Wednesday 22 December 2021 03:35 PM IST : By സ്വന്തം ലേഖകൻ

ഓറഞ്ച് തൊലിയും തൈരും തേനും ചേർത്ത പായ്ക്ക്; മുഖത്തെ കറുത്തപാടുകളും ചുളിവുകളും മാറും, ബ്യൂട്ടി ടിപ്സ്

orangggfepeelll75788bhb

ഓറഞ്ചിന്റെ മണവും രുചിയും ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഓറഞ്ച് തൊലിയുടെ ഉപയോഗങ്ങളെക്കുറിച്ച് അധികമാർക്കും അറിവുണ്ടാകില്ല. വലിച്ചെറിഞ്ഞു കളയാനുള്ളതല്ല ഓറഞ്ച് തൊലി. മുഖസൗന്ദര്യം  വർധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും വണ്ണം കുറയ്ക്കാനുമൊക്കെ ഓറഞ്ച് തൊലി ഉപയോഗിക്കാം.

ചുളിവുകൾ അകറ്റിനിർത്തും 

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചെടുത്താല്‍ മികച്ച ഒരു ഫേഷ്യല്‍ പൗഡറാണ്. മൂന്നു ദിവസമെങ്കിലും വെയിലത്ത് വച്ച ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇതില്‍ രണ്ടു സ്പൂൺ എടുത്ത് അതേ അളവില്‍ തൈരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കുഴക്കുക. മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്ത് നോക്കൂ.. മുഖത്തെ കറുത്തപാടുകളും വെയില്‍ കൊണ്ടതിന്റെ കരുവാളിപ്പും കുറയും. ആഴ്ചയില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ഈ മിശ്രിതം മുഖത്ത് പുരട്ടരുത്.‌ 

പല്ല് വെളുപ്പിക്കാം

മഞ്ഞപല്ലുകള്‍ ഇഷ്ടമല്ലെങ്കില്‍ അവ വെളുപ്പിക്കാനും ഓറഞ്ച് തൊലി നല്ലതാണ്. ഓറഞ്ച് തൊലിയുടെ ഉള്‍ഭാഗം കൊണ്ട് ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ മതി. ദിവസം രണ്ട് തവണ ഇത് ചെയ്യാം. ഓറഞ്ച് പൊടി ടൂത്ത് പേസ്റ്റിനൊപ്പം ചേര്‍ത്ത് രണ്ടുനേരം പല്ല് തേച്ചാലും ഇതേ ഗുണം ലഭിക്കും.

തടി കുറക്കാന്‍

ഓറഞ്ച് ടീ വണ്ണം കുറക്കുന്നതിന് ഉപയോഗിക്കുന്ന പാനീയമാണ്. ചൂടാക്കിയ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഓറഞ്ച് തൊലി ഇടുക. 10 മിനുട്ടിന് ശേഷം തൊലി മാറ്റി ഈ പാനീയം തേന്‍ ചേര്‍ത്ത് കഴിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാന്‍ ദിവസവും രണ്ട് നേരം ഈ പാനീയം കഴിക്കുക.

കൊളസ്ട്രോള്‍ കുറക്കാന്‍

മുകളില്‍ പറഞ്ഞ രീതിയില്‍ ഓറഞ്ച് ചായ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമാണ്. ഇത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.

Tags:
  • Glam Up
  • Beauty Tips