Friday 11 September 2020 06:04 PM IST

‘അപൂർവമായ രത്നങ്ങളും വജ്രങ്ങളും സ്വർണ നാണയങ്ങളും’; ബി നിലവറയിൽ അന്നു ഞാൻ കണ്ടത്, ഇന്നും അദ്ഭുതം

Vijeesh Gopinath

Senior Sub Editor

adithya-varma

കഥകളുടെ വിരൽത്തുമ്പും പിടിച്ചു നടന്ന കുട്ടിക്കാലത്തായിരുന്നു പത്മനാഭ ദാസ ആദിത്യ വർമ. അറിഞ്ഞ കഥകളിലെല്ലാം ക്ഷീര സാഗര ശയനനുണ്ട്. പാൽക്കടലിനു മീതേ പള്ളികൊള്ളുന്ന പൊന്നുതമ്പുരാൻ. അ നന്തകോടി നിധികളുെട അധിപൻ...

ആദിത്യ വർമ പെട്ടെന്നു പറഞ്ഞു, ‘‘ സ്വർണത്തിന്റെയും സ മ്പത്തിന്റെയുമൊക്കെ ‘ഭാരം കണക്കു കൂട്ടി’ പത്മനാഭ സ്വാമിയെ നോക്കാൻ മറ്റുള്ളവർക്കേ കഴിയൂ. ഞങ്ങൾക്ക് അദ്ദേഹം കുട്ടിക്കാലം തൊട്ടേ അറിഞ്ഞ സത്യമാണ്. ഞങ്ങളുടെ കുലദേവത. എന്നെ ഇങ്ങോട്ട് അയച്ചതും ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നതും എല്ലാം അദ്ദേഹത്തിന്റെ തീരുമാന പ്രകാരമാണ്....’’ വിസ്മയത്തിന്റെ പൊൻകിരണങ്ങൾ ഉള്ളിലൊളിപ്പിച്ച ഭഗവാന്റെ പുഞ്ചിരി ആദിത്യവർമ അറിയുന്നതു പോലെ...

അമ്മയുടെയും അച്ഛന്റെയും മുഖം പോലെയായിരുന്നു ബാല്യത്തിൽ ആദിത്യ വർമ തമ്പുരാന് ശ്രീപത്മനാഭ സ്വാമിയും ക്ഷേത്രവും. വാക്കും നോക്കും ഇടറാതിരിക്കാൻ എന്നും ഒപ്പമുള്ള ശക്തി...‘‘ ഒരു വയസ്സ് തികയുമ്പോഴാണ് ഞങ്ങളെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അടിമ കിടത്തുന്നത്. കൊട്ടാരത്തിലെ എല്ലാ പുരുഷന്മാരും പത്മനാഭ ദാസന്മാരാണ്. ഭ ഗവാന്റെ അടിമകൾ.

ഒാർമ വച്ചതു മുതൽക്കേ അമ്മയ്ക്കൊപ്പം ക്ഷേത്രത്തിൽ പോയിരുന്നു. ഏന്തി വലിഞ്ഞു നിന്ന് കൈകൂപ്പുന്നതൊക്കെ ഇ ന്നും മനസ്സിലുണ്ട്. കുഞ്ഞല്ലേ ഞാൻ, ശ്രീകോവിലിനുള്ളിലേക്ക് നോട്ടമെത്തില്ലല്ലോ... അവിടത്തെ നേർത്ത വെളിച്ചത്തിൽ കുട്ടിയായ എനിക്ക് സ്വാമിയെ കാണാൻ കഴിഞ്ഞില്ല. ഏഴുവയസ്സൊക്കെ ആയപ്പോൾ കുറച്ചു പൊക്കം വച്ചു. അപ്പോൾ മുതലാകും കണ്ണുനിറയെ ഭഗവാനെ കണ്ടു തൊഴുന്നത്.

അനന്തശയനമൊന്നും അന്നു കാര്യമായിട്ട് അറിയില്ല. ശ്രീകോവിലിൽ കയറാൻ എന്തിനാണ് മൂന്നു വാതിൽ? ഒന്നു പോ രെ എന്നൊക്കെ അന്നത്തെ ‘കുട്ടി സംശയ’ങ്ങളായിരുന്നു, അ മ്മ പറഞ്ഞു തന്നു– ‘‘ഭൂതവും വർത്തമാനും ഭാവിയുമാണ് ആ വാതിലുകൾ. സാധാരണ മനുഷ്യർക്ക് ഇത് മൂന്നും മൂന്നു കാഴ്ചകളാണ്. മൂന്നു കാലത്തിൽ മാത്രമേ അറിയാനാവൂ. പക്ഷേ, അകത്തുള്ള ഇൗശ്വരന് ഇതു മൂന്നും ഒന്നിച്ചു കാണാം’’

അമ്മ പറഞ്ഞു തന്ന ജീവിത പാഠങ്ങൾ എന്തെല്ലാമാണ്?

ചിട്ടയോടു കൂടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. വെളുപ്പിനെ എഴുന്നേൽക്കും. ഉറക്കമുണരുമ്പോഴും ഉറങ്ങുന്നതിനുമുൻപും ശ്ലോകങ്ങൾ ജപിക്കണം. കട്ടിലിൽ നിന്ന് എഴുന്നേറ്റ് നിലത്തു ചവിട്ടും മുന്നേ ഭൂമീദേവിയെ വന്ദിക്കാൻ നിലം തൊട്ട് കണ്ണിൽ വയ്ക്കണം.

എല്ലാ ദിവസവും അമ്മയ്ക്കൊപ്പം ഇരുന്ന് നാമം ജപിക്കണമെന്നത് നിർബന്ധമായിരുന്നു. ഏഴര മുതൽ എട്ടു മണിവരെ ആണ് നാമജപസമയം. ആ സമയത്ത് മറ്റൊന്നും ചെയ്യാൻ അനുവാദമില്ല. ‘‘ആരെയും ഉപദ്രവിക്കാൻ പാടില്ല, എല്ലാവ രോടും സൗമ്യമായി പെരുമാറണം. മോശമായ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല, എല്ലാവരും ഈശ്വരന്റെ കുട്ടികളാണ്. എല്ലാവരോടും ഒരുപോലെ പെരുമാറണം....’’ ഇതൊക്കെ അ മ്മ പഠിപ്പിച്ച പാഠങ്ങളാണ്.

ആ പാഠങ്ങൾ ചിലപ്പോൾ പ്രവർത്തിക്കാൻ പറ്റിയിട്ടില്ല. ചിലരോട് ദേഷ്യം കാണിക്കേണ്ടി വന്നിട്ടുണ്ട്. എന്നാലും അന്നു പറഞ്ഞതൊക്കെ ഉള്ളിൽ തന്നെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് ‘ആ സ്വത്തുവകകളെല്ലാം ശ്രീപത്മനാഭനുള്ളതാണ്. അതിൽ നിന്നൊരു തരി പോലും ഞങ്ങൾക്കു വേണ്ട...’ എങ്ങനെയാണ് ഇതിനെ കാണുന്നത്?

അദ്ദേഹം പറഞ്ഞത് വളരെ സത്യമായിരുന്നു. ഞങ്ങളും അതിനെക്കുറിച്ച് അന്വേഷിച്ചിട്ടേയില്ല. ചിത്തിര തിരുനാൾ മഹാരാജാവ് ഇതെല്ലാം കണ്ടു വളർന്ന ആളാണ്. ആ കാലത്തും അതിന്റെ ഉള്ളിൽ എന്താണെന്ന് ഒരിക്കൽപോലും അദ്ദേഹം മറ്റുള്ളവരോടു പറഞ്ഞതായി കേട്ടിട്ടില്ല.

കുട്ടിക്കാലത്ത് ക്ഷേത്രത്തിൽ പോകുമ്പോൾ ഒരിക്കലും തുറക്കാത്ത കുറെ വാതിലുകൾ ഞാൻ കണ്ടിട്ടുണ്ട്. അതെന്താ തുറക്കാത്തത് എന്ന സംശയം അമ്മയോടൊക്കെ ചോദിച്ചിട്ടുണ്ട്. അത് തുറക്കാത്ത വാതിലുകളാണെന്നേ പറഞ്ഞിട്ടുള്ളൂ. െഎതിഹ്യങ്ങളിലെ മുറികളായിട്ടേ എന്റെ തലമുറ അതു കണ്ടിരുന്നുള്ളൂ. കേസ് വന്നപ്പോഴാണ് അതിനുള്ളിൽ ഇത്രയേറെ സ്വത്തുക്കൾ ഉണ്ടെന്ന് മനസ്സിലായത്.

ആ സ്വത്ത് ഭഗവാന്റെതാണ്. ക്ഷേത്രത്തിൽ കാണിക്ക അർപ്പിച്ചാൽ അത് ഭഗവാന്റേതാണ്. കുറച്ചു നാളുകൾ കഴിഞ്ഞ് അന്ന് അർപ്പിച്ച കാണിക്ക തിരിച്ചു വേണമെന്നു പറയാനാകുമോ? ക്ഷേത്രത്തിലെ സമ്പത്തു കൊണ്ട് പല കാര്യങ്ങളും ചെയ്യാൻ ഇപ്പോൾ പലരും പറയുന്നു. പക്ഷേ, ഈശ്വരന്റെ സ്വത്ത് എന്തു ചെയ്യണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ...

കൊട്ടാരത്തിൽ വളർന്ന കുട്ടിക്ക് ബാല്യത്തിൽ എന്തൊക്കെ നഷ്മായിട്ടുണ്ട്?

ഇത്രയും പാരമ്പര്യമുള്ള കുടുംബത്തിൽ ജനിക്കാൻ പറ്റിയത് വലിയ ഭാഗ്യവും പുണ്യവുമായി കരുതുന്നു. ലോകം മുഴുവൻ അറിയുന്ന ശ്രീപത്മനാഭസ്വാമിയുടെ ദാസനായി ജീവിക്കുക വലിയ പുണ്യം തന്നെയല്ലേ?

കുട്ടിക്കാലത്ത് സ്വാതന്ത്ര്യം കുറവാണോ എന്നൊന്നും ചി ന്തിച്ചിട്ടില്ല. പഠനകാലത്ത് വിനോദയാത്രയ്ക്ക് പോകാൻ പറ്റിയിട്ടില്ലെന്ന് ഒാർമയുണ്ട്. എങ്ങോട്ടും ഒറ്റയ്ക്ക് വിടില്ലായിരുന്നു. രാവിലെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും ഉച്ചയ്ക്ക് ഊ ണു കഴിക്കാനായി തിരിച്ചു കൊണ്ടുവരുന്നതും എല്ലാം കാറിലാണ്. നാലാംക്ലാസ് വരെ നിർമല ഭവൻ സ്കൂളിലും പിന്നീട് വിദ്യാധിരാജ സ്കൂളിലും പഠിച്ചു. മാർ ഇവാനിയോസിലും മ ഹാത്മാഗാന്ധി കോളജിലും വിദ്യാഭ്യാസം.

കോളജ് പഠനത്തിനു ശേഷമാണ് ഒാട്ടമൊബീലിൽ കമ്പം കയറിയത്. അങ്ങനെ മധുര ടിവിഎസ് കമ്പനിയിൽ മെക്കാനിക് ട്രെയിനി ആയി ഒരു വർഷം പോയി. ഇന്നും മനസ്സിലുണ്ട് ആ ദിവസങ്ങൾ. കഠിനമായ ഫാക്ടറി ചിട്ട. രാവിലെ എട്ടു മണിക്ക് കാക്കി യൂണിഫോമിട്ട് വർക്ക് ഏരിയയിൽ ഉണ്ടാകണം. ഉച്ചയ്ക്ക് 12 മണിക്ക് ലഞ്ച്. മുക്കാൽ മണിക്കൂർ വിശ്രമം. വീണ്ടും ജോലി... പിന്നീട് മാനേജ്മെന്റ് ട്രെയിനിയായി ചെന്നൈയിൽ. അതു കഴിഞ്ഞ് ബിസിനസ് ജീവിതം.

ചിത്തിര തിരുനാൾ മഹാരാജാവിനെ കുറിച്ച് പെട്ടെന്ന് മനസ്സിലേക്കു വരുന്ന ചിത്രം എന്താകും?

പത്തു വയസ്സായപ്പോൾ എനിക്ക് ഒരു ഓപ്പറേഷൻ വേണ്ടി വ ന്നു. വളരെ ഗൗരവമുള്ള ഒന്ന്. കിഡ്നിയിൽ ഒരു വളർച്ച ഉ ള്ളതായി കണ്ടു. അത് നീക്കാനായിരുന്നു സർജറി. കാൻസ ർ ആണോ എന്നു സംശയം ഉണ്ടായിരുന്നു. അമ്മയുമെല്ലാവരും വലിയ കരച്ചിലിലായിരുന്നു. ആ ദിവസം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പ്രസാദവുമായി അദ്ദേഹം നേരെ ആശുപത്രിയിലേക്കു വന്നു. എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു ഞാൻ കാണുന്നത്. ശ്രീപത്മനാഭന്‍ തുണച്ചു, അത് കാൻസറായിരുന്നില്ല.

ഉത്രാടം തിരുനാളിന് കാറുകളോട് വലിയ ഇഷ്ടമായിരുന്നെന്ന് കേട്ടിട്ടുണ്ട്. എന്താണ് അങ്ങയുടെ ക്രേസ്?

അതു ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞതാണ്. ചിത്തിര തിരു നാളിനും ഉണ്ടായിരുന്നു കാറുകളോടുള്ള കമ്പം. കേട്ട ഒരു കഥപറയാം. അന്ന് റോഡ് വെള്ളയമ്പലം വരെ ഉണ്ടായിരുന്നുള്ളൂ. മണ്ണിട്ട വഴി. വെള്ളയമ്പലത്തു നിന്ന് അദ്ദേഹം ഒാടിക്കുന്ന കാർ തിരിയുമ്പോൾ പൊങ്ങിയ പൊടിമണ്ണ്, കാർ കൊട്ടാരത്തിന്റെ ഗേറ്റ് കടക്കുമ്പോഴേ അമരാറുണ്ടായിരുന്നുള്ളൂ അത്രെ...അത്രയ്ക്ക് സ്പീഡ്. എനിക്കുമുണ്ട് സ്പീഡിനോടുള്ള ആ ഇഷ്ടം. പക്ഷേ, പൊലീസിന്റെ ക്യാമറകളെ ഭയമാണ്.

ഉത്രാടം തിരുനാളിന്റെ ഉത്സാഹം കൊണ്ടാണ് ഡിഗ്രി പഠനം കഴിഞ്ഞ് ഞാൻ ഒാട്ടമൊബീല്‍ കോഴ്സിന് ചേർന്നത്. അദ്ദേഹത്തിന് ഒരു ബെൻസ് ഉണ്ടായിരുന്നു CAN42– അതായിരുന്നു നമ്പർ. ആ കാറിന്റെ ഗ്രില്ലിൽ പല തരം മെഡലുകളുണ്ടായിരുന്നു. 12 ലക്ഷം മൈൽ അദ്ദേഹം ഒറ്റയ്ക്ക് ആ വണ്ടി ഒാടിച്ചു. ഓരോ ലക്ഷം കിലോമീറ്റർ കഴിയുമ്പോഴും ജർമനിയിൽ നിന്ന് അംഗീകാരമായി മെഡൽ വരും. ചരിത്രമായി സൂക്ഷിക്കാൻ ആ വണ്ടി തിരിച്ചെടുത്ത് പുതിയ കാർ നൽകാമെന്ന് കമ്പനി വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.

ഞാൻ ഡ്രൈവിങ് പഠിച്ചത് വല്യച്ഛൻ സിആർആർ വ ർമയുടെ കാറിലായിരുന്നു. പതിനൊന്നാം വയസ്സിൽ. പൊക്കമില്ലാത്തതു കൊണ്ട് ഒരു തലയണയിട്ട് കയറിയിരുന്ന് കൊട്ടാരത്തിനു ചുറ്റും വണ്ടിയോടിക്കും. ചിലപ്പോൾ തലയണയില്ലാതെ ഒാടിക്കും അപ്പോൾ കാർ മാത്രം ഒാടുന്നതു പോലെയാണ് തോന്നുക. ‘കുട്ടിക്ക് വണ്ടിയോടിക്കാൻ’ കൊടുത്തതിന് അമ്മയും വലിയമ്മയുമൊക്കെ അന്ന് ദേഷ്യപ്പെടും. പതിനെട്ടു വയസ്സുവരെ കൊട്ടാരത്തിന്റെ മതിൽക്കെട്ടിനുള്ളിലാണ് വണ്ടിയോടിച്ചത്. കാർ ക്രെയ്സ് കഴിഞ്ഞാൽ യാത്രകൾ, ഫൊട്ടോഗ്രഫി, ബാറ്റ്മിന്റൻ ഇതൊക്കെയാണ് ഇഷ്ടങ്ങൾ.

കുടുംബത്തെക്കുറിച്ച്?

ഭാര്യ രശ്മി വർമ മറിയപ്പള്ളി കൊട്ടാരത്തിലെ അംഗം. ഇരട്ടക്കുട്ടികളുടെ അച്ഛനാണ്. ഗൗരി വർമ്മയും പ്രഭ വർമയും. പത്താംക്ലാസിൽ ആയതിന്റെ ഗൗരവത്തിലാണ് രണ്ടു പേരും.

ബി നിലവറയെക്കുറിച്ചു കേൾക്കുന്ന കഥകളിലെ വാസ്തവം എന്തൊക്കെയാണ്?

ബി നിലവറയുടെ വാതിലിൽ പാമ്പുകൾ കാവലുണ്ടെന്നും പാട്ടു പാടിയാൽ തുറക്കുന്ന വാതിലുണ്ടെന്നുമൊക്കെയുള്ള കഥകളുണ്ട്. അത് ഒരു സാധാരണ വാതിൽ ആണ്. അവിടെ പാമ്പുകൾ കാവൽ ഇല്ല. െഎതിഹ്യങ്ങൾ െഎതിഹ്യങ്ങളായി കേൾക്കുന്നതല്ലേ നല്ലത്. പലരും ബി നിലവറ ഇതിനു മുന്നേ തുറന്നെന്നു പറയുന്നുണ്ട്. പക്ഷേ, എന്റെ അറിവിൽ തുറന്നിട്ടില്ല. നിലവറ രണ്ടു മുറിയാണ്. പുറത്ത് ഒരു ചെറിയ മുറി. പിന്നെ, ഒരു മെയിൻ ചെംബർ. ചെറിയ മുറി പലപ്പോഴും തുറന്നിട്ടുണ്ട്.

ബി നിലവറകൾ ഒഴികെയുള്ള അഞ്ച് അറകൾ തുറന്ന് കണക്കെടുക്കാനായി കോടതി നിയോഗിച്ച സംഘത്തിലെ ഒരാളായിരുന്നു ഞാൻ. എനിക്ക് അത് കാണാൻ ഭാഗ്യമുണ്ടായി. വിവിധ തരത്തിലുള്ള അപൂർവമായ രത്നങ്ങളും വജ്രങ്ങളും സ്വർണ, വെള്ളി നാണയങ്ങളും ആഭരണങ്ങളും ഉണ്ടായിരുന്നു.

വിധി കാത്തിരിക്കുമ്പോൾ മനസ്സിൽ എന്തായിരുന്നു?

ചിലർ ചോദിച്ചു, ജഡ്ജ്മെന്റ് നെഗറ്റീവ് ആയാൽ എന്തു ചെയ്യും? ശ്രീപത്മനാഭസ്വാമിക്കറിയാം സ്വത്ത് ആരുടെ കയ്യിൽ ഏൽപ്പിക്കണമെന്ന്. അദ്ദേഹം എങ്ങനെ തീരുമാനിക്കുന്നോ അതുപോലെയേ നടക്കൂ എന്ന് ഞങ്ങൾ വിശ്വസിച്ചു.

പിന്നെ, മനുഷ്യൻ എന്ന രീതിയിൽ നോക്കുമ്പോഴാണല്ലോ അതിശയവും വിഷമവും എല്ലാം ഉണ്ടാകുന്നത്. ഭഗവാന് ഇ തൊന്നും ഇല്ല. ഈശ്വര നിശ്ചയമില്ലാതെ ഒന്നും സംഭവിക്കില്ലല്ലോ. അത് നടപ്പിലാക്കാനേ ഞങ്ങൾക്കു കഴിയൂ.

എങ്കിലും കേസിനു പോയ സുന്ദര രാജനുൾപ്പടെ ചിലരോടെങ്കിലും നീരസം തോന്നിയിരിക്കില്ലേ?

കേസ് കൊടുത്തവരോട് ഒരിക്കലും നീരസം തോന്നിയിട്ടില്ല. അവർ അവരുടെ ധർമം ചെയ്തു. ഞങ്ങൾ ഞങ്ങളുടെതും. ഇപ്പോള്‍ വന്ന വിധിയിൽ സന്തോഷം ഇല്ലാത്ത കുറച്ചുപേരെങ്കിലും കാണുമായിരിക്കും. അത് സ്വാഭാവികം. ഒരു പകലിന് ഒരു രാത്രിയില്ലേ? വിധി പലരിലും ഉണ്ടാക്കിയ അവസ്ഥയും അതുപോലെ തന്നെയാണ്.

അങ്ങയുടെ ഫെയ്സ്ബുക് പേജിലെ ഒരു ചിത്രത്തിൽ കൗതുകം തോന്നി. ആ ഫോട്ടോ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഉള്ളതാണ്...

കൗതുകത്തിന്റെ കാര്യം എന്താണ്? മുഖ്യമന്ത്രിയായി കഴിഞ്ഞ് ആശംസകൾ അറിയിക്കാൻ ഞാൻ ക്ലിഫ് ഹൗസിൽ പോയിരുന്നു. അപ്പോൾ എടുത്ത ഫോട്ടോയാണത്. എന്നാൽ അ ദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തിയ ഒരു നിമിഷമുണ്ട്. സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം ഫോണില്‍ വിളിച്ചു. ചടങ്ങിന് ക്ഷണിച്ചു. അമ്മയോടും സംസാരിച്ചു. അത്തരമൊരു ഫോൺകോൾ പ്രതീക്ഷിച്ചില്ല.

ഞങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ല. എല്ലാവരുമായും നല്ല ബന്ധമാണ്. എല്ലാവരും വേണ്ടപ്പെട്ടവർ തന്നെ. പണ്ട് കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നത് ഒാർക്കുന്നു, എല്ലാവരും ഈശ്വരന്റെ കുട്ടികളാണ്.....

ഫോട്ടോ: ബി. ജയചന്ദ്രൻ