Saturday 13 March 2021 02:02 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം, മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം; അഞ്ച് സൂപ്പർ ഹെയർ ടോണറുകൾ പരിചയപ്പെടാം

shutterstock_1678591528

വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ടോണർ മുടിയുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകും...

തലയിൽ എണ്ണ തേച്ച് അരമണിക്കൂർ. പിന്നെ, മസാജ് ചെയ്യാൻ 20 മിനിറ്റ്, ഹെയർ പായ്ക്കിട്ട് 10 മിനിറ്റ്... ഇതിനൊക്കെ എവിടുന്നു സമയം എന്നാണോ? കുറഞ്ഞ സമയത്തിൽ കൂടുതൽ റിസൽറ്റ് എന്നതാണ് ആവശ്യമെങ്കിൽ അഞ്ച് സൂപ്പർ ഹെയർ ടോണറുകൾ പരിചയപ്പെടാം.

റൈസ് വാട്ടർ ടോണർ

നിത്യവും ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്ന് എളുപ്പത്തിൽ കണ്ടെത്താവുന്ന ഹെൽതി ടോണറാണിത്. അരി കഴുകുന്നതിന് മുൻപേ 20 മിനിറ്റ് വെള്ളത്തിലിട്ട് കുതിർത്തു വയ്ക്കുക. ശേഷം അരി നന്നായി ഞെരടി കഴുകി ഈ വെള്ളം അരിച്ചെടുക്കാം.

ഇത് വലിയൊരു സ്പ്രേ ബോട്ടിലിലാക്കി കുളിക്കുന്നതിന് മുൻപ് ശിരോചർമത്തിലും തലമുടിയിലും സ്പ്രേ ചെയ്ത് മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകാം. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും മികച്ച ടോണറാണിത്. ഏത് അരിയുടെ വെള്ളവും ഉപയോഗിക്കാം.

ലൈം ടോണർ

തലമുടി വരണ്ടിരിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന മികച്ച ടോണറാണ് ലൈം. ഒരു ചെറുനാരങ്ങ പിഴിഞ്ഞ് അരിച്ചെടുക്കുക. ഒട്ടും തരിയില്ലാതെ വേണം അരിച്ചെടുക്കാൻ. ഇത് 10 മില്ലിലീറ്ററിന്റെ ഒരു ചെറിയ സ്പ്രേ കുപ്പിയില്‍ ഒഴിച്ചു വയ്ക്കാം.

തലമുടി നന്നായി കഴുകിയ ശേഷം തുടച്ച് വെള്ളം ഒപ്പിയെടുക്കുക. ജലാംശം പൂർണമായി നഷ്ടപ്പെടരുത്. ഇനി മുടിയിലേക്ക് ലൈം ടോണർ സ്പ്രേ ചെയ്യാം. വിരലുകളുപയോഗിച്ച് മുടി വകഞ്ഞു മാറ്റി മുടിയിഴകൾ വിടർത്തി വേണം സ്പ്രേ ചെയ്യാൻ. ശേഷം ഡ്രയർ ഉപയോഗിച്ച് മുടി നന്നായി ഉണക്കിയെടുക്കുക. അല്ലെങ്കിൽ ടൗവ്വൽ കൊണ്ട് ചുറ്റിവയ്ക്കുക. ശേഷം നിവർത്തിയിട്ട് മുടിയുണക്കാം. മുടിയുടെ വരൾച്ച മാറുമെന്ന് മാത്രമല്ല,  മുടിക്ക് തിളക്കം ലഭിക്കാനും ഇതു സഹായിക്കും.

അണിയൻ‌ ടോണർ

സവാളയോ ചുവന്നുള്ളിയോ നന്നായി അരച്ച് വ‍ൃത്തിയുള്ള കോട്ടൺ തുണിയിലൂടെ പിഴിഞ്ഞ് നീരെടുക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ തുളളി ലാവണ്ടർ ഓയിലോ, റോസ് വാട്ടറോ സുഗന്ധത്തിനായി ചേർക്കാം. ഉള്ളിയുടെ മണം അകറ്റാനാണ് ഇവ ചേർക്കുന്നത്.

ഈ മിശ്രിതം നന്നായി കുലുക്കി ചെറിയ സ്പ്രേ ബോട്ടിലിൽ ഒഴിച്ച് സൂക്ഷിക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ടോണർ ഉപയോഗിക്കാം. ശിരോചർമത്തിലാണ് ടോണർ സ്പ്രേ ചെയ്യേണ്ടത്. 10 മിനിറ്റ് നന്നായി മസാജ് ചെയ്യാം. കുളിക്കുമ്പോൾ ഷാംപുവിന് പകരം കടലപ്പൊടിയോ താളിയോ ഉപയോഗിച്ച് കഴുകാം.

തലമുടി കൊഴിച്ചിൽ, താരൻ, പേൻ തുടങ്ങിയവയ്ക്കെല്ലാം പരിഹാരമാണിത്. ഒരു തവണ ഉണ്ടാക്കുന്ന ടോണർ ഒരാഴ്ച ഫ്രിജിൽ വച്ച് ഉപയോഗിക്കാം. കുളി കഴിഞ്ഞ ശേഷം മുടി വിടർത്തിയിട്ട് ഉണക്കുക.

ബേക്കിങ് സോഡ ടോണർ

മുടി പാറിപറന്ന് അഭംഗിയായി കിടക്കുന്നതാണോ പ്രശ്നം. എങ്കിൽ മുടിയിഴകൾ സെറ്റായിരിക്കാൻ എളുപ്പ വഴിയാണ് ബേക്കിങ് സോഡ ടോണർ. രണ്ട് ചെറിയ സ്പൂൺ ബേക്കിങ് സോഡ ഒരു ഗ്ലാസ് വെള്ളത്തിൽ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു  സ്പ്രേ ബോട്ടിലിലാക്കി നന്നായി കുലുക്കുക.

ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് തല കഴുകിയ ശേഷം മുടി രണ്ടോ മൂന്നോ തവണ മൈക്രോഫൈബർ തുണിയുപയോഗിച്ച് തുടക്കുയ്ക്കുക. ശേഷം  ഈ മിശ്രിതം മുടിയിലാകെ സ്പ്രേ ചെയ്ത് ടൗവ്വൽ‌ ഉപയോഗിച്ച് നന്നായി തോർത്തിയെടുക്കാം. ഹെയർ ഡ്രയർ കൊണ്ട് മുടിയുണക്കിയെടുക്കാം.

Web

ജീരക ടോണർ  

രണ്ട് ചെറിയ സ്പൂൺ വീതം കരിഞ്ചീരകം, തേയില, ഉലുവ എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് അ രമണിക്കൂർ വയ്ക്കുക. ഇത് ഒരു പാത്രത്തിലാക്കി 20 മിനിറ്റ് തിളപ്പിക്കണം. മിശ്രിതം നല്ല കറുപ്പ് നിറമാകും വരെ തിളപ്പിച്ച ശേഷം ചൂടാറാനായി വയ്ക്കാം. ഇത് അരിച്ചെടുത്ത് കുപ്പിയിലാക്കി ഫ്രിജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ചെറിയ സ്പ്രേ ബോട്ടിലിലാക്കി കുളിക്കും മുൻപ് തലയിൽ സ്പ്രേ ചെയ്യാം.

ശിരോചർമത്തിലും മുടിയിഴകളിലും നന്നായി സ്പ്രേ ചെയ്ത് 10 മിനിറ്റ് മസാജ് ചെയ്ത് 10 മിനിറ്റ് കൂടി കഴിഞ്ഞശേഷം മുടി കഴുകി വിടർത്തിയിട്ട് ഉണക്കാം.

തലമുടിക്ക് സുഗന്ധം ലഭിക്കാനും, താരൻ, വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ മാറാനും നല്ല മാർഗമാണിത്. ജീരക ടോണർ ഒരു മാസം വരെ ഫ്രിജിൽ സൂക്ഷിക്കാം. ടോണറിന്റെ തണുപ്പ് മാറ്റിയശേഷമേ തലയിൽ സ്പ്രേ ചെയ്യാവൂ എന്നത് പ്രത്യേകം ഓർക്കുക.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

വരണ്ടമുടിയുള്ളവർ എപ്പോഴും തലമുടി കഴുകിയ  ശേഷം ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ കയ്യിലെടുത്ത് വെള്ളത്തോടൊപ്പം മുടിയിഴകളിലൂടെ പുരട്ടുക. ശേഷം വെള്ളമൊഴിച്ച് കഴുകി തോർത്താം. മുടിക്ക് ഭംഗി കൂട്ടുന്ന മികച്ച ഹെയർ ടോണറാണ് ഇത്.

∙ പ്രകൃതിദത്ത ടോണറുകളാണ് തലമുടിക്ക് ഏറ്റവും ഉ ചിതം. ഓരോന്നും കൃത്യമായ അനുപാതത്തിൽ ചേർത്ത് ടോണറുകൾ നിർമിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ ഓരോ ടോണറിന്റേയും സ്വഭാവം അനുസരിച്ച് വേണം ഷാംപുവും കണ്ടീഷനറും ഉപയോഗിക്കാൻ. പ്രകൃതിദത്ത ടോണറുകൾക്കൊപ്പം താളി, കടലമാവ്, പയറുപൊടി തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ തന്നെ ഉപയോഗിക്കാം.

∙ ടോണറുകൾ സ്പ്രേ ചെയ്ത മുടിയിൽ ഉടൻ തന്നെ കെമിക്കല്‍ അടങ്ങിയ സിറം, ഹെയർ സ്പ്രേ എന്നിവ ഉപയോഗിക്കരുത്. 

∙ ട്രീറ്റ്മെന്റ് ചെയ്ത മുടിയിലും വീട്ടിലുണ്ടാക്കുന്ന ടോണറുകൾ ഉപയോഗിക്കാം.

മുടിയുടെ ആരോഗ്യം സംരക്ഷിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നനഞ്ഞ മുടി വിടർ‌ത്തിയിട്ട് ഉണക്കിയെടുക്കുക എന്നതാണ്. ഡ്രയർ അത്യാവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക.

വിവരങ്ങൾക്ക് കടപ്പാട്: അനില ജോസഫ്, അനില ജോസഫ് ബ്യൂട്ടി കെയർ സൊലൂഷൻസ്, പാളയം, തിരുവനന്തപുരം

Tags:
  • Glam Up
  • Beauty Tips