Tuesday 02 February 2021 04:55 PM IST

‘അയാൾ അവളുടെ നെഞ്ചിൽ കടന്നു പിടിച്ചിട്ടാണ് പോയത്, കേട്ടപ്പോൾ തകർന്നുപോയി’: #UhurtMyHeart: റഫിയ ഷെറിൻ പറയുന്നു

Shyama

Sub Editor

rafiya-sherin

അറിയാതെ കൈ കൊണ്ടതോ മറ്റോ ആയിരിക്കും നീ അങ്ങ് വിട്ട് കള, ഇനി ഒച്ച വച്ച് ആളെ കൂട്ടാൻ നിൽക്കേണ്ട..’’

‘‘അത് സാരമില്ല, നീയായിട്ടൊന്നും ഇനി പറയാനോ ചെയ്യാനോ നിൽക്കേണ്ട. നാട്ടുകാരെന്ത് വിചാരിക്കും.’’

‘‘ അറിഞ്ഞോണ്ടാണെങ്കിലിപ്പോ എന്താ... അതങ്ങ് ക്ഷമിച്ചു കള, നാലാളറിഞ്ഞാ നമുക്കാ ചീത്തപ്പേര്...’’

‘‘ഇനി ഇപ്പോ അതുതന്നെ അലോചിച്ചോണ്ടിരിക്കണ്ട... ഒ രു ചീത്ത സ്വപ്നമാണെന്നോർത്ത് അതങ്ങ് മറന്ന് കള. പൊലീസിലൊക്കെ പറയാൻ നിന്നാൽ അതിന്റെ പുറകേ നടക്കാനേ നേരം കാണൂ...’’

പൊതു ഇടങ്ങളിൽ വച്ചോ വീട്ടിനുള്ളിൽ വച്ചോ യാത്രയ്ക്കിടയ്ക്കോ ഒക്കെ എന്തെങ്കിലും തരത്തിലുള്ള വലുതോ ചെറുതോ ആയ ലൈംഗിക അതിക്രമങ്ങള്‍ നടന്നാ ൽ നമ്മളിൽ പലരും ഇത്തരം ഉപദേശങ്ങൾ കേട്ടു കാണും. ഇതൊക്കെ കേട്ട് മിണ്ടാതെ വിട്ടുകളയുന്നവർ ഓർക്കുക... നിങ്ങളുടെ ഈ മൗനം നാളെ അതിക്രമങ്ങൾ പെരുകാനുള്ള വളമാകുന്നുണ്ട്. നിർദോഷം എന്നു കരുതിയ നിങ്ങളുടെ മൗനം അതു ചെയ്തവർക്കും കണ്ടു നിന്നവ ർക്കും അടുത്തൊരാളോട് കൂടി ക്രൂരത കാണിക്കാനുള്ള പ്രേരണ നൽകിയിട്ടുണ്ട്. നമുക്ക് ചുറ്റും നടക്കുന്ന ഓരോ ലൈംഗിക അതിക്രമങ്ങൾക്കു പിന്നിലും ഈ മൗനത്തിന് പങ്കുണ്ട്.

അതുകൊണ്ട് ആ മൗനം ഇനി നമുക്ക് വേണ്ട. ഒറ്റകെട്ടായി നിന്ന് വേണം ഇത്തരം അതിക്രമങ്ങളെ ഒറ്റപ്പെടുത്താൻ. മാളിൽ വച്ച് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരെക്കുറിച്ച് ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ച നടിയും ലിഫ്റ്റ് കൊടുത്ത പതിനാലുകാരന്റെ അശ്ലീല വാക്കുകൾ ലോകത്തോട് തുറന്നു പറഞ്ഞ യുവതിയും പുതിയ മാതൃകകളാണ്. തങ്ങൾ കടന്നുപോയ ചില സാഹചര്യങ്ങളെ കുറിച്ച് ധീരമായി തുറന്ന് പറയുന്ന കുറച്ചുപേരെക്കൂടി കേൾക്കുക.

റഫിയ ഷെറിൻ ബിരുദാനന്തരബിരുദ വിദ്യാർഥി

പൊതു ഇടത്തിൽ മോശമായൊരു അനുഭവം പറയാൻ പ റയുമ്പോൾ ‘ഏത് പറയണം’ എന്ന ചിന്തയാണ് ആദ്യം വ രുന്നത്. അതിൽ തന്നെ അറിയാല്ലോ, ഇത്തരം കാര്യങ്ങളുടെ വ്യാപ്തി. ‌

സ്കൂളിൽ പഠിക്കുന്ന സമയത്തുള്ളതാണ് ആദ്യ സംഭവം. രാവിലെ പരീക്ഷ കഴിഞ്ഞ് തിരികെ പോകാനുള്ള ബസ് കാത്ത് ഞാനും കൂട്ടുകാരിയും ബസ് സ്റ്റാൻഡിൽ നിൽക്കുന്നു. പെട്ടെന്ന് ഒരാൾ പിന്നിലൂടെ നടന്നു പോകുന്നത് കണ്ടു. തിരിഞ്ഞ് നോക്കുമ്പോ കൂട്ടുകാരി കരയുന്നു. ഞാൻ ‘എന്താ’ എന്ന് ചോദിച്ചിട്ടും അവൾക്ക് പറയാൻ പ റ്റുന്നില്ല. അടുത്ത് നിന്ന ചേച്ചി പറഞ്ഞു, ആ പോയ ആൾ അവളുടെ നെഞ്ചിൽ കടന്നു പിടിച്ചിട്ടാണ് പോയതെന്ന്.

എനിക്ക് ആകെ ഷോക്കായിപ്പോയി. 17 ആണ് പ്രായം. ഞാൻ അയാളുടെ പിന്നാലെ ഓടി, ‘പിടിക്കെടാ ആ നായിനെ...’എന്നലറിക്കൊണ്ടാണ് ഓടിയത്. ഉടനെ തന്നെ ആ ളുകളൊക്കെ ചേർന്ന് അയാളെ പിടിച്ച് അവിടുള്ള ട്രാഫിക് പൊലീസിനടുത്തെത്തിച്ചു.

അന്ന് കൂട്ടുകാരി ഓടി വന്ന് പറഞ്ഞു ‘എന്നെ പിടിച്ചു എന്ന് പറയല്ലേ’. അയാൾ എന്നെയാണ് തൊട്ടത് എന്നാണ് ഞാൻ പൊലീസിനോട് പറഞ്ഞത്. പറഞ്ഞതിനൊപ്പം അയാളുടെ കരണത്തൊരു അടിയും കൊടുത്തു. വീട്ടിൽ വന്നു പറഞ്ഞപ്പോൾ അയൽപക്കത്തെ താത്ത ചോദിച്ചത് ‘ഇങ്ങനെയൊക്കെ പൊതുസ്ഥലത്ത് വച്ച് പറയാമോ, ഭാവി എന്താകും’ എന്നാണ്. പക്ഷേ, എന്റെ ഉമ്മ ചോദിച്ചത് ‘ഒരടിയേ കൊടുത്തുള്ളോ’ എന്നാണ്.

പിന്നൊരിക്കൽ ബസ്സിൽ വച്ചാണ്. ആത്യാവശ്യമായൊരു ഫോൺകോളിലായിരുന്നു ഞാൻ. അതിനിടയ്ക്ക് ഒരാൾ പിന്നിൽ നിന്ന് എന്റെ കാലിൽ അയാളുടെ കാലുകൊണ്ട് തൊട്ടുകൊണ്ടിരുന്നു. ഞാൻ കാല് തട്ടി മാറ്റി. എന്നിട്ടും അയാൾ അത് തുടർന്നു. ഞാനന്ന് പർദ്ദയാണ് ഇട്ടിരുന്നത്. മുകളിലേക്ക് കാൽ കൊണ്ടുവരാൻ തുടങ്ങിയതും ഞാൻ തിരിഞ്ഞ് ‘ടച്ചിങ്സിന് വീട്ടിൽ പോയാൽ മതി, എന്റെ ദേഹത്തേക്ക് വരാൻ നിക്കണ്ട’ എന്ന് ഉറക്കെ പറഞ്ഞു. അതോടെ ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന സ്ഥിരം പ്രതിരോധവുമായി അയാൾ എന്നെ കുറേ ചീത്ത വിളിക്കാൻ തുടങ്ങി.

ഞാൻ എഴുന്നേറ്റ് നിന്ന് യാത്ര ചെയ്തു. അതൊരു തരമായിട്ടെടുത്ത് അയാൾ വീണ്ടും വളരെ മോശം വാക്കുകൾ ഉപയോഗിക്കാൻ തുടങ്ങി. അതോടെ ഞാൻ അയാളെ അടിച്ചു. അത്രയും നേരം ഇടപെടാതിരുന്ന ബസ്സുകാർ അവിടെ വണ്ടി നിർത്തിയിട്ട് ‘പരാതിയുണ്ടേൽ അതൊക്കെ തീർത്തിട്ട് വന്നാൽ മതി, ഇവിടെ ഇ റങ്ങിക്കോ’ എന്നായി. ഞാൻ ബസ്സിൽ നിന്നിറങ്ങി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. അതിനൊരു നടപടിയുമുണ്ടായില്ല.

ഒരു സമൂഹം മുഴുവനാണ് ഇവിടെ കുറ്റക്കാർ. ചുറ്റും കാഴ്ചക്കാരായിരിക്കുന്ന, പ്രതികരിക്കാത്ത ഓരോരുത്തരും. നമുക്കോ സ്വന്തക്കാർക്കോ എന്തെങ്കിലും വരുമ്പോ ൾ മാത്രമാണ് ഇവിടെ ആളുകൾക്ക് പൊള്ളുന്നത്.

ഇപ്പോ ഞാൻ ഇംഗ്ലണ്ടിലാണ്. ജോലി കഴിഞ്ഞ് രാത്രി 11നും വെളുപ്പിനും ഒക്കെ പബ്ലിക്ക് ട്രാൻസ്പോർട്ടിലാണ് യാത്ര. ഒരു രീതിയിലുമുള്ള ലൈംഗികാതിക്രമവും നേരിടേണ്ടി വന്നിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായാൽ തന്നെ ആളുകൾ പ്രതികരിക്കും. ദുരനുഭവം നേരിട്ട ആളെ ഒറ്റ പ്പെടുത്തുകയല്ല ചെയ്യുന്നത്. നാട്ടിലെ മാറാത്ത ഇത്തരം കാര്യങ്ങൾ ഓർക്കുമ്പോ വല്ലാത്ത ദേഷ്യവും സങ്കടവും തോന്നുന്നു.