Saturday 14 May 2022 12:50 PM IST

‘ഡാൻസ് കഴിയണ വരെ ഭയങ്കര പ്രോത്സാഹനം ആയിരിക്കും, ബാങ്കിലിട്ടോളാമെന്ന് പറയുമെങ്കിലും ഒരു വിവരവും ഉണ്ടാകില്ല’

Tency Jacob

Sub Editor

dance-team-granny

ഉച്ചവെയിൽ വീണു തുടങ്ങുന്നേയുള്ളൂ. എറണാകുളത്തെ ‘ഗ്രാൻഡ് മദേഴ്സ്, നെട്ടൂർ’ എന്ന അമ്മൂമ്മമാരുടെ ഡാൻസ് ട്രൂപ്പ് അന്വേഷിച്ചിറങ്ങിയതാണ്. വ ഴിയരികിലെ വീട്ടിൽ താളത്തിൽ ചുവടു വയ്ക്കുന്ന ആറു ക വണികളുടെ കരത്തിളക്കം കണ്ടപ്പോൾ ചെറിയൊരു സംശ യം. ചോദിച്ചറിയാമെന്നു കരുതി നോക്കുമ്പോൾ എല്ലാവരും ‘ആറ്റിറ്റ്യൂഡ്’ ഇട്ടു നിൽക്കുന്നു.

ആറ്റിറ്റ്യൂഡിൽ നിൽക്കുന്നവർ (വയസ്സ് സഹിതം): മേരി ജോയ് (67), വിരോണി ജോൺ (72), റീത്താ പീറ്റർ (75),ബേബി ആന്റണി (74), ചിന്നമ്മ സേവ്യർ 72, മോളി ജോൺസൺ (55).

ബാഹുബലി സിനിമയിലെ രംഗത്തിന്റെ റിഹേഴ്സൽ ആണ് നടക്കാൻ പോകുന്നത്. അതിന്റെ ഗൗരവമാണ് എല്ലാവരുടെയും മുഖത്ത്. റിഹേഴ്സൽ ഇതാ തുടങ്ങിക്കഴിഞ്ഞു.

‘‘നീ ചെയ്തതു തെറ്റ്. സ്ത്രീകളെ കൈ വെച്ചാൽ അരിയേണ്ടത് വിരലുകളല്ല, തലയാണ്.’’ പറഞ്ഞതും പടച്ചട്ടയണിഞ്ഞ റീത്താ പീറ്റർ, വാൾ തലങ്ങും വിലങ്ങും വീശി വായുവിൽ ഒറ്റവെട്ട്...

‘‘അയ്യോാാാ..., എന്റെ തല’’പിന്നിൽ നിന്നൊരു കരച്ചിൽ. ഈ ഡയലോഗ് സിനിമയിൽ ഇല്ലാരുന്നല്ലോ എന്ന് ഓർത്തു. പെട്ടെന്ന് തന്നെ കാര്യം മനസ്സിലായി. ‘ബാഹുബലി റീത്താ പീറ്ററി’ന് ലേശം ആവേശം കൂടിപ്പോയി. വീശിയ വാളിന്റെ തലപ്പ് ചെന്നുകൊണ്ടത് ബേബി ആന്റണിയുടെ തലയ്ക്ക്. പിന്നെ, പ്രഥമശുശ്രൂഷ തുടങ്ങി.

മോളി ജോൺസൺ– ‘ഈ തലയിൽ നിറച്ച് ബുദ്ധിയില്ലേ. അതിൽ ഈ ഡമ്മി വാൾ തട്ടിയാൽ എന്തു പറ്റാനാ.

ബേബി ആന്റണി– എന്തായാലും തല എന്റെയല്ലേ. തലയില്ലാതെ ഞാനെങ്ങിനാ മോളിയേ ഡാൻസ് കളിക്കുക.

മോളി ജോൺസൺ– ‘മുക്കാല മുക്കാബുല’ എന്ന ഗാനരംഗത്തിൽ പ്രഭുദേവ തലയില്ലാതെയാ ഡാൻസ് കളിക്കുന്നത്. ചെറിയൊരു ചളുക്കം പറ്റിയെങ്കിലും തല അവിടെ തന്നെ ഉണ്ടല്ലോ?

വിരോണി ജോൺ– പ്രഭുദേവയ്ക്ക് എന്തും ആകാല്ലോ. ഇപ്പോൾ ഈ വാളിന്റെ കാര്യം എന്തു ചെയ്യും എന്നാലോചിക്ക്. വാള് ദേ, ചുളുങ്ങി പോയി. വാടകയ്ക്ക് എടുത്ത വാളാണ്. അതിനു പരുക്ക് പറ്റിയാൽ കാശ് കൂടുതൽ കൊടുക്കണം.

grannys-dance-team

പെൻഷൻ എന്ന ഫണ്ട്

റീത്താ പീറ്റർ– ഞങ്ങൾ ആറുപേർക്കും പെൻഷനുണ്ട്. വാർധക്യ പെൻഷനും വിധവാ പെൻഷനുമാണെന്നു മാത്രം. ആ പൈസ പിരിവിട്ടാണ് കോസ്റ്റ്യൂം വാടകയ്ക്ക് എടുക്കുന്നത്. ഡാൻസ് കളിക്കാൻ പല സ്ഥലത്തും പോകാറുണ്ടെങ്കിലും പലരും പൈസ തരില്ല. പാട്ടും ഡാൻസും കഴിയണ വരെ ഭയങ്കര പ്രോത്സാഹനമായിരിക്കും. ബാങ്കിലിട്ടോളാമെന്നു പറഞ്ഞ് വണ്ടി കേറ്റി വിടും. പിന്നെയൊരു വിവരവും ഉണ്ടാകില്ല.

പെട്ടെന്ന് എല്ലാവരുടെയും മുഖത്തും ചെറിയ സങ്കടം പരന്ന പോലെ. എല്ലാവരെയും ഒന്ന് ഉഷാറാക്കാനായി പറഞ്ഞു. ‘നമുക്ക് ഫോട്ടോ എടുക്കാൻ പോയാലോ?’ ചോദ്യം കേട്ടതും എല്ലാവരും ‘ഠപ്പേ’ന്ന് കഴുത്തിൽ കൊളുത്തിയിട്ട സൺ ഗ്ലാസ്സ് എടുത്തണിഞ്ഞു. ഇണങ്ങിയ സ്ഥലം നോക്കിച്ചെന്നെത്തിയത് പള്ളിവളപ്പിലാണ്.

ലിപ്സ്റ്റിക്കും റോസ്പൗഡറുമിട്ട് ആറു ‘തരുണീമണികൾ’. കഴുത്തിൽ സ്വർണപണ്ടങ്ങൾ. കയ്യിൽ നിറയെ അലുക്കുവളകൾ. വെളുത്ത ചട്ടയും മുണ്ടും കസവുള്ള കവണിയും. അതൊരു ചേലൊത്ത കാഴ്ചയായിരുന്നു.

ചിന്നമ്മ സേവ്യർ– ചിരിച്ചു നിക്കണോ, അതോ ബിഗ് ബി സിനിമയിൽ മമ്മൂട്ടിയും ബ്രദേഴ്സും നിൽക്കുന്ന പോലെ ഗൗരവത്തിൽ നിൽക്കണോ?’

ഫോട്ടോ എടുപ്പു കഴിഞ്ഞ് ഡാൻസ് ട്രൂപ്പിന്റെ പിറവിയുടെ കഥ പറയാനായി എല്ലാവരും വട്ടംകൂടിയിരുന്നു.

എല്ലാരും ചൊല്ലണ്...എല്ലാരും ചൊല്ലണ്...

മോളി ജോൺസൺ – ഞങ്ങള് ആദ്യം ഡാൻസ് കളിച്ചത് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ചർച്ച് എന്ന ഈ പള്ളിയിലാണ്. കുടുംബയൂണിറ്റിന്റെ വാർഷികത്തിന്. ബോണി എമ്മിന്റെ പാട്ടൊക്കെ വച്ചു ഉഗ്രൻ ഡാൻസായിരുന്നു. അ ന്നു എന്തു കയ്യടിയായിരുന്നെന്നറിയ്യോ.

റീത്താ പീറ്റർ – എന്റെ പേരക്കുട്ടി ദയയും മകൻ ഷൈനും കൂടിയാണ് അന്നു ഡാൻസ് പഠിപ്പിച്ചത്. അന്നത്തെ ഞങ്ങളുടെ ഉത്സാഹം കണ്ടാവണം ഷൈൻ ചോദിച്ചു.‘നിങ്ങൾക്കിത് തുടർന്നൂടേ.’ അങ്ങനെയാണ് 2016 ൽ ‘ഗ്രാൻഡ് മദേഴ്സ് നെട്ടൂർ’ എന്ന പേരിൽ ട്രൂപ്പുണ്ടാക്കുന്നത്. സിനിമാ പാട്ടിനും നാടൻ പാട്ടിനുമാണ് ഞങ്ങൾ നൃത്തം ചെയ്യുന്നത്.

മേരി ജോയ്– ചെറുപ്പകാലത്തു ഡാൻസ് കളിക്കാൻ ഇഷ്ടമായിരുന്നു. പക്ഷേ, എവിടെ കളിക്കാനാണ്. ഇപ്പോഴാണ് ആശകളൊക്കെ നടപ്പിലായത്.

ബേബി ആന്റണി – ഒരു ടിവി പരിപാടിക്കു െചന്നപ്പോൾ നടൻ സലിം കുമാർ എന്നോടു വയസ്സു ചോദിച്ചു.ഞാൻ കൂളായി പറഞ്ഞു.‘‘ജസ്റ്റ് 74.’’ ഞങ്ങളുടെ ട്രൂപ്പിലെ ‘ബേബി’ മോളി ജോൺസണാണ്. പിന്നെ എല്ലാവരും എഴുപതിനു മേലോട്ടാണ്.’

മേരി ജോയ് – അയ്യോടീ, എനിക്കു അറുപത്തിയേഴു വയസ്സേ ഉള്ളൂ.(തൊട്ടടുത്തിരുന്ന ബേബി ചേച്ചിയെ കളിയായൊന്നു പിച്ചി) പ്രായത്തിന്റെതായ ചെറിയ ചെറിയ വയ്യായ്കൾ എല്ലാവർക്കുമുണ്ട്. പക്ഷേ, ഡാൻസിനിറങ്ങിയാൽ അതൊന്നും ഞങ്ങൾ കാര്യമാക്കില്ല.

റീത്താ പീറ്റർ – ചിന്നമ്മയെ കാലുവയ്യാണ്ട് കസേരയിലാണ് മുൻപ് എടുത്തുകൊണ്ടു നടന്നിരുന്നത്. ഇപ്പോ ആദ്യം റിഹേഴ്സലിനു വരണത് ചിന്നമ്മയാ. ‘ആരും വന്നില്ലേ’ന്നു ചോദിച്ചു ഒരു വരവുണ്ട്.

വിരോണി ജോൺ – നമ്മളെല്ലാം അടിപൊളിയല്ലേ. ഇതിനോടകം 22 സ്ഥലത്ത് ഞങ്ങൾ ഡാൻസ് കളിച്ചു. എത്ര വയസ്സായാലെന്താ ഞങ്ങളെല്ലാം ചെറുപ്പമാണ്. അടിച്ചുപൊളി പാട്ടാണ് ഞങ്ങൾക്ക് ഇഷ്ടം. അപ്പോൾ ചാടിത്തുള്ളി ഡാൻസ് കളിക്കാലോ.

മേരി ജോയ്– ആരോഗ്യം വയ്ക്കാൻ ഞങ്ങളെല്ലാവരും പ്രോട്ടീൻ പൗഡർ കഴിക്കുന്നുണ്ട്. ഇല്ലേൽ ഷൈൻ വഴക്കു പറയും. ചെറിയ വരുമാനത്തിൽ നിന്ന് പറ്റാവുന്ന കാര്യങ്ങളൊക്കെ ഞങ്ങൾ ഞങ്ങൾക്കു വേണ്ടി ചെയ്യും.

മീശേം മേയ്ക്കാമോതിരോം

റീത്ത ചേച്ചി മുഖം തുടച്ചപ്പോൾ ലിപ്സ്റ്റിക് സ്വല്പം പരന്നു. വിരോണി ചേടത്തി വേഗം തുടച്ചു കൊടുത്തു.

മോളി ജോൺസൺ – ഞങ്ങളുടെ കല്യാണത്തിനു പോലും മേക്കപ്പ് ചെയ്തിട്ടില്ല. വയസ്സാം കാലത്താ യോഗം ഉണ്ടായത്. ഷൈനിന്റെ ഭാര്യ ഷീബയാണ് ഞങ്ങളെ ഒരുക്കി തരുന്നത്. ഡാൻസു പഠിപ്പിക്കാൻ വരുന്ന അരൂരുള്ള ഫെബീഷ് കൊറേ തിരിഞ്ഞു കളിക്കണ സ്െറ്റപ് ഇടും. ഞങ്ങള് പറയും.‘ഈ സ്െറ്റപ്പൊക്കെ കളിച്ചാൽ തലതിരിച്ചില് വരും മോനേ’. അപ്പോ ആ കൊച്ച് സിംപിളാക്കും.

ബേബി ആന്റണി – ചുവടുകൾ തെറ്റിക്കുന്നത് കണ്ട് ‘എ ന്ത്ന്നാണ് കാണിക്കണത്’ എന്നു ഷൈൻ ചോദിച്ചാൽ മതി ഞങ്ങൾക്ക് സങ്കടാവും. കൊറേ ചീത്ത പറയുമ്പോൾ‘ പ്രഷറാണ് മോനെ. ഇത്തിരി മയത്തില് സംസാരിക്കണം’ന്നു ഓർമിപ്പിക്കും. ഷുഗറിനും പ്രഷറിനും ഭൂരിപക്ഷം ഉള്ള സംഘമാണേ ഞങ്ങൾ.

ആർക്കും ഡാൻസ് കളിക്കാൻ തോന്നുന്ന പാട്ടുകളല്ലേ ഞങ്ങൾ തിരഞ്ഞെടുക്കുന്നത്. അതിനിടയിൽ ഡയലോഗൊക്കെ തിരുകി എഡിറ്റ് ചെയ്ത് തരണത് തൃപ്പൂണിത്തുറയുള്ള നടരാജാണ്.

മേരി ജോയ് – ഒരു ചാനലിലേക്ക് ക്ഷണം കിട്ടി ചെന്നു.റിഹേഴ്സലിന്റെ സമയത്ത് സ്െറ്റപ്പൊക്കെ തെറ്റി കളിക്കണു.എല്ലാരും അങ്ങടും ഇങ്ങടും കൂട്ടിയടി തന്നെ..

വിരോണി ജോൺ – ഞാൻ കിഴക്കോട്ട് തിരിഞ്ഞു നിന്നാണ് കളിക്കാറ്. അവിടെച്ചെന്നപ്പോൾ ദിശയൊന്നും മനസിലായില്ല.അതാ തെറ്റിപ്പോയത്.പക്ഷേ, ഫൈനലിൽ ഞങ്ങൾ തകർത്തു കളിച്ചു.

റീത്താ പീറ്റർ – ചുറ്റുപാടുമുള്ള ആളുകൾ ഒക്കെ നല്ല സപ്പോർട്ടാണ്. വിമർശിക്കുന്നവരുമുണ്ട് കേട്ടോ. പക്ഷേ, ഞങ്ങളത് കാര്യമാക്കാറില്ല. വേദിയിലെത്തുമ്പോൾ അ തൊന്നുമല്ല ഞങ്ങളുടെ പ്രശ്നം. ഒട്ടിച്ചു വച്ച മീശേം മേയ്ക്കാമോതിരോം നൃത്തം പൊടിപൊടിക്കുമ്പോൾ പറിഞ്ഞുപോരും. അങ്ങനെ സംഭവിച്ചാലും ഇടംവലം നോക്കാതെ ഡാൻസ് തുടർന്നോണംന്ന് ഷൈൻ പറഞ്ഞിട്ടുണ്ട്.ഞ ങ്ങൾ അതുകൊണ്ട് തകർത്തു കളിക്കും.