Friday 01 March 2024 04:28 PM IST

എന്തുകൊണ്ട് ആഹാരം പ്രതിയാകുന്നു? ഏത് അർബുദമാണു കൂടുതൽ കണ്ടുവരുന്നത്? കാന്‍സര്‍, സംശയങ്ങളും ഉത്തരങ്ങളും

V R Jyothish

Chief Sub Editor

cancer45677guiii

കാൻസറിനെ ഒരുപരിധി വരെ അകറ്റി നിർത്താനുള്ള ഏറ്റവും ലളിതമായ ഒരു മാർഗമുണ്ട്. ആഹാരത്തിലും ജീവിതരീതിയിലും ദരിദ്രരാകുക. കാൻസർ എത്രവേഗം കണ്ടുപിടിച്ചു ചികിത്സിക്കുന്നുവോ അത്രയും വേഗം രോഗം ഭേദമാകാനുള്ള സാധ്യത വർധിക്കുന്നു. ചികിത്സാചെലവു കുറയ്ക്കാനും ഇതു സഹായിക്കും. മറ്റേതൊരു രോഗവും പോലെ, വേണ്ട സമയത്തു വേണ്ട രീതിയിൽ ചികിത്സിച്ചാൽ മാറുന്നതാണു കാൻസർ എന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതീക്ഷയേകുകയാണ് ഏറ്റവും പുതിയ കാൻസർ ഗവേഷണങ്ങൾ. 

എന്തുകൊണ്ട് ആഹാരം പ്രതിയാകുന്നു ?

ഒരു ശരീരകോശത്തിനു വരുന്ന ഭ്രാന്താണു കാൻസർ എന്നു കവികളും കലാകാരുമൊക്കെ പറയാറുണ്ട്. ശാസ്ത്രീയമായി ഇതു ശരിയാണു താനും. എന്നാൽ എന്തുകൊണ്ടാകും ആ കോശത്തിനു ഭ്രാന്തെടുക്കുന്നത് ?

ഇതിനു കൃത്യമായ മറുപടി കിട്ടിയിട്ടില്ല. എന്നാൽ വൈദ്യശാസ്ത്രം കണ്ടുപിടിച്ച ചില യാഥാർഥ്യങ്ങളുണ്ട്. ഓരോരുത്തരുടെയും ശരീരത്തിൽ കാൻസർ കോശങ്ങൾ എല്ലാദിവസവും ഉണ്ടാകുകയും ശരീരത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അവ നശിക്കുകയും ചെയ്യുന്നു എന്നതാണ് ആ കണ്ടുപിടിത്തങ്ങളിൽ പ്രധാനം. 

ഇങ്ങനെ ഉണ്ടാകുന്ന കോശങ്ങളിൽ ഏതെങ്കിലും ഒരു കോശം നശിക്കാതെ വന്നാൽ അതു ശരീരത്തിൽ തന്നെ നിലനിൽക്കുകയും ക്രമേണ കാൻസറായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. ഈ ഒരു കാൻസർ കോശം നശിക്കാത്തതു നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ സമനില തെറ്റുമ്പോഴാണ്. 

പുകവലി, മദ്യപാനം,അമിതമായ ആഹാരം, കീടനാശിനികൾ, ഹെയർ ഡൈ, മറ്റു രാസവസ്തുക്കളുടെ ഉപയോഗം, സ്ഥിരമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലം തുടങ്ങി ധാരാളം കാര്യങ്ങൾ കാൻസർ കോശം നശിക്കാത്തതിനു കാരണമാകുന്നു. ഇതിൽ നിന്നുതന്നെ അമിതമായ ആഹാരം കാൻസർ രോഗം ഉണ്ടാകാനുള്ള കാരണങ്ങളിൽ ഒന്നാണെന്നു വ്യക്തമാകുന്നുണ്ട്.

എന്താണു കാരണങ്ങൾ ?

കാൻസറിനു കാരണങ്ങൾ രണ്ടാണ്. വൈദ്യശാസ്ത്രം വിശകലനം ചെയ്തു കണ്ടെത്തിയിട്ടുള്ള കാരണങ്ങളാണു പ്രധാനപ്പെട്ട ഒന്ന്. ഉദാഹരണത്തിനു സ്ഥിരമായി പുകയില ചവയ്ക്കുന്ന ഒരാളിനു വായിൽ കാൻസർ ഉണ്ടാകുന്നു. രണ്ടാമത്തേതു ൈവദ്യശാസ്ത്രത്തിനു വിശകലനം ചെയ്യാൻ കഴിയാത്ത കാരണമാണ്. നൂറു വയസ്സുവരെ പുകയില ചവയ്ക്കുന്ന ഒരാളിനു കാൻസർ വരുന്നില്ല. അതേസമയം പുകയില ഉപയോഗിക്കാത്ത ആളിനു  നാൽപതാം വയസ്സിൽ വായിൽ കാൻസർ വരുന്നു. ഇതെന്തുകൊണ്ട് എന്നതാണു വൈദ്യശാസ്ത്രത്തിനും ഉത്തരം കിട്ടാത്ത ചോദ്യം.

ഏത് അർബുദമാണു കൂടുതൽ കണ്ടുവരുന്നത് ?

സ്ത്രീകളിൽ സ്തനാർബുദവും പുരുഷന്മാരിൽ ശ്വാസകോശ അർബുദവുമാണു കൂടുതലായി കണ്ടുവരുന്നത്. സ്തനാർബുദം കൂടുതൽ കാണുന്നതു കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകജനസംഖ്യയിലും സ്ത്രീകൾക്കിടയിൽ ഒന്നാം സ്ഥാനം സ്തനാർബുദത്തിനാണ്.

സ്തനാർബുദം വർധിക്കാൻ കാരണം ?

മാറിയ ജീവിതശൈലി, അമിതമായ ശരീരഭാരം, വ്യായാമക്കുറവു തുടങ്ങിയവ ഒരുപരിധി വരെ രോഗകാരണമാകുന്നു. ആഗോളതലത്തിൽ ശ്വാസകോശാർബുദമാണു പുരുഷന്മാർക്കിടയിൽ കൂടുതൽ. 

എന്നാൽ ഇന്ത്യയിൽ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളുടെ  അവസ്ഥ വ്യത്യസ്തമാണ്. വായിലെ അർബുദമാണു മറ്റു സംസ്ഥാനങ്ങളിൽ കൂടുതൽ. കേരളത്തിൽ മാത്രം അതു ശ്വാസകോശാർബുദമാണ്. വടക്കൻ കേരളത്തിൽ പ്രത്യേകിച്ചു മലബാർ മേഖലയിൽ സ്ത്രീകൾക്കിടയിലും ശ്വാസകോശാർബുദം കൂടി വരുന്നതായാണു കണക്കുകൾ.

കേരളത്തിൽ ശ്വാസകോശാർബുദം കൂടുന്നോ ?

കേരളത്തിൽ പുകവലി കുറഞ്ഞുവരുന്നു. മാത്രമല്ല ശ്വാസകോശാർബുദം ബാധിക്കുന്നവരിൽ നല്ലൊരു ശതമാനം പേരും പുകവലിക്കുന്നവരുമല്ല. അതിനർഥം റാഡോൺ വാതകം, അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് കത്തിക്കൽ തുടങ്ങി മറ്റെന്തോ കാരണങ്ങൾ കൂടി ഉണ്ടാകാം എന്നാണ്.

കാൻസർ കൂടുതലായി കാണപ്പെടുന്നത് ആർക്ക് ?

സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാർക്കാണു കാൻസർബാധ കൂടുതലായി കാണുന്നത് എന്നാണു കണക്കുകൾ. എന്നാൽ അടുത്ത കാലത്തു പുറത്തുവന്ന ചില ക്ലിനിക്ക ൽ പഠനങ്ങൾ പറയുന്നതു സ്ത്രീകൾക്കിടയിൽ കാൻസർ തോതു പുരുഷന്മാരെക്കാൾ വർധിക്കുന്നു എന്നാണ്.

ഏതൊക്കെ ലക്ഷണങ്ങൾ തുടക്കമാകും ?

പല അർബുദവും നേരത്തെ കണ്ടുപിടിക്കാൻ സാധിക്കുന്നവയാണ്. ചില ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും വേണ്ട പരിശോധനകൾക്കു വിധേയമാകുകയും ചെയ്യുന്നതു രോഗം നേരത്തെ നിർണയിക്കാൻ സഹായകമാകും. ഉണങ്ങാത്ത എല്ലാത്തരം വ്രണങ്ങളും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. അതുപോലെ ശരീരത്തിൽ കാണപ്പെടുന്ന മുഴകൾ, പ്രത്യേകിച്ചു സ്ത്രീകളുടെ സ്തനങ്ങളിലോ കക്ഷത്തിലോ കാണപ്പെടുന്നവ പ്രത്യേകം ശ്രദ്ധിക്കണം.

ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, മൂത്രത്തിൽ കൂടിയോ മലത്തിൽ കൂടിയോ രക്തമോ രക്തം കലർന്ന സ്രവങ്ങളോ പോകുന്നത് ഇവ പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്. മദ്യപിക്കുകയും പുകവലിക്കുകയും െചയ്യുന്നവരിൽ വിട്ടുമാറാതെയുള്ള ചുമ, ശബ്ദവ്യതിയാനം തുടങ്ങിയ ശ്രദ്ധിക്കണം. മറുക്, കാക്കപ്പുള്ളി, അരിമ്പാറ തുടങ്ങിയവയുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം പ്രധാനമാണ്. പെട്ടെന്നു വലുതാകുക, വ്രണം ആകുക തുടങ്ങിവ ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധ ചികിത്സ തേടണം.

Tags:
  • Health Tips
  • Glam Up