Tuesday 20 October 2020 01:26 PM IST : By സ്വന്തം ലേഖകൻ

'നാണമില്ലേ മനുഷ്യാ... കുട്ടികള്‍ കാണും എന്ന് പറഞ്ഞ് അടുക്കളയിലേക്കോടുന്ന നായിക'; വരണ്ടതും വിരസവുമായ സിനിമ ദാമ്പത്യങ്ങള്‍; കുറിപ്പ്

moodadi-cinema

സിനിമാക്കാഴ്ചകളിലെ ദാമ്പത്യ ബന്ധങ്ങള്‍ക്ക് ആഴവും അടുപ്പവും കുറവാണോ? എണ്ണം പറഞ്ഞ സിനിമകളിലെ രംഗങ്ങള്‍ ഉദാഹരണമാക്കി ആ ചോദ്യത്തിനുത്തരം പറയുകയാണ് നജീബ് മൂടാടി. രംഗങ്ങളിലെ നാടകീയതയല്ല... മറിച്ച് ബന്ധങ്ങള്‍ക്കിടയില്‍ ചോര്‍ന്നു പോയ മൂല്യങ്ങളെക്കുറിച്ചാണ് നജീബ് സംസാരിക്കുന്നത്. ആദ്യരാത്രിയോടെ അവസാനിക്കുന്ന വെറും കെട്ടുകാഴ്ചയായി സിനിമയിലെ ഭാര്യ ഭര്‍തൃബന്ധങ്ങള്‍ മാറുന്നോ എന്ന ചോദ്യവും പ്രസക്തമാണ്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

മധ്യവയസ്‌കനായ ഭര്‍ത്താവ് കട്ടിലില്‍ കിടക്കുന്നു. ഭാര്യ മുറിയിലേക്ക് കടന്നുവന്ന് താഴെ പായ വിരിച്ചുറങ്ങുന്നു.  

നമ്മുടെ സിനിമകളിലെ പതിവ് കാഴ്ചകളില്‍ ഒന്നാണിത്. കിടപ്പറയില്‍ പോലും 'സാമൂഹിക അകലം' പാലിക്കുന്ന ദാമ്പത്യചിത്രീകരണം!. 

ദാമ്പത്യത്തിലെ കെട്ടിപ്പിടുത്തം സിനിമയില്‍ കാണിക്കാമോ, സിനിമയിലെ പോലെ കെട്ടിപ്പിടിത്തമൊക്കെ ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകുമോ തുടങ്ങിയ ചില ചോദ്യങ്ങള്‍ കൂടി 'ഹലാല്‍ ലൗ സ്‌റ്റോറി'യുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുമ്പോള്‍ നമ്മുടെ സിനിമകള്‍ ദമ്പതികള്‍ക്കിടയിലെ ഇമ്മാതിരി അടുപ്പങ്ങള്‍ എത്രത്തോളം പറയാറുണ്ട് എന്ന് അന്വേഷിക്കുന്നതും കൗതുകകരമായിരിക്കും. 

എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്തുള്ള വിവാഹത്തില്‍ അവസാനിക്കുന്ന പ്രണയം നിര്‍ബന്ധിത ചേരുവയായ സിനിമകളാണ് നമുക്ക് ബഹുഭൂരിപക്ഷവും. അതുകൊണ്ട് തന്നെ വിവാഹത്തിന് മുമ്പുള്ള പ്രണയത്തിനും കെട്ടിപ്പിടിക്കലുകള്‍ക്കും നമ്മുടെ സിനിമകളില്‍ ഒരു പഞ്ഞവുമില്ല. 

എന്നാല്‍ ആദ്യരാത്രിയോടെ അവസാനിക്കുന്നതാണ് നമ്മുടെ സിനിമകളിലെ ഈ അടുപ്പങ്ങളൊക്കെയും.  ദാമ്പത്യത്തില്‍ ഇമ്മാതിരി ഏര്‍പ്പാടുകള്‍ക്കൊന്നും ഒരു സ്ഥാനവും ഇല്ല എന്നാണ് നമ്മുടെ ബഹുഭൂരിപക്ഷം സിനിമകളും വ്യംഗ്യമായെങ്കിലും പറയുന്നത്. വല്ല തെറ്റിദ്ധാരണയും മൂലം അകന്നു കഴിഞ്ഞ ദമ്പതികള്‍ ഒന്നിക്കുമ്പോഴോ, ഉറ്റവരുടെ മരണം പോലുള്ള കടുത്ത ആഘാതങ്ങള്‍ ഉണ്ടാവുമ്പോഴോ സര്‍വ്വദുഖവും കടിച്ചമര്‍ത്തി നില്‍ക്കുന്ന കെട്ട്യോന്റെ നെഞ്ചില്‍ തലവെച്ചു കരയുന്ന ഭാര്യയും ആശ്വസിപ്പിക്കുന്ന ഭര്‍ത്താവും എന്നതിനപ്പുറമുള്ള ഒരു ആലിംഗനവും നമ്മുടെ ബഹുഭൂരിപക്ഷം സിനിമകളിലും ദമ്പതികളായ കഥാപാത്രങ്ങളില്‍ കാണാന്‍ കഴിയില്ല. ഇനി ഏതെങ്കിലും സിനിമയിലെ നായകന് അമ്മാതിരി വല്ല തോന്നലും ഉണ്ടായാല്‍ 'ദേ നാണമില്ലല്ലോ മനുഷ്യാ... കുട്ടികള്‍ കാണും' എന്ന് പറഞ്ഞു അടുക്കളയിലേക്കോടുന്ന നായികമാരാണ് നമുക്ക് പഥ്യം. 

മലയാളത്തിലെ വിജയചിത്രങ്ങളില്‍ ഒന്നായ 'പവിത്ര'ത്തിന്റെ കഥയോര്‍ക്കുക. മധ്യവയസ്‌കരായ ദമ്പതികള്‍ക്ക് വീണ്ടും ഒരു കുഞ്ഞുണ്ടാവുന്നത് വളരെ അപമാനകരമായ ഒന്നായാണ് അവരുടെ ചുറ്റുമുള്ള സമൂഹം കാണുന്നത്. 'ഇവര്‍ക്കിടയില്‍ ഇപ്പോഴും...അയ്യേ' എന്ന മട്ട്. ഒരു കുറ്റവാളിയെ പോലെയാണ് തുടര്‍ന്നുള്ള അച്ഛന്റെ ഭാവങ്ങള്‍. എന്തിന് പ്രസവത്തില്‍ ഭാര്യ മരിക്കുന്നതോടെ അയാള്‍ അപമാനം സഹിക്കാനാവാതെ നാടുവിട്ടു പോകുന്നുമുണ്ട്! 

'വാത്സല്യം' സിനിമയില്‍ എമ്പാടും മുറികളും മുത്തശ്ശിയുമൊക്കെ ഉള്ള വീടാണെങ്കിലും ഭര്‍ത്താവ് കട്ടിലിലും ഭാര്യ മക്കളുമായി നിലത്തുമേ കിടക്കൂ.

'ഇന്ന് മക്കളുടെ ശല്യല്ലാ... ലൈറ്റ് കെടുത്തട്ടെ. കെടുത്തില്ലേലും എനിക്ക് പരാതിയില്ലാ' എന്ന് ഭര്‍ത്താവ് പറയുമ്പോള്‍

'എനിക്ക് പരാതിയുണ്ട്' എന്ന് ചിരിക്കുന്ന ഭാര്യയല്ലെങ്കില്‍ നമ്മുടെ സിനിമകളിലെ സ്ത്രീ സങ്കല്പത്തിന് ചേരില്ല. 

ഭര്‍ത്താവ്, മക്കള്‍, വീട്, ജോലി തുടങ്ങിയ ഉത്തരവാദിത്തങ്ങളുടെ ഭാരം കൊണ്ട് കനത്ത മുഖങ്ങളുമായി ജീവിക്കുന്ന ഒച്ചയമര്‍ത്തി സംസാരിക്കുന്ന വീട്ടമ്മമാര്‍ നമ്മുടെ ഏതാണ്ടൊക്കെ സിനിമകളിലെയും സ്ഥിരം കാഴ്ചയാണ്. അങ്ങനെയല്ലാത്ത ഭാര്യയെ 'ബാംഗ്ലൂര്‍ ഡെയ്‌സി'ല്‍ വനിതാ സംവിധായിക ആയിട്ടും നെഗറ്റീവ് ഷേഡില്‍ ആണ് അവതരിപ്പിച്ചത് എന്നോര്‍ക്കുക. 

'എന്തക്രമമാണ് നീയീ കാണിക്കുന്നേ.... ഞാന്‍ വീട്ടിലേക്ക് വരാം....ആരെങ്കിലും കാണും' ന്ന് അരയില്‍ ഉറുക്ക് കെട്ടാന്‍ വരുന്ന ഭാര്യയെ തെറ്റിദ്ധരിച്ച് പറയുന്ന മണിച്ചിത്രത്താഴിലെ ഇന്നസെന്റ് കഥാപാത്രവും വളിച്ച ചിരിയുമായി നില്‍ക്കുന്ന കെ. പി. എ. സി. ലളിതയുടെ ഭാര്യയും നമ്മെ ചിരിപ്പിക്കുന്നത് ആ 'അക്രമം' ഓര്‍ത്താണ്. 

ദമ്പതികള്‍ക്കിടയിലെ പ്രണയം മനോഹരമായി ആവിഷ്‌കരിച്ച വി. ജെ. ജെയിംസിന്റെ 'പ്രണയോപണിഷത്ത്' സിനിമയായി വന്നപ്പോഴും കഥയിലെ ആ മനോഹാരിത ലഭിച്ചിട്ടില്ല. 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' പോലെ അപൂര്‍വ്വം മലയാള സിനിമകളിലേ ദാമ്പത്യത്തിലെ പ്രണയവും ശാരീരിക അടുപ്പവുമൊക്കെ കുറച്ചെങ്കിലും ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. 

ഇത് നമ്മുടെ മലയാളം സിനിമയുടെ മാത്രം അവസ്ഥയല്ല ചില ഹിന്ദി സിനിമകള്‍ ഒഴിച്ചാല്‍  ഏതാണ്ടെല്ലാ ഇന്ത്യന്‍ സിനിമകളിലും ദാമ്പത്യത്തിലെ പ്രണയക്കാഴ്ച്ച ഡയലോഗിനപ്പുറം വല്ലാതെ ഉണ്ടാവാറില്ല. അത്തരം 'ചാപല്യങ്ങള്‍' ഒന്നുമില്ലാത്ത 'പക്വതയും പാകതയും' എത്തിയ പുരുഷന്മാരും 'ഭാവശുദ്ധി'യുള്ള സ്ത്രീകളും മാത്രമായ 'ഹലാല്‍ കാഴ്ചകള്‍' തന്നെയാണ് നമ്മുടെ സിനിമകളിലെ ദമ്പതികളുടെ ചിത്രീകരണം. 

വിവാഹത്തോടെ പ്രണയവും പ്രസവത്തോടെ ഇണയോടുള്ള ശാരീരിക താല്‍പര്യവും കുറഞ്ഞുപോകുന്നത് സ്വാഭാവികമെന്ന് മനോഭാവമുള്ള  നമ്മുടെ സമൂഹത്തിന് നേരെ ക്യാമറ വെക്കുന്നത്  കൊണ്ടാവുമോ നമ്മുടെ സിനിമകളിലെ ദാമ്പത്യം വരണ്ടതും വിരസവുമായ കാഴ്ചയായിപ്പോകുന്നത്.