Monday 20 December 2021 12:58 PM IST : By സ്വന്തം ലേഖകൻ

കൊന്നു തള്ളാനല്ല മക്കളെ വളർത്തിക്കൊണ്ടു വരുന്നത്; ഇനിയും കൊലപാതകങ്ങളുണ്ടായാൽ ഇനിയും കുഞ്ഞുങ്ങൾ വഴിയാധാരമാകും...

ks-shaan-renjith-srinivasan Photo courtesy:Manorama Online

കൊന്നുതള്ളി കണക്കു തീർക്കുന്ന രാഷ്ട്രീയപ്പകയിൽ തകർന്നതു രണ്ടു കുടുംബം. ശനിയാഴ്ച രാത്രി 8 മണിക്കാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വെട്ടേറ്റു മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസ് വീട്ടിൽ അമ്മയുടെയും ഭാര്യയുടെയും മുന്നിൽ വെട്ടേറ്റു മരിച്ചു. സാമൂഹമാധ്യമങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കു താഴെ കൊലവിളി മുഴക്കുന്നവരും സ്മൈലി ഇടുന്നവരും കാണാതെ പോകുന്നത് ഇരു വീടുകളിലെയും നിസ്സഹായരായ മനുഷ്യരുടെ കണ്ണീരിൽ കുതിർന്ന വാക്കുകളാണ്. അതിൽ നിറയുന്ന വേദനയാണ്.

കേൾക്കണം ഈ പിതാവിന്റെ വാക്കുകൾ

‘‘എനിക്ക് മകനെ നഷ്ടപ്പെട്ടു. ഇതുപോലെ ഇനിയും കൊലപാതകങ്ങളുണ്ടായാൽ ഇനിയും കുഞ്ഞുങ്ങൾ വഴിയാധാരമാകും. രാഷ്ട്രീയം രാഷ്ട്രീയമായിത്തന്നെ കാണാനുള്ള മനഃസ്ഥിതി കേരളത്തിനുണ്ടാകണം. എന്നെപ്പോലെ അച്ഛന്മമാർ കഷ്ടപ്പെട്ടാണ് കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നത്. അവർ ഒരു ആശയത്തിൽ വിശ്വസിക്കുമ്പോൾ അതിന്റെ പേരിൽ കൊലപ്പെടുത്തുക എന്നതു വേദനാജനകമാണ്. ഇവിടെ രണ്ടു പെൺകുഞ്ഞുങ്ങളാണു വഴിയാധാരമായത്’’– കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ പിതാവ് സലീം പറയുന്നു.

KS-Shan-wife Photo courtesy:Manorama Online

‘‘എനിക്ക് എത്രകാലം ഈ ചെറിയ മക്കളെ സഹായിക്കാനോ വളർത്താനോ പറ്റും. ഈ ക്രൂരത കാണിക്കുവാൻ അവർക്കുണ്ടായ മനസ്സു പോലും എന്തിനാണെന്ന് അറിയാതെയിരിക്കുകയാണ് ഞാനും എന്റെ കുടുംബവും. ഷാൻ രാഷ്ട്രീയമായി വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചു എന്നതൊഴിച്ചാൽ മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവനല്ല. ആരെയെങ്കിലും സഹായിക്കുകയല്ലാതെ ഉപദ്രവിക്കാൻ അവന് ആവില്ല–’ സലിം പറഞ്ഞു.

വീട്ടിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ കാറിലെത്തിയവർ ഷാനിനെ ഇടിച്ചു വീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. ‘10 മിനിറ്റിനുള്ളിൽ എത്താം’ എന്നുപറഞ്ഞു ഫോൺ കട്ട് ചെയ്ത ബാപ്പയെ കാത്തിരുന്ന പൊന്നോമനകൾക്കു മുന്നിലെത്തിയത് മൂടിപ്പൊതിഞ്ഞെത്തിച്ച മൃതദേഹം. ഇക്കായെന്നുറക്കെ വിളിക്കാൻ പോലും കഴിയാതെ തളർന്ന ഭാര്യ ഫൻസില. ഷാൻ കൊല്ലപ്പെടുന്നതിന് 10 മിനിറ്റ് മുൻപാണ് ഫൻസില ഫോണിൽ വിളിച്ചത്. മുഹമ്മ കെഇ കാർമൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ഫിബ ഫാത്തിമയും നഴ്സറി വിദ്യാർഥിനി ഫിദ ഫാത്തിമയുമാണ് ഷാനിന്റെ മക്കൾ.

മകന്റെ ജീവനെടുത്തത് കാണേണ്ടി വന്ന അമ്മ

‘‘എന്റെ മോൻ ആർക്കും ദോഷമായി സംസാരിക്കുക പോലുമില്ല... പിന്നെ എന്തിനാണ് എന്റെ മകനെ ഇങ്ങനെ അരുംകൊലചെയ്തത്...’’ വെള്ളക്കിണറിൽ കൊല്ലപ്പെട്ട രൺജീത് ശ്രീനിവാസിന്റെ അമ്മ ആരോഗ്യ വകുപ്പ് മുൻ സൂപ്രണ്ടായ വിനോദിനി (ദുഃഖവും ഭീതിയും താങ്ങാനാകാതെ തലയ്ക്കടിച്ചു കരയുകയായിരുന്നു.

Renjith-brother Photo courtesy:Manorama Online

ഷാനിന്റെ കൊലപാതകം നടന്നു പിറ്റേന്നു നേരം പുലർന്നപ്പോഴേക്കും വെള്ളക്കിണറിൽ 6 ബൈക്കുകളിൽ എത്തിയവർ വീടിനുള്ളിലിട്ട് രൺജീതിനെ തലയ്ക്കു ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി തുരുതുരെ വെട്ടി കൊലപ്പെടുത്തിയത്. തടയാനെത്തിയ അമ്മ വിനോദിനിയെ തള്ളിയിട്ട് കഴുത്തിൽ കത്തി വച്ചു തടഞ്ഞാണ് രൺജീതിന്റെ ജീവനെടുത്തത്.

രാവിലെ 6.15ന് രൺജീതിന്റെ മൂത്തമകൾ ഭാഗ്യ ട്യൂഷൻ ക്ലാസിൽ പോയപ്പോൾ വാതിൽ തുറന്നതാണ്. പിന്നീട് വാതിലടച്ചെങ്കിലും പൂട്ടിയിട്ടില്ലായിരുന്നു. വാതിൽ തള്ളിത്തുറന്നാണു സംഘം അകത്തു കയറിയത്.

ഞാൻ അമ്പലത്തിൽ പോയി രൺജീതിനു വേണ്ടി പുഷ്പാഞ്ജലി നടത്തി തിരിച്ചെത്തി വീടിനു മുന്നിലെ പടിക്കെട്ടിലൂടെ മുകളിലെ നിലയിലേക്കു കയറുന്നതിനിടയിലാണ് ആരോ ഗേറ്റ് ചവിട്ടി തുറന്ന് അകത്തേയ്ക്കു കയറുന്ന ശബ്ദം കേട്ടത്. വെട്ടുകത്തിയും വാളും ചുറ്റികയുമൊക്കെയുണ്ടായിരുന്നു അവരുടെ കയ്യിൽ.

വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് ടീപ്പോയ് ചുറ്റിക കൊണ്ട് അടിച്ചുതകർത്തു. ആ ശബ്ദം കേട്ടാണ് രൺജീത് കിടപ്പുമുറിയിൽ നിന്നു ഡൈനിങ് ഹാളിലേക്കു വന്നത്. ചുറ്റിക കൊണ്ട് അവന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തി. ഉടുമുണ്ട് ഉരിഞ്ഞെടുത്ത ശേഷം വെട്ടി. നിലവിളിച്ചുകൊണ്ട് തടയാൻ ഓടിയെത്തിയ എന്നെ തള്ളി താഴെയിട്ടു.

ഇതിനിടയിൽ രൺജീതിന്റെ ഭാര്യ ലിഷ അടുക്കളയിൽ നിന്ന് ഓടിയെത്തി. അവളെയും തള്ളി താഴെയിട്ടു. ഇളയ മകൾ ഹൃദ്യ ‘അച്ഛാ’ എന്നു വിളിച്ച് മുന്നോട്ടാഞ്ഞപ്പോൾ ഗുണ്ടകൾ അവളുടെ നേരെ വാൾ വീശി. പേടിച്ചുപോയ കുഞ്ഞ് ഉടനെ മുറിയിലേക്കു മാറി. താഴെ വീണ എന്റെ മുഖത്തു കസേരകൊണ്ട് അമർത്തിവച്ച്, കത്തിയെടുത്ത് കഴുത്തിനു നേരെ നീട്ടിപ്പിടിച്ചു. കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തള്ളി മാറ്റാൻ ഞാൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും എന്റെ മോനെ ക്രൂരമായി അവർ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തുകയായിരുന്നു. തലയിലും കാലിലുമെല്ലാം എത്രയോ വെട്ടേറ്റ് എന്റെ കുഞ്ഞ്... ശബരിമലയിൽ പോയിവന്ന ഇളയ മകൻ അഭിജിത്ത് മുകൾനിലയിൽ ഉറക്കമായിരുന്നു. അവനെ വിളിച്ചെങ്കിലും ഉറക്കത്തിലായതിനാൽ കേട്ടില്ല. അവൻ ഓടി വന്നപ്പോൾ അക്രമികൾ രക്ഷപ്പെട്ടിരുന്നു.’ വിനോദിനി പറഞ്ഞു.

നഷ്ടപ്പെടലിന്റെ വേദന സലീമിനും വിനോദിനിക്കും ഫൻസിലയ്ക്കും ലിഷയ്ക്കും ഉണ്ടായതിലുമധികം മറ്റാർക്കുമുണ്ടാവില്ല. ഫിബയും ഫിദയും ഹൃദ്യയും ഭാഗ്യയുമെല്ലാം കടന്നു പോകുന്ന അനാഥത്വത്തിനു ഒന്നും പകരമാവില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ വഴിയാധാരമാക്കുന്ന ഇത്തരം സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ മുഖം നോക്കാതെയുള്ള കർശനമായ നടപടിയാണ് ഈ രണ്ടു കുടുംബങ്ങളുടെ കണ്ണുനീർ ആവശ്യപ്പെടുന്നത്.