Saturday 04 April 2020 04:40 PM IST

വെയിൽ കൊള്ളാൻ മടിക്കേണ്ട; എല്ലുകൾക്ക് ആവശ്യമാണ് വൈറ്റമിൻ ഡി! അറിയേണ്ടതെല്ലാം...

Merly M. Eldho

Chief Sub Editor

SunVit-Summer-Vitamin-D

വെയിലടിച്ചാൽ കറുത്തു പോകുമെന്നാണോ പരാതി. എങ്കിൽ ധാരണ മാറ്റിക്കോളൂ... ചർമത്തിൽ വെയിൽ ഏൽക്കുമ്പോളാണ് ശരീരത്തിൽ വൈറ്റമിൻ D ഉൽപാദിപ്പിക്കപ്പെടുന്നത്. വെയില്‍ കൊള്ളാതിരിക്കുകയും സ്ഥിരമായി സൺസ്ക്രീൻ ഇട്ട് വെയിലത്തു പോവുകയും ചെയ്താൽ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ D ലഭിക്കുകയില്ല. തന്മൂലം, എല്ലുകൾക്ക് ബലക്ഷയം ഉണ്ടാവും. ശരീരത്തിന് ആവശ്യമായ കാൽസ്യം വലിച്ചെടുക്കാനും അത് ഉപയോഗപ്രദമാക്കാനും വൈറ്റമിൻ D വളരെ അത്യാവശ്യമാണ്. ഇതിന്റെ അഭാവം എല്ലുകൾ പൊട്ടാനും എല്ലുകൾക്ക് വളവുണ്ടാകാനും ഇടയാക്കും. ജലദോഷവും ഡിപ്രഷനും ചെറുക്കാനും വൈറ്റമിൻ D ഏറെ നല്ലതാണ്. 

ആഴ്ചയിൽ രണ്ടു തവണയെങ്കിലും 25– 30 മിനിറ്റ് വെയിൽ കൊള്ളുമ്പോൾ ശരീരത്തിൽ കൂടുതൽ വൈറ്റമിൻ D ഉൽപാദിപ്പിക്കപ്പെടും. പ്രായമായവരും ഇരുണ്ട നിറമുള്ളവരും ചെറുപ്പക്കാരെക്കാളും വെളുപ്പുനിറമുള്ളവരെക്കാളും കൂടുതൽ വെയിൽ‌ കൊള്ളാൻ ശ്രദ്ധിക്കണം. 

വളരെക്കുറച്ചു ഭക്ഷണസാധനങ്ങളിൽ‌ നിന്നു മാത്രമേ വൈറ്റമിൻ D പ്രകൃതിദത്തമായി ലഭിക്കുകയുള്ളൂ. കൊഴുപ്പുള്ള മീനുകളായ അയല, ട്യൂണ,മത്തി, മീനെണ്ണ എന്നിവയിൽ ധാരാളം വൈറ്റമിൻ D അടങ്ങിയിട്ടുണ്ട്. കരൾ, മുട്ട മഞ്ഞ, ചീസ് എന്നിവയിലും അല്പം വൈറ്റമിൻ D ഉണ്ട്. ചില ജ്യൂസുകളും carton കളിൽ ലഭിക്കുന്ന പാലിലും മറ്റും വൈറ്റമിൻ D ചേർക്കാറുമുണ്ട്. 

വൈറ്റമിൻ D യുടെ അഭാവം മൂലം പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ലെങ്കിലും രക്തത്തിൽ ഇതിന്റെ അളവു കുറയും. വളരെയധികം കുറവാണെങ്കിൽ എല്ലുകൾക്കു വേദനയും ബലക്ഷയവും ഉണ്ടാകാം. കുറച്ചുകാലത്തേക്കു കൂടുതൽ അളവിൽ വൈറ്റമിൻ D സപ്ലിമെന്റുകൾ കഴിക്കുന്നത് ആവശ്യത്തിനു വൈറ്റമിൻ ശരീരത്തിനു ലഭ്യമാക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശപ്രകാരം വേണം മരുന്നു കഴിക്കാൻ. വൈറ്റമിൻ D നിറഞ്ഞ ഭക്ഷണസാധനങ്ങള്‍ ആഹാരക്രമത്തിൽ‌ ഉൾപ്പെടുത്തുക. ഇടയ്ക്ക് വെയിലത്തു നടക്കുക. 

Tags:
  • Health Tips
  • Glam Up