Tuesday 15 November 2022 03:22 PM IST : By സ്വന്തം ലേഖകൻ

ശ്രദ്ധയെ ഇല്ലാതാക്കിയ ശേഷം അഫ്താബ് പുതിയ കാമുകിയെ വീട്ടില്‍ കൊണ്ടുവന്നു; മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും ശ്രദ്ധിച്ചു! വെളിപ്പെടുത്തല്‍

sradhaaaa-walker

കാമുകിയെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പലഭാഗങ്ങളിലായി ഉപേക്ഷിച്ചതിന് അറസ്റ്റിലായ മുംബൈ സ്വദേശി അഫ്താബ് അമീൻ പൂനവാല, കൊലപാതകത്തിന് ദിവസങ്ങൾക്കു ശേഷം പുതിയ കാമുകിയായ മറ്റൊരു യുവതിയെ താമസ സ്ഥലത്തേയ്ക്കു കൊണ്ടുവന്നിരുന്നതായി പൊലീസ്. കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കറിന്റെ മൃതദേഹ ഭാഗങ്ങൾ റഫ്രിജറേറ്ററിൽ ഇരിക്കുമ്പോഴാണ് ഇതേ സ്ഥലത്തേയ്ക്ക് അഫ്താബ് മറ്റൊരു പെൺകുട്ടിയെ കൊണ്ടുവന്നത്. പുതിയ കാമുകിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ശ്രദ്ധയുടെ മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു. 

മൂന്നു വർഷം മുൻപ്, ഒരു ഡേറ്റിങ് ആപ് വഴിയാണ് ശ്രദ്ധയും അഫ്താബും പരിചയപ്പെടുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം 15- 20 ദിവസങ്ങൾക്കു ശേഷമാണ് ഇതേ ഡേറ്റിങ് ആപ് വഴി മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. യുവതിയെ അപ്പാർട്മെന്റിലേക്കു കൊണ്ടുവന്നപ്പോഴൊക്കെ ശ്രദ്ധയുടെ മൃതദേഹഭാഗങ്ങൾ റഫ്രിജറേറ്ററിൽ നിന്ന് കബോർഡിലേക്ക് അഫ്താബ് മാറ്റി. 

ആറുമാസം മുൻപാണ് ഒപ്പം താമസിച്ചിരുന്ന ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തുകയും മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചശേഷം ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ട് നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തത്. മൃതദേഹം സൂക്ഷിക്കാൻ 300 ലീറ്ററിന്റെ പുതിയ റഫ്രിജറേറ്റർ അഫ്താബ് വാങ്ങിയിരുന്നു. ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു.

കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അവളുടെ സുഹൃത്തുക്കളോട് അഫ്താബ് ചാറ്റു ചെയ്യാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശ്രദ്ധ ജീവനോടെയുണ്ടെന്ന് വരുത്തി തീർക്കുന്നതിനായിരുന്നു ഇത്. രണ്ടുപേരോടും അടപ്പമുള്ള സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ ഇംഗ്ലിഷിൽ മാത്രമാണ് അഫ്താബ് പ്രതികരിക്കുന്നത്. ഹിന്ദി അറിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. 

സംഭവം നടന്ന അപ്പാർട്മെന്റിൽ അഫ്താബിനെ എത്തിച്ച് കൊലപാതകത്തിന്റെ പുനരാവിഷ്കാരം നടത്തിയിരുന്നു. അഫ്താബിന്റെ പ്രൊഫൈൽ വിവരങ്ങളും പരിചയപ്പെട്ട മറ്റു പെൺകുട്ടികളുടെ  വിശദാംശങ്ങളും ലഭിക്കുന്നതിനും ഡൽഹി പൊലീസ് ഡേറ്റിങ് ആപ് അധികൃതരെ സമീപിക്കും. യുഎസിലെ ടെക്സാസ് ആണ് ആപ്പിന്റെ ആസ്ഥാനം. മറ്റു ബന്ധങ്ങൾ തുടങ്ങുന്നതിനു വേണ്ടിയാണോ ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും.

ശനിയാഴ്ച രാത്രിയാണ് അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ ഇരുവരും തർക്കം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മേയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായ ദിവസമാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്.

ഇതുവരെ 12 മൃതദേഹഭാഗങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇവയെല്ലാം ശ്രദ്ധയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. മാതാപിതാക്കളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കും. തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. മെഹ്റോളിയിലെ വനമേഖകളിലടക്കം അഫ്താബിനെ എത്തിച്ച് പരിശോധന നടത്തുന്നുണ്ട്. കൊല്ലാൻ ഉപയോഗിച്ച ആയുധം, ശ്രദ്ധയുടെ ഫോൺ എന്നിവ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫോൺ മഹാരാഷ്ട്രയിൽ ഉപേക്ഷിച്ചെന്നാണ് അഫ്താബ് നൽകിയിരിക്കുന്ന മൊഴി. ശ്രദ്ധയുടെ വസ്ത്രങ്ങൾ മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിലും ഉപേക്ഷിച്ചു.

Tags:
  • Spotlight