Thursday 26 May 2022 12:16 PM IST

'ബസില്‍ അടുത്തിരുന്ന ആ സ്ത്രീ എന്റെ രൂപം കണ്ട് അലറിവിളിച്ചു’: അവഗണനയിൽ നെഞ്ചുപിടഞ്ഞവൻ... അറിയണം പ്രഭുലാലിന്റെ ജീവിതം

Binsha Muhammed

prabhulal-mai-cover

പ്രഭുലാലിനെ അറിയില്ലേ... മുഖം മുഴുവൻ മൂടിയ കറുപ്പിലും നിറചിരിയോടെ പ്രിയപ്പെട്ടവർക്കു മുന്നിൽ നിറഞ്ഞു നിന്നവന്‍. ഒരു ചെറുമറുകു മുഖത്തു കണ്ടാൽ പോലും തങ്ങളിലേക്ക് ഉൾവലിയുന്നവരുടെ നാട്ടിൽ ഇച്ഛാശക്തിയും, മനോധൈര്യവും കൊണ്ട് ജീവിച്ചു കാണിച്ചവൻ. ജന്മനാ മുഖത്തിന്റെ വലതുഭാഗത്ത് പ്രത്യക്ഷപ്പെട്ട ഒരു മറുകിൽ നിന്നായിരുന്നു വേദനകളുടെ തുടക്കം. അന്ന് അത് കാര്യമാക്കിയിട്ടുണ്ടാകില്ല. പക്ഷേ മാസങ്ങള്‍ കടന്നു പോകേ ആ മറുകിന്റെ വേരുകള്‍ വളര്‍ന്നു കൊണ്ടേയിരുന്നു. ഡോക്ടറെ കൊണ്ടു കാണിച്ചപ്പോള്‍ ഒന്നു മനസിലായി. ജന്മനാ മുഖത്ത് നേരിയ തോതില്‍ കണ്ട മറുക്, വളര്‍ന്നു വളര്‍ന്ന് മുഖത്തിന്‍റെ നല്ലൊരു ഭാഗം കവര്‍ന്നിരിക്കുന്നു. പക്ഷേ അപ്പോഴും പുഞ്ചിരിയും പ്രതീക്ഷകളും കൈവിടാതെ പ്രഭുലാൽ മുന്നോട്ടു പോയി. പക്ഷേ ആ എല്ലാ ആത്മവിശ്വാസത്തേയും തകർത്തു കൊണ്ട് പ്രഭുലാലിന്റെ ജീവിതത്തിൽ കാൻസറിന്റെ വേരുകൾ പടർന്നു കയറുകയാണ്. തന്നെ പ്രിയങ്കരനാക്കിയ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ആ വിവരം പ്രഭുലാൽ അറിയിക്കുന്നത്.

ജീവിതത്തിൽ അന്നോളമിന്നോളം വേദനകൾ മാത്രം അറിഞ്ഞ ആ ചെറുപ്പക്കാരൻ ഇപ്പോൾ വലിയൊരു വേദനയുടെ നടുവിലാണ്. അതിനും എത്രയോ മുമ്പ് ആ ജീവിതം വനിത ഓൺലൈൻ പ്രിയ വായനക്കാർക്കു മുന്നിലേക്ക് വച്ചിട്ടുണ്ട്. ഒറ്റപ്പെടലിന്റേയും അവഗണനകളുടേയും നടുവിൽ നിന്നു കൊണ്ട് അവൻ അനുഭവിച്ച വേദനകൾ... സങ്കടമുറയുന്ന ആ ജീവിതം... ഒരിക്കൽ കൂടി. വനിത ഓൺലൈൻ 2020 നവംബറിൽ പ്രസിദ്ധീകരിച്ച ലേഖനം ഒരിക്കൽ കൂടി വായിക്കാം...

ഒറ്റയ്ക്കിരിക്കേണ്ടി വന്നിട്ടുണ്ട്.. ഒരു ബഞ്ചില്‍, ആരോരും കൂട്ടിനില്ലാതെ അകന്നു മാറി. ശരിക്കും ഒറ്റയ്ക്കിരുന്നിതല്ല. ഒറ്റയ്ക്കായി പോയതാണ്. പഠിക്കുന്ന കാലത്ത്  അവര്‍ക്കൊക്കെ ഞാനൊരു അദ്ഭുത ജീവിയായിരുന്നു. അന്നൊക്കെ മനസ് എന്തു മാത്രം നൊന്തിട്ടുണ്ടെന്നോ? ഞാനെന്തേ... ഇങ്ങനെ ആയതൊന്നോര്‍ത്ത് എത്രയോവട്ടം കണ്ണീര്‍ വാര്‍ത്തു, വേദനിച്ചു. അതൊരു തുടക്കമായിരുന്നു, അതിനു ശേഷം എത്രയോവട്ടം സഹതാപക്കണ്ണെറിഞ്ഞ് പലരും എനിക്കു മുന്നിലൂടെ കടന്നു പോയി. പേടിയോടെ നോക്കി. അപ്പോഴൊക്കെ നെഞ്ചിനകത്ത് എന്തെന്നില്ലാത്ത നീറ്റലുണ്ടായിരുന്നു. പക്ഷേ തോല്‍ക്കരുതെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. അന്ന് നൊമ്പരപ്പെടുകയും ഒഴിഞ്ഞുമാറുകയും ചെയ്ത പ്രഭുലാല്‍ അല്ല ഇത്. ഇതാ പുതിയ ഞാന്‍... നിങ്ങള്‍ കാണുന്നത് എന്റെ ആത്മവിശ്വാസം നിറഞ്ഞമുഖം.'

മറുകു മൂടിയ വലം കണ്ണിലെ തിളക്കംചോരാതെ പ്രഭുലാല്‍ പറഞ്ഞു തുടങ്ങുകയാണ്. പ്രഭുലാലിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ പലര്‍ക്കും അയാള്‍ ഒറ്റയാനായിരുന്നു. ജന്മനാ മുഖത്തു കണ്ടൊരു മറുക്. അത് പടര്‍ന്ന് പടര്‍ന്ന് ആ മുഖത്തിന്റെ സിംഹഭാഗവും കവര്‍ന്നിരിക്കുന്നു. ബാല്യവും കൗമാരവും കടന്നു പോകേ അത് വളര്‍ന്നു കൊണ്ടേയിരുന്നു. വലം കണ്ണിനേയും കവിളിനേയും നെറ്റിത്തടങ്ങളേയും മൂടിയ കറുപ്പായി  മറുക് പടര്‍ന്ന് കയറിയപ്പോള്‍ വേദനകളും പിന്നാലെ കൂടി. പലയിടത്തും അയാള്‍ കാഴ്ച വസ്തുവായി. പലരും പേടിയോടെ നോക്കി. മറ്റുചിലര്‍ കളിയാക്കി. പക്ഷേ ജീവിതമെപ്പോഴോ അയാളെ പുതിയ ചില പാഠങ്ങള്‍ പഠിപ്പിച്ചു. ഒരു കുറവുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ കഴിവും ഉണ്ടാകും എന്ന വലിയ പാഠം. ജീവിതം നല്‍കിയ ആ പോസിറ്റീവ് എനര്‍ജിയുടെ നെറുകില്‍ നിന്ന് എംകോംകാരനായ ഈ ആലപ്പുഴക്കാരന്‍ തന്റെ കഥ പറയുകയാണ്. വേദനകളെ ഊര്‍ജമാക്കി... മനസിനെ വിശ്വസിച്ച് മുന്നോട്ടു കുതിക്കുന്ന ജീവിത കഥ...

ദഹിപ്പിച്ച ആ നോട്ടങ്ങള്‍

ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശികളായ പ്രസന്നനും ഭാര്യബിന്ദുവും രണ്ടാമത്തെ മകന്‍ ജനിക്കുന്ന സന്തോഷത്തിലായിരുന്നു. കാത്തിരുന്ന് കാത്തിരുന്ന് അവരുടെ രണ്ടാമത്തെ കണ്‍മണിയെത്തി. വലതുഭാഗത്ത് വലുപ്പത്തില്‍ ഒരു മറുക് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്ന് അത് കാര്യമാക്കിയിട്ടുണ്ടാകില്ല. പക്ഷേ മാസങ്ങള്‍ കടന്നു പോകേ ആ മറുകിന്റെ വേരുകള്‍ വളര്‍ന്നു കൊണ്ടേയിരുന്നു. ഡോക്ടറെ കൊണ്ടു കാണിച്ചപ്പോള്‍ ഒന്നു മനസിലായി. ജന്മനാ മുഖത്ത് നേരിയ തോതില്‍ കണ്ട മറുക്, വളര്‍ന്നു വളര്‍ന്ന് മുഖത്തിന്‍റെ നല്ലൊരു ഭാഗം കവര്‍ന്നിരിക്കുന്നു. ഒപ്പം വലതു ചെവിക്ക് സാധാരണ രീതിയില്‍ നിന്നും വലുപ്പവും കൂടിയിരിക്കുന്നു.  പിച്ചവച്ചപ്പോഴും നടക്കാന്‍ പഠിച്ചപ്പോഴും ബാല്യമെത്തിയപ്പോഴും അതെന്റെ കൂടെ വലുതായി വന്നു, എന്തെന്നില്ലാത്ത വലുപ്പത്തില്‍... പലരേയും പേടിപ്പിക്കുന്ന രീതിയില്‍.- ഒരു ദീര്‍ഘനിശ്വാസമെടുത്ത്  പ്രഭുലാല്‍  പറഞ്ഞുതുടങ്ങുകയാണ്.  

എന്റെ മുഖത്തെ മൂടുന്ന കറുപ്പും അതു സമ്മാനിക്കുന്ന അപകര്‍ഷതാ ബോധവും ബാല്യകാലത്ത് തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ സ്‌കൂള്‍ കാലഘട്ടം മുതല്‍ ആ വേദന ഞാന്‍ അറിഞ്ഞു. കൂട്ടുകാര്‍ക്ക് എന്നെ കാണുന്നതേ പേടിയായിരുന്നു. പലരും അകന്നു മാറി. അവരൊക്കെ എന്നെ പേടിയോടെ നോക്കി നിന്ന നിമിഷം ഇന്നും കണ്‍മുന്നിലുണ്ട്. ഒരാള്‍ക്കും കൂട്ടു കൂടാനാകാത്ത... ചേര്‍ത്തു നിര്‍ത്താനാകാത്ത എന്തോ വലിയ തെറ്റ് ചെയ്ത പോലെയാണ് ആ കാലത്തെ ഞാന്‍ ഓര്‍ക്കുന്നത്. ആരും അടുത്തു വരാതെ ഒറ്റയ്‌ക്കൊരു ബഞ്ചില്‍ ഇരുന്ന ഒന്നാം ക്ലാസുകാരന്റെ മനസ് ഒന്നോര്‍ത്തു നോക്കൂ. അങ്ങനെയൊരു വേദന ആര്‍ക്കും വരാതിരിക്കട്ടെ-പ്രഭുലാല്‍  വികാരാധീനനായി..  

വേദനയുടെ ആ നാളുകളില്‍ എന്റെ അമ്മയായിരുന്നു എനിക്ക് കൂട്ട്. മനസിനെബാധിച്ച മുറിവിനെ എന്റെ അമ്മ വാത്സല്യം കൊണ്ടുണക്കി. എല്ലാ കുട്ടികളേയും പോലെ തന്നെയാണ് ഞാനെന്ന് പറഞ്ഞു പഠിപ്പിച്ചു. ചേട്ടന്‍ ഗുരുലാല്‍ ആയിരുന്നു എന്നെ മുന്നോട്ടു നയിച്ച മറ്റൊരു ചാലകശക്തി. എന്നെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചും, കളിക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം കൂട്ടിയും ചേര്‍ത്തു നിര്‍ത്തി. അനിയത്തി വിഷ്ണുപ്രിയക്കും ഞാന്‍ അസാധാരണത്വങ്ങള്‍ ഏതുമില്ലാത്ത പൊന്നേട്ടനായി.

prabhulal-cover

പക്ഷേ സമൂഹത്തിന് ഞാന്‍ മനുഷ്യജീവിയാണെന്ന തിരിച്ചറിവ് വരാന്‍ വൈകി. പുറത്തിറങ്ങുമ്പോള്‍ പലരും എന്നെ പേടിയോടെയും ഞെട്ടലോടെയും നോക്കുന്നത് മനസിന് പിന്നെയും നീറ്റലായി. അന്ന് ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്.  ഒരിക്കല്‍ ഉത്സവസത്തിന് പോയി മടങ്ങാന്‍ നേരം ബസില്‍ ഓടിക്കയറി. കയറിയ പാടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് ശ്രദ്ധയില്‍ പെട്ടു. ഞാന്‍ ഒന്നും നോക്കാതെ ആ സീറ്റില്‍ പോയിരുന്നു. പക്ഷേ അടുത്തിരുന്ന സ്ത്രീ എന്നെക്കണ്ടതും  അലറിവിളിച്ചു. അത് ബസില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും ശ്രദ്ധിച്ചു.ആ നിമിഷം മുതല്‍ ബസില്‍ കൂടി നിന്ന മുഴുവന്‍ പേര്‍ക്കും ഞാന്‍ കാഴ്ച വസ്തു ആകുകയായിരുന്നു. നിന്നയിടത്ത് മനുഷ്യന്‍ ഒന്നുമല്ലാതെ ഉരുകിപ്പോയി.

എല്ലാ ഭയാശങ്കകളും മാറ്റിവച്ചാണ് നങ്ങ്യാര്‍കുളങ്ങര  ടികെ മാധവന്‍ മെമ്മോറിയല്‍   കോളജില്‍ ബികോമിന് ചേര്‍ന്നത്. മുതിര്‍ന്ന കുട്ടികള്‍ക്ക് എന്റെ അവസ്ഥ മനസിലാക്കാനുള്ള പക്വത ഉണ്ടാകും എന്നു  പ്രതീക്ഷിച്ചു. കോളജിന്റെ ആദ്യ ദിനം ബികോം ട്രാവല്‍ ആന്‍ഡ് ടൂറിസം ബാച്ചിനേയും കംപ്യൂട്ടര്‍ ബാച്ചിനേയും സെമിനാര്‍ ഹാളില്‍ ഒരുമിച്ച് കൂട്ടി. ഏകദേശം നൂറോളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഞാനുമുണ്ടായിരുന്നു. അന്ന് അവിടെ കൂടിയ കുട്ടികള്‍ എന്നെ സഹതാപത്തോടെയും അദ്ഭുതത്തോടെയും നോക്കിയ നോട്ടങ്ങളും ദഹിച്ചു പോകാന്‍ പോന്നതായിരുന്നു. 

prabhulal-2

അസ്തമിച്ച പ്രതീക്ഷകള്‍... പുതിയ സ്വപ്‌നങ്ങള്‍

എന്റെയീ അവസ്ഥയ്ക്ക് പരിഹാരം തേടി ഏറെ അലഞ്ഞിട്ടുണ്ട്. ആയൂര്‍വേദം, ഹോമിയോപ്പതി, അലോപ്പതി എല്ലാം ശ്രമിച്ചു. അതില്‍ അലോപ്പതിയില്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ എല്ലാ ഡോക്ടര്‍മാരും ഒന്നൊന്നായി കയ്യൊഴിഞ്ഞു. ഒടുവില്‍ എത്തി നിന്നത് മംഗലാപുരത്തെ ഒരുസ്വകാര്യ ആശുപത്രിയില്‍. അവര്‍ മുന്നോട്ടു വച്ച ഒരേ ഒരു വഴി പ്ലാസ്റ്റിക് സര്‍ജറി. അപ്പോഴും ഒരു കണ്ടീഷന്‍. എന്ന് ഈ മറുകിന്‍റെ വളര്‍ച്ച എന്ന്  നില്‍ക്കുന്നുവോ അന്നേ ആ മാര്‍ഗവും എനിക്കു മുന്നില്‍ തുറക്കൂ. തീര്‍ന്നില്ല കഥ, പരീക്ഷണാര്‍ത്ഥം അല്‍പാല്‍പമായി മാത്രം മറുക് നീക്കം ചെയ്യാം എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത് ഇനി  രണ്ടു കൊല്ലമെങ്കിലും കഴിഞ്ഞിട്ടേ ആ വഴി നോക്കേണ്ടതുള്ളൂ.

അവജ്ഞയുടേയും സഹതാപങ്ങളുടേയും നോട്ടങ്ങളെ മറികടക്കാന്‍ ഞാന്‍ എന്നേ പഠിച്ചിരിക്കുന്നു. പക്ഷേ ഇടയ്ക്കിടയ്ക്ക് ഈ കറുപ്പ് എന്നെ വല്ലാതെ നോവിക്കും. ഇന്‍ഫെക്ഷനായി പഴുക്കുന്ന ഒരു അവസ്ഥയുണ്ട്. അന്നേരം വേദന കൊണ്ട് ഹൃദയംപറിയും. താത്കാലിക ആശ്വാസത്തിനായി വണ്ടാനം മെഡിക്കല്‍ കോളജിലേക്കാണ്  അന്നേരം ഓടുന്നത്.  

എന്റെ ഈ രൂപം മാറുമോ ഇല്ലയോ എന്ന് ആലോചിച്ച് തലപുണ്ണാക്കുന്നില്ല. എന്റെ സ്വപ്‌നങ്ങളേയും ലക്ഷ്യങ്ങളേയും ഈ രൂപം സ്വാധീനിക്കുന്നില്ല എന്ന് മാത്രം പറയാനാകും.  രൂപത്തേക്കാള്‍ എന്റെ മനസു തിരിച്ചറിഞ്ഞ കുറേപേര്‍ എനിക്കു ചുറ്റുമുണ്ട്. അവരെ എന്റെ രൂപം ബുദ്ധിമുട്ടിക്കുന്നില്ല. എന്റെ ജീവിതവും അതിജീവനവും ഏറ്റെടുത്ത സോഷ്യല്‍ മീഡിയയോടും എത്ര നന്ദി പറഞ്ഞാലും തീരില്ല. എനിക്കൊരു കുറവുണ്ടെങ്കില്‍ അതിനൊത്ത കഴിവും എനിക്കുണ്ടാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. 

ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവും മികവും തിരിച്ചറിഞ്ഞ് അവരെ മുഖ്യധാരയിലേക്കും  അവസരങ്ങളിലേക്കും കൈപിടിച്ചു നടത്തുക എന്നൊരു സ്വപ്‌നം എനിക്കുണ്ട്. അത് സാധ്യമാകും എന്ന് കരുതുന്നു. തൊഴിലാളിയും കവിയും സാഹിത്യകാരനുമായ പിതാവ് പ്രസന്നന്‍ ആ സ്വപ്‌നം സാധ്യമാക്കാന്‍ എനിക്കൊപ്പമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഞാന്‍ സജീവമാണ്.  വിദൂരപഠന എംകോം വിദ്യാര്‍ത്ഥിയാണ് ഞാനിപ്പോള്‍. നേരത്തെ കേരള വാട്ടര്‍ അതോറിറ്റി ഹരിപ്പാട് സബ് ഡിവിഷനില്‍ താത്കാലിക അടിസ്ഥാനത്തില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലി നോക്കിയിട്ടുണ്ട്.- വാക്കുകള്‍ അവസാനിക്കിപ്പിക്കും മുമ്പ് തന്റെ എഫ്ബി പ്രൊഫൈലിലെ വരികള്‍ ഒരിക്കല്‍ കൂടി പറഞ്ഞു വച്ചു. 

prabhulal-4

'എന്റെ മുഖത്തെ കറുപ്പ് തന്നെയാണ് എന്റെ അടയാളം, അതെന്നെ ലോകത്തില്‍ വേറിട്ട വ്യക്തിയായി നിലനിര്‍ത്തുന്നു.'