Friday 05 November 2021 12:02 PM IST : By സ്വന്തം ലേഖകൻ

‘ഞാനല്ലേ സമ്പാദിക്കുന്നത്, നിനക്ക് വെറുതെയിരുന്നാൽ പോരേ’: പെണ്ണുങ്ങൾ കണക്കു പറയാൻ തുടങ്ങിയാൽ?: കുറിപ്പ്

women-hard-work

അടുക്കളയിൽ ഒതുക്കപ്പെട്ട കൂലിയില്ലാ ജോലിക്കാരെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വപ്നങ്ങളും സ്വാതന്ത്ര്യങ്ങളും അടുക്കളയിലെ അടുപ്പിലിടാൻ വിധിക്കപ്പെട്ട നമ്മുടെ വീട്ടമ്മമാരെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. യാതൊരു മടുപ്പുമില്ലാതെ അടുക്കളയുടെ അകത്തളങ്ങളിൽ ഒതുങ്ങേണ്ടി വന്ന പെൺജീവിതങ്ങളെക്കറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രീജിത്ത് ശ്രീകുമാർ.

‘മാനേജർ ആയും, തൊഴിലാളിയായും, പ്ലാനർ ആയും, ക്ളീനർ ആയും, കുക്കായും, അലക്കുകാരിയായും, കുട്ടിയെ നോക്കുന്ന ആളായും, സ്റ്റോക്കിസ്റ്റ് ആയും എന്നുവേണ്ട പല തലങ്ങളിൽ പല സ്കില്ലുകൾ വേണ്ട എന്നാൽ അതിനു ശമ്പളമോ പലപ്പോഴും അർഹിക്കുന്ന വില പോലുമോ കിട്ടാത്ത, ഒരു പക്ഷെ മരണംവരെ തുടന്നേക്കാവുന്ന, ആവർത്തനവിരസതയുള്ള ഒരു ജോലി!!!! ഈ ജോലിക്ക് ശരാശരി മണിക്കൂറിനു ഇത്ര രൂപ എന്ന കണക്കിന് കൂലി കണക്കാക്കി നോക്കിയാൽ ലക്ഷങ്ങൾ വരും ഒരു വർഷത്തെ അധ്വാനത്തിന്റെ മൂല്യം.’ ശ്രീജിത്ത് കുറിക്കുന്നു.

നംവബർ മൂന്നിന് വീട്ടമ്മമാരുടെ ദിനത്തിലാണ് കണ്ണുതുറപ്പിക്കുന്ന വസ്തുതകൾ നിരത്തി ശ്രീജിത്ത് ഈ കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

നമ്മളോട് ആരെങ്കിലും ഒരു മടുപ്പും ഇല്ലാതെ ഒരേ തരം ജോലി വർഷങ്ങളോളം ചെയ്യാൻ പറഞ്ഞാൽ നമ്മൾ ചെയ്യുമോ... അതും ശമ്പളം ഇല്ലാതെ. ഒരുമാതിരിപ്പെട്ടവർ എല്ലാവരും പറ്റില്ല എന്നാണ് ഉത്തരം പറയുക.

പക്ഷേ കടമയുടേയും, കാലങ്ങളായി പിന്തുടർന്നു വരുന്ന ശീലങ്ങൾ ഉണ്ടാക്കിയ ഒരു മനസികാവസ്ഥയുടെയും വേലിക്കെട്ടിനുള്ളിൽ നിർത്തിയാണ് നിങ്ങൾ ഒരാളോട് ഇങ്ങനെ ചെയ്യാൻ പറയുന്നത് എങ്കിൽ മിക്കവരും അത് ചെയ്യും. ചിലർ സന്തോഷത്തോടെയും, ചിലർ നിവർത്തിയില്ലാഞ്ഞും, ചിലർ മറ്റു വഴികൾ ഇല്ലാത്തതുകൊണ്ടും.

ഒരു വീട്ടമ്മയുടെ ജോലി അത്തരത്തിൽ ഉള്ളതാണ്. ഒരു മാനേജർ ആയും, ഒരു തൊഴിലാളിയായും, ഒരു പ്ലാനർ ആയും, ഒരു ക്ളീനർ ആയും, ഒരു കുക്കായും, ഒരു അലക്കുകാരൻ ആയും, കുട്ടിയെ നോക്കുന്ന ആളായും, സ്റ്റോക്കിസ്റ്റ് ആയും എന്നുവേണ്ട പല തലങ്ങളിൽ പല സ്കില്ലുകൾ വേണ്ട എന്നാൽ അതിനു ശമ്പളമോ പലപ്പോഴും അർഹിക്കുന്ന വില പോലുമോ കിട്ടാത്ത, ഒരു പക്ഷെ മരണംവരെ തുടന്നേക്കാവുന്ന, ആവർത്തനവിരസതയുള്ള ഒരു ജോലി!!!!

ഈ ജോലിക്ക് ശരാശരി മണിക്കൂറിനു ഇത്ര രൂപ എന്ന കണക്കിന് കൂലി കണക്കാക്കി നോക്കിയാൽ ലക്ഷങ്ങൾ വരും ഒരു വർഷത്തെ അധ്വാനത്തിന്റെ മൂല്യം. പലപ്പോഴും നമ്മൾ സഹതപിക്കും, അഭിനന്ദിക്കും എത്ര പണിയാണ് എടുക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് പക്ഷെ അപ്പോഴും ആ പണി കുറയ്ക്കുവാനുള്ള സൗകര്യങ്ങൾ എത്രത്തോളം നമ്മൾ ഒരുക്കികൊടുക്കും എന്നത് ഒരു ചോദ്യമാണ്. അതിനു കാരണം ആ അധ്വാനത്തിന്റെ മൂല്യം നമ്മൾക്ക് മനസ്സിലാവുന്ന വിധത്തിൽ നമ്മുടെ മുന്നിൽ തെളിയുന്നില്ല എന്നതാണ്, അല്ലെങ്കിൽ അതവരുടെ പണിയാണെന്നു നമ്മൾ കരുതുന്നു, പ്രതീക്ഷിക്കുന്നു.

ഇനി ഇതെല്ലം ചെയ്താലും മിക്കപ്പോഴും കേൾക്കുന്ന കമന്റാണ് "ഞാനല്ലേ സമ്പാദിക്കുന്നത്, അതിന്റെ ടെൻഷൻ എന്തറിയാം. വെറുതെ ( അതാണ് പോയിന്റ് "വെറുതെ....") വീട്ടിൽ ഇരുന്നാൽ പോരെ..."!!! ഒരു വല്ലാത്ത അവസ്ഥ.

ഇതിനും ബുദ്ധിമുട്ടേറിയതാണ് ജോലിയെടുത്തുകൊണ്ട് വീടുപണിയുടെ ഭൂരിഭാഗവും തോളിൽ ഏറ്റി നടക്കുന്നവരുടെ അവസ്ഥ. അവർ ജോലി ചെയ്യുമ്പോഴും അടുക്കള, കുട്ടിയുടെ കാര്യം ഉൾപ്പടെ പലതും സ്ത്രീയുടെ സ്വാഭാവികമായ കടമയാണെന്ന് നമ്മൾ കരുതുന്നു.അവർ അത് ചെയ്യുന്നത് നമ്മൾ പ്രതീക്ഷിക്കുന്നു.

എന്തായാലും സ്ത്രീകൾ തൊഴിലിടങ്ങളിൽ വന്നതോടു കൂടി വലിയ മാറ്റങ്ങൾ ഇപ്പോൾ വരുന്നുണ്ട് എന്നാലും ഇപ്പോഴും വീടുകൾക്കുള്ളിലെ കൂലിയില്ലാത്ത അധ്വാനത്തിന്റെ കണക്കെടുത്താൽ സ്ത്രീകളുടെ അധ്വാനം ഒരുപാട് കൂടുതൽ ആണ്. അതവർ പോലും അറിയുന്നില്ല. അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള ബോധവൽക്കരണം അത്ര ആഴത്തിൽ നടക്കുന്നില്ല. അതുമല്ലെങ്കിൽ ഇത് തങ്ങളുടെ വിധിയാണ് എന്ന് കരുതി അവർ അത് തുടർന്നുകൊണ്ടിരിക്കുന്നു.

പണ്ട് ദുർഗ്ഗാദേവിയുടെ ചിത്രം വളരെ ആരാധയോടെ നോക്കിനിൽക്കാറുണ്ട്, ഒരുപാടു കൈകളുമായി പലതും ചെയ്യുന്ന ദേവി. ഇപ്പൊ ആ ചിത്രത്തിനേക്കാളും ആരാധന തോന്നും പല സ്ത്രീകളേയും കാണുമ്പോൾ.

ഇന്ന് USൽ നാഷണൽ ഹൌസ് വൈഫ് ഡെ ആണ്.

ഈ ദിവസം ഒരോർമ്മപ്പെടുത്തൽ ആണ് ലോകത്തെല്ലായിടത്തും ഉള്ള ഒരുപാട് സ്ത്രീകളുടെ അധ്വാനത്തിന്റെ വിലയെക്കുറിച്ച്... ഒപ്പം അവരുള്ളതുകൊണ്ടു മാത്രം പലയിടത്തും എത്തിപ്പെട്ടവരാണ് നമ്മളിൽ പലരും എന്നതും.