Wednesday 09 April 2025 04:45 PM IST

ഖത്തർ രാജകുടുംബത്തിലെ വിവാഹത്തിന് ഒരുക്കിയ വസ്ത്ര വിസ്മയം, ലഭിച്ചത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം: മഞ്ജുവിന്റെ ഫാഷൻ രഹസ്യം

Rakhy Raz

Sub Editor

manjulakshmi 1 ഹലാൽ ബിസിനസ് വുമൻ അവാർഡ് റഷ്യൻ ടാറ്റർസ്ഥാൻ റിപ്പബ്ലിക് ഉപപ്രധാനമന്ത്രി മിദത്തിൽ നിന്നു സ്വീകരിക്കുന്നു

റഷ്യയാണു വേദി. 80 രാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാർ മത്സരിക്കുന്ന ഹലാൽ ബിസിനസ് വുമൺ അവാർഡ്. ഖത്തർ ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനറാണ് അവാർഡ് നേടിയത്. ഖത്തറിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക ഡിസൈനർ.

ഈ അവാർഡിനെന്താണു നമ്മുടെ നാട്ടിൽ കാര്യം എ ന്നു തോന്നാം. അതു നേടിയത് ഒരു മലയാളിയാണ്. ...മ്മടെ തൃശൂർക്കാരി, ഗിൽസ് മഞ്ജുലക്ഷ്മി. പരമ്പരാഗത മൂല്യങ്ങളെ അടിസ്ഥാനമാക്കി ആഡംബര വസ്ത്രങ്ങൾ രൂപകൽപന ചെയ്തതിനും ഈ ആശയം അടിസ്ഥാനമാക്കി ബിസിനസ് കെട്ടിപ്പടുത്തു വിജയിപ്പിച്ചതിനും ഫാഷനിൽ സുസ്ഥിരതയിലൂടെ ജനങ്ങളുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതിനുമാണ് തൃശൂർ തൃപ്രയാർകാരി മഞ്ജുലക്ഷ്മി ഭരതൻ എന്ന ഗിൽസ് മഞ്ജുലക്ഷ്മിക്ക് ‘ഹലാൽ ബിസിനസ് വുമൺ’ അവാർഡ് ലഭിച്ചത്.

ഒാസ്കർ റെഡ് കാർപറ്റ് മുതൽ ന്യൂയോർക്ക് ഫാഷൻ വീക്ക് വരെ തന്റെ ലേബലായ ഗിൽസിന്റെ ഡിസൈനുകളിലൂടെ മലയാളിയുടെ പേരെഴുതിച്ചേർക്കാൻ കഴിഞ്ഞു മഞ്ജുലക്ഷ്മിക്ക്. ന്യൂയോർക്ക് ഫാഷൻ വീക്കിൽ തന്റെ കളക്‌ഷൻ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന ദക്ഷിണേന്ത്യക്കാരിയാണ് മഞ്ജുലക്ഷ്മി. ഖത്തറിൽ നിന്നും ഈ നേട്ടം ഒരാൾ സ്വന്തമാക്കുന്നതും ആദ്യം.

അമ്മ തന്ന ഉടുപ്പുകൾ

‘‘അമ്മ ഗിൽസയാണ് വസ്ത്ര ഡിസൈനിങ്ങിനോടുള്ള ഇഷ്ടം വളർത്തിയെടുത്തത്. എനിക്കും അനുജനും അനുജത്തിക്കും നല്ല ഉടുപ്പുകൾ തയ്പ്പിച്ചു തന്നതിലൂടെ. സ്വന്തമായി ഡിസൈനിങ് ലേബൽ സ്ഥാപിക്കാൻ ഒരുങ്ങിയ പ്പോൾ അമ്മയുടെ പേരിലാകണം എന്നാഗ്രഹിച്ചു. ഗിൽസ ചുരുക്കി ഗിൽസ് എന്നാക്കി. അങ്ങനെയാണ് ഗിൽസ് മഞ്ജുലക്ഷ്മി എന്ന വ്യത്യസ്തമായ പേരിലറിയപ്പെടാൻ തുടങ്ങിയത്.

അച്ഛൻ ഭരതൻ എങ്ങൂർ എൻജിനീയറായിരുന്നു. എന്നെ എൻജിനീയറായി കാണാനായിരുന്നു അച്ഛന് ആഗ്രഹം. എൻട്രൻസ് എഴുതി റാങ്ക് നേടി എൻജിനീയറിങ്ങിനു ചേർന്നു. ആ സമയത്താണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഫാഷൻ ഡിസൈനിങ് വിഭാഗം ഉള്ളതായി അറിഞ്ഞത്. എൻജിനീയറിങ് പഠനം വേണ്ടെന്നു വച്ച് ഫാഷൻ ഡിസൈനിങ് ബിരുദത്തിനു ചേർന്നു. ഇന്റർനാഷനൽ ജോലികൾക്കും പ്രോജക്റ്റുകൾക്കും ഡിപ്ലോമ സ്വീകാര്യമല്ലാത്തതിനാലാണ് നിഫ്റ്റ് (NIFT) ഒഴിവാക്കി യൂണിവേഴ്സിറ്റിയുടെ കോഴ്സ് പഠിക്കാൻ തിരഞ്ഞെടുത്തത്.

ഡിഗ്രി ഒന്നാം വർഷം തന്നെ ഖത്തറിൽ നിന്നുള്ള മലയാളി ഹരീഷ് ഗംഗാധരനുമായി വിവാഹം കഴിഞ്ഞെങ്കിലും പഠനം തുടർന്നു. അവസാന വർഷ ഗവേഷണത്തിനു നാട്ടിലെ പായ നെയ്ത്താണു വിഷയമായി സ്വീകരിച്ചത്. അതു വിലയിരുത്താനായി വന്നത് ഇറ്റലിയിൽ നിന്നുള്ള കമ്പനിയായിരുന്നു. അവരുടെ കമ്പനിയിൽ എനിക്കു ഡിസൈനറായി ജോലി ലഭിച്ചു.

അച്ഛനു ജോലി ഖത്തറിലായതിനാൽ ഞങ്ങൾ പഠിച്ചതും വളർന്നതുമെല്ലാം അവിടെയായിരുന്നു. ഹരീഷും ഖത്തറിലായതിനാൽ ഇറ്റലിയിലെ ജോലി വേണ്ടെന്നു വച്ചു ഖത്തറിൽ താമസമുറപ്പിച്ചു. അടുത്ത വർഷം ഖത്തറിലെ അമേരിക്കൻ അക്കാദമി വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റിയിൽ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ പ്രഫസറായി. ആ കോളജിൽ ഖത്തറിലെ റോയൽ ഫാമിലിയിലെ കുട്ടി പഠിക്കുന്നുണ്ടായിരുന്നു. അവരുടെ വെഡ്ഡിങ് ഡ്രസ് ഡിസൈൻ ചെയ്യാൻ എനിക്ക് അവ സരം വന്നു. അവരുടെ ആവശ്യം വസ്ത്രം ആകർഷകവും ഫാഷനബിളുമായിരിക്കണം, എന്നാൽ ശരീരം പുറത്തു കാണിക്കുന്ന വിധത്തിലുള്ളതാകരുത് എന്നതായിരുന്നു.

manjulakshmi 3

ആ വസ്ത്രം അവർക്കു വളരെയധികം ഇഷ്ടമായി. ഉയർന്ന പ്രതിഫലവും ലഭിച്ചു. എന്നാൽ ഡിസൈൻ പ്രദർശിപ്പിക്കാനോ വിപണിയിൽ പരിചയപ്പെടുത്താനോ കരാർ പ്രകാരം അവകാശം ഉണ്ടായിരുന്നില്ല. അതു വലിയ വിഷമമായി. മോഡസ്റ്റ് വെഡ്ഡിങ് വെയറുകൾക്കായി ബ്രാൻഡ് തുടങ്ങാം എന്ന ആശയം ഉദിക്കുന്നത് അതോടെയാണ്.

2013ൽ ബ്രാൻഡ് തുടങ്ങിയതിന്റെ അടുത്ത വർഷം ഖ ത്തറിൽ നടന്ന ഇന്റർനാഷനൽ ഫാഷൻ ഷോയിലേക്ക് ക്ഷണം ലഭിച്ചു. അവിടെ അവതരിപ്പിച്ച കളക്‌ഷൻസ് ഏറെ ശ്രദ്ധ നേടി. ഖത്തറിലെ പ്രമുഖരിൽ നിന്ന് ബ്രൈഡൽ വേയർ, ഷോ വെയറുകൾക്കായുള്ള ഡിസൈനിങ് ഓർഡറുകൾ ലഭിച്ചു തുടങ്ങി. 2016ൽ ഗൾഫിൽ നടന്ന മെഴ്സിഡിസ് ഫാഷൻ വീക്കിൽ ഓപ്പണിങ് ഡിസൈനറായി ക്ഷണിക്കപ്പെട്ടതു വലിയ അംഗീകാരമായി.

2018 ലാണ് ആദ്യമായി ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. അവിടെ അവതരിപ്പിച്ച കളക്‌ഷൻ മികച്ച പ്രതികരണവും പാരിസ് ഫാഷൻ വീക്കിലേക്കുള്ള അവസരവും നേടിത്തന്നു.

2019ൽ ന്യൂയോർക്ക് ഫാഷൻ വീക്കിൽ മിഡിൽ ഈസ്റ്റിലെ ആദ്യ ഡിസൈനേഴ്സിന്റെ ഷോ സംവിധാനം ചെയ്യാനുള്ള അവസരവും ലഭിച്ചു. ന്യൂയോർക്ക് ഫാഷൻ വീക്കി ൽ അവരുടെ ഷോകളുടെ കൺസൽറ്റന്റും ഡയറക്ടറുമാണ് ഇപ്പോൾ. ആദ്യ ന്യൂയോർക്ക് ഷോ കഴിഞ്ഞപ്പോൾ സോഫിയ കാഴ്സൺ എന്ന ഹോളിവുഡ് സെലിബ്രിറ്റിക്ക് വസ്ത്രാലങ്കാരം ചെയ്യാനുള്ള അവസരം കിട്ടി.

manjulakshmi യുനെസ്കോ ഹെറിറ്റേജ് കൾച്ചറൽ ഫെസ്റ്റിവൽ ഫാഷൻ ഷോയിൽ

കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന ഫാഷൻ ഷോയിൽ കൈത്തറി വസ്ത്രങ്ങൾ ഉപയോഗിച്ചു ചെയ്ത മോഡസ്റ്റ് ഫാഷൻ വെയറുകൾക്കു മികച്ച സ്വീകാര്യത ലഭിച്ചു. ജിസിസി രാജ്യങ്ങളിൽ നിന്ന് ആ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളായിരുന്നു ഞാൻ.

2024 ലാണ് റഷ്യയിലെ കൾച്ചറൽ മിനിസ്റ്ററുടെ ക്ഷണപ്രകാരം കസാനിൽ നടന്ന പതിനഞ്ചാമത് കസാൻ ഫോറം ഫാഷൻ ഷോയിൽ പങ്കെടുക്കുന്നതും അവാർഡ് ലഭിക്കുന്നതും. റഷ്യൻ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ ആണ് അവാർഡ് സമ്മാനിച്ചത്.

എക്സ്പോസ് ചെയ്യാതെയും

കേരളത്തിലും ഇന്ത്യയിലും രാജ്യാന്തര തലത്തിലും മിഡി ൽ ഈസ്റ്റിലും ഡിസൈൻ സ്റ്റുഡിയോകളുണ്ട് മഞ്ജു ലക്ഷ്മിക്ക്. ‘‘എന്റെ ബ്രാൻഡിന്റെ മൂന്ന് എത്തിക്സ് ല ക്ഷ്വറി, കൾച്ചർ, സസ്റ്റെയിനബിലിറ്റി എന്നിവയാണ്. ആ ഗോള ഫാഷൻ രംഗം ഇന്ത്യൻ ഫാഷനെ ഉൾക്കൊള്ളണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

സസ്റ്റെയിനബിലിറ്റി അഥവാ സുസ്ഥിരത ലോകത്തിന്റെ ആവശ്യമാണ്. ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക, നഷ്ടപ്പെടുത്താതിരിക്കുക എന്ന ആശയം ഇഷ്ടപ്പെട്ട ഖത്തറിലെ ടീമുമായി ചേർന്ന് രൂപം നൽകിയതാണ് റെഡി ടു വെയർ വസ്ത്രങ്ങളുടെ കളക്‌ഷനായ ആദിമ.

അച്ഛനും അമ്മയും ഭർത്താവ് ഹരീഷ് ഗംഗാധരനും മകൻ ഋഷികൃഷ്ണയും അനുജൻ വൈശാഖും അനുജത്തി ആര്യയും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയാണ് ഈ സ്വപ്നയാത്രയിൽ എന്റെ ബലം. ഭർത്താവ് ഹരീഷ് ഖത്തറിൽ ഡിസൈനിങ് രംഗത്ത് പ്രവർത്തിക്കുന്നു. മകൻ ഋഷികൃഷ്ണ ഏഴാം ക്ലാസിൽ.

പ്രകൃതിദത്ത തുണിത്തരങ്ങളുടെ ഉപയോഗത്തെയും ശരീരത്തിന് അതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളെയും കുറിച്ചുള്ള ഗവേഷണ പഠനങ്ങളിലാണു ഞാൻ. ഇതടിസ്ഥാനമാക്കി ‘തിങ്ക് പിങ്ക് വെയർ ഗ്രീൻ’ എന്ന ആശയത്തിന് തുടക്കമിട്ടിരുന്നു. കാൻസർ രോഗികൾക്ക് ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ എന്ന വിഷയത്തിലാണ് ഇപ്പോൾ ഗവേഷണം ചെയ്യുന്നത്.’’

രാഖി റാസ്