Saturday 22 September 2018 04:41 PM IST

സീരിയലുകളെ തോൽപ്പിക്കാൻ വരുന്നു, വെബ് സീരീസുകൾ! ഷാജുവിന് ഇത് പുതിയ തുടക്കം

Priyadharsini Priya

Senior Content Editor, Vanitha Online

shaju-sreedhar001

വെറും 13 എപ്പിസോഡ് മാത്രമുള്ള സീരിയലുകളുടെ ഇടയിലേക്കാണ് മധുമോഹന്റെ കൈപിടിച്ച് ‘മാനസി’ എന്ന മെഗാ സീരിയൽ എത്തിയത്. പിന്നീട് മലയാള ടെലിവിഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ആയിരവും 1500 ഉം എപ്പിസോഡുകളുള്ള മെഗാ സീരിയലുകൾ വന്നത് ചരിത്രം. ഇപ്പോഴിതാ മെഗാസീരിയലുകളെ കടത്തി പുതിയൊരു അവതാരം പിറവിയെടുക്കുന്നു, വെബ് സീരീസുകൾ. മലയാളത്തിലെ ആദ്യ വെബ് സീരീസിലെ നായകനായി എത്തുന്ന നടൻ ഷാജു ശ്രീധർ ത്രില്ലിലാണ്. സിനിമയിൽ കിട്ടാതെ പോയ അംഗീകാരം ടെലിവിഷനിൽ നേടിയെടുത്ത ഷാജു വെബ് സീരീസിലൂടെ പുതിയൊരു മേഖലയിലേക്കു കൂടി ചുവടുവയ്ക്കുകയാണ്.

പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ ജനപ്രിയമാണ് വെബ് സീരീസ്. സിനിമാ താരങ്ങളോളം തന്നെ ജനപ്രിയരാണ് വെബ് സീരീസ് താരങ്ങൾ. ഹോളിവുഡിലെ സൂപ്പർതാരങ്ങൾ വരെ വെബ് സീരീസിന്റെ ഭാഗമാകാറുണ്ട്. ബിഗ് ബജറ്റ് സിനിമയോടു കിടപിടിക്കുന്നതാണ് പല വെബ് സീരീസുകളും. യൂട്യൂബിലെ വിവിധ ചാനലുകളിലാകും ഇത്തരം വെബ് സീരീസുകൾ റിലീസ് ചെയ്യുക. സ്മാർട് ടിവിയുടെ കാലമായതിനാൽ ഇവ ടിവിയിലും കാണാനാകും. നെറ്റ്ഫ്ലിക്സിലും മറ്റുമുള്ള വെബ് സീരീസുകൾ നമ്മുടെ നാട്ടിലെ ‘യൂത്തി’നിടയിലും തരംഗമാണ്. ‘ഹെൽമെയ്റ്റ്’ എന്നാണ് മലയാളത്തിലെ ആദ്യ വെബ് സീരീസിന്റെ പേര്. ഷാജു തന്നെ നായകനാകുന്ന രണ്ടാമതൊരു വെബ് സീരീസും കൂടി തൊട്ടു പുറകെയെത്തും– അബാം പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം നിർമ്മിക്കുന്ന ‘അഡ്‌വെഞ്ചേഴ്‌സ് ഓഫ് ശോശാമ്മ.’ പുതിയ വിശേഷങ്ങൾ ‘വനിത ഓൺലൈനോട്’ ഷാജു തന്നെ പറയട്ടെ.

shaju-sreedhar003

വേറിട്ട അനുഭവവുമായി വെബ് സീരീസിൽ...

രണ്ടു വെബ് സീരീസിലാണ് ഞാൻ അഭിനയിച്ചത്. ’ഹെൽമെയ്റ്റ്’ ആണ് ആദ്യത്തെ. ഇത് മുഴുവനും ദുബായിലാണ് ഷൂട്ട് ചെയ്യുന്നത്. അഞ്ചു എപ്പിസോഡുള്ള സസ്പെൻസ് ത്രില്ലറാണ്. ഒരു ചാപ്റ്റർ മാത്രമാണ് ഇപ്പോൾ യൂട്യൂബിൽ റിലീസ് ചെയ്തത്. അഞ്ചിൽ അവസാനത്തെ മൂന്നിൽ ആണ് ഞാനുള്ളത്. രണ്ടാമത്തേത് ’അഡ്‌വെഞ്ചേഴ്‌സ് ഓഫ് ശോശാമ്മ’യാണ്. ഞാനും ഷീലു എബ്രഹാമുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഫാമിലി ഹ്യൂമർ സബ്‌ജക്റ്റാണ്. മൂന്നു കുട്ടികളും അച്ഛനും അമ്മയുമാണ് കഥാപാത്രങ്ങൾ. സ്വാഭാവികതയ്ക്കു വേണ്ടി സ്പോട്ട് ഡബ്ബിങാണ്. അതുകൊണ്ട് ഷോട്ട് എടുക്കാൻ സമയമെടുക്കും. മികച്ച എക്സ്പീരിയൻസ് തന്നെയാണ്.

വെബ് സീരീസിൽ സിനിമാറ്റിക് ഷൂട്ടായിരിക്കും നടക്കുക. സിനിമ പോലെ ഒരു കഥയുണ്ടാകും. നാലോ അഞ്ചോ ഭാഗങ്ങളിലായി റിലീസ് ചെയ്യാം. ഇത് സീരിയൽ അല്ല, പൂർണ്ണമായും സിനിമ പോലെ തന്നെയായിരിക്കും. ഒരു കഥ പറയുന്നത് വളരെ ചുരുങ്ങിയ ചിലവിലും സമയം എടുത്തുമായിരിക്കും. പക്ഷെ, സിനിമയുടെ എല്ലാ ക്വാളിറ്റിയും വെബ് സീരീസിന് ഉണ്ടാകും. മലയാളികൾക്ക് ഇത് സുപരിചിതമായി വരുന്നേയുള്ളൂ. ഹിന്ദിയിൽ നടൻ മാധവനൊക്കെ വെബ് സീരീസിൽ അഭിനയിക്കുന്നുണ്ട്.

സിനിമയിൽ ഒരു മെയിൻ ഹീറോ വേഷം ചെയ്യണമെന്നുള്ള ആഗ്രഹം വെബ് സീരീസിലൂടെ സാധിച്ചു കിട്ടുന്നതിന്റെ സന്തോഷമുണ്ട്. സിനിമ നമുക്ക് വിശ്വസിക്കാൻ പറ്റില്ല. നഷ്ടം ഉണ്ടായാൽ നഷ്ടം തന്നെയായിരിക്കും. പക്ഷെ, വെബ് സീരീസിൽ നഷ്ടം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുപോലെ പറയാനുദ്ദേശിക്കുന്ന കഥ വളരെ ഭംഗിയായിട്ട് സമയമെടുത്ത് പറയാൻ കഴിയും. ആളുകൾ ഇപ്പോൾ ചാനൽ പോലും കാണുന്നത് ഹോട്ട് സ്റ്റാറിലൂടെയാണ്. മൊബൈലിൽ പരിപാടികൾ കാണുന്നത് യൂട്യൂബ് ചാനലിലും. അതുകൊണ്ടുതന്നെ ഇനിയുള്ള കാലം വെബ് സീരീസുകളുടെതാകും.

മൈ ‘ബിഗ് ബി’ ഡേ  

പലർക്കും കിട്ടാത്ത വലിയൊരു ഭാഗ്യം എനിക്കു കിട്ടി. അഭിനയ ഇതിഹാസം അമിതാഭ് ബച്ചന്റെ കൂടെ പരസ്യ ചിത്രത്തിലെങ്കിലും ചെറിയൊരു റോൾ ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമല്ലാതെ എന്ത്? ആരും സ്വപ്നം കാണുന്ന അവസരമല്ലേ എനിക്കു ലഭിച്ചത്. എന്റെയൊരു ഫോട്ടോ കണ്ടിട്ട് അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാൻ വിളിക്കുകയായിരുന്നു. ആദ്യം വിശ്വസിച്ചില്ല, ആരോടും പറഞ്ഞില്ല. കാരണം നടന്നില്ലെങ്കിൽ അതൊരു വിഷമമാകും. ഞാനിവിടുന്നു ഫ്‌ളൈറ്റിൽ കയറി ലൊക്കേഷനിലെത്തുമ്പോൾ എന്നെ കണ്ടിട്ട് സംവിധായകൻ ‘ഇയാൾ ആപ്ടല്ല’ എന്നു പറഞ്ഞ് തഴഞ്ഞാലോ എന്ന ഭയമായിരുന്നു മനസ്സ് മുഴുവനും. അതുകൊണ്ടു ആരോടും പറയാതെയാണ് ഞാൻ പോയത്.

ആദ്യം നല്ല ടെൻഷനായിരുന്നു. പക്ഷെ, ഒന്നുരണ്ടു ഷോട്ട് കഴിഞ്ഞപ്പോൾ എന്റെ പേടി മാറി. ഷോട്ട് റെഡി എന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായത്. എനിക്കിതിന് അപ്പുറത്തേക്ക് ഒരു ചാൻസ് കിട്ടാനില്ല. ഇനി എന്റെ ലൈഫിൽ അമിതാഭ് ബച്ചനെപ്പോലൊരു ലെജന്റിന്റെ മുന്നിൽ നിൽക്കാനുള്ള ചാൻസ് കിട്ടിയെന്ന് പോലും വരില്ല. അഭിനയിച്ചു കഴിഞ്ഞശേഷം ഡയറക്ടർ വലിയ ഹാപ്പിയായിരുന്നു. ആഡ് ഇറങ്ങിയശേഷം ഒരുപാട് പേർ വിളിച്ചു. മലയാളത്തിലെ നമ്പർ വൺ താരങ്ങൾ പോലും വിളിച്ചു അഭിനന്ദിച്ചു. 21 വർഷത്തെ അഭിനയ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തം തന്നെയായിരുന്നു അത്. പേഴ്‌സണലി എനിക്ക് മഞ്ജു വാരിയറെ അടുത്തറിയാം, ഒപ്പം അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. അതിനുള്ള അവസരം കിട്ടിയതും ഈ ആഡിലൂടെയാണ്.

shaju-sreedhar005

ഡബ്‌സ്മാഷ് വിത്ത് ഡോട്ടർ

നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചിട്ടും കിട്ടാത്ത സ്വീകാര്യത കിട്ടിയത് ഡബ്‌സ്മാഷിലൂടെയാണ്. ‘അമ്മ’യുടെ ഉൾപ്പെടെയുള്ള മീറ്റിങ്ങുകൾക്കു പോകുമ്പോഴും മിക്കവരും ചോദിക്കുന്നത് ഡബ്‌സ്മാഷ് വിഡിയോയെക്കുറിച്ചാണ്. മക്കളുടെ നിർബന്ധത്തിനും ഇഷ്ടത്തിനും വഴങ്ങിയാണ് ഡബ്‌സ്മാഷ് വിഡിയോ ചെയ്തത്. മക്കൾക്ക് ഫെയ്സ്ബുക് പേജില്ല. അതാണ് എന്റെ പേജിൽ ഷെയർ ചെയ്തത്. അത് ശരിക്കും വൈറലായി.

എല്ലാവരും എടുത്തു ചോദിക്കുന്നത് മൂത്ത മകൾ നന്ദനയെയാണ്. അവളുടെ പെർഫോമൻസ് കണ്ടിട്ട് സത്യത്തിൽ ഞാനും ചാന്ദിനിയും ചമ്മിപ്പോയി. അവൾ ഏഴു വർഷമായി ഡാൻസ്, മോണോ ആക്ട് എന്നിവയിലെല്ലാം സ്റ്റേറ്റ് വിന്നറാണ്. സ്റ്റേജിൽ കയറാൻ ഒരു കൂസലുമില്ല. എന്തെങ്കിലും പറഞ്ഞാൽ ഒരു മടിയുമില്ലാതെ അതുകയറി ചെയ്തോളും. ഡബ്‌സ്മാഷ് കണ്ടിട്ട് രണ്ടു മൂന്ന് സിനിമയിൽ മോൾക്ക് അവസരം വന്നിരുന്നു. ഇപ്പോൾ പാലക്കാട് മേഴ്‌സി കോളജിൽ ഡിഗ്രി ആദ്യ വർഷം ജോയിൽ ചെയ്തിട്ടേ ഉള്ളൂ. അതുകൊണ്ട് ഡിഗ്രി കഴിഞ്ഞു കുറച്ചുകൂടി പക്വത വന്നിട്ടു മതി അഭിനയമെന്നാണ് തീരുമാനം. അവസരം വന്നതൊന്നും ഞാനവളോടു പറഞ്ഞിട്ടില്ല. കാരണം അവൾക്ക് സിനിമ ഭയങ്കര ക്രേസാണ്. അവസരം വന്നിട്ട് വിട്ടില്ല എന്നുപറഞ്ഞാൽ അവൾക്കത് വിഷമമാകും. പിന്നെ ഇതുതന്നെ മനസ്സിൽ വച്ച് കൊണ്ടിരിക്കും. തെലുങ്കിൽ നിന്നും നായികയായി അവസരം വന്നിരുന്നു. നല്ലൊരു ഓഫർ കിട്ടുകയാണെങ്കിൽ തീർച്ചയായും വിടും. കഴിവുള്ള കുട്ടിയാണ് അവൾ. അവസരം ഇനിയും വരും.

ഭാര്യ ചാന്ദ്‌നി എന്നേക്കാൾ ബിസിയാണ്. പാലക്കാട് ഒരു നൃത്ത കലാലയം നടത്തുന്നുണ്ട്. അവിടെ മൂന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. അഭിനയത്തേക്കാൾ അവൾക്ക് ഇഷ്ടം നൃത്തമായിരുന്നു. പാഷനാണത്. ഡാൻസ് ക്ലാസുകളുമായി വളരെ ആക്ടീവാണ് ആൾ. ഇളയ മോൾ നീലാഞ്ജന ചേച്ചി നന്ദനയേക്കാൾ മിടുക്കിയാണ്. പാലക്കാട് ലയൻസ് സ്‌കൂളിൽ രണ്ടാം ക്‌ളാസിലാണ് പഠിക്കുന്നത്. ഭയങ്കര കുസൃതിയാണ്, സ്‌കൂളിലെ കൊച്ചു വില്ലത്തിയും.

shaju-sreedhar006

മിമിക്രി വഴി തുറന്നു, വഴിയടച്ചു!

ജയറാമേട്ടൻ, മണി, ദിലീപ്, നാദിർഷ തുടങ്ങി എല്ലാ പ്രമുഖർക്കൊപ്പവും മിമിക്രി ചെയ്തിട്ടുണ്ട്. അങ്ങനെയാണ് സിനിമയിൽ എത്തുന്നത്. 1995 ൽ റിലീസായ ‘മിമിക്സ് ആക്ഷൻ 500’ ആയിരുന്നു ആദ്യ സിനിമ. അത് വൻ വിജയമായതോടെ കൈനിറയെ അവസരങ്ങൾ ലഭിച്ചുതുടങ്ങി. ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. അന്ന് നാല് നായകന്മാരുണ്ടെങ്കിൽ അതിൽ ഒരാൾ ഞാനായിരിക്കും. പലപ്പോഴും കഥാപാത്രമോ അതിന്റെ സ്വഭാവമോ ഒന്നും അറിയില്ല. പൂത്തുമ്പിയും പൂവാലന്മാരും, കിടിലോൽകിടിലം തുടങ്ങി ഇരുപതോളം സിനിമകളിൽ അങ്ങനെ ബ്രേക്കില്ലാതെ അഭിനയിച്ചു.

എന്നാൽ അനുകരണം എന്ന കല ആദ്യം അനുഗ്രഹവും പിന്നീട് ശാപവുമായി മാറി. സിനിമാരംഗത്തേക്ക് കടന്നുവരാൻ അനുകരണം സഹായിച്ചെങ്കിലും കഥാപാത്രമായി മാറുമ്പോൾ ഈ ശബ്ദവും രൂപവുമെല്ലാം തടസ്സമായി. അക്കാലത്ത് നമ്മുടെ ഉള്ളിലൊക്കെ ഒരു ഹീറോ ഉണ്ടാകും. അദ്ദേഹത്തിന്റെ ഫിഗർ നമ്മളിൽ വരുമ്പോഴാണ് അതൊരു ദോഷമായി മാറുന്നത്. സൂര്യനെപ്പോലെ കത്തി നിൽക്കുന്ന ലാലേട്ടൻ അവിടെയുള്ളപ്പോൾ ’ഡ്യൂപ്പായ’ മറ്റൊരാൾക്ക് പ്രസക്തിയുണ്ടാകില്ലല്ലോ..!

സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കിട്ടുന്നില്ല എന്ന മനസ്സിലായപ്പോഴാണ് ഞാൻ സീരിയലിലേക്ക് കൂടു മാറിയത്. വർഷങ്ങളോളം സീരിയലിൽ കുറേ നല്ല കഥാപാത്രങ്ങൾ ചെയ്തു. അതൊരു സ്ഥിര വരുമാനം കൂടിയായിരുന്നു. അഭിനയിച്ച സീരിയലുകളൊക്കെ സൂപ്പർഹിറ്റായിരുന്നു. അഞ്ചു വർഷം മുൻപാണ് സീരിയൽ അഭിനയം നിർത്തിയത്. ഇപ്പോൾ വീണ്ടും സിനിമയിൽ നല്ല റോളുകൾക്ക് വേണ്ടിയുള്ള വെയിറ്റിങ്ങിലാണ്. ഒരിക്കലെങ്കിലും നമ്മളിൽ നിന്ന് മാറിനിൽക്കുന്ന ഒരു കഥാപാത്രം കിട്ടിയാൽ മതി. ഇത്രയും വർഷമായില്ലേ... ഇനി പുറകോട്ടില്ല, മുന്നോട്ട് എന്ന ആത്മവിശ്വാസം ഉണ്ട്. തീർച്ചയായും ഒരു ബ്രേക്ക് വരും.

shaju-sreedhar002

’ഓർഡിനറി’ എന്ന സിനിമയിൽ ബിജു മേനോനെ പാലക്കാടൻ ഭാഷ പഠിപ്പിക്കാൻ വേണ്ടി ഡബ്ബിങ് സ്റ്റുഡിയോയിൽ മുഴുവൻ സമയവും ഇരുന്നത്‌ ഞാനായിരുന്നു. പിന്നീട് ’ഉത്സാഹക്കമ്മിറ്റി’യിൽ ജയറാമേട്ടനെ പഠിപ്പിക്കാൻ വേണ്ടി സിനിമ കഴിയുന്നതുവരെ ഞാനവിടെ ഉണ്ടായിരുന്നു. തിരുവനന്തപുരം ഭാഷ പഠിപ്പിക്കാൻ വേണ്ടി സുരാജ് വെഞ്ഞാറമൂട് മമ്മൂക്കയുടെ കൂടെയിരുന്നതാണ് അദ്ദേഹത്തിന്റെ കരിയറിൽ ബ്രേക്ക് ആയത്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ബ്രേക്ക് ഉണ്ടായിട്ടില്ല. സൗഹൃദത്തിന്റെ പേരിൽ ആരെങ്കിലും എന്തെങ്കിലും വേഷം തരുകയോ, നായകന്മാർ എന്ന സഹായിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ’ഓർഡിനറി’ സൂപ്പർഹിറ്റായത് ബിജു മേനോന് കരിയറിൽ വലിയ ബ്രേക്കുണ്ടാക്കി. അന്ന് എനിക്ക് തോന്നിയിട്ടുണ്ട് അദ്ദേഹത്തിനെന്നെ സഹായിക്കാമായിരുന്നു എന്ന്. അതിൽ പരിഭവമൊന്നുമില്ല.

സിനിമയിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരോടൊന്നും ഞാൻ ചാൻസ് ചോദിക്കാതിരുന്നിട്ടില്ല. നേരിട്ടല്ലാതെ, തമാശ പോലെ ചാൻസ് ചോദിക്കും. എന്നാൽ അവരത് തമാശ പോലെ തള്ളിക്കളയുകയും ചെയ്യും. സൗഹൃദങ്ങൾ നന്നായി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടു പലപ്പോഴും അവരത് അറിഞ്ഞു ചെയ്യും എന്നു ഞാൻ കരുതും. പക്ഷെ, അങ്ങനെയൊരു പരിഗണന സുഹൃത്തുക്കളിൽ നിന്ന് കിട്ടിയിട്ടില്ല. ആരെയും കുറ്റപ്പെടുത്തുകയല്ല, ഒരുപക്ഷെ ഇതെന്റെ കുഴപ്പമായിരിക്കാം. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക, അതാണ് നല്ലത്. എല്ലാവരെയും നല്ല സുഹൃത്തുക്കളായി മാത്രം കാണുക.

അരുൺ ഗോപിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രണവ് മോഹൻലാൽ ചിത്രമാണ് എന്റെ പുതിയ പ്രോജക്റ്റ്. ചേറപ്പായി എന്ന കഥാപാത്രമാണ് സിനിമയിൽ ചെയ്യുന്നത്. ആ കഥാപാത്രത്തിനുവേണ്ടി തല മൊട്ടയടിക്കണം. പിന്നെ കുഞ്ചാക്കോ ബോബന്റെ കൂടെ ഒരു സിനിമ ചെയ്യുന്നുണ്ട്. ’ജോണി ജോണി യെസ് അപ്പാ’ റിലീസാകാനുണ്ട്. വലിയ പ്രതീക്ഷയിലാണ് ഞാൻ. എല്ലാം ശുഭമായി നടന്നാൽ അടുത്ത വർഷം എന്റേത് കൂടിയാകും.