Thursday 24 January 2019 05:20 PM IST : By സ്വന്തം ലേഖകൻ

‘സ്കൂളിലേക്ക് ഇറങ്ങിയ മോനാണ് രക്തത്തിൽ കുളിച്ച് നിശ്ചലമായി കിടക്കുന്നത്; നെഞ്ചുനീറ്റുന്ന നേർസാക്ഷ്യം; കുറിപ്പ്

accident പ്രതീകാത്മക ചിത്രം

അപ്രിയ സത്യങ്ങൾ പറയാൻ വിധിക്കപ്പെട്ടവരാണ് ഡോക്ടർമാർ. മരണവാർത്തകളും രോഗവിവരങ്ങളും പറയാൻ രോഗികളുടേയും അവരുടെ ഉറ്റവരുടേയും അടുക്കലേക്കെത്തുമ്പോൾ പലരുടേയും ഉള്ളുപൊള്ളുന്നുണ്ടാകും. എന്നാൽ എല്ലാ വേദനകളും വിഷമതകളും ഉള്ളിലൊതുക്കി നിർവികാരതയോടെയായിരിക്കും അവർ ആ വാർത്തകൾ പങ്കുവയ്ക്കുന്നത്. ഡോക്ടർ ജീവിതത്തിനിടയ്ക്ക് താൻ കടന്നു പോയ അത്തരമൊരു അനുഭവം വേദനയോടെ പങ്കുവയ്ക്കുകയാണ് ഡോക്ടർ ഷിംന അസീസ്.

ആക്സിഡന്റ് സംഭവിച്ച് രക്തത്തിൽ കുളിച്ച് ആശുപത്രിയിലേക്കെത്തിയ പതിനേഴുകാരനെയോർത്താണ് ഡോക്ടറുടെ കുറിപ്പ്. അവനെ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാൽ പ്രതീക്ഷയെല്ലാം വെറുതെയാക്കി ഇസിജി രേഖയിലെ ചലനമറ്റ നീണ്ടൊരു വരമാത്രമായൊതുങ്ങിയ ആ കൗമാരക്കാരൻ മരണത്തിന്റെ വിളികേട്ട് മടങ്ങുകയായിരുന്നു. ആ ദുഖവാർത്ത കണ്ണീരണിഞ്ഞു നിൽക്കുന്ന ബന്ധുക്കളിലേക്ക് അറിയിക്കാനൊരുങ്ങുമ്പോഴുള്ള മാനസികാവസ്ഥയും ഡോക്ടർ ഷിംന കുറിക്കുന്നു.

ബധിരയായ ഉമ്മ അന്ന് തിരിച്ചറിഞ്ഞില്ല ആ വേദന, ഇന്ന് ഒരിറ്റ് ശ്വാസത്തിനായി ഈ പൈതലിന്റെ പിടച്ചിൽ; കണ്ണീർക്കടൽ

‘നിശബ്ദയായിരുന്നു അവൾ’; മരണത്തിനു മുന്നേ ആൻലിയ പറയാതെ പറഞ്ഞു ആ വേദന; കണ്ണീർ ചിത്രം

ഞങ്ങൾ ഗുണ്ടകളല്ല! ‘ബാഹുബലി’ക്കും സണ്ണി ലിയോണിനും സുരക്ഷയൊരുക്കിയ ‘ബോഡിഗാർഡിന്റെ’ കഥ

കൊഞ്ചി കൊഞ്ചി കിന്നാരം പറയും, തമാശ പങ്കിടും; സ്നേഹക്കടലാണ് കുഞ്ഞുങ്ങളുടെ ഈ ഡോക്ടറമ്മൂമ്മ; കുറിപ്പ്

ശിക്ഷയെന്നാൽ കുഞ്ഞുങ്ങളുടെ ശരീരം വേദനിപ്പിക്കലല്ല; അച്ഛനമ്മമാർ അറിയാൻ അഞ്ചുകാര്യങ്ങൾ

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

തുടക്കംതൊട്ടേ പിഴച്ച ഒരു ദിവസമായിരുന്നു. വൈകിയുണർന്നു. ആകെ തിരക്ക്‌ കൂട്ടി, തുള്ളിപ്പിടച്ച്‌...

ഓപിയിൽ എത്തിയപ്പോഴാണ്‌ കണ്ണട എടുക്കാൻ മറന്നതോർത്തത്‌. ഫോൺ ചാർജ്‌ ചെയ്യാനും വിട്ട്‌ പോയിരുന്നു. ഓട്ടോയിൽ അഞ്ച് മിനിറ്റ്‌ കൊണ്ട്‌ പോയിട്ട്‌ വരാനുള്ള ദൂരമേയുള്ളൂ വീട്ടിലേക്ക്‌. ടീ ബ്രേക്കിൽ ഓടിപ്പോയി കണ്ണടയും ചാർജറും എടുത്തിട്ട്‌ വരാമെന്ന്‌ കരുതി കാഷ്വാലിറ്റിക്കടുത്തുള്ള ഓട്ടോസ്‌റ്റാൻഡ്‌ ലക്ഷ്യമാക്കി നടന്നു.

നടക്കുന്നതിനിടയിൽ സെക്കന്റ്‌ കസിൻ മുന്നിലേക്ക്‌ കടന്നു വന്നു. ആളുടെ ഭാര്യാബന്ധു ബൈക്ക്‌ ആക്‌സിഡന്റായി അകത്ത്‌ കിടപ്പുണ്ടെന്ന്‌ പറഞ്ഞു. വേറെ എങ്ങോട്ടേലും കൊണ്ട്‌ പോകണോ എന്ന്‌ നോക്കി പറയാമോ എന്ന്‌ വല്ലാത്ത വേവലാതിയോടെ ചോദിച്ചു. ഓടി അകത്ത്‌ കയറി നോക്കിയപ്പോൾ രക്‌തത്തിൽ കുളിച്ച്‌ കിടക്കുകയാണ്‌ പതിനേഴുകാരൻ. ദേഹമാസകലം കുഴലുകളുമായി അവനെ രക്ഷിക്കാൻ ഡോക്‌ടർമാരും സ്‌റ്റാഫും കിണഞ്ഞ്‌ പരിശ്രമിക്കുന്നുണ്ട്‌. കാഷ്വാലിറ്റി ഡ്യൂട്ടിയുള്ള സുഹൃത്തായ ഡോക്‌ടർ മുഖത്തേക്ക്‌ തിരിഞ്ഞ്‌ നോക്കി 'expired' എന്ന്‌ മാത്രം പറഞ്ഞു. എന്റെ പിറകിലെ അടഞ്ഞ വാതിലിനപ്പുറത്ത്‌ വിവരമറിയാൻ എന്നെ കാത്ത്‌ ആരൊക്കെയോ !

നീണ്ടൊരു വര മാത്രമെഴുതിയ ചലനമറ്റ ഇസിജി രേഖയുമായി അവർക്ക്‌ മുന്നിലേക്ക്‌ വിവരം പറയാനിറങ്ങി. രാവിലെ സ്‌കൂളിലേക്ക്‌ ഇറങ്ങിയ മോനാണ്‌. ബന്ധുക്കൾ ഒന്നടങ്കം കരയുകയാണ്‌. രണ്ട്‌ പേരെ വിളിച്ച്‌ നെഞ്ചിനുള്ളിലെ സംഘർഷം മറച്ച്‌ വെച്ച്‌ വിവരം പറഞ്ഞു. പരസ്‌പരം കെട്ടിപ്പിടിച്ചു കരയുന്നവരെ കണ്ട്‌ പല തവണ കണ്ണ്‌ നിറഞ്ഞത്‌ എങ്ങനെയോ മറച്ചു പിടിച്ചു. ഡോക്‌ടർമാരും നേഴ്‌സുമാരുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും നോക്കി നെടുവീർപ്പിടുന്നുണ്ട്.

തിരിച്ച്‌ മുറിക്കകത്ത്‌ കേറി. ഡ്രസിംഗ്‌ റൂമിലെ ചേട്ടൻമാര്‌ അവന്റെ ദേഹം വൃത്തിയാക്കുന്നു. അവരുടെയെല്ലാം മുഖം മ്ലാനമാണ്‌. നിറയേ ഒടിവുകളുള്ള ശരീരം വല്ലാതെ ബ്ലീഡ്‌ ചെയ്യുന്നുണ്ടായിരുന്നു. വാരിയെല്ലുകൾ പൊട്ടിയ നെഞ്ചകവും കവിളും ചുണ്ടും മൂക്കും ചോരയൊലിക്കുന്നത്‌ തുടച്ച്‌ പഞ്ഞി വെച്ച്‌ കെട്ടുന്നതിനിടക്ക്‌ എന്റെ വസ്‌ത്രവും അങ്ങിങ്ങ്‌ ചുവക്കുന്നുണ്ടായിരുന്നു. ജീവനോടെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ പ്ലസ്‌ടുക്കാരനെ അവസാനയാത്ര അയക്കാനായിരുന്നോ സാധാരണ പോകാറുള്ള ആശുപത്രി കവാടത്തിനടുത്തെ ഓട്ടോ സ്‌റ്റാൻഡിൽ പോകാതെ ഞാൻ മറുപുറത്തൂടെ ഇറങ്ങിയത്‌? കാഷ്വാലിറ്റി ഡ്യൂട്ടി ഇല്ലാത്ത ആളായിട്ടും... നിയോഗങ്ങൾ !

മുക്കാൽ മണിക്കൂറോളം അവനോടൊപ്പം ചിലവഴിച്ച്‌ മോർച്ചറിയിലേക്ക്‌ യാത്രയാക്കി. മനസ്സ്‌ മരവിച്ച്‌ ഇറങ്ങുമ്പോൾ അവന്റെ മാഷമ്മാരും യൂണിഫോമിട്ട സഹപാഠികളും ആധി പിടിച്ച്‌ ഓടിവരുന്നത്‌ കണ്ടു. അവർ ചോദിച്ചപ്പോൾ ഒന്നും മിണ്ടാനാകാതെ മോർച്ചറിക്ക്‌ നേരെ വിരൽ ചൂണ്ടി റോഡ്‌ മുറിച്ച്‌ കടന്ന്‌ ഓട്ടോയിൽ കയറി. എങ്ങനെയോ വീട്ടിലെത്തി, മുഖം കഴുകി, കൈ കഴുകി, ചുരിദാറിന്റെ ടോപ്പ്‌ മാറി വേറെയിട്ടു. തിരിച്ച്‌ പോന്നു...

മറ്റൊരാളുടെ കൂടെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു അവൻ. എതിരെ വന്ന വാഹനത്തിലോ മറ്റോ വസ്ത്രം കുടുങ്ങിയെന്നും, അതല്ല വളവിൽ കാണാതെ മറ്റൊരു വാഹനം ഇടിച്ചതാണെന്നും കേട്ടു, കൂടുതലറിയാൻ നിന്നില്ല. തിരിച്ച്‌ കാഷ്വാലിറ്റി വഴി കയറിയതുമില്ല. ആരെയും കാണാൻ വയ്യ. എന്നെന്നേക്കുമായി അവനുറങ്ങിയല്ലോ..