Saturday 18 May 2019 04:51 PM IST

‘ആസിഡ് വീണ് കണ്ണ് പൊട്ടിപ്പോകുന്നതു ഞാനറിഞ്ഞു’; മുഖമൂടിയണിഞ്ഞെത്തിയ മനുഷ്യൻ, ദു:സ്വപ്നം പോലെ ആ ക്രിസ്മസ് രാവ്

Tency Jacob

Sub Editor

rincy-main

അയാൾ ആസിഡ് മുഖത്തേക്കൊഴിച്ച നിമിഷം നീറ്റലായിരുന്നു ദേഹം മുഴുവൻ അനുഭവപ്പെട്ടത്. മരവിപ്പിലാണെങ്കിലും തൊലിയും മാംസവും ഉരുകിപ്പോകുന്നത് അറിഞ്ഞു. തൊലിയിൽ ഒട്ടിപ്പിടിച്ച ഉടുപ്പുകൾ ഉരിഞ്ഞെടുത്തപ്പോൾ പോലും വേദനിച്ചില്ല. പിന്നീട് നീറ്റലൊടുങ്ങി വേദന തുടങ്ങി. ആ വേദന പിന്നീട് ഒരിക്കലും അവസാനിച്ചില്ല. മൂന്നുവർഷങ്ങൾക്കിപ്പുറവും പൊള്ളലേറ്റ ഭാഗത്തു നിന്ന് പഴുപ്പ് വന്നുകൊണ്ടിരിക്കുന്നു.’’ കണ്ണൂർ പരിയാരം എമ്പേറ്റ് മഠത്തിൽ വീട്ടിലിരുന്ന് റോബർട്ടിന്റെയും റീത്തയുടെയും മകൾ റിൻസി പറയുന്നത് സ്വന്തം ജീവിതമാണ്.

‘‘ക്രിസ്മസ് ദിവസം ഉച്ചക്ക് കൂട്ടുകാരെ വീട്ടിൽ ഭക്ഷണത്തിനു ക്ഷണിക്കാറുണ്ട്. തലേന്ന് രാവിലെ തന്നെ പാചകത്തിനു വേണ്ട സാധനങ്ങളൊക്കെ വാങ്ങി. പാതിരാക്കുർബാനക്ക് പോകുമ്പോൾ എനിക്കും മോൾക്കും ഇടാനുള്ള ഉടുപ്പ് തയ്ക്കാൻ കൊടുത്തതു വാങ്ങി വന്നു. അമ്മ പള്ളിയിലെ ഗായകസംഘത്തിൽ ഉണ്ടായിരുന്നതുകൊണ്ട് കാരൾപാട്ടു പാടാൻ ഏഴു മണിക്കേ പോയി. പിറ്റേന്നേക്കുള്ള പണി കുറെയെല്ലാം ഒതുക്കിവെച്ച് പതിനൊന്നുമണി കഴിഞ്ഞപ്പോൾ ഞങ്ങളും തയാറായി.

പള്ളിയിൽ നിന്ന് കൊട്ടും പാട്ടും ഉയർന്നു തുടങ്ങിയിരുന്നു. ഉറങ്ങിപ്പോയ മോനെ തോളത്തെടുത്ത് വീടു പൂട്ടി നടന്നു. പിന്നിൽ അച്ഛനും മോളുമുണ്ട്. വീടിനു മുന്നിലെ ചെറിയൊരു പാലം കഴിഞ്ഞാൽ മൈതാനം തുടങ്ങുകയാണ്. അക്കേഷ്യ മരങ്ങളാണ് അതിരിട്ടു നിൽക്കുന്നത്. പാലമിറങ്ങി തിരിഞ്ഞതും വിജനമായ ആ മൈതാനത്തൂടെ ചുവന്ന ഉടുപ്പും മുഖംമൂടിയും വച്ച ഒരു സാന്താക്ലോസ് വരുന്നതു കണ്ടു. ‘ഇവിടെന്താ ഒരു സാന്താക്ലോസ്’ എന്നു ഞാൻ തിരിഞ്ഞ് അച്ഛനോട് ചോദിക്കാൻ തുടങ്ങിയതും അയാൾ എന്റെ മുഖത്തേക്ക് എന്തോ ഒഴിച്ചു. ബാക്കിയുള്ളത് ഉറങ്ങിക്കിടന്ന മകന്റെ മുഖത്തേക്കും.

പ്രാണൻ ഉരുകുന്ന വേദനയിൽ ഞാൻ ഓടി. പെട്ടെന്നുള്ള പരിഭ്രമത്തിൽ അച്ഛനും മൂത്തമോളും കനാലിലേക്കു വീണു. അപ്പോഴേക്കും മോനും ഉണർന്ന് കരഞ്ഞു തുടങ്ങി. ആസിഡ് വീണ് കണ്ണ് പൊട്ടിപ്പോകുന്നതു ഞാനറിഞ്ഞു. ഓടിയും മറിഞ്ഞു വീണും എഴുന്നേറ്റും വീട്ടിലെത്തി. എന്റെ കരച്ചിലും പിന്നാലെ ചുവന്ന വസ്ത്രമിട്ടൊരാൾ ഓടി പോകുന്നതും കണ്ട് അപകടം മണത്ത് പള്ളിയിൽ നിന്ന് ആളുകൾ ഓടി വരുന്നുണ്ടായിരുന്നു. വീട്ടിൽ കയറുമ്പോൾ കാലു കഴുകാനായി മുറ്റത്തൊരു ബക്കറ്റിൽ വെളളം വയ്ക്കുന്ന പതിവുണ്ട്. ഞാനതിൽ നിന്നു വെള്ളമെടുത്ത് മോന്റെയും എന്റെയും ദേഹത്ത് കോരി ഒഴിച്ചു കൊണ്ടിരുന്നു. എത്ര തണുപ്പു കോരി ദേഹത്തിട്ടിട്ടും നീറ്റലടങ്ങിയില്ല. നീറി പുകഞ്ഞു കൊണ്ടിരുന്നു, തീപിടിച്ച കാടു പോലെ...

r3

ദൈവത്തിൽ മാത്രം ആശ്രയിച്ച്...

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഞാൻ അബോധാവസ്ഥയിലായി. മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു ചികിത്സ. മുഖത്തെ മാംസമെല്ലാം ഉരുകിയൊലിച്ചു പോയിരുന്നു. നെറ്റിയുടെയും മൂക്കിന്റെയും സ്ഥാനത്ത് ഒരു വലിയ ദ്വാരം മാത്രം. ഒരു കണ്ണ് പോയെങ്കിലും മറ്റേ കണ്ണിൽ വീണ അഴുക്ക് അവരെടുത്തു മാറ്റി. വായുടെ കുറെ ഭാഗം ഉരുകിപ്പോയതുകൊണ്ട് ശബ്ദമൊക്കെ മാറി. കണ്ണില്ലാത്ത, മൂക്കില്ലാത്ത, വായില്ലാത്ത, കറുത്തുചീർത്ത പന്തു പോലെയായിരുന്നു മുഖം.

ഒരു മാസം അബോധാവസ്ഥയിൽ ശരീരം പഴുത്തു കിടന്നു. ദൈവം കരുണയുള്ളവനാണ്. വേദനയുടെ തീച്ചൂളയില്‍ അവനെന്നെ ഉറക്കിക്കിടത്തി. ഞാനുണരുമ്പോഴെല്ലാം തൊട്ടിലാട്ടി വീണ്ടുമുറക്കി. പഞ്ഞിക്കട്ട പോലെയുള്ള വിരലുകൾകൊണ്ട് എന്റെ മുഖമാകെ തഴുകി. ആ ഒരനുഭവം മരിച്ചാലും ഞാൻ മറക്കില്ല. പക്ഷേ, മോൻ ഒരു നിമിഷമൊഴിവില്ലാതെ കരഞ്ഞുകൊണ്ടിരുന്നു. അതോർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും. പാവം എന്റെ കുട്ടൻ.

എന്റെ അമ്മയും അച്ഛനും അനാഥാലയത്തിൽ വളർന്നവരാണ്. അച്ഛന് മിലിട്ടറിയിലായിരുന്നു ജോലി. അമ്മരോഗിയായപ്പോൾ ജോലി ഉപേക്ഷിച്ചു പോരേണ്ടി വന്നു. എനിക്കൊരു ചേട്ടനുണ്ടായിരുന്നു. ഏറ്റവുമധികം അടുപ്പം ചേട്ടനോടായിരുന്നു. ഒരു കൂട്ടുകാരന്റെ വീട്ടിൽ കല്യാണത്തലേന്ന് സദ്യയുണ്ണാൻ പോയതാണ്. വിഷം തീണ്ടി മരിച്ചു. ചേട്ടനപ്പോൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.

മൂന്നു വയസ്സ് മുതൽ ഞാൻ നൃത്തം പഠിക്കുന്നുണ്ട്. നടൻ വിനീത് കുമാറിന്റെയും നടി അഞ്ജു അരവിന്ദിന്റെയും ബാച്ചായിരുന്നു. ഓട്ടത്തിലും മറ്റും മുൻപന്തിയിലായിരുന്നു. അങ്ങനെയാണ് കണ്ണൂർ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ കിട്ടിയത്.

പൊലീസുകാരിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. സ്പോർട്സ് സ്കൂളിൽ ചേർന്നതു പോലും ആ സ്വപ്നത്തിന്റെ പിന്നാലെ പായാനാണ്. അവിടെ സീനിയറായി പഠിച്ചതാണ് ഭർത്താവ് മനോഹരൻ. അയാൾ സ്കൂൾ വിട്ടു പോയി കുറച്ചുനാൾ കഴിഞ്ഞ് എന്റെ വീട്ടിൽ വന്ന് പെണ്ണു ചോദിച്ചു. ‘ഓള് കുട്ടിയല്ലേ, പഠിപ്പു കഴിയട്ടെ’ എന്നു പറഞ്ഞ് അച്ഛൻ മടക്കി. ‘ഇപ്പോൾ തന്നെ വിവാഹം കഴിപ്പിച്ചു തരണ’മെന്ന് പറഞ്ഞ് ബഹളം വച്ചപ്പോൾ അച്ഛനും കൂട്ടുകാരും കൂടി തല്ലി.

ഒരു ദിവസം ഞാൻ ഹോസ്റ്റലിൽ നിന്ന് സ്കൂളിലേക്കു നടക്കുകയായിരുന്നു. പെട്ടെന്ന് കുറച്ചുപേർ ചേർന്ന് ഒരു കാറിലേക്കു തള്ളിക്കയറ്റി. അച്ഛനും കൂട്ടുകാരും തല്ലിയതിന് അയാളും കൂട്ടുകാരും ചെയ്ത പ്രതികാരം. ആലുവയിലേക്കാണ് കൊണ്ടുപോയത്. ഇനി അയാളുടെ കൂടെ ജീവിക്കുകയല്ലാതെ മാർഗമില്ലെന്നു മനസ്സിലായി. അയാളുടെ വീട്ടുകാർ എന്നെ ഏറ്റെടുത്തു. അവരുടെ മകൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതായിപ്പോയതിൽ അവർ ആത്മാർഥമായും വിഷമിച്ചിരുന്നു.

കല്യാണം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും അയാളുടെ കൂടെയുള്ള ജീവിതം കനൽവഴിയാണെന്ന് തിരിച്ചറിഞ്ഞു. മദ്യപനായ, സ്ത്രീജിതനായ, ചെകുത്താന്റെ സ്വഭാവമുള്ള ഒരാൾ. മകൾ മനീഷ ഉണ്ടായിക്കഴിഞ്ഞപ്പോൾ അവളും അടികൊള്ളേണ്ട അവസ്ഥയായി. അമ്മയുമച്ഛനും തടുക്കാൻ വന്നാൽ അവർക്കും കിട്ടും അടി.

ഇതിനിടയിലും പത്താം ക്ലാസ് തുല്യതാ പരീക്ഷ ഞാൻ നല്ല മാർക്കോടെ പാസ്സായി, പ്ലസ്ടുവിന് ചേർന്നു പഠിക്കാൻ തുടങ്ങി. അടുത്തൊരു സ്കൂളിൽ ഡാൻസ് ടീച്ചറായി ജോലി കിട്ടി. ആ സമയത്ത് രണ്ടാമതൊരു കുട്ടിക്കായി അയാൾ വാശി തുടങ്ങി. മോളാണെങ്കിൽ ഭയം കൊണ്ട് അച്ഛനെ കാണുമ്പോഴേക്കും ഓടിയൊളിക്കുന്ന അവസ്ഥയാണ്. ഇനി ഒരു കുഞ്ഞിനെക്കൂടി ഈ ദുരിതത്തിലേക്കു കൊണ്ടുവരേണ്ടെന്ന് എനിക്കു തോന്നി. എതിർക്കുന്നത് അയാൾക്ക് സഹിക്കാനാവില്ല. അതുകൊണ്ട് ക്രൂരമായി ശാരീരിക പീഡനങ്ങൾക്കു വിധേയയാകേണ്ടി വന്നു. താമസിയാതെ രണ്ടാമത്തെ മകൻ, കുട്ടനെന്നു വിളിക്കുന്ന അഭിഷേക് പിറന്നു.

r2

വളർന്നു വരുമ്പോഴാണ് അറിയുന്നത് കുഞ്ഞ് ഓട്ടിസ്റ്റിക്കാണെന്ന്. അവിടെയാണ് ഞാൻ തകർന്നത്. പിന്നീടെനിക്ക് ആ വീട്ടിൽ നിൽക്കാൻ തോന്നിയില്ല. പീഡ‍നങ്ങളിൽ നിന്നെല്ലാം ഒരു വിടുതൽ ഞാനും അത്രയധികം ആഗ്രഹിച്ചിരുന്നു. ഞാൻ എന്റെ സ്വന്തം വീട്ടിലേക്കു തിരിച്ചുവന്നത് ഇനിയുള്ള കാലം അൽപം സമാധാനമായി ജീവിക്കാനായിരുന്നു.

അയാൾ ദൈവദൂതനായിരുന്നില്ല

മോന്‍ ജനിച്ചപ്പോൾ തുടങ്ങി ഇടയ്ക്കിടെ അപസ്മാരം വരുമായിരുന്നു. ഇടയ്ക്ക് കണ്ണൊക്കെ മറിഞ്ഞ് നിശ്ചലനായി പോകും. വീട്ടിലേക്ക് തിരികെയെത്തിയ ദിവസങ്ങളിലൊന്നിൽ മോന് അപസ്മാരം വന്നു. രാത്രിയായതുകൊണ്ട് വണ്ടികിട്ടാൻ വിഷമിച്ചു. ജയിംസ് എന്നയാളുടെ ടാക്സിയാണ് കിട്ടിയത്. അന്ന് പോകുന്ന സമയത്ത്‘ആവശ്യം വരുമ്പോൾ വിളിച്ചാൽ മതിയെന്ന്’ അയാൾ പറഞ്ഞു. പിന്നീട് ഇതു പോലെ പരിഭ്രമിച്ച നാലഞ്ച് അവസരങ്ങളിൽകൂടി അയാളെ വിളിച്ചിട്ടുണ്ട്. അയാളുടെ ഭാര്യയെ എനിക്ക് ചെറുപ്പം മുതലേ അറിയാമായിരുന്നു.

അയാളുടെ പെരുമാറ്റത്തിൽ പിന്നീട് എന്തോ പന്തികേട് തോന്നിത്തുടങ്ങി. പോകുന്നിടത്തെല്ലാം നിഴൽ പോലെ കൂടെ വരുന്നു. അയാളുടെ നിയമപരമല്ലാത്ത ഭാര്യയാകണം ഞാനെന്നാണ് അയാളുടെ ആവശ്യം. അച്ഛന്റെ പ്രായമുള്ള ആളാണ്. അന്ന് ഒരു ടെക്സ്ൈറ്റൽ ഷോപ്പിലെ കസ്റ്റമർ കെയറിൽ എനിക്ക് ജോലിയുണ്ട്. ഞാൻ ജോലി ഉപേക്ഷിച്ചു വീട്ടിൽ തന്നെ കുത്തിയിരുന്നു. അയാൾ അച്ഛനോട് എന്നെ കെട്ടിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവിലാണ്...

അന്നു വൈകിട്ട് അയാൾ പള്ളിമുറ്റത്ത് ഓട്ടോയിൽ വന്നിറങ്ങുന്നതു കണ്ടവരുണ്ട്. സാന്താക്ലോസിന്റെ ചുവന്ന കുപ്പായമണിഞ്ഞ് മൈതാനത്തൂടെ നടന്നു പോകുന്നതു ശ്രദ്ധിച്ചവരുണ്ട്. കയ്യിലുള്ള കുപ്പിയിൽ മനുഷ്യജീവിതം ഉരുക്കുന്ന ആസിഡാണെന്ന് ആരെങ്കിലും കരുതുമോ?

മൂന്നു മാസത്തിനുശേഷം അയാൾ ജയിലിൽ നിന്നിറങ്ങി. മൂന്നു വർഷം കഴിഞ്ഞിട്ടും ഞാനിപ്പോഴും ആ പൊള്ളലിനെ ഊതി തണുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് ഭർത്താവ് കാണാൻ വന്നു. ‘നിങ്ങളാണെന്റെ ജീവിതം ഇങ്ങനെയാക്കി തീർത്തത്.’ എന്നു ഞാൻ കരഞ്ഞു. അയാളും കരഞ്ഞ് തിരിച്ചു പോയി. മക്കള്‍ക്കു ചെലവിനുള്ള പണം ഇപ്പോൾ കോടതി ഉത്തരവനുസരിച്ച് തരുന്നുണ്ട്.

മകൾ എയർഹോസ്റ്റസ് കോഴ്സ് കഴിഞ്ഞ് ജോലി തേടുകയാണ്. അവൾ ഷോർട്ഫിലിമിലും സിനിമയിലും അഭിനയിക്കുന്നുണ്ട്. ആസിഡ് അറ്റാക്കിനുശേഷം സർക്കാർ പരിയാരം മെഡിക്കൽ കോളജിൽ ദിവസവേതനത്തിൽ ജോലി തന്നു. അൽപം സ്ട്രെയിനെടുക്കുമ്പോഴേക്കും തല വെട്ടിപ്പൊളിയുന്ന വേദനയാണ്. ജോലിക്കു പോകാൻ പലപ്പോഴും പറ്റാറില്ല. പിന്നെ ഹോസ്പിറ്റലിലേക്ക് മകനെയും കൊണ്ടുള്ള യാത്രകളും. കോഴി, താറാവ് ആട് വളർത്തലൊക്കെയുണ്ട്. അതാണിപ്പോഴത്തെ വരുമാനം.

എനിക്കും മകനും ഇനിയും ചികിത്സ വേണം. പഴയ മുഖം തിരിച്ചു കിട്ടാൻ ഇരുപത്തിയഞ്ചു ലക്ഷം രൂപയെങ്കിലും ആവശ്യം വരും. എന്റെ കയ്യിൽ ഇരുപത്തിയഞ്ചു രൂപ തികച്ചുണ്ടാകില്ല. മകന്റെ മുഖത്ത് ഒരു സർജറി കൂടി ബാക്കിയുണ്ട്. അതിന് മൂന്നു ലക്ഷം രൂപ വേണം. അതു സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ്.

മൊബൈൽ നമ്പർ പലവട്ടം മാറ്റി. അപ്പോഴും അതു കണ്ടെത്തി ആ ദുഷ്ടൻ ഫോണിൽകൂടി മുരളും. ‘നിന്നെ ഞാൻ കൊല്ലും.’ ഒരിക്കൽ കൊന്നവളെ ഇനിയെങ്ങനെ കൊല്ലാനാണ്?