Friday 05 February 2021 03:14 PM IST

എന്നെക്കാൾ മുതിർന്നൊരു മകനുള്ള ആളാണ്, അയാൾ എന്നോട് മോശമായി പെരുമാറി: #UhurtMyHeart ക്യാമ്പയിൻ തുടരുന്നു

Shyama

Sub Editor

devika-u-hurt

അറിയാതെ കൈ കൊണ്ടതോ മറ്റോ ആയിരിക്കും നീ അങ്ങ് വിട്ട് കള, ഇനി ഒച്ച വച്ച് ആളെ കൂട്ടാൻ നിൽക്കേണ്ട..’’

‘‘അത് സാരമില്ല, നീയായിട്ടൊന്നും ഇനി പറയാനോ ചെയ്യാനോ നിൽക്കേണ്ട. നാട്ടുകാരെന്ത് വിചാരിക്കും.’’

‘‘ അറിഞ്ഞോണ്ടാണെങ്കിലിപ്പോ എന്താ... അതങ്ങ് ക്ഷമിച്ചു കള, നാലാളറിഞ്ഞാ നമുക്കാ ചീത്തപ്പേര്...’’

‘‘ഇനി ഇപ്പോ അതുതന്നെ അലോചിച്ചോണ്ടിരിക്കണ്ട... ഒ രു ചീത്ത സ്വപ്നമാണെന്നോർത്ത് അതങ്ങ് മറന്ന് കള. പൊലീസിലൊക്കെ പറയാൻ നിന്നാൽ അതിന്റെ പുറകേ നടക്കാനേ നേരം കാണൂ...’’

പൊതു ഇടങ്ങളിൽ വച്ചോ വീട്ടിനുള്ളിൽ വച്ചോ യാത്രയ്ക്കിടയ്ക്കോ ഒക്കെ എന്തെങ്കിലും തരത്തിലുള്ള വലുതോ ചെറുതോ ആയ ലൈംഗിക അതിക്രമങ്ങള്‍ നടന്നാ ൽ നമ്മളിൽ പലരും ഇത്തരം ഉപദേശങ്ങൾ കേട്ടു കാണും. ഇതൊക്കെ കേട്ട് മിണ്ടാതെ വിട്ടുകളയുന്നവർ ഓർക്കുക... നിങ്ങളുടെ ഈ മൗനം നാളെ അതിക്രമങ്ങൾ പെരുകാനുള്ള വളമാകുന്നുണ്ട്. നിർദോഷം എന്നു കരുതിയ നിങ്ങളുടെ മൗനം അതു ചെയ്തവർക്കും കണ്ടു നിന്നവ ർക്കും അടുത്തൊരാളോട് കൂടി ക്രൂരത കാണിക്കാനുള്ള പ്രേരണ നൽകിയിട്ടുണ്ട്. നമുക്ക് ചുറ്റും നടക്കുന്ന ഓരോ ലൈംഗിക അതിക്രമങ്ങൾക്കു പിന്നിലും ഈ മൗനത്തിന് പങ്കുണ്ട്.

അതുകൊണ്ട് ആ മൗനം ഇനി നമുക്ക് വേണ്ട. ഒറ്റകെട്ടായി നിന്ന് വേണം ഇത്തരം അതിക്രമങ്ങളെ ഒറ്റപ്പെടുത്താൻ. മാളിൽ വച്ച് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരെക്കുറിച്ച് ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ച നടിയും ലിഫ്റ്റ് കൊടുത്ത പതിനാലുകാരന്റെ അശ്ലീല വാക്കുകൾ ലോകത്തോട് തുറന്നു പറഞ്ഞ യുവതിയും പുതിയ മാതൃകകളാണ്. തങ്ങൾ കടന്നുപോയ ചില സാഹചര്യങ്ങളെ കുറിച്ച് ധീരമായി തുറന്ന് പറയുന്ന കുറച്ചുപേരെക്കൂടി കേൾക്കുക.

ദേവിക എ. പ്രസാദ്- ഡിഗ്രി വിദ്യാർഥി

മനസ്സിൽ നിന്ന് മായാത്ത രണ്ട് സംഭ വങ്ങൾ ഉണ്ട്. ഒന്ന് ഞാൻ പ്ലസ് ടുവി ന് പഠിക്കുമ്പോഴാണ്. എക്സ്ട്രാ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരുമ്പോൾ ഒരാൾ എതിരെ വന്നു. എന്റെ അയൽക്കാരനാണ്, എന്നെക്കാൾ മുതിർന്നൊരു മകനുള്ള ആളാണ്. അയാൾ എന്നോട് മോശമായി പെരുമാറുകയാണ്. ഞാൻ ഒച്ച വച്ചു, നല്ല രീതിയിൽ തന്നെ പ്രതികരിച്ചു. പ്രതികരിക്കുന്നത് കണ്ടപ്പോൾ ഇത് പ്രശ്നമാകുമെന്ന് തോന്നിയിട്ടോ മറ്റോ അയാൾ ഓടിപ്പോയി. ഞാനും വീട്ടിലേക്ക് പോന്നു. അന്ന് അങ്ങനെ ചെയ്തതിൽ എനിക്ക് അഭിമാനം തോന്നി.

രണ്ടാമത്തെ സംഭവം കോളജിൽ ചേർന്ന് കഴിഞ്ഞാ ണ്. തിരുവനന്തപുരത്തേക്ക് പഠിക്കാൻ വരുന്ന വഴി രാവിലെ ഏഴു മണിയുടെ ട്രെയിനിൽ ജനറൽ കംപാർട്മെന്റിലായിരുന്നു. ഏകദേശം 30–35 വയസ്സുള്ള ആളാണ് അ ത്. അയാൾ കുഞ്ഞിനോടും വീട്ടുകാരോടും ഫോണിലൂടെ സംസാരിക്കുന്നതു കേട്ടു. പെട്ടെന്നാണ് എന്റെ ശരീരത്തിൽ സ്പർശിക്കുന്നത്. അന്നേരം തന്നെ ഞാൻ ഒച്ച വച്ചു. അയാൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഓടി.

അന്നെനിക്ക് ചുറ്റുമുള്ള ആളുകളോടാണ് കൂടുതൽ ദേഷ്യം തോന്നിയത്. വിചിത്രജീവിയെ എന്നപോലെ എ ന്നെ നോക്കുകയാണ് അവർ ആകെ ചെയ്തത്. അല്ലാതെ കൺമുന്നിൽ നടന്നൊരു സംഭവത്തോട് ആരും പ്രതികരിച്ചില്ല. ഒറ്റയ്ക്കായിപ്പോയ പോലെയാണ് അപ്പോൾ തോന്നിയത്.

പ്രധാന വിഷയത്തെ കുറിച്ച് ഒന്നും പറയാതെ, പ്രതികരിക്കാതെ ‘എന്തിനാണ് പെണ്ണുങ്ങൾ ഒരുങ്ങിക്കെട്ടി പോകുന്നത്’ എന്നൊക്കെയുള്ള മറുചോദ്യങ്ങളാണ് സമൂഹം നമ്മളോട് ചോദിക്കുന്നത്. ഞാനന്ന് ചുരിദാറാണ് ഇട്ടത്. തണുപ്പായതു കൊണ്ട് മൂടിപ്പുതച്ചാണ് ഇരുന്നത്. ഇവർ പറയുന്ന എന്ത് പ്രവോക്കേഷനാണ് എന്റെ വേഷത്തിലുള്ളത്? ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതല്ല കുറ്റം, മറ്റൊരാളുടെ സമ്മതമില്ലാതെ ഒരു വ്യക്തിയെ തൊടാന്‍ ശ്രമിക്കുന്നത് തന്നെയാണ് കുറ്റം.

ഇത്തരം കാര്യങ്ങൾ ആൺകുട്ടികളിലേക്കും സമൂഹം കുത്തി നിറയ്ക്കുന്നുണ്ട് . ‘നീയൊരാണല്ലേ, ആണുങ്ങൾ കരുത്ത് കാട്ടണം.’ എന്നൊക്കെ കേട്ട് വളരുന്നവർ പെൺകുട്ടികളോട് മോശമായി പെരുമാറുന്നതും കരുത്തു കാട്ടലിന്റെ ഭാഗമാണ്. അതുപോലെ ആൺകുട്ടികൾ അവർക്കുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ പല കാരണങ്ങള്‍ കൊണ്ട് മറച്ച് വയ്ക്കുന്നു.

ഏത് ജെൻഡറിലുള്ള ആളാണെങ്കിലും തെറ്റ് തെറ്റാണെന്ന് തന്നെയാണ് പറഞ്ഞ് പഠിപ്പിക്കേണ്ടത്. ലൈംഗിക ദാരിദ്ര്യമുള്ള തലമുറയെ ഉണ്ടാക്കിയെടുക്കാതിരിക്കുക എന്നതാകട്ടേ നമ്മുടെ ലക്ഷ്യം.