Wednesday 29 June 2022 03:12 PM IST

‘ഉടുപ്പെല്ലാം ഉരുകി തൊലിയിൽ പറ്റിച്ചേർന്നു, ചെവിയും മുഖവുമടക്കം കരിഞ്ഞു’: ഷാഹിനയെ ഡോ. ഷാഹിനയാക്കിയ തീ നാളങ്ങൾ

Tency Jacob

Sub Editor

shahiha-old-vanitha

വേദനിപ്പിച്ച വിധിയോട് കരളുറപ്പ് കൊണ്ട് പകരംവീട്ടിയ ഡോ. ഷാഹിന നിശ്ചയദാർഢ്യത്തിന്റെ നേർചിത്രം കൂടിയാണ്. ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഡോ. ഷാഹിന. വിവാഹ ജീവിതത്തിലേക്ക് പിച്ചവയ്ക്കാനൊരുങ്ങുന്ന ഷാഹിനയുടെ ജീവിതം ഒരു സിനിമാക്കയേക്കാളേറെ സംഭവബഹുലമാണ്. അഞ്ചാം വയസ്സിൽ കറന്റ് കട്ടിന്റെ സമയത്ത് വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ മണ്ണെണ്ണ വിളക്കിൽനിന്ന് തീ പടർന്നാണ് ഷാഹിനയ്ക്കു പൊള്ളലേൽക്കുന്നത്. 75 ശതമാനം പൊളളലേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടി. ഒന്നര വർഷം നീണ്ട ചികിത്സയ്ക്കൊടുവിൽ സ്കൂളിൽ തിരിച്ചെത്തി. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട ഷാഹിന ഇപ്പോഴിതാ വിവാഹത്തിന്റെ പടിവാതിൽക്കലെത്തി നിൽപ്പുണ്ട്. പ്രിയപ്പെട്ടവര്‍ ഷാഹിനയ്ക്ക് ആശംസകളുടെ പൂച്ചെണ്ടുകൾ അർപ്പിക്കുമ്പോൾ ആത്മവിശ്വാസം തുളുമ്പുന്ന ആ ജീവിതം ഒരിക്കൽ കൂടി വായനക്കാർക്കു മുന്നിലേക്ക് വയ്ക്കുകയാണ്. ഷാഹിന വനിതയ്ക്കു നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഒരിക്കൽ കൂടി...

-----------

നാലുവയസ്സിൽ, ചേച്ചിമാരുടെ കൂടെ പഠിക്കാനിരുന്ന ഒരു സന്ധ്യയിലാണ് കുപ്പിവിളക്കു മറിഞ്ഞ് ജീവിതം പൊള്ളിപ്പോയത്. വർഷങ്ങളോളം ഉള്ളാകെ വേദനകൊണ്ട് പുകഞ്ഞെങ്കിലും കാലങ്ങൾ കൊണ്ട് അത് മായ്ച്ചെടുക്കാനായി എ ന്നതു തന്നെയാണ് എന്റെ നേട്ടം.’’ പറയുന്നത് വെറും ഷാഹിനയല്ല, ഡോ. ഷാഹിനയാണ്.

എനിക്കന്ന് നാലു വയസ്സായിരുന്നു...

ഞങ്ങളുടേത് ഒരു ചെറിയ വീടാണ്. വാപ്പിച്ചി തട്ടുകട നടത്തുകയായിരുന്നു. വൈകുന്നേരമാകുമ്പോൾ വാപ്പിച്ചി അ ങ്ങോട്ടു പോകും. അന്ന്, എന്റെ ജീവിതത്തിന്റെ മുഖം മാറിപ്പോയ ദിവസം, ഉമ്മിച്ചി ചേച്ചിമാർക്ക് പഠിക്കാനായി ഒരു മണ്ണെണ്ണവിളക്ക് കത്തിച്ചു കൊടുത്തിട്ട്, അടുക്കളയിൽ അത്താഴം തയാറാക്കാനുള്ള തിരക്കിലേക്ക് പോയി. നാലു പെൺമക്കളിൽ ഞാനായിരുന്നു ഇളയത്. സ്കൂളിൽ ചേർന്നിട്ടില്ലെങ്കിലും വെറുതേ ഇത്തമാരുടെ കൂടെയിരിക്കുകയായിരുന്നു. പെട്ടെന്നാണ് കൈതട്ടി വിളക്ക് എന്റെ മടിയിലേക്ക് മറിഞ്ഞത്.

ഇട്ടിരുന്ന പോളിയെസ്റ്റർ ഉടുപ്പിലേക്ക് മണ്ണെണ്ണ മുഴുവൻ ഒഴുകി വീണ് തീ ആളിക്കത്തി. അരയ്ക്കു മേലേക്ക് തീ പടർന്നത് കണ്ട് എല്ലാവരും നിലവിളിച്ചു. ഇത്തമാരുടെ കരച്ചിൽ കേട്ടാണ് ഉമ്മിച്ചി എത്തുന്നത്. വേഗം അടുത്തിരുന്ന പാത്രത്തിലെ വെള്ളം കോരി ഒഴിച്ചു തീകെടുത്തി.

ആശുപത്രിയിലെത്തുമ്പോൾ ഉടുപ്പെല്ലാം ഉരുകി തൊലിയിൽ പറ്റിപിടിച്ചിരിക്കുകയായിരുന്നു. തുണി നീക്കം ചെയ്യുമ്പോൾ തൊലിയടക്കം പൊളിഞ്ഞടർന്നു. പൊള്ളലേൽക്കുന്ന സമയത്ത് ഞാൻ കുനിഞ്ഞിരിക്കുകയായിരിക്കണം. താടി കഴുത്തിനുതാഴെ നെഞ്ചിൽ ഒട്ടിപ്പിടിച്ചിരുന്നതുകൊണ്ട് ചുണ്ട് പൂട്ടാനാകാതെ വന്നു. ചെവിയും മുഖവുമെല്ലാം ആകെ കരിഞ്ഞു പോയിരുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്നു പറഞ്ഞെങ്കിലും ചികിത്സയ്ക്കുശേഷം അത് തിരികെ ലഭിച്ചു. കൈവിരലുകളെല്ലാം പരസ്പരം ഒട്ടിപ്പിടിച്ചിരുന്നു. ചില വിരലുകൾ അറ്റുവീണു. നെഞ്ചിലുമുണ്ടായിരുന്നു പൊള്ളലുകൾ. അരയ്ക്കു താഴെ പൊള്ളലേറ്റിരുന്നില്ല. എൺപതുശതമാനം പൊള്ളലുമായാണ് അന്ന് ഞാൻ ആശുപത്രിയിൽ കഴിഞ്ഞത്. മുപ്പതും നാൽപ്പതും ശതമാനം മാത്രം പൊള്ളലേറ്റിട്ടു പോലും മരിച്ചു പോകുന്നവരുടൊപ്പം ഞാൻ ഊഴവും കാത്തു കിടന്നിരിക്കണം.

അന്നത്തെ വേദനകളൊന്നും ഓർമയിലില്ല

എറണാകുളം ലിസ്സി ഹോസ്പിറ്റലിലായിരുന്നു ആദ്യം ചികിത്സിച്ചത്. ഉമ്മിച്ചിയും ഉമ്മൂമ്മ പരീതുമ്മയുമായിരുന്നു കൂടെ നിന്നിരുന്നത്. അക്കാലത്ത് വാപ്പിച്ചി കടയിലേക്ക് പോയിരുന്നതും വന്നതുമെല്ലാം ആശുപത്രിയിൽ നിന്നായിരുന്നു. ഉമ്മിച്ചി എന്റെയടുത്തായിരുന്നതുകൊണ്ട് ഇത്താത്തമാരാണ് കടയിൽ വാപ്പിച്ചിയെ സഹായിക്കാൻ ചെന്നിരുന്നത്. സാമ്പത്തികം വലിയൊരു ഘടകമായിരുന്നതുകൊണ്ട് കട നിറുത്തി വെക്കാൻ പറ്റുമായിരുന്നില്ല. ഉമ്മയുടെ സഹോദരൻ അലിയും ബന്ധുക്കളുമെല്ലാം സാമ്പത്തികമായി നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്.

പൊള്ളിയിടത്ത് മരുന്നു പുരട്ടാൻ വരുമ്പോൾ നഴ്സുമാർ ഉമ്മിച്ചിയെ അകത്തു നിറുത്തില്ല. ആ സമയത്തെ പുകയുന്ന വേദനയും ഉമ്മിച്ചിയെ കാണാത്തതും കൂടി വലിയ വായിൽ കരയുന്നതെനിക്കോർമ്മയുണ്ട്. അല്ലാതെ അന്നത്തെ ആശുപത്രിക്കാലത്തിന്റെ പൊടിപ്പുകളൊന്നും മനസ്സിലില്ല. ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റമില്ലെന്നു ക ണ്ട്, അമ്പതു ദിവസത്തെ ചികിത്സയ്ക്കുശേഷം അവിടത്തെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുന്നത്. പിന്നെ ഒരു വർഷത്തോളം അവിടെയായിരുന്നു ചികിത്സ. പൊള്ളിയ ഇടങ്ങൾ ഉണങ്ങാൻ തുടങ്ങിയപ്പോൾ മുതൽ ശസ്ത്രക്രിയകളായിരുന്നു. മാംസം കരിഞ്ഞ് പൊള്ളയായിപ്പോയിടങ്ങളിലെല്ലാം തുടയിൽ നിന്നെടുത്ത മാംസം വച്ചു പിടിപ്പിച്ചു. എടുത്തിടത്തു വീണ്ടും മാംസം വന്ന് മൂടുന്നതുവരെ അടുത്ത സർജറിക്കായുള്ള കാത്തിരിപ്പാണ്. ആ സമയങ്ങളിൽ വലിച്ചിലും അസഹ്യമായ വേദനയുമാണ്.

ഞാൻ വളരുന്നതിനനുസരിച്ചായിരുന്നു പിന്നീടുള്ള ഓരോ സർജറിയും. പതിനഞ്ചിലധികം സർജറികൾ കഴിഞ്ഞു ഇതുവരെ. ഇങ്ങനെയൊക്കെ ആണെങ്കിലും അഞ്ചു വയസ്സിൽത്തന്നെ എന്നെ സ്കൂളിൽ ചേർത്തു. വാപ്പിച്ചിക്കായിരുന്നു ഇക്കാര്യത്തിൽ നിർബന്ധം. സ്കൂളിൽ പോയിത്തുടങ്ങിയപ്പോഴാണ് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്. കുട്ടികളുടെ കളിയാക്കലും ഒഴിഞ്ഞുമാറലും ഉള്ളിലുണ്ടാക്കുന്ന പൊള്ളൽ ഒരുപാട് വലുതായിരുന്നു. ആരേയും കുറ്റം പറയാൻ പറ്റില്ല. അത്രമാത്രം കരിഞ്ഞ ഒരു പുൽനാമ്പുപോലെയായിരുന്നു ഞാനന്ന്. പക്ഷേ, നല്ല കൂട്ടുകാരും ഉണ്ടായിരുന്നു കേട്ടോ. കളികളിൽ നിന്ന് ഒഴിച്ചു നിറുത്താതെയും കളിയാക്കാതെയും കൊണ്ടു നടന്ന കൂട്ടുകാർ. ടീച്ചർമാരെല്ലാം നല്ല പിന്തുണ നൽകിയിരുന്നു. ലോങ്ജമ്പിനും ഹൈജമ്പിനുമൊക്കെ സ്േറ്ററ്റ് ലെവൽ വരെ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. പത്താം ക്ലാസിൽ ഉയർന്ന മാർക്കുണ്ടായിരുന്നു.

വാപ്പച്ചി പറഞ്ഞു, ‘നിന്റെ ജീവിതമാണ് ’

പ്ലസ്ടുവിനുശേഷം സിവിൽ എഞ്ചിനീയറിങ്ങിന് പോകാനായിരുന്നു എനിക്ക് ആഗ്രഹം. എൻട്രൻസ് എഴുതണമെന്നൊന്നും ആ സമയത്ത് ഗൗരവമായി ചിന്തിച്ചിരുന്നില്ല.‘ ഭിന്നശേഷിക്കാർക്ക് സംവരണമുണ്ട് നീ എഴുതെന്ന്’ പറഞ്ഞ് കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ഒന്ന് എഴുതി നോക്കിയതാണ്. റാങ്ക് ലിസ്റ്റിൽ പേരു വന്നെങ്കിലും കിട്ടുമെന്നൊന്നും പ്രതീക്ഷയില്ലാതിരുന്നതുകൊണ്ട് ഡിഗ്രിക്ക് ചേർന്നിരുന്നു.

ഒരു ദിവസം ഉച്ചകഴിഞ്ഞാണ് തിരുവനന്തപുരത്തു നിന്ന് വിളി വരുന്നത്. മെഡിസിന് അലോട്ട്മെന്റായിട്ടുണ്ട്. പിറ്റേന്ന് ഇന്റർവ്യൂവിന് ചെല്ലണമെന്ന്. വിരലുകൾ ശരിയല്ലാത്തതുകൊണ്ട് സർജറി ചെയ്യാൻ പറ്റില്ലല്ലോ. അതുകൊണ്ട് എംബിബിഎസിന് ചേരാൻ കഴിയില്ല. കിഴിയും തിരുമ്മലുമൊക്കെയുള്ളതുകൊണ്ട് ആയുർവേദവും പറ്റില്ല. ഹോമിയോ എടുക്കാ ൻ സാധിക്കുമെന്നു പറഞ്ഞു. ഹോമിയോപ്പതിയെക്കുറിച്ച് അ ന്നൊന്നും കാര്യമായി അറിയില്ല. ഒറ്റ സീറ്റാണുള്ളത്, അരമണിക്കൂർ സമയത്തിനുള്ളിൽ തീരുമാനം പറയണം. വാപ്പിച്ചി പറഞ്ഞു. ‘‘നിന്റെ ജീവിതമാണ്, നീ ചിന്തിക്ക്...’’ ആ നിമിഷം ദൈവവും തോന്നിച്ചൂ. ‘‘ ഇത് തിരഞ്ഞെടുക്കൂ’’ എന്ന്. ആ വാക്കു ഞാൻ കേട്ടു. ഒരു ഹോമിയോ ഡോക്ടറാകാനായിരിക്കും വിധിച്ചിട്ടുണ്ടാവുക.

shahina-nws

ഹോസ്റ്റലിൽനിന്നു പഠിക്കാൻ എനിക്കു മടിയും പേടിയുമായിരുന്നു. എറണാകുളം പടിയാർ ഹോമിയോ കോളജിൽ സീറ്റ് ഒഴിവുണ്ടെന്നറിഞ്ഞു. അതാകുമ്പോൾ വീട്ടിൽ നിന്നു പോയി വരാം. 2015ലാണ് കോഴ്സ് കഴിഞ്ഞിറങ്ങുന്നത്. അവിടെയുള്ള എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. കൂട്ടുകാരുടെ കൂടി ബലത്തിലാണ് ഞാൻ നല്ല ബോൾഡ് ആയത്. ഇത്താത്തമാരും അവരുടെ കുടുംബങ്ങളും എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ട്.

കോഴ്സ് കഴിഞ്ഞയുടനെ പരിശീലനത്തിനായി കളമശ്ശേരിയിലെ റെൻസ് അബ്രഹാം സാറിന്റെ ക്ലിനിക്കിലായിരുന്നു ചേർന്നത്. ചെറിയ ടെൻഷനുണ്ടായിരുന്നു. രോഗികൾ എന്നെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന്. എല്ലാവരും നല്ല സഹകരണമായിരുന്നു. അവിടെ ട്രെയിനിങ്ങിന് ചേർന്നതായിരുന്നു എന്റെ കരിയറിനെ വഴി തിരിച്ചു വിട്ടത്. ഈ തൊഴിൽ കൊണ്ട് ജീവിക്കാൻ പറ്റും എന്ന് ആത്മവിശ്വാസം കിട്ടിയതെല്ലാം ആ ക്ലിനിക്കിൽ നിന്നാണ്. പിന്നീട് വീട്ടിൽ ചെറിയൊരു ക്ലിനിക്ക് തുറന്ന്, ജോലികഴിഞ്ഞ് വന്നശേഷം വീട്ടിലും രോഗികളെ നോക്കിത്തുടങ്ങി.

ആ സമയത്താണ് മെഡിക്കൽ ഒഫീസർ തസ്തികയിലേക്ക് പി എസ് സി വിളിച്ചത്. പരീക്ഷ പാസ്സായെങ്കിലും 2017 ലാണ് ഓർഡർ കിട്ടുന്നത്. കോട്ടയം പാലായ്ക്കടുത്തുള്ള കുടക്കച്ചിറയിലെ ക്ലിനിക്കിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. കൂടെയുള്ളവരും നാട്ടുകാരുമെല്ലാം സ്നേഹം കൊണ്ടു മൂടുകയാണ്. മൂന്നു വർഷം കഴിയുമ്പോൾ അവിടെനിന്ന് ട്രാൻസ്ഫർ വാങ്ങി പോരണമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ, അവരുടെ സ്നേഹം കാണുമ്പോൾ അതു ചെയ്യാൻ മനസ്സ് മടിക്കുന്നു.

shahina

പൊള്ളി കിട്ടിയ ഭാഗ്യം

കുട്ടിക്കാലത്ത് പുറത്തു പോകാൻ എനിക്കിഷ്ടമില്ലായിരുന്നു. ഞാൻ തന്നെ എന്റെ രൂപവുമായി പൊരുത്തപ്പെടാൻ വിഷമിക്കുകയാണ്. അപ്പോഴാണ് ‘‘ഇത് എന്ത് പറ്റിയതാ?’’ എന്ന് എന്റെ മുൻപിൽ വെച്ചു തന്നെ ചോദിക്കുന്നത്. സഹതപിക്കുന്നതൊക്കെ കാണുമ്പോൾ വിഷമം തോന്നിയിരുന്നു. പക്ഷേ, ഒന്നും പുറത്തു കാണിക്കുകയോ, ആരെയോ അറിയിക്കുകയോ ചെയ്തിട്ടില്ല. ‘പൊള്ളിക്കരിഞ്ഞിരിക്കുകയല്ലേ, എന്തിനാ പഠിപ്പിച്ചു പൈസ കളയുന്ന’തെന്ന് ചോദിച്ചവരുമുണ്ട്. എന്നിട്ടും വാപ്പിച്ചി അതൊന്നും കാര്യമാക്കിയില്ല. പെൺകുട്ടികൾക്ക് സ്വപ്നങ്ങൾ മുളയ്ക്കുന്ന ഒരു പ്രായമുണ്ടല്ലോ, ആ സമയത്ത് സങ്കടംകൊണ്ട് സ്വയം ചോദിച്ചിട്ടുണ്ട്. ‘ഞാനെന്തു തെറ്റു ചെയ്തിട്ടാണ് എന്നെ ഇങ്ങനെ ശിക്ഷിച്ചതെന്ന്.’ ഇന്ന് ആ ചിന്തയൊന്നുമില്ല. ദൈവം നീട്ടിയ സെക്കന്റ് ചാൻസാണ്. അതു ന ന്നായി ഉപയോഗിക്കണം. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ എന്നെ പൊന്നുപോലെ നോക്കിയ എത്ര ഡോക്ടർമാരും നഴ്സുമാരുമുണ്ടെന്നോ? അവർ തന്ന സേവനം ഞാൻ തിരിച്ചു കൊടുക്കേണ്ടേ? അതിനാകും ദൈവം എനിക്കീ അവസരം തന്നത്.

ഉയരെ സിനിമ കണ്ട കൂട്ടുകാർ പലരും വിളിച്ചു പറഞ്ഞു. ‘ഞങ്ങൾക്ക് നിന്നെ ഓർമ വന്നു’. ഞാൻ കണ്ടപ്പോഴും അതുതന്നെയായിരുന്നു സ്ഥിതി. ‘എനിക്ക് എന്നെ ഓർമ വന്നു.’ പാർവതി സഹിച്ചതിലും എത്രയോ അധികം ഞാൻ സഹിച്ചു. ഇപ്പോൾ ഞാൻ സാധാരണജീവിതത്തിലേക്കു തിരിച്ചു വന്നു. എന്നിട്ടും എന്റെ സർട്ടിഫിക്കറ്റിൽ ഇപ്പോഴും അമ്പതു ശതമാനം പൊള്ളലുണ്ടെന്നാണ്. ടൊവിനോയെപ്പോലെ എന്റെ ജീവിതത്തിലും നല്ലൊരു ഫ്രണ്ടുണ്ട്. എന്റെ കൂടെ ജോലി ചെയ്യുന്ന ബെബറ്റോ സക്കറിയാസ്. പുറം ലോകത്തോട് ഇതെല്ലാം പറയാൻ ധൈര്യം തന്നത് ബെബറ്റോയാണ്. ‘ഉയരെ’ കണ്ടപ്പോൾ മുതൽ ടൊവിനോയെയും പാർവതിയെയും കാണണമെന്നു നല്ല ആഗ്രഹമുണ്ട്. ഇതറിഞ്ഞ കസിൻ അർഷാദ് എന്റെ കഥ ടൊവിനോയോടു പറഞ്ഞു. അങ്ങനെ എന്റെ പിറന്നാളിന് വലിയൊരു സർപ്രൈസ് ഗിഫ്റ്റ് കിട്ടി. എനിക്ക് പിറന്നാളാശംസിച്ചു കൊണ്ടുള്ള ടൊവിനോയുടെ വിഡിയോ. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോൾ ഉയരെയിൽ പാർവതി ക്ലൈമാക്സ് സീനിൽ നിൽക്കും പോലെ സന്തോഷത്തിന്റെ ആകാശത്തിലായിരുന്നു ഞാൻ.

shahina-1

പൊള്ളിയാൽ ഭാഗ്യം പോവും എന്നു പറഞ്ഞു വേദനിപ്പിച്ചവരുണ്ട്. പക്ഷേ, ഒന്നോർത്താൽ ആ തീനാളങ്ങളല്ലേ എന്നെ ഇവിടെവരെ എത്തിച്ചത്?’’