Thursday 16 May 2019 03:37 PM IST : By സ്വന്തം ലേഖകൻ

‘ശക്തമായ വെളിച്ചവും മുഴക്കവുമുള്ള മുറിയിൽ അടച്ചിട്ടു; ഓരോ അര മണിക്കൂറിലും മർദനം, നീണ്ടത് 40 മണിക്കൂർ’

wing-commander-abhi-captured-cover

പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്തെന്ന് വെളിപ്പെടുത്തൽ. ബാലക്കോട്ട് ആക്രമണത്തിനിടെയാണ് അഭിനന്ദൻ പറത്തിയ മിഗ് 21 വിമാനം പാക്കിസ്ഥാൻ വെടിവെച്ചിടുകയായിരുന്നു. തുടർന്ന് അഭിനന്ദനെ തടവിലാക്കുകയും ചെയ്തു.

പാക് തടവിൽ നിന്ന് തിരിച്ചെത്തിയ ശേഷം നടത്തിയ ഡീബ്രീഫിങ്ങിലാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിടികൂടിയ ശേഷം പാക് രഹസ്യാന്വേഷണ വിഭാഗം ഇസ്ലാമാബാദിൽ നിന്ന് അഭിനന്ദനെ റാവൽപിണ്ടിയിലേക്ക് മാറ്റിയിരുന്നു. ഇത് ഐഎസ്ഐയുടെ നീക്കമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. 

റാവൽപ്പിണ്ടിയിൽ രണ്ട് ദിവസത്തോളം അഭിനന്ദനെ ഐഎസ്ഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ മുറിയിൽ രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. ശക്തമായ വെളിച്ചവും മുഴക്കമുള്ളതുമായ മുറിയായിരുന്നു അത്. ഓരോ അര മണിക്കൂറിലും അഭിനന്ദനെ മർദിച്ചു.

ചായ കുടിക്കുന്ന അഭിനന്ദന്റെ വിഡിയോ പാക് സൈന്യത്തിന്റെ മെസിൽ നിന്ന് എടുത്തതാണ്. രണ്ടാമത്തെ വിഡിയോ തെറ്റാണെന്നും താൻ കൂടുതലൊന്നും സംസാരിച്ചില്ലെന്നും അഭിനന്ദൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. വിഡിയോയിലെ ശബ്ദം തന്റേതല്ലെന്നും അത് പിന്നീട് കൂട്ടിച്ചേർത്തതാണെന്നും അഭിനന്ദൻ പറഞ്ഞു. 58 മണിക്കൂറോളമാണ് അഭിനന്ദൻ പാക് തടവിൽ കഴിഞ്ഞത്.