Thursday 13 January 2022 02:53 PM IST : By സ്വന്തം ലേഖകൻ

ആംബുലൻസിൽ കല്യാണയാത്ര: ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി, വാഹന ഉടമയ്ക്ക് പിഴ, :ആഡംബര നികുതി

ambulance-85

വിവാഹ യാത്രയ്ക്ക് ആംബുലൻ‍സ് ഉപയോഗിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കാനും വാഹന ഉടമയിൽ നിന്ന് പിഴയും ആഡംബര നികുതിയും ഈടാക്കാനും മോട്ടർ വാഹന വകുപ്പു തീരുമാനിച്ചു. കറ്റാനം വെട്ടിക്കോടുള്ള സ്വകാര്യ ആംബുലൻസ് ഉടമ മനു വർഗീസ്, ഡ്രൈവർ ആകാശ് എന്നിവർക്കെതിരെയാണ് ആലപ്പുഴ ആർടിഒ ജി.എസ്. സജിപ്രസാദിന്റെ നടപടി. വിവാഹ ആവശ്യത്തിന് ഉപയോഗിച്ചതിനാണ് ആംബുലൻസിന് 2022 ജനുവരി 1മുതൽ മാർച്ച് 31 വരെ ആഡംബര നികുതി ചുമത്തുന്നത്. ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇന്നലെ ഉടമയുടെയും ഡ്രൈവറുടെയും ഭാഗം കേട്ട ശേഷമാണ് നടപടി എടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കറ്റാനത്തുനിന്ന് കായംകുളം – പുനലൂർ റോഡിലൂടെ വധു വരൻമാർ ആംബുലൻസിൽ വെട്ടിക്കോട്ടേക്കുള്ള വീട്ടിലേക്ക് യാത്ര തിരിച്ചത്. മാലയിട്ട് അലങ്കരിച്ച ആംബുലൻസിൽ ബീറ്റ് ലൈറ്റ് ഇട്ടാണ് നവദമ്പതികൾ വീട്ടിലെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ പ്രചരിച്ചതോടെയാണു സംഭവം വിവാദമായതും നടപടി നേരിട്ടതും. കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം നൂറനാട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.

ജില്ലയിലെ ചില ആംബുലൻസുകൾ അത്യാഹിത ആവശ്യങ്ങൾക്ക് അല്ലാതെ മറ്റു പല കാര്യങ്ങൾക്കും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിന് എതിരെ ജില്ല ഭരണകൂടവും പൊലീസുമായി ചേർന്ന് മോട്ടർ വാഹന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കും. അതിനോടൊപ്പം ആംബുലൻസ് ഡ്രൈവർ‌മാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കണമെന്ന വ്യവസ്ഥ കർശനമാക്കാനുള്ള നടപടിയും സ്വീകരിക്കും.- ജി.എസ്.സജിപ്രസാദ്, ആർടിഒ, ആലപ്പുഴ

More