Thursday 09 June 2022 04:23 PM IST

‘വിഡിയോയിൽ കണ്ടതല്ല, അതിനു ശേഷം ഇങ്ങനെ ചിലതു കൂടി സംഭവിച്ചു’: ഞാനും രണ്ട് പെൺകുട്ടികളുടെ പിതാവ്: വൈറൽ എസ്ഐ പറയുന്നു

Binsha Muhammed

viral-si-rescue

പായൽ പിടിച്ച് വഴുക്കലുള്ള പാറക്കെട്ട്. അതിനപ്പുറം പതിയിരിക്കുന്നത് മരണമാണ്. പ്രണയ നൈരാശ്യം ഭ്രാന്തമായി തലയ്ക്കു കയറിയപ്പൾ മരണം തെരഞ്ഞെടുക്കാനാണ് അവൾ അവിടെ എത്തിയത്. നിൽക്കുന്നിടത്തു നിന്നു കലൊന്നനങ്ങിയാൽ പതിക്കുന്നത് വാപിളർന്നിരിക്കും പോലെ ഭയാനകമായ ഗർത്തത്തിലാണ്.

അടിമാലി കുതിരവൻകുഴിയിലെ പാറയുടെ തുഞ്ചത്ത് ആത്മഹത്യ ഭീഷണിമുഴക്കിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലായത്. അടുക്കാൻ പറ്റാത്ത തരത്തിൽ ചുറ്റും ബന്ധുക്കളുടെ പട തന്നെയുണ്ടായിട്ടും മരണം തിരഞ്ഞെടുക്കാനുള്ള അവളുടെ തീരുമാനത്തിൽ നിന്നും ലവലേശം പോലും മാറ്റമുണ്ടായിരുന്നില്ല. പലരും പല ആശ്വാസ വാക്കുകൾ പറഞ്ഞിട്ടും മരിച്ചു കളയുമെന്ന് തറപ്പിച്ചു പറഞ്ഞതല്ലാതെ അവൾ പിൻവാങ്ങിയില്ല. പക്ഷേ... മരണമുറപ്പിച്ച ആ മനസു മാറ്റാൻ ഒരു കാക്കി വേണ്ടി വന്നു. അടിമാലി കുതിരയിള ആദിവാസി സങ്കേതത്തിൽ നിന്നുള്ള യുവതി നൂറടിയിലേറെ ഉയരമുള്ള കുതിരവൻ കുഴിയിൽ മരിക്കാൻ നിൽപ്പുണ്ടെന്ന വാർത്ത കേട്ട് ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ കെഎം സന്തോഷ്. അടിമാലി സബ് ഇൻസ്പെക്ടർ. മരണമുഖത്തു നിന്നും അവളെ തിരികെയെത്തിച്ച സന്തോഷിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുമ്പോൾ കാക്കിയണിഞ്ഞ ആ ഹീറോയെ വനിത ഓൺലൈൻ കണ്ടെത്തിയിരിക്കുകയാണ്. ഉദ്വേഗജനകമായ ആ നിമിഷങ്ങൾ സന്തോഷ് പങ്കുവയ്ക്കുന്നു.

ജീവിതത്തിലേക്ക് ആ പിൻവിളി

യൂണിഫോമിട്ട് ഡ്യൂട്ടി നടപ്പാക്കാൻ ഒരു അപകട സ്ഥലത്തേക്ക് എത്തുമ്പോൾ മനസുകൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ പൊലീസുകാരാണ്. പക്ഷേ ചില സന്ദർഭങ്ങൾ നമ്മുടെ ജീവിതവുമായി ചേർന്നു നിൽക്കും. അവിടെ ആ പെൺകുട്ടിയെ കണ്ടപ്പോൾ, അവളുടെ അവസ്ഥ കണ്ടപ്പോൾ ഞാൻ വെറുമൊരു എസ് ഐ മാത്രമല്ല. രണ്ടു പെൺകുട്ടികളുടെ അച്ഛൻ കൂടിയായി.– എസ്ഐ സന്തോഷ് പറഞ്ഞു തുടങ്ങുകയാണ്.

സ്റ്റേഷൻ അതിർത്തിയിൽ നിന്നും അധികം അകലെയല്ലാത്ത ചെങ്കുത്തായ കുന്നും മലകളും നിറഞ്ഞ കുതിരവൻകുടിയിലെ പാറക്കെട്ടിലാണ് സംഭവം. ചെന്നെത്താൻ പോലും പ്രയാസമേറിയ പ്രദേശം. പോരാത്തതിന് മഴ പെയ്ത് പായൽ കെട്ടി നിൽക്കുന്ന സ്ഥലം. ചിലപ്പോൾ അശ്രദ്ധമായ ഒരു അനക്കം പോലും ചിലപ്പോൾ മരണത്തിൽ കൊണ്ടെത്തിക്കാം. ‘പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി നിൽക്കുന്നു’ എന്ന വാർത്ത ഞങ്ങളെ അറിയിച്ചത് ഒരു ബന്ധുവാണ്. ഞാനും എന്റെയൊരു സഹപ്രവർത്തകനും കൂടി അവിടെ എത്തുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയാണ്. പെൺകുട്ടിയുടെ ബന്ധുക്കൾ പലരും അടുത്തുണ്ട്. അവർക്കൊന്നും അടുക്കാൻ വയ്യാത്ത അവസ്ഥ. അവർ അടുത്തേക്ക് പോകുന്തോറും, ആശ്വസിപ്പിക്കുന്തോറും പെൺകുട്ടി പാറയുടെ മുനമ്പിലേക്ക് കൂടുതൽ അടുത്തു കൊണ്ടിരുന്നു. അടുത്തേക്ക് ആരെങ്കിലും വന്നാൽ ഞാൻ മരിച്ചു കളയുമെന്ന് തീർത്തു പറഞ്ഞു. ആരു പറഞ്ഞിട്ടും ആശ്വസിപ്പിച്ചിട്ടും ചെവികൊണ്ടില്ല. അതുമാത്രമല്ല, പെൺകുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് പലർക്കും എത്തിപ്പെടാൻ പറ്റാത്ത സാഹചര്യവും.

ഞാൻ എത്തുമ്പോഴും വിഭിന്നമായിരുന്നില്ല സാഹചര്യം. കാര്യങ്ങൾ പന്തിയല്ലെന്നു കണ്ടപ്പോള്‍ ഞാൻ അവളുടെ മനസറിയാനാണ് ശ്രമിച്ചത്. അടുത്തേക്ക് പോകാൻ പറ്റിയില്ലെങ്കിലും എന്റെ ശബ്ദം അവൾക്ക് കേൾക്കാൻ കഴിയുന്ന ഇടത്തേക്ക് മാറി നിന്നു. ശാസിക്കുകയല്ല, മറിച്ച് മോളേ... എന്ന് വിളിച്ചാണ് കുട്ടിയോട് സംസാരിച്ചത്. അവളെ ആരു മനസിലാക്കിയില്ലെങ്കിലും ആര് അവളുടെ പ്രശ്നങ്ങൾ ചെവിക്കൊണ്ടില്ലെങ്കിലും ഞാൻ കേൾക്കുമെന്ന് വാക്കു നൽകി.

ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിൽ കുറച്ചു ഭാഗങ്ങൾ കൂടി ബാക്കിയുണ്ട്. അതിൽ ഞാൻ അവളോട് മനസു തുറന്നു സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്. അവളെപോലെ രണ്ടു പെൺകുട്ടികൾ എന്റെ വീട്ടിലുണ്ടെന്നും അവളുടെ വിഷമം മറ്റാരേക്കാളും എനിക്ക് മനസിലാകുമെന്നും പറഞ്ഞു മനസിലാക്കി. അതവൾ ഹൃദയം കൊണ്ടാണ് കേട്ടത്. മറ്റാരു പറഞ്ഞിട്ടും കേൾക്കാതെ മരണ മുനമ്പിൽ നിന്ന ആ പെൺകുട്ടി എന്റെ അടുത്തേക്ക് വന്നതും അങ്ങനെയാണ്. പ്രണയ നൈരാശ്യമെന്നാണ് അറിയാൻ കഴിഞ്ഞത്. കാര്യങ്ങൾ സംസാരിച്ച്, എന്തു സഹായവും നൽകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

ആ പെൺകുട്ടിയോട് പറഞ്ഞത് വെറും അതിശയോക്തിയല്ല. പത്താം ക്ലാസ് കഴിഞ്ഞതും പത്താം ക്ലാസിലേക്ക് എത്തിയതുമായ രണ്ട് പെൺകുട്ടികളുടെ പിതാവാണ് ഞാൻ. ഒരു അച്ഛനെന്ന നിലയിൽ ആ വിഷമവും അവരെ നഷ്ടപ്പെടുമ്പോഴുള്ള വേദനയും എനിക്ക് മനസിലാകും. സിന്ധുവെന്നാണ് ഭാര്യയുടെ പേര്. കട്ടപ്പനയാണ് സ്വദേശം.

9 വർഷമായി ഞാൻ സർവീസിൽ കയറിയിട്ട്. അടിമാലി സ്റ്റേഷനിൽ കഴിഞ്ഞഒരു വർഷമായി സേവനത്തിലുണ്ട്. സോഷ്യൽ മീഡിയയില്‍ നിന്നു കിട്ടുന്ന നല്ലു വാക്കുകൾക്ക് നന്ദി. ഒരു ജീവൻ രക്ഷിക്കാനായതിൽ പൊലീസ് എന്ന നിലയിൽ ഏറെ അഭിമാനം.– സന്തോഷ് പറ‍്ഞു നിർത്തി.