Saturday 04 February 2023 03:02 PM IST : By സ്വന്തം ലേഖകൻ

മറഞ്ഞു പോയി ആ സ്വരമാധുരി... ഗായിക വാണി ജയറാം അന്തരിച്ചു: പാട്ടോർമ

vani-jayaram

മലയാളികളുടെ സ്മരണയുടെ മച്ചകങ്ങളിൽ പാട്ടോർമകൾ നിറച്ച അനശ്വര ഗായിക വാണി ജയറാം (78) ഇനി ഇനി ദീപ്തമായ ഓർമ. ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വാണി ജയറാമിന്റെ അന്ത്യം ചെന്നൈയിലെ വസതിയിലായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവരുന്നത്.

തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി. അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ–ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.

പ്രഫഷണൽ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളർച്ചയ്ക്ക് താങ്ങുംതണലും വഴികാട്ടിയുമായത് സംഗീതസ്നേഹിയും സിത്താർ വിദഗ്ധനുമായ ഭർത്താവ് ജയരാമൻ ആയിരുന്നു. 2017ൽ പുലിമുരുകൻ എന്ന ചിത്രത്തിലെ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ’ എന്ന പാട്ടിൽ മലയാളികൾ കേട്ടത് ഏതാണ്ട് അരനൂറ്റാണ്ട് മുൻപു വാണി മലയാളത്തിൽ ആദ്യമായി പാടിയ സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി’ എന്ന പാട്ടിലെ അതേ സ്വരമാധുരി തന്നെയായിരുന്നു. അതിനും ഏതാനും വർഷങ്ങൾ മുൻപ് ആക്‌ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ‘പൂക്കൾ പനിനീർ പൂക്കൾ’, 1983 എന്ന ചിത്രത്തിലെ ‘ഓല‍‌‌ഞ്ഞാലി കുരുവി’ എന്നീ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതലോകത്തേക്ക് അതിശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു വാണി. 

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാൻ എന്തുതാമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാൾ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ,  ഏതോ ജന്മ കൽപനയിൽ, പത്മതീർഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങൾ വാണിയുടെ ശബ്ദം അനശ്വരമാക്കി.

കൂടുതൽ വാർത്തകൾ