ മനസ്സിലാക്കി.  പക്ഷേ, അവർക്ക്  ഈ കല പഠിപ്പിച്ചു തരാൻ എന്തോ ഒരു മടി. അപ്പോഴാണ് അറിഞ്ഞത് തൃശൂരിൽ ഒരുപാട് ആളുകൾ ഇത് ചെയ്യുന്നുണ്ടെന്ന്. പിന്നെ, തൃശൂര് പോയി പഠിച്ചു വന്നു.’’ നെറ്റിപ്പട്ടമുണ്ടാക്കാൻ പഠിച്ച കഥ ഗായത്രി പറയുമ്പോൾ വാക്കുകളിലിപ്പോഴുമുണ്ട് ഉത്സാഹത്തിരതള്ളൽ.

‘‘അഞ്ചു വർഷമായി ഞാൻ ഈ രംഗത്തെത്തിയിട്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ബീഡ്സ് വർക്കുകൾ ചെയ്യുമായിരുന്നു. പിന്നീട് ജ്വല്ലറി വർക്കും പലതരം ക്രാഫ്റ്റുകളും പരീക്ഷിച്ചു. പക്ഷേ, ഏറ്റവുമധികം ലാഭം നേടിത്തന്നത് നെറ്റിപ്പട്ടമാണ്. ഇതു ചെയ്യാൻ കലാപരമായ കഴിവുകൾ വേണമെന്നില്ല. കുറച്ച് അടിസ്ഥാന നിയമങ്ങളുണ്ട്. അതു മനസ്സിലാക്കണം. വെറുതെ ബോളുകൾ തുണിയിൽ പെറുക്കി വയ്ക്കുകയല്ല. ആദ്യം ഗണപതിക്കു വച്ച് തൃക്കണ്ണു വയ്ക്കണം. പിന്നെ, പഞ്ചഭൂതങ്ങളും നവഗ്രഹങ്ങളും. അതിനുശേഷം ചന്ദ്രക്കല വച്ച് ബെല്ലു കെട്ടുന്നതാണ് ഇതിന്റെ രീതി. ഒറ്റസംഖ്യകളായിരിക്കണം ഓരോ വരിയിലേയും കുമിളകളുടെ എണ്ണം. ആനയുടെ നെറ്റിപ്പട്ടത്തിന് ഇതിൽക്കൂടുതൽ  പ്രത്യേകതകളുണ്ട്. ഒരു കൈപ്പത്തിയുടെ വലുപ്പം മുതൽ ഏഴര അടി വരെയുള്ള നെറ്റിപ്പട്ടം ചെയ്തിട്ടുണ്ട്.’’  

നെറ്റിപ്പട്ടത്തിന്റെ ഐശ്വര്യം

വളരെ ക്ഷമ വേണ്ട പണിയല്ലേയെന്ന് ചോദിച്ചാൽ അല്ലെന്നാണ് ഗായത്രിയുടെ ഉത്തരം. ‘‘നിങ്ങൾക്ക് പൈസ ആവശ്യമുണ്ടോ, എങ്കിൽ നിങ്ങളത് പഠിക്കും. എത്ര ബുദ്ധിമുട്ടിയും  ചെയ്യും. എന്റെ വീട്ടിൽ കുറച്ചു ബാധ്യതകൾ വന്നു. അതു തീർക്കാൻ വേണ്ടിയായിരുന്നു അധ്വാനം മുഴുവൻ. കുമിളകൾ ഓരോ ഷീറ്റായിട്ടാണ് കിട്ടുക. അത് കട്ട് ചെയ്തിട്ടുണ്ടെങ്കിൽ നാലു മണിക്കൂറിനുള്ളിൽ രണ്ടരയടി ഉയരമുള്ള ഒരു നെറ്റിപ്പട്ടം ഉണ്ടാക്കാം. 3500 മുതൽ 6000 രൂപയ്ക്കു വരെ അതു വിൽക്കാം. നാലും അഞ്ചും നെറ്റിപ്പട്ടങ്ങൾ ഉണ്ടാക്കിയ ദിവസങ്ങളുണ്ട്. ഇരുപത്തിയഞ്ചും അൻപതും വിറ്റ മാസങ്ങളുമുണ്ട്. ആർട് വർക്കുകൾ ചെയ്ത് പരിചയമുള്ളതുകൊണ്ട് അത്യാവശ്യം നല്ല വേഗമുണ്ട്.

കസ്റ്റമറെ കണ്ടുപിടിക്കുകയാണ് വലിയ വെല്ലുവിളി. പ്രധാനമായും ഓൺലൈനിലൂടെയാണ് വിൽപന. പിന്നെ, ഫെയ്സ്ബുക് ഗ്രൂപ്പിലുമുണ്ട്. ഇടയ്ക്ക് വിൽപന കുറയുന്ന മാസങ്ങളിൽ സെയിലിനിടും. കാറിൽ തൂക്കിയിടുന്ന തരം നെറ്റിപ്പട്ടങ്ങൾ ആദ്യം ചെയ്തിരുന്നു. ലാഭമില്ലാത്തതുകൊണ്ട് ഇ പ്പോൾ അത്രയും ചെറുത് ചെയ്യാറില്ല. എന്റെ കീഴിൽ പത്തു പേരുണ്ട്. അവർ കുമിളകൾ ഒട്ടിച്ചു തരും. അവസാന മിനുക്കു പണി ഞാൻ തന്നെ ചെയ്യും. ഒരു നെറ്റിപ്പട്ടത്തിനു പന്ത്രണ്ടു വർഷം ഗ്യാരന്റി കൊടുക്കുന്നുണ്ട്. ചിലർ അതിൽ കൂടുതൽ ഗ്യാരന്റി ചോദിക്കും. ഇവിടെ മനുഷ്യന്റെ ആയുസ്സിന് അത്രയും ഗ്യാരന്റിയില്ല, പിന്നെയാണ്...’’

make-mon1

നെറ്റിപ്പട്ടം കൂടാതെ മ്യൂറൽ വർക്കും ഗായത്രി ചെയ്യുന്നുണ്ട്. സംഗീതത്തിൽ ബിരുദവും സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവുമുള്ള ഗായത്രി കുറച്ചു കാലം അധ്യാപികയായി ജോലി ചെയ്തു. ഒരു മാസത്തെ ശമ്പളം ഒരു ദിവസം കൊണ്ടുണ്ടാക്കാൻ പറ്റുമെന്ന് മനസ്സിലായപ്പോഴാണ് ജോലി ഉപേക്ഷിച്ചത്. ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഫാക്കൽറ്റിയാണ്.

‘‘ഓഫിസ് ജോലി പോലെ പ്രത്യേക ചട്ടക്കൂടുകളില്ല. ഇഷ്ടമുണ്ടെങ്കിൽ ജോലി  ചെയ്താൽ മതി, ഇല്ലെങ്കിൽ വേണ്ട, ലീവിന്റെ പ്രശ്നവുമില്ല, വീട്ടിലെ കാര്യങ്ങളെല്ലാം നടക്കും. എല്ലാംകൊണ്ടും  ഇതാണ് നല്ലതെന്നു തോന്നി. ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ആ സമയത്ത് ചെറിയ തോതിലേ ചെയ്യുന്നുണ്ടായിരുന്നുള്ളൂ. മുംബൈയിലെ ഒരാൾ പൈസ അ ക്കൗണ്ടിലിട്ടിട്ട് രണ്ടു മാസമായിട്ടും ചെയ്തു കൊടുക്കാൻ പറ്റുന്നില്ല. പൈസ തിരിച്ചു കൊടുക്കാൻ വിളിച്ചപ്പോൾ അയാൾ ആശ്വസിപ്പിച്ചു. സമയമെടുത്ത് ചെയ്താൽ മതി. ഇത്രനാൾ നെറ്റിപ്പട്ടം എന്റെ വീട്ടിലുണ്ടായിരുന്നില്ലല്ലോ. കുറച്ചുനാൾ ക ഴിഞ്ഞാലും ഒന്നും സംഭവിക്കില്ല. ഇത്തരം കസ്റ്റമേഴ്സാണ് നമ്മുടെ കരുത്ത്.

വീട്ടിലെല്ലാവരും നല്ല സപ്പോർട്ടാണ്. ഭർത്താവ് ജയൻ ദുബായിലാണ്. മകൻ രോഹിത്തിന് അഞ്ചു വയസ്സ്. അവനാണ് എനിക്ക് ബീഡ്സൊക്കെ വെട്ടിയിട്ടു തരുന്നത്. ‘ഞായറാഴ്ചകളിൽ നെറ്റിപ്പട്ടമുണ്ടാക്കാൻ പഠിപ്പിക്കുന്നുണ്ട്. മ്യൂറൽ പെയിന്റിങ്ങും. നമുക്ക് അറിയാവുന്നത് മറ്റൊരാളെ പഠിപ്പിച്ചാൽ നമ്മുടെ അറിവ് കൂടുകയേയുള്ളൂ എന്നാണ് എന്റെ അനുഭവം. ഒരു ക്രാഫ്റ്റ് പഠിച്ചു കഴിഞ്ഞാൽ ഞാനത് മറ്റുള്ളവരെ പഠിപ്പിക്കും. അങ്ങനെ കിട്ടുന്ന പൈസകൊണ്ട് വേറൊരു ക്രാഫ്റ്റ് വർക്ക് പഠിക്കും. ഇവിടുന്ന് പഠിച്ചു പോകുന്ന പലർക്കും ഇത് പിന്നീട് ജീവിതമാർഗമായിട്ടുണ്ട്. ‘ചേച്ചിയെ ഞങ്ങൾക്ക് മറക്കാൻ പറ്റില്ലെന്ന് പറയുമ്പോൾ’ ഞാൻ പറയും. ഞാനൊരു നിമിത്തമായതേയുള്ളൂ. പഠിച്ചെടുക്കണമെന്ന നിങ്ങളുടെ ആഗ്രഹം തന്നെയാണ് പ്രധാനം.’’

Keep in Mind

∙ മറ്റു ക്രാഫ്റ്റുകളെപ്പോലെ മാസങ്ങളൊന്നും വേണ്ട, ഒ രു ദിവസത്തിന്നുള്ളിൽ നെറ്റിപ്പട്ടം ഉണ്ടാക്കാൻ പഠിച്ചെടുക്കാം.
∙ നിർമാണ സാമഗ്രികൾ വാങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കാരണം,  നെറ്റിപ്പട്ടം ഉണ്ടാക്കാനുള്ള സാധനങ്ങൾ പല ക്വാളിറ്റിയിലുള്ളവയുണ്ട്.  വിലക്കുറവു കണ്ട് വാങ്ങിയാൽ അവയ്ക്കു ഗ്യാരന്റി കൊടുക്കാൻ സാധിക്കില്ല. ഗുണം  കൂടുന്തോറും വിലയും കൂടും.
∙ കുമിളകൾ ഒട്ടിക്കുമ്പോള‍്‍ പശ പുറത്തു കാണാതെ നേർരേഖയിൽ ഒട്ടിക്കുക. വളഞ്ഞുപോയാലും അറിയാതിരിക്കാനായി ചിലർ ഗോൾഡൻ പേപ്പറോ തുണിയോ ഒ ട്ടിച്ച ശേഷം അതിനു മുകളിൽ കുമിളകൾ ഒട്ടിക്കും. അത്തരം എളുപ്പപണികൾ ചെയ്യരുത്.
∙ കസ്റ്റമേഴ്സിനെ കണ്ടെത്താനാണ് കൂടുതൽ ശ്രമം വേണ്ടത്. ഫെയ്സ്‌ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും  ഓൺലൈനിലൂടെയും വിൽപന നടത്താം. അടുത്തുള്ള ഷോപ്പുകളും തിരഞ്ഞെടുക്കാം.
∙ കൊറിയർ അയച്ചു കൊടുക്കുമ്പോൾ പശയുടെ ഒരു ട്യൂബും കുറച്ചു ബീഡ്സും ഒപ്പം കൊടുക്കുക. ഏതെങ്കിലും ബീഡ്സ് ഇളകുകയോ അടർന്നു പോകുകയോ ചെയ്താൽ അതവർക്കു സഹായകമാകും.

make-mon3