Friday 17 December 2021 01:52 PM IST : By സ്വന്തം ലേഖകൻ

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി: ഉത്തരവ് മന്ത്രി കെ.രാജൻ നേരിട്ട് കൈമാറി

K-Rajan-A-Pradeep-WifeSreelekshmi

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. ഉത്തരവ് റവന്യൂ മന്ത്രി കെ.രാജൻ, പ്രദീപിന്റെ പുത്തൂരിലെ വസതിയിലെത്തി നേരിട്ട് കൈമാറുകയായിരുന്നു. റവന്യൂ വകുപ്പിലാണ് ശ്രീലക്ഷ്മിക്ക് നിയമനം.

എ.പ്രദീപിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നൽകാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ജോലിക്കു പുറമേ ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്നു ലക്ഷം രൂപ പ്രദീപിന്റെ അച്ഛനു ചികിത്സാ സഹായം നല്‍കാനും തീരുമാനിച്ചു.

സാധാരണ യുദ്ധത്തിലോ, യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്കാണ് ജോലി നൽകുന്നത്. പ്രദീപിനു പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പ്രദീപ് കേരളത്തിനു നല്‍കിയ സേവനങ്ങള്‍ സര്‍ക്കാര്‍ വളരെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുകയാണെന്നു റവന്യൂ മന്ത്രി കെ.രാജൻ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. 2004ല്‍ വ്യോമസേനയില്‍ ജോലി ലഭിച്ചതിനു ശേഷം സേനയുടെ വിവിധ മിഷനുകളില്‍ പ്രദീപ് അംഗമായി പ്രവര്‍ത്തിച്ചു. 2018ലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി.