Saturday 05 May 2018 01:50 PM IST

നാലാം ക്ലാസിൽ പഠിക്കുമ്പോൾ, അമ്മയുടെ ഫോൺ ഡയറിയിൽ ഞാനെഴുതിവച്ചു, ‘എനിക്കൊരു സിനിമാ നടിയാകണം..’

Unni Balachandran

Sub Editor

jalaja-p ഫോട്ടോ: ബേസിൽ പൗലോ

‘ഞാനൊരു പാവമാണ്’ എന്ന ഡയലോഗ് ആവർത്തിക്കേണ്ടാത്തൊരു മുഖം. ഒരു വട്ടംകൂടി കാണാൻ കൊതി തോന്നിക്കും നിറകണ്ണുകൾ. സ്ക്രീനിൽ എന്നും കണ്ണുനീർ തുളുമ്പി നിന്നിരുന്ന ജലജയുടെ മുഖത്തിപ്പോൾ നിറഞ്ഞ ചിരിയാണ്. അമ്മയുടെ മുഖത്ത് ചിരിയുടെ നിലാവെട്ടം തൂകുന്നത് മറ്റാരുമല്ല, മകൾ ദേവിയാണ്. ദേവിയുടെ സിനിമാ മോഹങ്ങളാണ് ഈ അമ്മ മനസ്സു നിറയെ.

എങ്കിലും ജലജയുടെ മുടിയഴകിന്റെ മാറ്റം നമ്മളെ ആകെയൊന്ന് ഞെട്ടിക്കും. കാറ്റിനൊപ്പം ഒഴുകി നടന്നിരുന്ന ആ നീളൻ മുടിയിഴകൾ സുന്ദരമായി വെട്ടിയൊതിക്കി ഷോർട് ഹെയർസ്റ്റൈൽ ആക്കിയിരിക്കുന്നു. ഇത്രനാളും  മുടി മുറിക്കാതിരുന്ന അമ്മയ്ക്ക് എന്താണിപ്പോൾ ഒരു പുതിയ ഫാഷനെന്ന് ചോദിച്ചാൽ മകളുടെ മുഖത്ത് കള്ളച്ചിരി മിന്നും. അമ്മയോട് തന്നെ ചോദിച്ചോളൂ എന്നൊരു കണ്ണുനീട്ടലും.

മുടിമുറിച്ച മുഖം സിനിമയ്ക്ക് വേണ്ടിയാണോ?

ജലജ: സിനിമയ്ക്ക് വേണ്ടിയല്ല, അമ്മുവിന് വേണ്ടിയാണ്. മോളെ ഞങ്ങൾ അമ്മുവെന്നാണ് വിളിക്കുന്നത്. കഴിഞ്ഞ വർഷമാണ് അമ്മു അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്നു ഡിഗ്രി പഠിച്ചിറങ്ങിയത്. പഠിത്തവും അവിടുത്തെ ജീവിതവുമൊക്കെ മോൾക്ക് സുഖമായിരിക്കാൻ തിരുപ്പതിയിലെത്തി മുടി സമർപ്പിക്കാമെന്ന് ഇവളുടെ അച്ഛൻ നേർന്നിരുന്നു. പ്ര കാശ് അത് എന്നോടു പറഞ്ഞപ്പോഴേ ഞാനും മുടി എടുക്കുമെന്ന് മനസ്സാൽ ഉറപ്പിച്ചു. പക്ഷേ, ആരോടും പറഞ്ഞില്ല.

അമ്മു തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം ബഹ്റൈനിൽ നിന്ന് ഞങ്ങൾ തിരുപ്പതിയില്‍ എത്തി. പുലർച്ചെ തന്നെ അമ്പലത്തിൽ എത്തണമായിരുന്നു. പ്രകാശിന്റെ മുടി മുഴുവൻ എടുത്തു തീർന്നപ്പോഴേക്കും അമ്മു എന്റെ തോളിൽ ചാരി ഉറങ്ങിപ്പോയി. ഞാനും മുടി എടുക്കുന്നു എന്നു പറഞ്ഞതും അമ്മു ദുഃസ്വപ്നം കണ്ടതു പോലെ ഞെട്ടിയുണർന്നു. ഒട്ടും സംശയിക്കാതെ ഞാൻ പെട്ടെന്ന് അവിടെ കസേരയിൽ ചെന്നിരുന്നു. അച്ഛന്റെയും മകളുടെയും ആ സമയത്തെ എക്സ്പ്രഷൻ, ഒരു ക്യാമറയുണ്ടായിരുന്നെങ്കിൽ ഷൂട്ട് ചെയ്യാമായിരുന്നു. രണ്ടാളും വല്ലാതെ അമ്പരന്ന്... മോൾ അപ്പോഴേക്കും കരയാനും തുടങ്ങി.

ദേവി:  മുടി എടുത്താൽ അമ്മയ്ക്ക് അസുഖമുണ്ടെന്നൊക്കെ ആളുകൾ വിചാരിക്കുമോ എന്നെനിക്ക് പേടിയായിരുന്നു. ചോദ്യങ്ങൾ ഒഴിവാക്കാൻ അമ്മ ഒരു ടെലിവിഷൻ പരിപാടിയിൽ ചെന്നിരുന്ന് കാര്യമൊക്കെ വിശദമായി പറഞ്ഞു. പക്ഷേ, ആ പറഞ്ഞതൊക്കെ പരിപാടിയുടെ ആദ്യ ഭാഗത്തിലായിരുന്നു. മിക്കയാളുകളും  തുടക്കം കണ്ടുമില്ല. രണ്ടും മൂന്നും എപ്പിസോഡുകൾ കണ്ടവരെല്ലാം ചോദ്യങ്ങളുമായി തുരുതുരെ വിളിയായി. സഹികെട്ടപ്പോ ഞാൻ ‘അമ്മാ, പ്ലീസ് ഒരു സ്കാർഫ് കെട്ടി പുറത്ത് നടക്കൂ’ എന്ന് പറഞ്ഞു. പക്ഷേ, അമ്മ സമ്മതിച്ചില്ല. അമ്മയുടെ കഥാപാത്രങ്ങളുടെ ശാലീനത ആ മുടിയിൽ  ബാ ക്കി നിൽപ്പുണ്ടായിരുന്നു. സിനിമയും  സ്വപ്നം കണ്ട് നടക്കുന്ന എനിക്കീ കാഴ്ച വലിയ വിഷമമായിരുന്നു.

അമ്മയെ കണ്ട് കൊതിച്ചതാണോ സിനിമ?

ജലജ:  അമ്മുവിന്റെ ചെറുപ്പകാലം തൊട്ടേ ഞങ്ങൾ ബഹ്റൈനിലാണ്. ഒരിക്കലിവിടെ ബാലെ പെർഫോമൻസ് കാണാൻ പോയിരുന്നു. തിരികെ വീട്ടിൽ വന്ന ശേഷം ഇവൾക്ക് വല്ലാത്തൊരു വാശിയായിരുന്നു ബാലെ ഡാൻസ് പഠിക്കണമെന്ന്. ഈ വാശി കണ്ടപ്പോൾ എനിക്കെന്റെ കുട്ടിക്കാലം ഓർമ വന്നു. എന്റെ ചെറുപ്പകാലമൊക്കെ മലേഷ്യയിൽ ആയിരുന്നു.

ഒരിക്കൽ വൈജയന്തിമാലയുടെ ഡാൻസ് കാണാൻ അ ച്ഛന്റെയും അമ്മയുടെയും കൂടെ പോയി. തിരിച്ചുവന്നതു മുതൽ ചിലങ്ക വേണമെന്നും പറഞ്ഞ് ഞാൻ കരച്ചിൽ തുടങ്ങി. അടുത്ത ദിവസം അച്ഛനെക്കൊണ്ട് ചിലങ്ക വാങ്ങിപ്പിച്ച് ഡാൻസ് പഠനം തുടങ്ങിയ ചരിത്രമുണ്ട് എനിക്ക്. അമ്മു ബാലെ പഠിക്കാൻ വാശിപിടിച്ചപ്പോ അതൊക്കെ ഒാർത്ത് ഞാനവളുടെ വാശിക്കൊപ്പം നിന്നു. അവള്‍ക്കത് തമാശയായിരിക്കില്ല എന്നെനിക്ക് വിശ്വാസം ഉണ്ടായിരുന്നു, 12 വർഷത്തോളം അ വൾ ഡാൻസ് പഠിച്ചു. അമേരിക്കയിലെ പഠനത്തിനുശേഷം സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞപ്പോഴും എനിക്കു തോന്നി അതാണ് അവളുടെ വഴിയെന്ന്.

ദേവി: അമ്മ നടിയായിരുന്നുവെന്നു പോലും ചെറുപ്പത്തിൽ എ നിക്കറിയില്ലായിരുന്നു. ബഹ്റൈനിൽ ഞങ്ങൾ പുറത്തുപോ കുമ്പോഴൊക്കെ അമ്മയുടെ സിനിമ  കണ്ടിട്ടുള്ള ഒരുപാടുപേര്‍ വന്നു സംസാരിക്കും. യവനിക, തമ്പ്, കരിയിലക്കാറ്റുപോലെ എന്നുള്ള  പേരുകൾ പോലും എനിക്കാദ്യം അദ്‌ഭുദമായിരുന്നു. പിന്നെ, അമ്മയോട് നിർബന്ധം പിടിച്ച് ഈ സിനിമകളൊക്കെ കാണാൻ തുടങ്ങി. ഒരു ‘നൊസ്റ്റാൾജിയ കുട്ടി’യായതുകൊണ്ടാകണം, അമ്മയുടെ പഴയ സിനിമകളുടെ പരിസരങ്ങളോടൊക്കെ വല്ലാത്തൊരിഷ്ടം  തോന്നിത്തുടങ്ങി. ആ ഇഷ്ടം വളർന്ന് സിനിമയോടുള്ള ഇഷ്ടമായി മാറി.

നാലാം ക്ലാസിൽ പഠിക്കുമ്പോൾ, അമ്മയുടെ ഫോണിലെ ഡയറിയിൽ ഞാനെഴുതിവച്ചു, ‘എനിക്കൊരു സിനിമാ നടിയാകണം.’ എന്ന്. വളർന്നപ്പോൾ അമ്മയുടെ സ്ഥിരം ദുഃഖപുത്രി റോളുകളോടുള്ള ഇഷ്ടം കുറഞ്ഞെങ്കിലും അഭിനയത്തോടുള്ള ഇഷ്ടം ഒരു പാഷനായി മാറിക്കഴിഞ്ഞിരുന്നു.

ചെറുപ്പം  മലേഷ്യയിൽ ചെലവഴിച്ച അമ്മ, ബഹ്റൈനിൽ പിച്ചവച്ച മകൾ... എന്നിട്ടും പുറംനാട്ടിലെ മലയാളമല്ലല്ലോ രണ്ടാളുടേയും ?

ജലജ: അതിന്റെ ക്രെഡിറ്റ് എന്റെ അച്ഛനാണ്. അദ്ദേഹം മ ലേഷ്യയിൽ ഇംഗ്ലിഷ് പ്രഫസറായിരുന്നെങ്കിലും വീട്ടിൽ മലയാളമേ സംസാരിക്കൂ. ഞാൻ മലയാളം നന്നായി വായിക്കാനും പഠിക്കാനും േവണ്ടി വീട്ടിൽ മലയാളം ക്ലാസുകൾ എടുത്തു തുടങ്ങി അച്ഛൻ. പരിചയമുള്ള മലയാളി കുടുംബങ്ങളിലെ കുട്ടികളെല്ലാം  ഈ ക്ലാസിനു വരും. പല പ്രായത്തിലുള്ള കുട്ടികൾ ആണ്. ഇവരെല്ലാം വലിയ ഡൈനിങ് ടേബിളിന്റെ ചുറ്റും ഇരിക്കുന്നതു കണ്ടാൽ നാട്ടിൽ ഉത്സവത്തിന് കതിനകൾ നി രത്തി വച്ചപോലെ തോന്നും. കതിനക്ക് തിരി കൊളുത്തുന്ന കാരണവരുടെ ശ്രദ്ധയിൽ തലയ്ക്കൽ അച്ഛനും.

കേരളപാഠാവലി പുസ്തകങ്ങൾ നാട്ടിൽ നിന്നു വരുത്തിയാണ് അച്ഛൻ മലയാളം അക്ഷരങ്ങളൊക്ക പഠിപ്പിച്ചിരുന്ന ത്. ആ പഠിത്തത്തിന്റെ ഗുണംകൊണ്ട് സിനിമയിലഭിനയിച്ചി രുന്നപ്പോൾ ഉച്ചാരണ പ്രശ്നങ്ങൾ ഉണ്ടായിട്ടേയില്ല. ഇതേ രീതിയിലാണ് ഞാൻ അമ്മുവിനേയും മലയാളം പഠിപ്പിച്ചത്. അവൾക്കൊരിക്കലും മാത്യഭാഷ രണ്ടാം ഭാഷയായി തോന്നരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.

ദേവി: സ്കൂളിലൊക്കെ പഠിക്കുന്നതു പോലെ തറ, പറ ഒക്കെ എഴുതിയും പറഞ്ഞുമായിരുന്നു എന്റേയും മലയാളം പഠനം. സിനിമയിലെ ശാന്തസ്വഭാവക്കാരിയായ അമ്മ ഇടക്കിടയ്ക്ക് വില്ലത്തിയാകുന്നത് എന്നെ പഠിപ്പിക്കുന്ന നേരത്തു മാത്രമാ ണ്. അമ്മ പറയുന്നതൊക്കെ ശരിയായി മനസ്സിലാക്കാൻ തു ടങ്ങിയാൽ പിന്നെ, വഴക്കില്ല. അങ്ങനെയൊരു വേവ്‌ലെങ്ത് ഞങ്ങളിൽ ഉണ്ടായിരുന്നതു കൊണ്ട് എന്റെ സിനിമ മോഹം തുറന്നു പറയാൻ തീരെ മടിയില്ലായിരുന്നു. സിനിമ ഫീൽഡിന്റെ റിസ്കും കുഴപ്പങ്ങളും ഒന്നും അമ്മ പറഞ്ഞു പേടിപ്പിച്ചുമില്ല.

jalaja-p2

അരവിന്ദനൊപ്പമായിരുന്നല്ലോ സിനിമയിലെ അരങ്ങേറ്റം ?

ജലജ: മലേഷ്യയിൽ ആഭ്യന്തര യുദ്ധം തുടങ്ങിയ കാലത്താണ്  നാട്ടിലേക്കു തിരിച്ചു വരുന്നത്. കുറച്ച് നാൾ മദ്രാസിലായിരുന്നു, പിന്നീട് ആലപ്പുഴയില്‍. ഇക്കാലത്ത് ഫാസിൽ ഇക്ക സംവിധാനം ചെയ്ത ‘സാലഭഞ്ജിക’ എന്ന നാടകത്തിൽ നെടുമുടി വേണുച്ചേട്ടന്റെ കൂടെ അഭിനയിച്ചു. അന്നാണ് വേ ണുച്ചേട്ടന്‍ ‘അരവിന്ദൻ സാർ പുതിയൊരു സിനിമയെടുക്കുന്നു, അതിലേക്കൊരു നടിയെ ആവശ്യമുണ്ടെ’ന്നൊക്കെ പറഞ്ഞത്. ഒരു പ്രതീക്ഷയുമില്ലാതെ തന്നെ ഞാൻ എന്റെയൊരു ഫോട്ടോ കൊടുത്തു.

കുറച്ചുനാൾ കഴിഞ്ഞ് വേണുച്ചേട്ടൻ പറഞ്ഞു, തിരുവനന്തപുരത്ത് അരവിന്ദൻ സാറിനെ ചെന്നു കാണണമെന്ന്. ഞാന്‍ പോയെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. സിനിമയി ലേക്കുള്ള ആദ്യ ചുവടു തന്നെ മുടങ്ങിയതോെട ഞാനും പി ന്നെ, വലിയ താൽപര്യമൊന്നും കാണിച്ചില്ല. കുറച്ചു നാളുകൾക്കു ശേഷമാണ് വേണുച്ചേട്ടന്റെ കത്ത് വരുന്നത്. അരവിന്ദന്റെ പുതിയ സിനിമയായ ‘തമ്പി’ന്റെ ഷൂ ടടിങ് തിരുനാവായയിൽ തുടങ്ങി. അവിടേക്കു വേഗം എത്തണമെന്നു പറഞ്ഞ്. വിഷ്ണുഭക്തയായ എനിക്ക് ഭഗവാൻ നൽകിയ സമ്മാനമായി തോന്നി തിരുനാവായയിലേക്കുള്ള ആ ക്ഷണം.

അവിടെ ഭരത് ഗോപിസാറിനെ കണ്ടപ്പോള്‍ ഉണ്ടായ അ ദ്ഭുതം  ഇന്നും മറക്കാനാകില്ല.  ‘കൊടിയേറ്റ’ത്തിന് ഇന്ത്യയി ലെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് കിട്ടി നില്‍ക്കുന്ന സമയമാണ്. ഗോപി സാറുമൊത്തായിരുന്നു സിനിമയിലെ എന്റെ ആദ്യ ഷോട്ട്. പിന്നെ, വലിയ വലിയ കലാകാരന്മാരോെടാത്ത് എത്രയോ സിനിമകള്‍. പത്മരാജൻ സാറിന്റെ കഥപറച്ചിൽ രീതി എന്നെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ മനസ്സിനെ നമുക്ക് അടുത്തറിയാവുന്ന ഒരാളുടെ അനുഭവങ്ങൾ പോലെ പറഞ്ഞു തരുമ്പോൾ നമ്മളറിയാതെ മറ്റൊരാളായി മാറുകയാണ്. അ ഭിനയം വളരെ എളുപ്പമുള്ളതാകുന്നത് ഗോപിസാറിനെപ്പം നി ൽക്കുമ്പോഴാണ്. ‘യവനിക’യിലൊക്കെ എന്നെ വഴക്ക് പറയു കയും മുടി കൂട്ടിപ്പിടിച്ച് അടിക്കുകയും ചെയ്യുമ്പോൾ ഞാ ൻ പേടിക്കുന്നതായി അഭിനയിച്ചിട്ടേയില്ല, േഗാപിസാറിന്‍റെ രൗ ദ്രഭാവം കണ്ടു ശരിക്കും പേടിച്ചതു തന്നെയാ. അത്രയ്ക്കു ഗം ഭീരമായിരുന്നു ആ പെർഫോമൻസ്. കൂടെ അഭിനയിക്കുന്നവരിൽ േപാലും അത്രമാത്രം ഇംപാക്ട് ഉണ്ടാക്കും.

പല റോളുകളും ആവർത്തനമായി  തോന്നിയിട്ടുണ്ടോ?

ആ കാലഘട്ടത്തിലുള്ള എല്ലാ പ്രധാന സംവിധായകരുടേയും സിനിമയിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടായി. അതുകൊണ്ട് തന്നെ ആവർത്തനങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല,
അടൂർസാറിന്റെ ‘എലിപ്പത്തായ’ത്തിലെ അനുഭവം ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. വിമാനത്തിന്റെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി വന്ന് ‘ചേച്ചി ഓടിവായോ ദാണ്ടൊരു വിമാനം’ എന്നു പറയുന്നൊരു സീനാണ്. ഞാൻ വീട്ടിൽ നിന്ന് ഓടിവരുന്നു, പുറത്തെത്തി ആകാശത്തേക്കു നോക്കി ഡയലോഗ് കൃത്യമായിട്ട് പറയുന്നു. സാർ പതുക്കെ എന്റെ അടുത്തു വന്നു വിശദീകരിച്ചു. ‘സിനിമയിൽ വിമാനം പറന്നു പോകുന്ന ശബ്ദത്തിനൊപ്പമായിരിക്കും ജലജയുടേയും ശബ്ദം  കേൾക്കുന്നത്. അകത്തിരിക്കുന്ന ചേച്ചിയോട് അതാ വിമാനമെത്തിയെന്ന് പറയാനല്ലേ ജലജ വിളിക്കുന്നത്. അപ്പോ, വിമാനത്തിന്റെ ശബ്ദത്തെ തോൽപ്പിക്കാൻ വേണ്ടി വിളിച്ചു കൂവി പറയണം. ആ ഭാവങ്ങൾ വേണം ഇവിടെ കാണിക്കാൻ’
അതും പറഞ്ഞ് സൗമ്യനായി സാർ നടന്നു പോകുമ്പോൾ ഞാൻ അദ്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു. വിമാനം പറക്കുന്നില്ല, ശബ്ദം കേൾക്കുന്നില്ല, എങ്കിൽപ്പോലും അതവിടെ ഉണ്ടെന്ന് കരുതി നിലവിളിക്കുന്നതിന്റെ ഭാവവും ശബ്ദവും കൃത്യമായി വേണമെന്ന് അടൂർ സാർ പറയുന്നു. പിന്നീട്, ആ സിനിമയിൽ അഭിനയിച്ചത് ജലജയെന്നൊരു സിനിമാ വിദ്യാർഥിയാണ്. സാർ അഭിനയിപ്പിക്കുന്നതും ഷോട്ട് ശരിയായി വരുന്നതുവരെ കാണിക്കുന്ന ക്ഷമയുമൊക്കെ എന്നെ അമ്പരപ്പിച്ചിട്ടേയുള്ളൂ.

സിനിമയിൽ  അതിശയിപ്പിച്ച നടൻമാർ ?

ജലജ: നസീർ സാറും സത്യൻ സാറുമൊക്കെ അഭിനയിച്ച സിനിമാ ലോകത്ത് എത്തിപ്പെട്ടതാണ് എന്റെ അതിശയം.

ദേവി:  ജഗതി അങ്കിൾ. ഇത്രയധികം വിസ്മയിപ്പിച്ചൊരു നടൻ വേറെയുണ്ടായിട്ടില്ല. അദ്ദേഹം അഭിനയിക്കുമ്പൊ നമുക്കു തോന്നിപ്പോകും അഭിനയം വളരെ എളുപ്പമാണെന്ന്. ചിരിപ്പിക്കാനും കരയിപ്പിക്കാനും നിമിഷങ്ങൾ മതി എന്ന്. ഞാനും എ ന്റെ അമ്മാവനും അമ്മായിമൊക്കെയടങ്ങുന്ന ജഗതി ഫാൻസ് അസോസിയേഷൻ വരെയുണ്ട് കുടുബത്തിൽ. ‘യോദ്ധ’ യൊക്കെ ടിവിയിൽ വരുമ്പൊ ഞങ്ങൾ ഫാൻസിന്റെ വാട്സ്‌ആപ് ഗ്രൂപ്പിൽ നല്ല ബഹളമാണ്.

‘ഇനി ഞാന്‍ നിന്നോടൊരു ചോദ്യം ചോദിക്കട്ടെ. ’ േദവിയുെട േതാളിലൊരു െെകവച്ച് അല്‍പം കൂടി ചേര്‍ന്നിരുന്ന് ജലജ േചാദിച്ചു. നിനക്ക് സിനിമയിലഭിനയിക്കാൻ ചാൻസ് കിട്ടുന്നു. പ ക്ഷേ, ഞാൻ നിന്റെ അമ്മയായി അഭിനയിച്ചാൽ മാത്രമേ അവർ റോൾ തരൂ. നീയെന്തു മറുപടി പറയും?’ ഒന്നാലോചിച്ച് കുസൃതിക്കണ്ണുകൾ അൽപം കൂടി വിടർത്തി ദേവി പറഞ്ഞു: ‘അഭിനയിച്ചോളൂ. അമ്മയായി അഭിനയിച്ചോളൂ. പക്ഷേ, നായിക റോൾ തരൂല്ല മോളേ...’ സിനിമയിൽ നിന്നു മാറിയൊഴുകിയ ചിരിയിൽ ജലജ,  ദേവിയെ ചേർത്തുപിടിച്ചു.

jalaja-p3