Monday 03 February 2020 07:03 PM IST

ബോധം തെളിയുമ്പോൾ എനിക്കൊരു കാലില്ല, കണ്ടത് കരയുന്ന അച്ഛനേയും അമ്മയേയും; കനൽ വഴികൾ താണ്ടി ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ നായകൻ

Sruthy Sreekumar

Sub Editor, Manorama Arogyam

vaisakh

കളിക്കളം സ്വപ്നം കണ്ടു വളർന്നു വന്ന ആൺകുട്ടി. നടന്നുതുടങ്ങിയതു മുതൽ ഫുട്ബോളിനു പിന്നാലെ അവൻ പാഞ്ഞു. അവനു ജീവിതത്തിൽ രണ്ട് സ്വപ്നങ്ങളുണ്ടായിരുന്നു. ഒന്ന് ഫുട്ബോളറാവുക. രണ്ട് ആർമിയിൽ േചരുക. എന്നാൽ 13–ാം വയസ്സിൽ, ആ സ്വപ്നങ്ങൾക്കു മുന്നിൽ വിധി അപകടത്തിന്റെ രൂപത്തിൽ െറഡ് കാർഡ് കാട്ടി. പക്ഷേ അവൻ തളർന്നില്ല. സ്വപ്നങ്ങൾ വെറും സ്വപ്നങ്ങൾ മാത്രമായി അവശേഷിപ്പിക്കാതെ കളിക്കത്തിലേക്ക് ഇടിച്ചുകയറി. നഷ്ടപ്പെട്ട വലതുകാലിനു പകരം ക്രച്ചസുമായി. ഇത് വൈശാഖ് എന്ന പേരാമ്പ്രക്കാരൻ. ഇന്ത്യയുെട ആംപ്യൂട്ടി ഫുട്ബോൾ ടീമിന്റെ നായകൻ. സ്വന്തം രാജ്യത്തിനു ലോകകപ്പ് സമ്മാനിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് വൈശാഖ്. േകരളത്തിലെ െകാച്ചു ഗ്രാമത്തിൽ നിന്ന് ഇന്ത്യയുെട നായകനായ അനുഭവം വൈശാഖ് പറയുന്നു.

കളിക്കളമായിരുന്നു എല്ലാം

പഠിക്കുക എന്നതിനെക്കാൾ കൂടുതൽ ഫുട്ബോളറാകുക, മിലിട്ടറിയിൽ േചരുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. 13–ാം വയസ്സിലായിരുന്നു ആ അപകടം സംഭവിച്ചത്. ഒാണാവധിക്ക് മൂത്തമ്മയുെട വീട്ടിൽ നിൽക്കുമ്പോഴാണ് േകാഴിക്കോട് ജില്ലാ ഫുട്ബോൾ ടീമിന്റെ സിലക്‌ഷൻ നടക്കുന്നത് അറിഞ്ഞത്. അതിൽ േചരാനായി ബൂട്ട് എടുക്കാൻ എന്റെ വീട്ടിലേക്കു മൂത്തമ്മയുെട മകന്റെ കൂെട ബൈക്കിൽ േപാവുകയായിരുന്നു. ഒരു െകഎസ്ആർടിസി ബസുമായി ഇടിച്ച് ബൈക്ക് മറിഞ്ഞു. ബസ് വലതുകാലിനു മുകളിലൂെട കയറിയിറങ്ങി.

ആശുപത്രിയിൽ േബാധം തെളിയുമ്പോൾ ഞാൻ കാണുന്നത് കരയുന്ന അമ്മയെയും അച്ഛനെയും ബന്ധുക്കളെയുമാണ്. അപ്പോഴാണ് കാൽ മുറിച്ചുമാറ്റേണ്ടിവന്നു എന്ന സത്യം ഞാൻ അറിയുന്നത്. വല്ലാത്ത േഷാക്ക് ആയി. എന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കില്ലല്ലോ എന്നായിരുന്നു മനസ്സിൽ. ആശുപത്രിയിൽ കിടക്കുന്നതിനിെട ഒരു ദിവസം അവിടുെത്ത ഒരു മെയിൽ നഴ്സ് എന്നോട് സംസാരിച്ചു. കാൽ നഷ്ടപ്പെട്ടു എന്നോർത്തു വിഷമിക്കരുത്. കാരണം എന്റെ വിഷമം വീട്ടുകാർക്കു സഹിക്കാൻ കഴിയില്ല. അതുെകാണ്ട് കഴിയുന്നതും സന്തോഷത്തോെട ഇരിക്കുക – ഇതാണ് നഴ്സ് പറഞ്ഞത്. അതു ശരിയാണെന്ന് എനിക്കും േതാന്നി.

ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയശേഷം ഞാൻ വെറുതെ ഇരുന്നിട്ടേയില്ല. അതിനു കാരണം എന്റെ സുഹൃത്തുക്കളാണ്. അവർ എന്നും വീട്ടിൽ വരും. പതിയെ അവർ എന്നെ വീടിനു പുറത്തേക്കുെകാണ്ട് േപായി. വീൽചെയറിൽ ഇരുന്ന് ഷട്ടിലും ക്രിക്കറ്റും കളിച്ചു. വീൽചെയറിൽ ഇരുന്ന് യാത്ര െചയ്തു. സങ്കടപ്പെട്ട് ഇരിക്കാൻ എല്ലാവർക്കും കഴിയും. പക്ഷേ, അതിൽ നിന്ന് പുറത്തുവരണം. അതാണ് െചയ്യേണ്ടത്. ഇതിനിടെ സൈക്കിളിൽ കയറി ചവിട്ടാൻ ശ്രമം നടത്തി. പക്ഷേ ബാലൻസ് െതറ്റി വീണു എല്ല് ഒടിഞ്ഞു. വീണ്ടും ആശുപത്രിവാസം.

vaisakh-1

ഒറ്റക്കാലിൽ വീണ്ടും

ക്രച്ചസ് വച്ചു നടക്കാറായപ്പോൾ ഞാൻ ഗ്രൗണ്ടിൽ േപായി. പതിയെ കളിച്ചു തുടങ്ങി. ഇതിനിെട ഡിഗ്രിക്കു േദവഗിരി േകാളജിൽ േചർന്നു. അവിെട പഠിക്കുമ്പോഴാണ് അമ്പെയ്ത്ത് പരിശീലിക്കുന്നത്. േകാളജിൽ ഫുട്ബോൾ ടീമിന്റെ കൂെട കളിക്കുകയും െചയ്യുമായിരുന്നു. ശാരീരികപരിമിതികൾ ഉള്ളവരുെട ഫുട്േബാൾ ടീമിനെ കുറിച്ചുള്ള അന്വേഷണമാണ് കേരളത്തിന്റെ ആംപ്യൂട്ടി വോളിബോൾ ടീമിനെ കുറിച്ച് അറിയാൻ സഹായിച്ചത്. അതിൽ സിലക്റ്റ് ആയി, ടീമിന്റെ ക്യാപ്റ്റനും ആയി. 2014ൽ ആയിരുന്നു അത്. അതു കഴിഞ്ഞ് വോളി േദശീയ ടീമിലെത്തി. ശ്രീലങ്കയിൽ ടൂർണമെന്റിൽ പങ്കെടുത്തു. വോളിബോൾ കാൽ ഉപയോഗിച്ചാണ് കളിച്ചത്.

ഇതിനിെട ഫുട്ബോളിനായി ഒരു ടീം ഉണ്ടാക്കാനായി ഒരുപാട് ശ്രമിച്ചു. 2018ലാണ് ഇന്ത്യൻ ടീമിന് അഫിലിയേഷൻ ലഭിക്കുന്നത്. അങ്ങനെ ഞാൻ ദേശീയ ടീമിന്റെ ക്യാപ്ടൻ ആയി. കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ടീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബ് എന്നെ വിശിഷ്ടാതിഥിയായി വിളിച്ചു. അങ്ങനെ ഞാൻ അസമിൽ േപായി അവരുെട കളി കണ്ടു, കൂടെ പരിശീലിച്ചു.

ഫുട്ബോൾ കളിക്കുമ്പോൾ എല്ലാ കളിക്കാർക്കും ഉള്ളതുപോെല കാലിനു വേദന ഉണ്ടാകും. ക്രച്ചസ് ഉപയോഗിക്കുന്നതുെകാണ്ട് സാധാരണ കളിക്കാരെക്കാൾ കൂടുതൽ അധ്വാനിക്കണം. കൂടുതൽ ഒാടേണ്ടി വരും. മാത്രമല്ല കൈക്കു കൂടുതൽ ശക്തിവേണം.

ട്രെക്കിങ്ങിനു േപാകാനൊക്കെ വലിയ താൽപര്യമാണ്. പൈതൽ മല, രാമക്കൽമേട്, ചിന്നാർ തുടങ്ങിയ ഇടങ്ങളിൽ ട്രെക്കിങ്ങിനു േപായിട്ടുണ്ട്. അടുത്തിടെ േഗാവയിൽ സ്കൂബാ ഡൈവിങ്ങും പാരാഗ്ലൈഡിങ്ങും െചയ്തു. േകാളജ് കഴിഞ്ഞ് േകാഴിക്കോട് േഹാമിയോ കോളജിൽ ഫാർമസി േകാഴ്സ് െചയ്തു. െകാച്ചിയിൽ ദിവസവേതനത്തിൽ േജാലിയും ലഭിച്ചു. ഇപ്പോൾ പരിശീലനത്തിനും മറ്റുമായി േജാലിയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്.

ഏറ്റവും വലിയ ആഗ്രഹം ഫുട്ബോൾ േലാകകപ്പ് നേടുക എന്നതാണ്. അതു കൂടാതെ മറ്റൊരു ആഗ്രഹം കൂടി ഉണ്ട്, നമ്മുെട നാട്ടിൻപുറങ്ങളിൽ നന്നായി ഫുട്ബോൾ കളിക്കുന്ന ധാരാളം െചറുപ്പക്കാർ ഉണ്ട്. പക്ഷേ പ്രൊഫഷനലായ പരിശീലനം ലഭിക്കാത്തതിനാൽ അവർക്ക് മുന്നോട്ടു വരാൻ കഴിയുന്നില്ല. ഫുട്ബോളിൽ പ്രൊഫഷനൽ പരിശീലനം നൽകുന്ന അക്കാദമി തുടങ്ങണം. അതു നടക്കും. ഉറപ്പ്. മനസ്സുവച്ചാൽ എന്തും സാധിക്കുമെന്നതിനു എന്റെ ജീവിതം തന്നെ വലിയ ഉദാഹരണമല്ലേ?

Tags:
  • Motivational Story