Tuesday 18 June 2019 10:35 AM IST : By സ്വന്തം ലേഖകൻ

‘ഒന്നിച്ചു ജീവിക്കാനാകില്ലെന്ന് ഉറപ്പായതോടെ ഒന്നിച്ചു മരിക്കണമെന്ന് ഉറപ്പിച്ചു’; കണ്ണില്ലാത്ത ക്രൂരതയ്ക്കു പിന്നിൽ പ്രണയ നൈരാശ്യം

ajas-killing

വള്ളികുന്നത്തെ സിവിൽ പൊലീസ് ഓഫിസർ സൗമ്യയെ തീവച്ചു കൊലപ്പെടുത്തിയതു പ്രണയനൈരാശ്യം മൂലമെന്നു പ്രതി അജാസ്. സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശ്യമെന്ന് അജാസ് പറഞ്ഞതായാണ് സൂചന. ഇന്നലെ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന് അജാസ് മൊഴി നൽകിയിരുന്നു.

സൗമ്യയുമായി 5 വർഷത്തിലേറെയായി അടുപ്പമുണ്ടെന്ന് അജാസ് പറയുന്നു. വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സൗമ്യ സമ്മതം നൽകിയില്ല. അടുത്തിടെയായി അവഗണന കൂടി. കടമായി വാങ്ങിയ പണം തിരികെ നൽകുകയും ഫോണിൽ വിളിച്ചാൽ എടുക്കാതാകുകയും ചെയ്തതോടെ സൗമ്യ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നു തോന്നി. അതോടെ ദേഷ്യമായി. ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ഒന്നിച്ചു മരിക്കണമെന്ന് ഉറപ്പിച്ചു. അങ്ങനെയാണു കൊലപാതകം ആസൂത്രണം ചെയ്തത്.

കൊച്ചിയിൽ നിന്ന് ആയുധങ്ങളും പെട്രോളും കാറിൽ കരുതിയാണു ശനിയാഴ്ച വള്ളികുന്നത്തെത്തിയത്. കാർ സ്കൂട്ടറിൽ ഇടിച്ചു സൗമ്യയെ വീഴ്ത്തിയ ശേഷം വെട്ടുകയും കുത്തുകയും ചെയ്തു. സൗമ്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ചു തീ കൊളുത്തി. അങ്ങനെയാണു തനിക്കും പൊള്ളലേറ്റതെന്ന് അജാസ് പറഞ്ഞു. ‌കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് പറഞ്ഞതായി അറിയുന്നു.

പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 40 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. നില ഗുരുതരമായി തുടരുന്നു.‌‌ വൃക്കകളുടെ പ്രവർത്തനം മിക്കവാറും തകരാറിലാണ്. ഇന്നലെ ഡയാലിസിസ് നടത്താൻ ശ്രമിച്ചെങ്കിലും ഉയർന്ന രക്തസമ്മർദം കാരണം നടന്നില്ല. അജാസിനു വ്യക്തമായി സംസാരിക്കാൻ പ്രയാസമുള്ളതിനാൽ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

സൗമ്യയുടെ സംസ്കാരം നാളെ നടക്കും. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് സജീവ് നാളെ നാട്ടിലെത്തും. സൗമ്യയുടെ മൂത്ത സഹോദരി രമ്യ അബുദാബിയിൽ നിന്ന് ഇന്നലെ എത്തി.