Monday 23 May 2022 03:09 PM IST : By സ്വന്തം ലേഖകൻ

കണ്ണെത്തുന്ന ദൂരത്ത് വീടുവച്ച കൂടപ്പിറപ്പുകൾ... ഇത്രയുംനാൾ വിളിപ്പാടകലെ, ഇനി വിളികേൾക്കാ ദൂരത്ത്

death-accident-cherthala-paily

നോക്കിയാൽ കാണുന്ന ദൂരത്തുതന്നെ തന്റെ കൂടപ്പിറപ്പുകൾ ഉണ്ടായിരിക്കണമെന്ന് മൂത്ത സഹോദരൻ ജോസഫിന് നിർബന്ധമുണ്ടായിരുന്നു. ആ നിർബന്ധത്തിന്റെ പുറത്താണ് പൈലിയടക്കമുള്ള 4 അനിയന്മാരും ഒരേപറമ്പിൽ തന്നെ വീടുവച്ചത്. ഇണക്കവും പിണക്കവുമായി ഒരു വിളിപ്പാടകലെയാണ് ഇത്രയും കാലം ഇവർ ജീവിച്ചത്.

5 വർഷം മുൻപ് ജോസഫ് വിടപറഞ്ഞു. ഇന്നലെ (22) പൈലിയും. അപകടസമയത്ത് പൈലിക്കൊപ്പം ഉണ്ടായിരുന്ന ഇളയ സഹോദരൻ വർഗീസിന്റെ നിലയിൽ നേരിയ പുരോഗതിയുണ്ട്. വർഗീസ് ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സഹോദരങ്ങളായ ജോർജും ഫ്രാൻസിസും. 

വർഗീസ് പിഡബ്ല്യുഡി ഉദ്യോഗസ്ഥനായിരുന്നു. ബാക്കി 4 സഹോദരൻമാർക്കു മേസ്തിരിപ്പണിയും. 4 പേരും ഒരുമിച്ചായിരുന്നു ജോലിക്കുപോയിരുന്നത്. ജോസഫ് മരിച്ചതോടെ ഒരുമിച്ചു ജോലിക്കു പോകുന്ന പതിവ് മാറി. പ്രായത്തിന്റേതായ പ്രയാസങ്ങൾ മൂലം കുറച്ചു കാലമായി പൈലി ജോലിക്കു പോയിരുന്നില്ല. ഇതിനിടെയാണ് വേളാങ്കണ്ണി വരെ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

accident-palakkad-n

വർഗീസും താൽപര്യം പ്രകടിപ്പിച്ചതോടെ കുടുംബസമേതം യാത്ര തിരിച്ചു.യാത്ര പറ‍ഞ്ഞിറങ്ങിയ സഹോദരങ്ങൾ തിരികെ എത്തുന്നത് കാത്തിരുന്ന ജോർജും ഫ്രാൻസിസും കേൾക്കുന്നത് ദുരന്തവാർത്തയാണ്. അപകടവിവരം അറിഞ്ഞ് പൈലിയുടെ സഹോദരിമാരായ ബേബിയും ചിന്നമ്മയും എത്തിയിരുന്നു.

പാലക്കാട്ട് ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടം : ഞെട്ടൽ മാറാതെ ചമ്പക്കാട് ഗ്രാമം